റോമർ 3:1-31

റോമർ 3:1-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യെഹൂദന് എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ട്; ഒന്നാമത് ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതുതന്നെ. ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതയ്ക്കു നീക്കം വരുമോ? ഒരുനാളും ഇല്ല. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും, നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ. എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? -ഞാൻ മാനുഷരീതിയിൽ പറയുന്നു- ഒരുനാളുമല്ല; അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്ത്വത്തിനായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നത് എന്ത്? നല്ലതു വരേണ്ടതിനു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതുതന്നെ. ആകയാൽ എന്ത്? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻകീഴാകുന്നു എന്നു നാം മുമ്പേ തെളിയിച്ചുവല്ലോ; “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻപോലും ഇല്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി; നാവുകൊണ്ട് അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ട്. അവരുടെ വായിൽ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്. സമാധാനമാർഗം അവർ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ന്യായപ്രമാണം പറയുന്നത് എല്ലാം ന്യായപ്രമാണത്തിൻകീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ. അതുകൊണ്ട് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നത്. ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. അതിനു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു, അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. വിശ്വസിക്കുന്നവർക്ക് അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻതന്നെ അങ്ങനെ ചെയ്തത്. ആകയാൽ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാർഗത്താൽ? കർമമാർഗത്താലോ? അല്ല, വിശ്വാസമാർഗത്താലത്രേ. അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽതന്നെ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു. ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമികളെയും നീതീകരിക്കുന്നു. ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബലമാക്കുന്നുവോ? ഒരുനാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 3 വായിക്കുക

റോമർ 3:1-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അങ്ങനെയെങ്കിൽ യെഹൂദന് എന്താണു മേന്മ? അഥവാ പരിച്ഛേദനകർമംകൊണ്ട് എന്തു പ്രയോജനം? എല്ലാവിധത്തിലും വളരെയധികം പ്രയോജനമുണ്ട്, സംശയമില്ല. ഒന്നാമത്, ദൈവത്തിന്റെ അരുളപ്പാടുകൾ നല്‌കപ്പെട്ടത് യെഹൂദന്മാർക്കാണ്. അവരിൽ ചിലർ അവിശ്വാസികളായിപ്പോയെങ്കിലെന്ത്? അവരുടെ അവിശ്വാസം ദൈവത്തിന്റെ വിശ്വസ്തതയെ നിഷ്പ്രയോജനമാക്കുമോ? ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജം പറയുന്നവരായാലും ദൈവം സത്യവാൻ തന്നെ. അങ്ങ് അരുൾചെയ്യുമ്പോൾ നീതിമാനെന്നു തെളിയും, വ്യവഹാരത്തിൽ അങ്ങു വിജയിക്കും. എന്നു വേദഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നെ. നമ്മുടെ ദുഷ്പ്രവൃത്തികൾ ദൈവത്തിന്റെ നീതി പ്രത്യക്ഷമാക്കുന്നുവെങ്കിൽ നാം എന്താണു പറയേണ്ടത്? ദൈവം നമ്മെ ശിക്ഷിക്കുമ്പോൾ അവിടുന്നു നീതിയില്ലാത്തവനെന്നോ? -മാനുഷികമായ രീതിയിൽ ഞാനിതു പറയുന്നു-ഒരിക്കലുമല്ല! ദൈവം നീതിരഹിതനാണെങ്കിൽ എങ്ങനെ ലോകത്തിൽ നീതി നടത്തും? ദൈവത്തിന്റെ സത്യം പ്രകാശിതമാകുകയും അവിടുത്തെ മഹത്ത്വം വർധിക്കുകയും ചെയ്യുന്നതിന് എന്റെ അസത്യം ഉപകരിക്കുന്നുവെങ്കിൽ, എന്നെ പാപിയെന്നു വിധിക്കുന്നത് എന്തിന്? അധികം നന്മയുണ്ടാകുന്നതിനു തിന്മ ചെയ്യാമെന്നു ഞങ്ങൾ പഠിപ്പിക്കുന്നതായി ചിലർ അപവാദം പറയുന്നുണ്ടല്ലോ. അവർക്കു വരുന്ന ശിക്ഷാവിധി അവർ അർഹിക്കുന്നതുതന്നെ. ആകട്ടെ, യെഹൂദന്മാരായ ഞങ്ങൾക്ക് വിജാതീയരെക്കാൾ എന്തെങ്കിലും മേന്മയുണ്ടോ? ഒന്നുംതന്നെയില്ല. യെഹൂദന്മാരും വിജാതീയരും ഒരുപോലെ പാപത്തിന് അധീനരാണെന്നു ഞാൻ നേരത്തെ ചൂണ്ടിക്കാണിച്ചല്ലോ. വേദലിഖിതങ്ങളിൽ പറയുന്നത് എന്താണെന്നു നോക്കുക: നീതിമാൻ ആരുമില്ല. വിവേകമുള്ള ഒരുവനുമില്ല, ദൈവത്തെ അന്വേഷിക്കുന്നവനുമില്ല. എല്ലാവരും വഴിപിഴച്ച് ദൈവത്തിൽനിന്ന് അകന്നുപോയിരിക്കുന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവൻപോലുമില്ല. അവരുടെ കണ്ഠം തുറന്നിരിക്കുന്ന ശവക്കുഴിയാണ്; അവരുടെ നാവ് വഞ്ചനയ്‍ക്കായി ഉപയോഗിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങളുടെ കീഴിൽ മറഞ്ഞിരിക്കുന്നു. അവരുടെ വായ് കയ്പേറിയ ശാപം നിറഞ്ഞതാണ് രക്തം ചൊരിയുന്നതിനായി അവർ വെമ്പൽകൊള്ളുന്നു; അവർ പോകുന്നിടത്തെല്ലാം കെടുതിയും നാശവും ഉണ്ടാകുന്നു. സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ; അവരുടെ വീക്ഷണത്തിൽ ദൈവഭയമില്ല. യെഹൂദധർമശാസ്ത്രത്തിൻ കീഴിൽ ഉള്ളവർക്കുവേണ്ടിയാണ് അതിന്റെ സന്ദേശം എന്നു നമുക്കറിയാം. അതുമൂലം എല്ലാ അധരങ്ങളും നിശ്ശബ്ദമാകുകയും സമസ്തലോകവും ദൈവത്തിന്റെ വിധിക്കു വിധേയമാകുകയും ചെയ്യുന്നു. ധർമശാസ്ത്രം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ട് ഈശ്വരദൃഷ്‍ടിയിൽ ആരുംതന്നെ നീതിമാനായിത്തീരുകയില്ല. മനുഷ്യനു പാപബോധം ഉണ്ടാക്കുകയത്രേ ധർമശാസ്ത്രം ചെയ്യുന്നത്. ധർമശാസ്ത്രവും പ്രവാചകന്മാരും സാക്ഷ്യം വഹിച്ച ദൈവനീതി, ധർമശാസ്ത്രം മുഖേനയല്ലാതെ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതുമൂലം ദൈവത്തിന്റെ ഈ നീതി എല്ലാ വിശ്വാസികൾക്കും ലഭിച്ചിരിക്കുന്നു. ഇതിൽ യൂദനെന്നും യൂദേതരനെന്നുമുള്ള വ്യത്യാസമില്ല. എല്ലാവരും പാപംചെയ്ത് ദൈവതേജസ്സ് നഷ്ടപ്പെടുത്തി. ദൈവം തന്റെ സൗജന്യ കൃപാവരത്താൽ മനുഷ്യരെ കുറ്റമറ്റവരായി അംഗീകരിക്കുന്നു. മനുഷ്യവർഗത്തെ വീണ്ടെടുക്കുന്ന ക്രിസ്തുയേശുവിന്റെ രക്ഷകപ്രവർത്തനത്തിൽകൂടിയാണ് അതു നിർവഹിക്കുന്നത്. മനുഷ്യന്റെ പാപപരിഹാരത്തിനുള്ള മാർഗമായിത്തീരുന്നതിന് ദൈവം ക്രിസ്തുയേശുവിനെ നിയോഗിച്ചു. സ്വന്തം രക്തം ചിന്തി, സ്വജീവൻ യാഗമായി അർപ്പിച്ച ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെയാണ് പാപങ്ങൾ പൊറുക്കപ്പെടുന്നത്. ഇങ്ങനെ മനുഷ്യരുടെ പാപങ്ങൾ കണക്കിലെടുക്കാതെ സഹിഷ്ണുതാപൂർവം അവ ഇല്ലായ്മ ചെയ്ത പൂർവകാലത്തും ഇക്കാലത്തും ദൈവം തന്റെ നീതി വെളിപ്പെടുത്തുന്നു. ഇപ്രകാരം യേശുവിൽ വിശ്വസിക്കുന്ന എല്ലാവരെയും നീതിമാന്മാരായി സ്വീകരിക്കുമെന്നും വ്യക്തമാകുന്നു. അങ്ങനെയെങ്കിൽ നമുക്ക് ആത്മപ്രശംസചെയ്യാൻ എന്തിരിക്കുന്നു? ഒന്നുമില്ല. കാരണം, ധർമശാസ്ത്രം അനുശാസിക്കുന്ന മാർഗം വിട്ട് വിശ്വാസത്തിന്റെ മാർഗം നാം സ്വീകരിക്കുന്നു എന്നതാണ്. എന്തെന്നാൽ ദൈവത്തിന്റെ മുമ്പാകെ ഒരുവൻ കുറ്റമറ്റവനായി അംഗീകരിക്കപ്പെടുന്നത് ധർമശാസ്ത്രം അനുശാസിക്കുന്ന