റോമർ 6:1-14
റോമർ 6:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകയാൽ നാം എന്തു പറയേണ്ടൂ? കൃപ പെരുകേണ്ടതിനു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുത്. പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ? അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിനുതന്നെ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരത്തിനു നീക്കം വരേണ്ടതിനു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽനിന്നു മോചനം പ്രാപിച്ചിരിക്കുന്നു. നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു. ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന് അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനു ജീവിക്കുന്നു. അവ്വണ്ണം നിങ്ങളും പാപസംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിനു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ. ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറ് ഇനി വാഴരുത്, നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിനു സമർപ്പിക്കയും അരുത്. നിങ്ങളെത്തന്നെ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിനു സമർപ്പിച്ചുകൊൾവിൻ. നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.
റോമർ 6:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് നാം എന്താണു പറയുക? ദൈവത്തിന്റെ കൃപ വർധിക്കേണ്ടതിനു പാപത്തിൽ തുടർന്നു ജീവിക്കാമെന്നോ? ഒരിക്കലും പാടില്ല. പാപത്തെ സംബന്ധിച്ചിടത്തോളം മരിച്ചവരായ നാം പിന്നെയും അതിൽത്തന്നെ ജീവിക്കുന്നത് എങ്ങനെ? ക്രിസ്തുയേശുവിനോടു ബന്ധപ്പെടുന്നതിനുവേണ്ടി സ്നാപനം ചെയ്യപ്പെട്ടവരായ നാം ആ സ്നാപനംമൂലം അവിടുത്തെ മരണത്തിൽ പങ്കാളികളാകുന്നു എന്നു നിങ്ങൾക്ക് അറിഞ്ഞുകൂടെയോ? സ്നാപനത്തിൽ നാം ക്രിസ്തുവിനോടുകൂടി മരിക്കുകയും സംസ്കരിക്കപ്പെടുകയും ചെയ്യുന്നു. അതു പിതാവിന്റെ മഹത്ത്വമേറിയ ശക്തിയാൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതുപോലെ നാമും ജീവന്റെ പാതയിൽ നടക്കേണ്ടതിനാണ്. ക്രിസ്തുവിന്റെ മരണത്തോടു നാം ഏകീഭവിച്ചിരിക്കുന്നു എങ്കിൽ അവിടുത്തെ പുനരുത്ഥാനത്തോടും നാം ഏകീഭവിക്കും. നാം ഇനി പാപത്തിന് അടിമകളായി തീരാതവണ്ണം നമ്മുടെ പാപസ്വഭാവം നശിക്കേണ്ടതിന് നമ്മിലുള്ള പഴയ മനുഷ്യൻ അവിടുത്തോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്നു നാം അറിയുന്നു. മരിച്ചവൻ പാപത്തിൽനിന്ന് അങ്ങനെ വിമുക്തനായിരിക്കുന്നു. നാം ക്രിസ്തുവിനോടുകൂടി മരിച്ചിരിക്കുന്നു എങ്കിൽ അവിടുത്തോടുകൂടി ജീവിക്കുമെന്ന് നാം വിശ്വസിക്കുന്നു. ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുകയാൽ ഇനി ഒരിക്കലും മരിക്കുകയില്ല; മരണത്തിന് ഇനി അവിടുത്തെമേൽ അധികാരമില്ലെന്നു നാം അറിയുന്നു. പാപത്തെപ്രതി അവിടുന്നു ഒരിക്കൽമാത്രം മരിച്ചു; അവിടുന്ന് ഇപ്പോൾ ജീവിക്കുന്നതാകട്ടെ ദൈവത്തോടുകൂടിയാകുന്നു. അതുപോലെ പാപത്തെ സംബന്ധിച്ചിടത്തോളം നിങ്ങൾ മരിച്ചു എന്നും ഇനി ക്രിസ്തുയേശുവിനോട് ഐക്യപ്പെട്ട് ദൈവത്തോടു ചേർന്നാണു ജീവിക്കുന്നതെന്നും കരുതിക്കൊള്ളുക. മോഹങ്ങൾക്കു കീഴ്പെടത്തക്കവിധം പാപം ഇനിമേൽ നിങ്ങളുടെ മർത്യശരീരത്തിൽ വാഴരുത്; നിങ്ങളുടെ അവയവങ്ങളെ അധർമത്തിന്റെ ഉപകരണങ്ങളായി പാപത്തിനു വിട്ടുകൊടുക്കുകയുമരുത്; പിന്നെയോ മരണത്തിൽനിന്നും ജീവൻ പ്രാപിച്ചവരെന്ന നിലയിൽ, നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും നിങ്ങളുടെ അവയവങ്ങളെ ദൈവോദ്ദേശ്യത്തിനുവേണ്ടി പോരാടുന്നതിനുള്ള ആയുധങ്ങളായി ദൈവത്തിനു കാഴ്ചവയ്‍ക്കുകയും ചെയ്യുക. നിയമത്തിനല്ല, ദൈവകൃപയ്‍ക്കത്രേ നിങ്ങൾ വിധേയരായിരിക്കുന്നത്; അതുകൊണ്ട് പാപം ഇനിമേൽ നിങ്ങളെ ഭരിക്കുകയില്ല.
