റോമർ 3:10-26
റോമർ 3:10-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
“നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻപോലും ഇല്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി; നാവുകൊണ്ട് അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ട്. അവരുടെ വായിൽ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്. സമാധാനമാർഗം അവർ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ന്യായപ്രമാണം പറയുന്നത് എല്ലാം ന്യായപ്രമാണത്തിൻകീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ. അതുകൊണ്ട് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നത്. ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. അതിനു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു, അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻതന്നെ അങ്ങനെ ചെയ്തത്.
റോമർ 3:10-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വേദലിഖിതങ്ങളിൽ പറയുന്നത് എന്താണെന്നു നോക്കുക: നീതിമാൻ ആരുമില്ല. വിവേകമുള്ള ഒരുവനുമില്ല, ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിപിഴച്ച് ദൈവത്തിൽനിന്ന് അകന്നുപോയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവൻപോലുമില്ല. അവരുടെ കണ്ഠം തുറന്നിരിക്കുന്ന ശവക്കുഴിയാണ്; അവരുടെ നാവ് വഞ്ചനയ്‍ക്കായി ഉപയോഗിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങളുടെ കീഴിൽ മറഞ്ഞിരിക്കുന്നു. അവരുടെ വായ് കയ്പേറിയ ശാപം നിറഞ്ഞതാണ് രക്തം ചൊരിയുന്നതിനായി അവർ വെമ്പൽകൊള്ളുന്നു; അവർ പോകുന്നിടത്തെല്ലാം കെടുതിയും നാശവും ഉണ്ടാകുന്നു. സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ; അവരുടെ വീക്ഷണത്തിൽ ദൈവഭയമില്ല. യെഹൂദധർമശാസ്ത്രത്തിൻ കീഴിൽ ഉള്ളവർക്കുവേണ്ടിയാണ് അതിന്റെ സന്ദേശം എന്നു നമുക്കറിയാം. അതുമൂലം എല്ലാ അധരങ്ങളും നിശ്ശബ്ദമാകുകയും സമസ്തലോകവും ദൈവത്തിന്റെ വിധിക്കു വിധേയമാകുകയും ചെയ്യുന്നു. ധർമശാസ്ത്രം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ട് ഈശ്വരദൃഷ്‍ടിയിൽ ആരുംതന്നെ നീതിമാനായിത്തീരുകയില്ല. മനുഷ്യനു പാപബോധം ഉണ്ടാക്കുകയത്രേ ധർമശാസ്ത്രം ചെയ്യുന്നത്. ധർമശാസ്ത്രവും പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ദൈവനീതി, ധർമശാസ്ത്രം മുഖേനയല്ലാതെ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതുമൂലം ദൈവത്തിന്റെ ഈ നീതി എല്ലാ വിശ്വാസികൾക്കും ലഭിച്ചിരിക്കുന്നു. ഇതിൽ യൂദനെന്നും യൂദേതരനെന്നുമുള്ള വ്യത്യാസമില്ല. എല്ലാവരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി. ദൈവം തന്റെ സൗജന്യ കൃപാവരത്താൽ മനുഷ്യരെ കുറ്റമറ്റവരായി അംഗീകരിക്കുന്നു. മനുഷ്യവർഗത്തെ വീണ്ടെടുക്കുന്ന ക്രിസ്തുയേശുവിന്റെ രക്ഷകപ്രവർത്തനത്തിൽകൂടിയാണ് അതു നിർവഹിക്കുന്നത്. മനുഷ്യന്റെ പാപപരിഹാരത്തിനുള്ള മാർഗമായിത്തീരുന്നതിന് ദൈവം ക്രിസ്തുയേശുവിനെ നിയോഗിച്ചു. സ്വന്തം രക്തം ചിന്തി, സ്വജീവൻ യാഗമായി അർപ്പിച്ച ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് പാപങ്ങൾ പൊറുക്കപ്പെടുന്നത്. ഇങ്ങനെ മനുഷ്യരുടെ പാപങ്ങൾ കണക്കിലെടുക്കാതെ സഹിഷ്ണുതാപൂർവം അവ ഇല്ലായ്മ ചെയ്ത പൂർവകാലത്തും ഇക്കാലത്തും ദൈവം തന്റെ നീതി വെളിപ്പെടുത്തുന്നു. ഇപ്രകാരം യേശുവിൽ വിശ്വസിക്കുന്ന എല്ലാവരെയും നീതിമാന്മാരായി സ്വീകരിക്കുമെന്നും വ്യക്തമാകുന്നു.
