റോമർ 3:1-9

റോമർ 3:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യെഹൂദന് എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ട്; ഒന്നാമത് ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതുതന്നെ. ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ? ഒരുനാളും ഇല്ല. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ. എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? -ഞാൻ മാനുഷരീതിയിൽ പറയുന്നു- ഒരുനാളുമല്ല; അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്ത്വത്തിനായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നത് എന്ത്? നല്ലതു വരേണ്ടതിനു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതുതന്നെ. ആകയാൽ എന്ത്? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻകീഴാകുന്നു എന്നു നാം മുമ്പേ തെളിയിച്ചുവല്ലോ

പങ്ക് വെക്കു
റോമർ 3 വായിക്കുക

റോമർ 3:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അങ്ങനെയെങ്കിൽ യെഹൂദന് എന്താണു മേന്മ? അഥവാ പരിച്ഛേദനകർമംകൊണ്ട് എന്തു പ്രയോജനം? എല്ലാവിധത്തിലും വളരെയധികം പ്രയോജനമുണ്ട്, സംശയമില്ല. ഒന്നാമത്, ദൈവത്തിന്റെ അരുളപ്പാടുകൾ നല്‌കപ്പെട്ടത് യെഹൂദന്മാർക്കാണ്. അവരിൽ ചിലർ അവിശ്വാസികളായിപ്പോയെങ്കിലെന്ത്? അവരുടെ അവിശ്വാസം ദൈവത്തിന്റെ വിശ്വസ്തതയെ നിഷ്പ്രയോജനമാക്കുമോ? ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാൻ തന്നെ. അങ്ങ് അരുൾചെയ്യുമ്പോൾ നീതിമാനെന്നു തെളിയും, വ്യവഹാരത്തിൽ അങ്ങു വിജയിക്കും. എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ. നമ്മുടെ ദുഷ്പ്രവൃത്തികൾ ദൈവത്തിന്റെ നീതി പ്രത്യക്ഷമാക്കുന്നുവെങ്കിൽ നാം എന്താണു പറയേണ്ടത്? ദൈവം നമ്മെ ശിക്ഷിക്കുമ്പോൾ അവിടുന്നു നീതിയില്ലാത്തവനെന്നോ? -മാനുഷികമായ രീതിയിൽ ഞാനിതു പറയുന്നു-ഒരിക്കലുമല്ല! ദൈവം നീതിരഹിതനാണെങ്കിൽ എങ്ങനെ ലോകത്തിൽ നീതി നടത്തും? ദൈവത്തിന്റെ സത്യം പ്രകാശിതമാകുകയും അവിടുത്തെ മഹത്ത്വം വർധിക്കുകയും ചെയ്യുന്നതിന് എന്റെ അസത്യം ഉപകരിക്കുന്നുവെങ്കിൽ, എന്നെ പാപിയെന്നു വിധിക്കുന്നത് എന്തിന്? അധികം നന്മയുണ്ടാകുന്നതിനു തിന്മ ചെയ്യാമെന്നു ഞങ്ങൾ പഠിപ്പിക്കുന്നതായി ചിലർ അപവാദം പറയുന്നുണ്ടല്ലോ. അവർക്കു വരുന്ന ശിക്ഷാവിധി അവർ അർഹിക്കുന്നതുതന്നെ. ആകട്ടെ, യെഹൂദന്മാരായ ഞങ്ങൾക്ക് വിജാതീയരെക്കാൾ എന്തെങ്കിലും മേന്മയുണ്ടോ? ഒന്നുംതന്നെയില്ല. യെഹൂദന്മാരും വിജാതീയരും ഒരുപോലെ പാപത്തിന് അധീനരാണെന്നു ഞാൻ നേരത്തെ ചൂണ്ടിക്കാണിച്ചല്ലോ.

പങ്ക് വെക്കു
റോമർ 3 വായിക്കുക

റോമർ 3:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ യെഹൂദന് എന്ത് വിശേഷതയാണുള്ളത്? പരിച്ഛേദനകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? സകലവിധത്തിലും വളരെ ഉണ്ട്; ഒന്നാമത് ദൈവത്തിന്‍റെ അരുളപ്പാടുകൾ അവരുടെ പക്കൽ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്നതു തന്നെ. ചില യഹൂദർ വിശ്വസിച്ചില്ല എങ്കിൽ എന്ത്, അവരുടെ അവിശ്വാസത്താൽ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്ക് നീക്കം വരുമോ? ഒരുനാളും ഇല്ല. “അങ്ങേയുടെ വാക്കുകളിൽ അങ്ങ് നീതീകരിക്കപ്പെടുവാനും അങ്ങേയുടെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ സകലമനുഷ്യരും ഭോഷ്ക് പറയുന്നവരായാലും ദൈവം സത്യവാൻ എന്നു തെളിയും. എന്നാൽ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്ത് പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? (ഞാൻ മാനുഷരീതിയിൽ പറയുന്നു) ഒരുനാളുമല്ല; അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? ദൈവത്തിന്‍റെ സത്യം പ്രകാശിതമാകുകയും അവന്‍റെ മഹത്വം വർദ്ധിക്കുകയും ചെയ്യുന്നതിന് എന്‍റെ അസത്യം ഉപകരിക്കുന്നുവെങ്കിൽ, എന്നെ പാപി എന്നു വിധിക്കുന്നതു എന്തിന്? നല്ലത് വരേണ്ടതിന് തിന്മ ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്ക് വരുന്ന ശിക്ഷാവിധി നീതിയുള്ളത് തന്നെ. ആകയാൽ എന്ത്? നമുക്കു ഒഴിവുകഴിവുണ്ടോ? ഒരിക്കലുമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ ആരോപിച്ചുവല്ലോ.