റോമർ 6:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകയാൽ നാം എന്ത് പറയേണ്ടു? കൃപ പെരുകേണ്ടതിന് പാപത്തിൽതന്നെ തുടരുക എന്നോ? ഒരുനാളും അരുത്. പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നത് എങ്ങനെ? അല്ല, ക്രിസ്തുയേശുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ അടക്കപ്പെട്ടു; ക്രിസ്തു മരിച്ചിട്ട് പിതാവിന്‍റെ മഹിമയാൽ ഉയിർത്തെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന് തന്നെ. അവന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോട് നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തോടും ഏകീഭവിക്കും. നാം ഇനി പാപത്തിന് അടിമപ്പെടാതവണ്ണം പാപശരീരം നശിക്കേണ്ടതിന് നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തോടുള്ള ബന്ധത്തിൽ നീതിമാനായി പ്രാഖ്യാപിക്കപ്പെട്ടിരിക്കുന്നു. നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു. ക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന് അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. അവൻ മരിച്ചതു പാപസംബന്ധമായി എല്ലാവർക്കുംവേണ്ടി ഒരിക്കലായിട്ട് മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടി ജീവിക്കുന്നു. അതുപോലെ തന്നെ നിങ്ങളും; ഒരു വശത്ത് പാപസംബന്ധമായി മരിച്ചവർ എന്നും, മറുവശത്ത് ക്രിസ്തുയേശുവിൽ ദൈവത്തിനായി ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നെ എണ്ണുവിൻ. ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുംവിധം ഇനി വാഴരുത്, നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന് സമർപ്പിക്കയും അരുത്. നിങ്ങളെത്തന്നേ മരിച്ചിട്ട് ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന് സമർപ്പിച്ചുകൊൾവിൻ. നിങ്ങൾ ന്യായപ്രമാണത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാൽ പാപം നിങ്ങളുടെമേൽ കർത്തൃത്വം നടത്തുകയില്ല.
റോമർ 6:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആകയാൽ നാം എന്തു പറയേണ്ടു? കൃപ പെരുകേണ്ടതിന്നു പാപം ചെയ്തുകൊണ്ടിരിക്ക എന്നോ? ഒരുനാളും അരുതു. പാപസംബന്ധമായി മരിച്ചവരായ നാം ഇനി അതിൽ ജീവിക്കുന്നതു എങ്ങനെ? അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും. നാം ഇനി പാപത്തിന്നു അടിമപ്പെടാതവണ്ണം പാപശരീരത്തിന്നു നീക്കം വരേണ്ടതിന്നു നമ്മുടെ പഴയ മനുഷ്യൻ അവനോടുകൂടെ ക്രൂശിക്കപ്പെട്ടു എന്നു നാം അറിയുന്നു. അങ്ങനെ മരിച്ചവൻ പാപത്തിൽ നിന്നു മോചനം പ്രാപിച്ചിരിക്കുന്നു. നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എങ്കിൽ അവനോടുകൂടെ ജീവിക്കും എന്നു വിശ്വസിക്കുന്നു. ക്രിസ്തു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെമേൽ ഇനി കർത്തൃത്വമില്ല എന്നു നാം അറിയുന്നുവല്ലോ. അവൻ മരിച്ചതു പാപസംബന്ധമായി ഒരിക്കലായിട്ടു മരിച്ചു; അവൻ ജീവിക്കുന്നതോ ദൈവത്തിന്നു ജീവിക്കുന്നു. അവ്വണ്ണം നിങ്ങളും പാപ സംബന്ധമായി മരിച്ചവർ എന്നും ക്രിസ്തുയേശുവിൽ ദൈവത്തിന്നു ജീവിക്കുന്നവർ എന്നും നിങ്ങളെത്തന്നേ എണ്ണുവിൻ. ആകയാൽ പാപം നിങ്ങളുടെ മർത്യശരീരത്തിൽ അതിന്റെ മോഹങ്ങളെ അനുസരിക്കുമാറു ഇനി വാഴരുതു, നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിന്നു സമർപ്പിക്കയും അരുതു. നിങ്ങളെത്തന്നേ മരിച്ചിട്ടു ജീവിക്കുന്നവരായും നിങ്ങളുടെ അവയവങ്ങളെ നീതിയുടെ ആയുധങ്ങളായും ദൈവത്തിന്നു സമർപ്പിച്ചുകൊൾവിൻ. നിങ്ങൾ ന്യായപ്രമാണത്തിന്നല്ല, കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ.
