റോമർ 4:1-12,16
റോമർ 4:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ നമ്മുടെ പൂർവപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടൂ? അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന് പ്രശംസിപ്പാൻ സംഗതി ഉണ്ട്; ദൈവസന്നിധിയിൽ ഇല്ലതാനും; തിരുവെഴുത്ത് എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അത് അവന് നീതിയായി കണക്കിട്ടു” എന്നുതന്നെ. എന്നാൽ പ്രവർത്തിക്കുന്നവനു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ. പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നീതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവനോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു. ദൈവം പ്രവൃത്തികൂടാതെ നീതി കണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണിക്കുന്നത്: “അധർമം മോചിച്ചും പാപം മറച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. കർത്താവ് പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.” ഈ ഭാഗ്യവർണനം പരിച്ഛേദനയ്ക്കോ? അഗ്രചർമത്തിനു കൂടെയോ? അബ്രാഹാമിനു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നത്. എങ്ങനെ കണക്കിട്ടത്? പരിച്ഛേദനയിലോ? അഗ്രചർമത്തിലോ? പരിച്ഛേദനയിലല്ല, അഗ്രചർമത്തിലത്രേ. അഗ്രചർമത്തിൽവച്ച് ഉണ്ടായിരുന്ന വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവനു ലഭിച്ചത് അഗ്രചർമത്തോടെ വിശ്വസിക്കുന്നവർക്കുംകൂടെ നീതി കണക്കിടപ്പെടുവാൻ തക്കവണ്ണം താൻ അവർക്ക് എല്ലാവർക്കും പിതാവായിരിക്കേണ്ടതിനും പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന് അഗ്രചർമത്തിൽവച്ച് ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്കു പിതാവായിരിക്കേണ്ടതിനുംതന്നെ.
റോമർ 4:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിനു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നത്; വാഗ്ദത്തം സകല സന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കുംകൂടെ ഉറപ്പാകേണ്ടതിനുതന്നെ.
റോമർ 4:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മുടെ പൂർവപിതാവായ അബ്രഹാമിനെ സംബന്ധിച്ച് എന്താണു നാം പറയുക? തന്റെ കർമാനുഷ്ഠാനംകൊണ്ട് അദ്ദേഹം കുറ്റമറ്റവനായി അംഗീകരിക്കപ്പെട്ടു എങ്കിൽ അദ്ദേഹത്തിന് അഭിമാനിക്കുവാൻ വകയുണ്ടായിരുന്നു. പക്ഷേ ദൈവത്തിന്റെ മുമ്പിൽ അഭിമാനിക്കുവാൻ സാധ്യമല്ല. വേദഗ്രന്ഥത്തിൽ എന്താണു പറയുന്നത്? ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; തന്മൂലം ദൈവം അദ്ദേഹത്തെ നീതിമാനായി പരിഗണിച്ച് അംഗീകരിച്ചു.’ ഒരു മനുഷ്യൻ വേല ചെയ്താൽ കൂലി കിട്ടുന്നു. അതൊരു സൗജന്യദാനമായി ആരും പരിഗണിക്കാറില്ല. പ്രത്യുത, അയാളുടെ അവകാശമാണത്. എന്നാൽ പ്രവൃത്തികൾ കൂടാതെ തന്നെ പാപിയെ നീതികരിക്കുന്നവനിൽ വിശ്വസിക്കുന്നവന് അവന്റെ വിശ്വാസം നീതിയായി പരിഗണിക്കപ്പെടും. പ്രവൃത്തികളൊന്നും കണക്കിലെടുക്കാതെ നീതിമാനായി പരിഗണിക്കപ്പെടുന്നവന്റെ ആനന്ദത്തെക്കുറിച്ച് ദാവീദ് ഇങ്ങനെ പറയുന്നു: അതിക്രമങ്ങൾ ക്ഷമിക്കപ്പെടുകയും പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യുന്നവർ അനുഗ്രഹിക്കപ്പെട്ടവർ! ഏതൊരു മനുഷ്യന്റെ പാപങ്ങൾ സർവേശ്വരൻ പരിഗണിക്കാതിരിക്കുന്നുവോ അവൻ അനുഗ്രഹിക്കപ്പെട്ടവൻതന്നെ! ദാവീദു വർണിക്കുന്ന ഈ അനുഗ്രഹം പരിച്ഛേദനകർമം അനുഷ്ഠിക്കുന്നവർക്കു മാത്രമുള്ളതാണോ? തീർച്ചയായും അല്ല! പരിച്ഛേദനകർമം അനുഷ്ഠിക്കാത്തവർക്കും കൂടിയുള്ളതാണ് അത്. തന്റെ വിശ്വാസം അബ്രഹാമിനു നീതിയായി പരിഗണിക്കപ്പെട്ടു എന്നു നാം പറയുന്നു. അബ്രഹാമിന് അതു നീതിയായി പരിഗണിക്കപ്പെട്ടത് എപ്പോഴാണ്? പരിച്ഛേദനകർമത്തിനു മുമ്പോ പിമ്പോ? തീർച്ചയായും അതിനു മുമ്പുതന്നെ. പരിച്ഛേദനകർമത്തിനു മുമ്പ് അബ്രഹാമിനുണ്ടായിരുന്ന വിശ്വാസംമൂലം ദൈവം അദ്ദേഹത്തെ കുറ്റമറ്റവനായി അംഗീകരിച്ചു എന്നതിന്റെ മുദ്രയായിട്ടത്രേ പരിച്ഛേദനം എന്ന കർമം നല്‌കപ്പെട്ടത്. അതുകൊണ്ട് പരിച്ഛേദനകർമം അനുഷ്ഠിച്ചില്ലെങ്കിലും ദൈവത്തിൽ വിശ്വസിക്കുകയും, തന്മൂലം ദൈവം കുറ്റമറ്റവരായി അംഗീകരിക്കുകയും ചെയ്ത എല്ലാവരുടെയും പിതാവായിത്തീർന്നു അബ്രഹാം. അദ്ദേഹം പരിച്ഛേദനകർമം അനുഷ്ഠിച്ചവരുടെയും പിതാവാകുന്നു. അത് അവർ പരിച്ഛേദനകർമം അനുഷ്ഠിച്ചതുകൊണ്ടല്ല, അതിനു മുമ്പുതന്നെ നമ്മുടെ പിതാവായ അബ്രഹാം നയിച്ച അതേ വിശ്വാസജീവിതം നയിച്ചതുകൊണ്ടാണ്.
ROM 4:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട് അബ്രഹാമിന്റെ സന്താന പരമ്പരകൾക്ക് എല്ലാവർക്കും ദൈവത്തിന്റെ വാഗ്ദാനം സൗജന്യമായി ലഭിക്കുമെന്ന് ഉറപ്പു വരുത്തേണ്ടതിന്, അത് വിശ്വാസത്തിന്മേൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. അത് ധർമശാസ്ത്രം ഉള്ളവർക്കു മാത്രമല്ല, അബ്രഹാമിനെപ്പോലെ വിശ്വസിക്കുന്ന എല്ലാവർക്കും, ആ വാഗ്ദാനം ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതിനു തന്നെ. അബ്രഹാം നമ്മുടെ എല്ലാവരുടെയും പിതാവത്രേ.