കർമങ്ങൾ അനുഷ്ഠിക്കുന്നതുകൊണ്ടല്ല. പിന്നെയോ, വിശ്വാസംകൊണ്ടു മാത്രമാണെന്നു ഞങ്ങൾ കരുതുന്നു. അതുതന്നെയുമല്ല, ദൈവം യെഹൂദന്മാരുടെ മാത്രം ദൈവമാണോ? വിജാതീയരുടെയും ദൈവമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാകുന്നു. ദൈവം ഏകനായതുകൊണ്ട്, അവിടുന്നു യെഹൂദന്മാരെയും വിജാതീയരെയും വിശ്വാസംമൂലം കുറ്റമറ്റവരായി അംഗീകരിക്കുന്നു. അങ്ങനെയെങ്കിൽ ഈ വിശ്വാസത്താൽ നാം ധർമശാസ്ത്രത്തെ നിഷ്പ്രയോജനമാക്കുകയാണോ? ഒരിക്കലുമല്ല! നാം അതിനെ ഉറപ്പിക്കുകയാണു ചെയ്യുന്നത്.

പങ്ക് വെക്കു
റോമർ 3 വായിക്കുക

റോമർ 3:1-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ യെഹൂദന് എന്ത് വിശേഷതയാണുള്ളത്? പരിച്ഛേദനകൊണ്ട് എന്ത് പ്രയോജനമാണുള്ളത്? സകലവിധത്തിലും വളരെ ഉണ്ട്; ഒന്നാമത് ദൈവത്തിന്‍റെ അരുളപ്പാടുകൾ അവരുടെ പക്കൽ വിശ്വസിച്ചേൽപ്പിച്ചിരിക്കുന്നതു തന്നെ. ചില യഹൂദർ വിശ്വസിച്ചില്ല എങ്കിൽ എന്ത്, അവരുടെ അവിശ്വാസത്താൽ ദൈവത്തിന്‍റെ വിശ്വസ്തതയ്ക്ക് നീക്കം വരുമോ? ഒരുനാളും ഇല്ല. “അങ്ങേയുടെ വാക്കുകളിൽ അങ്ങ് നീതീകരിക്കപ്പെടുവാനും അങ്ങേയുടെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ സകലമനുഷ്യരും ഭോഷ്ക് പറയുന്നവരായാലും ദൈവം സത്യവാൻ എന്നു തെളിയും. എന്നാൽ നമ്മുടെ അനീതി ദൈവത്തിന്‍റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്ത് പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ? (ഞാൻ മാനുഷരീതിയിൽ പറയുന്നു) ഒരുനാളുമല്ല; അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? ദൈവത്തിന്‍റെ സത്യം പ്രകാശിതമാകുകയും അവന്‍റെ മഹത്വം വർദ്ധിക്കുകയും ചെയ്യുന്നതിന് എന്‍റെ അസത്യം ഉപകരിക്കുന്നുവെങ്കിൽ, എന്നെ പാപി എന്നു വിധിക്കുന്നതു എന്തിന്? നല്ലത് വരേണ്ടതിന് തിന്മ ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്ക് വരുന്ന ശിക്ഷാവിധി നീതിയുള്ളത് തന്നെ. ആകയാൽ എന്ത്? നമുക്കു ഒഴിവുകഴിവുണ്ടോ? ഒരിക്കലുമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ ആരോപിച്ചുവല്ലോ. “നീതിമാൻ ആരുമില്ല. ഒരുവൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുവൻപോലും ഇല്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ട് അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്ക് കീഴെ ഉണ്ട്. അവരുടെ വായിൽ ശാപവും കയ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. നാശവും കഷ്ടതയും അവരുടെ വഴികളിൽ ഉണ്ട്. സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ന്യായപ്രമാണം പറയുന്നതെല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോട് പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏത് വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ. അതുകൊണ്ട് ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്‍റെ ദൃഷ്ടിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്‍റെ പരിജ്ഞാനമത്രെ വരുന്നത്. ഇപ്പോഴോ ദൈവത്തിന്‍റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും, യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതിതന്നെ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. അതിന് ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപംചെയ്തു ദൈവതേജസ്സ് ഇല്ലാത്തവരായിത്തീർന്നു, അവന്‍റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നത്. വിശ്വസിക്കുന്നവർക്ക് അവൻ തന്‍റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു. ദൈവം തന്‍റെ ദീർഘക്ഷമയിൽ കഴിഞ്ഞ കാലങ്ങളിലെ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്‍റെ നീതിയെ പ്രദർശിപ്പിക്കുവാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന് ഇക്കാലത്ത് തന്‍റെ നീതിയെ പ്രദർശിപ്പിക്കുവാൻതന്നെ അങ്ങനെ ചെയ്തത്. ആകയാൽ പ്രശംസ എവിടെ? അത് പൊയ്പോയി. ഏത് അടിസ്ഥാനത്തിൽ? പ്രവൃത്തിയാലോ? അല്ല, വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലത്രെ. അതുകൊണ്ട് മനുഷ്യൻ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നെ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ, ജാതികളുടെയും ദൈവം ആകുന്നു. ദൈവം ഏകനല്ലോ; വിശ്വാസം മൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും അവൻ നീതീകരിക്കുന്നു. ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ? ഒരുനാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കുകയത്രേ ചെയ്യുന്നത്.

പങ്ക് വെക്കു
റോമർ 3 വായിക്കുക

റോമർ 3:1-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം? സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു തന്നേ. ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ? ഒരുനാളും ഇല്ല. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ. എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ?— ഞാൻ മാനുഷരീതിയിൽ പറയുന്നു — ഒരുനാളുമല്ല; അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും? ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു? നല്ലതു വരേണ്ടതിന്നു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവർക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ. ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലോ. “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല. ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല. എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല. അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു. അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു. അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു. നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു. സമാധാനമാർഗ്ഗം അവർ അറിഞ്ഞിട്ടില്ല. അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സർവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ. അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു. ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവർക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു. അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു. ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു, അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൗജന്യമായത്രേ നീതീകരിക്കപ്പെടുന്നതു. വിശ്വസിക്കുന്നവർക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ, താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദർശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു. ആകയാൽ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാർഗ്ഗത്താൽ? കർമ്മമാർഗ്ഗത്താലോ? അല്ല, വിശ്വാസമാർഗ്ഗത്താലത്രേ. അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു. അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു. ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചർമ്മികളെയും നീതീകരിക്കുന്നു. ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 3 വായിക്കുക