റോമർ 3:10-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നീതിമാൻ ആരുമില്ല. ഒരുവൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവൻപോലും ഇല്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ട് അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്ക് കീഴെ ഉണ്ട്. അവരുടെ വായിൽ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. നാശവും കഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്. സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ന്യായപ്രമാണം പറയുന്നതെല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോട് പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏത് വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ. അതുകൊണ്ട് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്‍റെ ദൃഷ്ടിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്‍റെ പരിജ്ഞാനമത്രെ വരുന്നത്. ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും, യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. അതിന് ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപംചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു, അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു. ദൈവം തന്‍റെ ദീർഘക്ഷമയിൽ കഴിഞ്ഞ കാലങ്ങളിലെ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിക്കുവാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്ത് തന്‍റെ നീതിയെ പ്രദർശിപ്പിക്കുവാൻതന്നെ അങ്ങനെ ചെയ്തത്.
റോമർ 3:10-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
“നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു. അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു. സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ. അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു. ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു.
റോമർ 3:10-26 സമകാലിക മലയാളവിവർത്തനം (MCV)
“നീതിനിഷ്ഠർ ആരുമില്ല, ഒരാൾപോലും ഇല്ല. ഗ്രഹിക്കുന്നവർ ആരുമില്ല, ദൈവത്തെ അന്വേഷിക്കുന്നവരുമില്ല. എല്ലാവരും വഴിതെറ്റി ഒന്നടങ്കം കൊള്ളരുതാത്തവരായിത്തീർന്നിരിക്കുന്നു; നന്മചെയ്യുന്നവർ ആരുമില്ല, ഒരൊറ്റവ്യക്തിപോലുമില്ല.” “അവരുടെ തൊണ്ട തുറന്ന ശവക്കുഴി; അവർ നാവുകൊണ്ട് വഞ്ചിക്കുന്നു;” “അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്.” “അവരുടെ വായിൽ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു.” “അവരുടെ പാദങ്ങൾ രക്തം ചൊരിയാൻ പായുന്നു. നാശവും ദുരിതവും അവരുടെ പാതകളിൽ ഉണ്ട്. സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ.” “അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ലാതായിരിക്കുന്നു,” എന്നിങ്ങനെ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ! ന്യായപ്രമാണത്തിന്റെ നിബന്ധനകൾ ബാധകമായിരിക്കുന്നത് അതു ലഭിച്ചിട്ടുള്ളവർക്കാണെന്ന് നമുക്കറിയാം. ഇതു നൽകിയിരിക്കുന്നത്, എല്ലാ അധരങ്ങളും ഒഴിവുകഴിവുകൾ ഒന്നും പറയാനില്ലാതെ നിശ്ശബ്ദമാകാനും ലോകത്തിലുള്ളവർ മുഴുവൻ ദൈവത്തോടു കണക്കു ബോധിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതിനുംവേണ്ടിയാണ്. അതുകൊണ്ട്, ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അനുഷ്ഠിക്കുന്നതിലൂടെ ആരും ദൈവത്തിന്റെ മുമ്പാകെ നീതിനിഷ്ഠരാകുകയില്ല; പിന്നെയോ, നമ്മുടെ പാപത്തെക്കുറിച്ചുള്ള അറിവു നൽകുകയാണ് ന്യായപ്രമാണം ചെയ്യുന്നത്. എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു. ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല. അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.