റോമർ 4:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ നമ്മുടെ പൂർവ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്ത് പ്രാപിച്ചു എന്നു പറയേണ്ടു? അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവനു പ്രശംസിക്കുവാൻ ഒരു കാരണമുണ്ടായിരുന്നു; എന്നാൽ ദൈവസന്നിധിയിൽ ഇല്ലതാനും, തിരുവെഴുത്ത് എന്ത് പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അത് അവനു നീതിയായി കണക്കിട്ടു” എന്നു തന്നെ. എന്നാൽ പ്രവർത്തിക്കുന്നവന് പ്രതിഫലം കണക്കിടുന്നത് കൃപയായിട്ടല്ല കടമായിട്ടത്രേ. എന്നാൽ പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നു എങ്കിൽ അവന്‍റെ വിശ്വാസം നീതിയായി കണക്കിടുന്നു. ദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണ്ണിക്കുന്നത്: “അധർമ്മം മോചിച്ചും പാപം മറച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. കർത്താവ് പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.” ഈ ഭാഗ്യവർണ്ണനം പരിച്ഛേദന ചെയ്തവർക്ക് മാത്രമോ? അതോ ചെയ്യാത്തവർക്കും കൂടെയോ? തന്‍റെ വിശ്വാസം അബ്രാഹാമിന് നീതിയായി കണക്കിടപ്പെട്ടു എന്നല്ലോ നാം പറയുന്നത്. എപ്പോഴാണ് കണക്കിടപ്പെട്ടത്? പരിച്ഛേദനാകർമ്മത്തിന് മുമ്പോ പിമ്പോ? തീർച്ചയായും പരിച്ഛേദനയ്ക്കു മുൻപു തന്നെ. പരിച്ഛേദനക്കുമുമ്പേ അബ്രാഹാമിനുണ്ടായിരുന്ന വിശ്വാസനീതിക്ക് മുദ്രയായിട്ടാണ് പരിച്ഛേദന എന്ന അടയാളം അവനു ലഭിച്ചത്; പരിച്ഛേദനയില്ലാതെ വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്ക് എല്ലാവർക്കും പിതാവായിരിക്കേണ്ടതിനും, പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന് പരിച്ഛേദനക്കുമുമ്പുണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്ക് പിതാവായിരിക്കേണ്ടതിനും തന്നെ.
റോമ. 4:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് ഇതു കൃപയാൽ എന്നു വരേണ്ടതിന് വിശ്വാസത്താലത്രേ അവകാശികൾ ആകുന്നത്; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്ക് മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസത്തിൽ നിന്നുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിനുതന്നെ.
റോമർ 4:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ നമ്മുടെ പൂർവ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു? അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന്നു പ്രശംസിപ്പാൻ സംഗതി ഉണ്ടു; ദൈവസന്നിധിയിൽ ഇല്ലതാനും, തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ. എന്നാൽ പ്രവർത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ. പ്രവർത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു. ദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വർണ്ണിക്കുന്നതു: “അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ. കർത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.” ഈ ഭാഗ്യവർണ്ണനം പരിച്ഛേദനെക്കോ? അഗ്രചർമ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു. എങ്ങനെ കണക്കിട്ടതു? പരിച്ഛേദനയിലോ? അഗ്രചർമ്മത്തിലോ? പരിച്ഛേദനയിലല്ല, അഗ്രചർമ്മത്തിലത്രേ. അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചർമ്മത്തോടെ വിശ്വസിക്കുന്നവർക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവർക്കു എല്ലാവർക്കും പിതാവായിരിക്കേണ്ടതിന്നും പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചർമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാർക്കു പിതാവായിരിക്കേണ്ടതിന്നും തന്നേ.
റോമർ 4:16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.