പങ്ക് വെക്കു
റോമർ 3 വായിക്കുക

റോമർ 3:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ. ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ. എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ?— ഞാൻ മാനുഷരീതിയിൽ പറയുന്നു — ഒരുനാളുമല്ല; അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു? നല്ലതു വരേണ്ടതിന്നു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ. ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലോ.

പങ്ക് വെക്കു
റോമർ 3 വായിക്കുക

റോമർ 3:1-9 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെയെങ്കിൽ യെഹൂദനായിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്? അതുപോലെ, പരിച്ഛേദനം സ്വീകരിക്കുന്നതുകൊണ്ട് എന്തു ലാഭമാണുള്ളത്? എല്ലാവിധത്തിലും വളരെയുണ്ട്: അതിൽ പ്രഥമഗണനീയം ദൈവത്തിന്റെ അരുളപ്പാടുകൾ യെഹൂദന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നു എന്നതാണ്. ആ അരുളപ്പാടുകൾ ചിലർ അവിശ്വസിച്ചു. അതുകൊണ്ടെന്ത്? അവരുടെ വിശ്വാസരാഹിത്യത്താൽ ദൈവത്തിന്റെ വിശ്വസ്തത ഇല്ലാതാകുമോ? ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജംപറയുന്നവർ ആയിരുന്നാലും ദൈവം സത്യസന്ധനാണ്. “അങ്ങയുടെ വാക്കുകളിൽ അങ്ങ് നീതിമാനെന്നു തെളിയുന്നതിനും വിചാരണയിൽ അങ്ങ് വിജയിക്കാനും,” എന്ന് എഴുതിയിട്ടുണ്ടല്ലോ. എന്നാൽ, ദൈവം എത്ര നീതിമാനാണെന്നത് നമ്മുടെ അനീതി പ്രകടമാക്കുന്നുവെങ്കിൽ നാം എന്താണു പറയുക? മാനുഷികമായ രീതിയിൽ ചോദിക്കട്ടെ, “നമ്മുടെമേൽ ക്രോധം വെളിപ്പെടുത്തുന്ന ദൈവം നീതിമാൻ അല്ല” എന്നാണോ? ഒരിക്കലുമല്ല. അങ്ങനെയാണെങ്കിൽ അനീതിയുള്ള ദൈവത്തിന് ലോകത്തെ വിധിക്കാൻ എങ്ങനെ കഴിയും? എന്നാൽ “എന്റെ കാപട്യം ദൈവത്തിന്റെ സത്യസന്ധതയെ പ്രകടമാക്കുന്നതിലൂടെ അവിടത്തെ യശസ്സു വർധിപ്പിക്കുന്നെങ്കിൽ, എന്തിനാണ് പിന്നെയും എന്നെ പാപിയെന്നു വിധിയെഴുതുന്നത്?” എന്നു ചിലർ വാദിച്ചേക്കാം, അപ്പോൾ, “നന്മ ഉണ്ടാകേണ്ടതിനുവേണ്ടി നമുക്കു തിന്മ പ്രവർത്തിക്കാം” എന്നാണോ? ചിലരാകട്ടെ, ഇപ്രകാരം ഞങ്ങൾ പറയുന്നതായി ഞങ്ങളെപ്പറ്റി അപവാദം പറയുന്നുണ്ട്; അവർ അർഹിക്കുന്ന ശിക്ഷാവിധി അവർക്കു ലഭിക്കും. അപ്പോൾ എന്ത്? യെഹൂദരായ നമുക്ക് എന്തെങ്കിലും ശ്രേഷ്ഠത ഉണ്ടോ? ഇല്ലേയില്ല. മുമ്പു നാം തെളിച്ചു പറഞ്ഞതുപോലെതന്നെ യെഹൂദനും യെഹൂദേതരനും ഇങ്ങനെ എല്ലാവരും പാപത്തിന് അധീനർതന്നെയാണ്.

പങ്ക് വെക്കു
റോമർ 3 വായിക്കുക