റോമർ 6:19-23
റോമർ 6:19-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമത്തിനായി അശുദ്ധിക്കും അധർമത്തിനും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി സമർപ്പിപ്പിൻ. നിങ്ങൾ പാപത്തിനു ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ. നിങ്ങൾക്ക് അന്ന് എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്കു ലജ്ജ തോന്നുന്നതുതന്നെ. അതിന്റെ അവസാനം മരണമല്ലോ. എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിനു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻതന്നെ.
റോമർ 6:19-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിങ്ങളുടെ മാനുഷികമായ ദൗർബല്യം നിമിത്തം നിങ്ങൾക്കു മനസ്സിലാകുന്ന രീതിയിൽ ഇതു ഞാൻ പറയുന്നു. ധാർമികമായ അരാജകത്വത്തിലേക്കു നയിക്കുന്ന അശുദ്ധിക്കും ദുഷ്ടതയ്‍ക്കും അടിമകളായി നിങ്ങൾ നിങ്ങളെത്തന്നെ ഒരിക്കൽ സമർപ്പിച്ചിരുന്നു. അതുപോലെ നിങ്ങളെ നീതിക്കും വിശുദ്ധമായ ലക്ഷ്യങ്ങൾക്കുംവേണ്ടി ഇപ്പോൾ പൂർണമായും സമർപ്പിക്കുക. നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നപ്പോൾ ദൈവനീതിയുടെ നിർവഹണത്തിനു വിധേയരല്ലായിരുന്നു. അന്നു ചെയ്ത പ്രവൃത്തികൾ ഇപ്പോൾ ലജ്ജാവഹമായി നിങ്ങൾക്കു തോന്നുന്നു. അവ ചെയ്തതുകൊണ്ട് നിങ്ങൾക്ക് എന്തു നേട്ടമുണ്ടായി? അവയുടെ അന്ത്യം മരണമാണല്ലോ! ഇപ്പോൾ പാപത്തിൽനിന്നു നിങ്ങൾ സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ ദൈവത്തിന്റെ ദാസന്മാരാണ്; നിങ്ങൾക്കുള്ള നേട്ടം ദൈവത്തിനു സമ്പൂർണമായി സമർപ്പിക്കപ്പെട്ട വിശുദ്ധജീവിതവും അതിന്റെ അന്ത്യം അനശ്വരജീവനുമാകുന്നു. പാപം അതിന്റെ വേതനം നല്‌കുന്നു- മരണംതന്നെ; എന്നാൽ ദൈവത്തിന്റെ കൃപാവരം നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ ഏകീഭവിച്ചുള്ള അനശ്വരജീവനത്രേ.
റോമർ 6:19-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിങ്ങളുടെ ജഡത്തിൻ്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിനായി അശുദ്ധിക്കും അധർമ്മത്തിനും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിനായി നീതിയ്ക്ക് അടിമകളാക്കി സമർപ്പിപ്പിൻ നിങ്ങൾ പാപത്തിന് ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ച് സ്വതന്ത്രരായിരുന്നുവല്ലോ. നിങ്ങൾക്ക് അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്ക് ലജ്ജ തോന്നുന്നതു തന്നെ. അതിന്‍റെ അനന്തരഫലം മരണമാകുന്നു. എന്നാൽ ഇപ്പോൾ പാപത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന് ദാസന്മാരായിരിക്കയാൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്‍റെ അനന്തരഫലം നിത്യജീവനും ആകുന്നു. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ നിത്യജീവൻ തന്നെ.
റോമർ 6:19-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിങ്ങളുടെ ജഡത്തിന്റെ ബലഹീനതനിമിത്തം ഞാൻ മാനുഷരീതിയിൽ പറയുന്നു. നിങ്ങളുടെ അവയവങ്ങളെ അധർമ്മത്തിന്നായി അശുദ്ധിക്കും അധർമ്മത്തിന്നും അടിമകളാക്കി സമർപ്പിച്ചതുപോലെ ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ വിശുദ്ധീകരണത്തിന്നായി നീതിക്കു അടിമകളാക്കി സമർപ്പിപ്പിൻ. നിങ്ങൾ പാപത്തിന്നു ദാസന്മാരായിരുന്നപ്പോൾ നീതിയെ സംബന്ധിച്ചു സ്വതന്ത്രരായിരുന്നുവല്ലോ. നിങ്ങൾക്കു അന്നു എന്തൊരു ഫലം ഉണ്ടായിരുന്നു? ഇപ്പോൾ നിങ്ങൾക്കു ലജ്ജ തോന്നുന്നതു തന്നേ. അതിന്റെ അവസാനം മരണമല്ലോ. എന്നാൽ ഇപ്പോൾ പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു. പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ.
റോമർ 6:19-23 സമകാലിക മലയാളവിവർത്തനം (MCV)
മനുഷ്യസഹജമായ ദൗർബല്യം നിങ്ങൾക്കുണ്ട്. അതിനാൽ മനുഷ്യരുടെ രീതിയിൽ ഞാൻ സംസാരിക്കുകയാണ്. അധർമത്തിലേക്കു നയിക്കുന്നവിധത്തിൽ നിങ്ങളുടെ ശരീരഭാഗങ്ങളെ അശുദ്ധിക്കും അധർമത്തിനും അടിമകളായി ഏൽപ്പിച്ചിരുന്നു. അതുപോലെ ഇപ്പോൾ, വിശുദ്ധീകരണത്തിനായി നിങ്ങളുടെ ശരീരഭാഗങ്ങളെ നീതിക്ക് അടിമകളായി സമർപ്പണം ചെയ്യുക. കാരണം, നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നപ്പോൾ നീതിയുടെ സ്വാധീനത്തിൽ ആയിരുന്നില്ല. അതുകൊണ്ട് എന്തു ഫലമാണ് അന്ന് നിങ്ങൾക്ക് ഉണ്ടായിരുന്നത്? ഇന്നു നിങ്ങളെ ലജ്ജിപ്പിക്കുന്ന ആ കാര്യങ്ങളുടെ പരിണതഫലം മൃത്യുവാണ്. എന്നാൽ, ഇപ്പോഴാകട്ടെ, നിങ്ങളെ പാപത്തിൽനിന്നു വിമോചിതരാക്കിയിട്ട് ദൈവത്തിന്റെ ദാസരാക്കിയിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് വിശുദ്ധീകരണവും തൽഫലമായി നിത്യജീവനും ലഭിക്കുന്നു. പാപം ശമ്പളമായി നൽകുന്നത് മൃത്യുവാണ്; എന്നാൽ, ദൈവം ദാനമായി നൽകുന്നതോ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള നിത്യജീവനാകുന്നു.