റോമർ 4:1-12 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ ലൗകികമായി നമ്മുടെ പൂർവപിതാവായിരുന്ന അബ്രാഹാം ഈ വിഷയത്തെക്കുറിച്ച് എന്താണു മനസ്സിലാക്കിയത്? അബ്രാഹാം നീതീകരിക്കപ്പെട്ടത് പ്രവൃത്തികളാൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ആത്മപ്രശംസയ്ക്കു വകയുണ്ടാകുമായിരുന്നു; എന്നാൽ, ദൈവത്തിനുമുമ്പാകെ ആത്മപ്രശംസയ്ക്ക് യാതൊന്നുമില്ല. തിരുവെഴുത്ത് എന്താണു പറയുന്നത്? “അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അതുനിമിത്തം ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.” അധ്വാനിക്കുന്നവനു കൂലി നൽകുന്നത് ദാനമായിട്ടല്ല, അത് അയാൾ പ്രവൃത്തിചെയ്ത് അവകാശമായി നേടുന്നതാണ്. എന്നാൽ, പാപിയെ നീതീകരിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളുടെ സൽപ്രവൃത്തികളെ അല്ല, അവന്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കാക്കുന്നത്. ഇങ്ങനെ സൽപ്രവൃത്തികളെ കണക്കാക്കാതെ ദൈവം നീതിമാനായി അംഗീകരിക്കുന്ന മനുഷ്യന്റെ അനുഗൃഹീതാവസ്ഥയെപ്പറ്റി ദാവീദും ഇപ്രകാരം പറയുന്നു: “ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവർ അനുഗൃഹീതർ, കർത്താവ് പാപം കണക്കാക്കാത്ത മനുഷ്യർ അനുഗൃഹീതർ.” എന്നാൽ, ഈ അനുഗൃഹീതാവസ്ഥ പരിച്ഛേദനമേറ്റവർക്കു മാത്രമുള്ളതാണോ അതോ, പരിച്ഛേദനം ഇല്ലാത്തവർക്കും കൂടിയുള്ളതോ? അബ്രാഹാമിന്റെ വിശ്വാസത്തെ നീതിയായി ദൈവം കണക്കാക്കി എന്നാണല്ലോ നാം പറയുന്നത്. എന്നാൽ, എപ്പോഴാണ് ഇപ്രകാരം നീതിമാനായി കണക്കാക്കപ്പെട്ടത്? പരിച്ഛേദനം ഏറ്റതിനുശേഷമോ പരിച്ഛേദനം ഏൽക്കുന്നതിനു മുമ്പോ? പരിച്ഛേദനം ഏറ്റ ശേഷമല്ല, പരിച്ഛേദനത്തിനു മുമ്പുതന്നെയാണ്. മാത്രമല്ല, പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പേ വിശ്വാസത്താൽ നീതിനിഷ്ഠനായി അംഗീകരിക്കപ്പെട്ടതിന്റെ മുദ്രയായിട്ടാണ് പരിച്ഛേദനം എന്ന ചിഹ്നം അബ്രാഹാമിന് ലഭിച്ചത്. പരിച്ഛേദനംകൂടാതെതന്നെ വിശ്വാസത്താൽ നീതീകരിക്കപ്പെടുന്ന എല്ലാവർക്കും അബ്രാഹാം ആത്മികപിതാവായിത്തീരേണ്ടതിനും തദ്വാര, അവരുംകൂടി നീതിയുള്ളവരായി കണക്കാക്കപ്പെടേണ്ടതിനും ആയിരുന്നു അത്. പരിച്ഛേദനം ഏറ്റവർക്കും അബ്രാഹാം പിതാവാണ്. എന്നാൽ അത് അവർ പരിച്ഛേദനം ഏറ്റു എന്നതുകൊണ്ടല്ല, പിന്നെയോ, നമ്മുടെ പിതാവായ അബ്രാഹാമിനു പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പ് ഉണ്ടായിരുന്നതുപോലെ അവർ വിശ്വാസം പിൻതുടർന്നതുകൊണ്ടാണ്.
റോമർ 4:16 സമകാലിക മലയാളവിവർത്തനം (MCV)
അതുകൊണ്ട്, വാഗ്ദാനത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. അതു ദൈവം അവിടത്തെ കൃപയുടെ ദാനമായി, അബ്രാഹാമിന്റെ സന്തതിപരമ്പരയിൽപ്പെട്ട വിശ്വസിക്കുന്നവർക്കെല്ലാം—ന്യായപ്രമാണം അനുസരിക്കുന്നവർക്കുമാത്രമല്ല—ഉറപ്പായി നൽകി. കാരണം, വിശ്വസിക്കുന്നവരായ നാം എല്ലാവരുടെയും പിതാവാണ് അബ്രാഹാം.