റോമർ 6:1-14 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ നാം എന്താണ് പറയുക? ദൈവത്തിൽനിന്ന് കൂടുതൽ കൃപ ലഭിക്കാൻവേണ്ടി നാം പാപംചെയ്തുകൊണ്ടിരിക്കുക എന്നാണോ? അരുത്, ഒരിക്കലുമരുത്! പാപത്തിന് നാം മരിച്ചവരായിരിക്കെ, തുടർന്ന് അതിൽ എങ്ങനെ ജീവിക്കും? ക്രിസ്തുയേശുവിനോട് ഏകീഭവിക്കാനായി സ്നാനം സ്വീകരിച്ചവർ എല്ലാവരും അദ്ദേഹത്തിന്റെ മരണവുമായുള്ള ഏകീഭാവത്തിലേക്കു സ്നാനം സ്വീകരിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? ഇങ്ങനെ, മരണവുമായി ഏകീഭവിക്കുന്ന സ്നാനം മുഖാന്തരം നാം അദ്ദേഹത്തോടുകൂടെ സംസ്കരിക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ, ക്രിസ്തു മരിച്ചവരിൽനിന്ന് പിതാവിന്റെ മഹത്ത്വത്താൽ ഉയിർപ്പിക്കപ്പെട്ടതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്. ഇപ്രകാരം നാം ക്രിസ്തുവിന്റെ മരണത്തിന്റെ സാദൃശ്യത്തോട് ഏകീഭവിച്ചവരായെങ്കിൽ നിശ്ചയമായും അദ്ദേഹത്തിന്റെ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തിലും അദ്ദേഹത്തോട് ഏകീഭവിച്ചിരിക്കും. പാപപ്രകൃതി നിഷ്ക്രിയമാകുന്നതിനു നമ്മുടെ പഴയ വ്യക്തിത്വം ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നും അത് ഇനിമേൽ പാപത്തിന് അടിമകളായി ജീവിക്കാതിരിക്കേണ്ടതിനാണെന്നും നാം അറിയുന്നുണ്ടല്ലോ. കാരണം, മരണത്തോടുകൂടി നാം പാപത്തിന്റെ ശക്തിയിൽനിന്ന് സ്വതന്ത്രരായിത്തീരുന്നു. നാം ക്രിസ്തുവിനോടുകൂടെ മരിച്ചതുകൊണ്ട് അദ്ദേഹത്തോടുകൂടെ ജീവിക്കുകയും ചെയ്യും എന്നു നാം വിശ്വസിക്കുന്നു. ക്രിസ്തു മരിച്ചവരിൽനിന്ന് പുനരുത്ഥാനംചെയ്തതിനാൽ വീണ്ടും മരിക്കുകയില്ലെന്ന് നമുക്കറിയാം; മൃത്യുവിന് ക്രിസ്തുവിന്റെമേൽ ഇനി ഒരു ആധിപത്യവുമില്ല. ക്രിസ്തു വരിച്ച മരണം പാപനിവാരണത്തിനുള്ള അദ്വിതീയമരണമായിരുന്നു; എന്നാൽ അവിടന്ന് ഇപ്പോൾ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടിയാണ്. അതുപോലെ, നിങ്ങളും പാപം സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും ക്രിസ്തുയേശുവിലൂടെ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും സ്വയം മനസ്സിലാക്കുക. അതുകൊണ്ട്, പാപകരമായ അഭിലാഷങ്ങളെ അനുസരിക്കുന്നവിധത്തിൽ പാപം മർത്യശരീരത്തിൽ നിങ്ങളെ നിയന്ത്രിക്കരുത്. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപംചെയ്യാൻ ഉപയോഗിക്കരുത്. മറിച്ച്, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവർ എന്നതുപോലെ നിങ്ങളുടെ എല്ലാ അവയവങ്ങളെയും നീതിപ്രവൃത്തിയുടെ ഉപകരണങ്ങളാക്കി, നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുക. നിങ്ങൾ ന്യായപ്രമാണത്തിനല്ല കൃപയ്ക്കു വിധേയരായിരിക്കുന്നതിനാൽ പാപം നിങ്ങളുടെ യജമാനനായിരിക്കുന്നില്ലല്ലോ.