റോമർ 3:1-31 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെയെങ്കിൽ യെഹൂദനായിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്? അതുപോലെ, പരിച്ഛേദനം സ്വീകരിക്കുന്നതുകൊണ്ട് എന്തു ലാഭമാണുള്ളത്? എല്ലാവിധത്തിലും വളരെയുണ്ട്: അതിൽ പ്രഥമഗണനീയം ദൈവത്തിന്റെ അരുളപ്പാടുകൾ യെഹൂദന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നു എന്നതാണ്. ആ അരുളപ്പാടുകൾ ചിലർ അവിശ്വസിച്ചു. അതുകൊണ്ടെന്ത്? അവരുടെ വിശ്വാസരാഹിത്യത്താൽ ദൈവത്തിന്റെ വിശ്വസ്തത ഇല്ലാതാകുമോ? ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജംപറയുന്നവർ ആയിരുന്നാലും ദൈവം സത്യസന്ധനാണ്. “അങ്ങയുടെ വാക്കുകളിൽ അങ്ങ് നീതിമാനെന്നു തെളിയുന്നതിനും വിചാരണയിൽ അങ്ങ് വിജയിക്കാനും,” എന്ന് എഴുതിയിട്ടുണ്ടല്ലോ. എന്നാൽ, ദൈവം എത്ര നീതിമാനാണെന്നത് നമ്മുടെ അനീതി പ്രകടമാക്കുന്നുവെങ്കിൽ നാം എന്താണു പറയുക? മാനുഷികമായ രീതിയിൽ ചോദിക്കട്ടെ, “നമ്മുടെമേൽ ക്രോധം വെളിപ്പെടുത്തുന്ന ദൈവം നീതിമാൻ അല്ല” എന്നാണോ? ഒരിക്കലുമല്ല. അങ്ങനെയാണെങ്കിൽ അനീതിയുള്ള ദൈവത്തിന് ലോകത്തെ വിധിക്കാൻ എങ്ങനെ കഴിയും? എന്നാൽ “എന്റെ കാപട്യം ദൈവത്തിന്റെ സത്യസന്ധതയെ പ്രകടമാക്കുന്നതിലൂടെ അവിടത്തെ യശസ്സു വർധിപ്പിക്കുന്നെങ്കിൽ, എന്തിനാണ് പിന്നെയും എന്നെ പാപിയെന്നു വിധിയെഴുതുന്നത്?” എന്നു ചിലർ വാദിച്ചേക്കാം, അപ്പോൾ, “നന്മ ഉണ്ടാകേണ്ടതിനുവേണ്ടി നമുക്കു തിന്മ പ്രവർത്തിക്കാം” എന്നാണോ? ചിലരാകട്ടെ, ഇപ്രകാരം ഞങ്ങൾ പറയുന്നതായി ഞങ്ങളെപ്പറ്റി അപവാദം പറയുന്നുണ്ട്; അവർ അർഹിക്കുന്ന ശിക്ഷാവിധി അവർക്കു ലഭിക്കും. അപ്പോൾ എന്ത്? യെഹൂദരായ നമുക്ക് എന്തെങ്കിലും ശ്രേഷ്ഠത ഉണ്ടോ? ഇല്ലേയില്ല. മുമ്പു നാം തെളിച്ചു പറഞ്ഞതുപോലെതന്നെ യെഹൂദനും യെഹൂദേതരനും ഇങ്ങനെ എല്ലാവരും പാപത്തിന് അധീനർതന്നെയാണ്. “നീതിനിഷ്ഠർ ആരുമില്ല, ഒരാൾപോലും ഇല്ല. ഗ്രഹിക്കുന്നവർ ആരുമില്ല, ദൈവത്തെ അന്വേഷിക്കുന്നവരുമില്ല. എല്ലാവരും വഴിതെറ്റി ഒന്നടങ്കം കൊള്ളരുതാത്തവരായിത്തീർന്നിരിക്കുന്നു; നന്മചെയ്യുന്നവർ ആരുമില്ല, ഒരൊറ്റവ്യക്തിപോലുമില്ല.” “അവരുടെ തൊണ്ട തുറന്ന ശവക്കുഴി; അവർ നാവുകൊണ്ട് വഞ്ചിക്കുന്നു;” “അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്.” “അവരുടെ വായിൽ ശാപവും കയ്‌പും നിറഞ്ഞിരിക്കുന്നു.” “അവരുടെ പാദങ്ങൾ രക്തം ചൊരിയാൻ പായുന്നു. നാശവും ദുരിതവും അവരുടെ പാതകളിൽ ഉണ്ട്. സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ.” “അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ലാതായിരിക്കുന്നു,” എന്നിങ്ങനെ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ! ന്യായപ്രമാണത്തിന്റെ നിബന്ധനകൾ ബാധകമായിരിക്കുന്നത് അതു ലഭിച്ചിട്ടുള്ളവർക്കാണെന്ന് നമുക്കറിയാം. ഇതു നൽകിയിരിക്കുന്നത്, എല്ലാ അധരങ്ങളും ഒഴിവുകഴിവുകൾ ഒന്നും പറയാനില്ലാതെ നിശ്ശബ്ദമാകാനും ലോകത്തിലുള്ളവർ മുഴുവൻ ദൈവത്തോടു കണക്കു ബോധിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതിനുംവേണ്ടിയാണ്. അതുകൊണ്ട്, ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അനുഷ്ഠിക്കുന്നതിലൂടെ ആരും ദൈവത്തിന്റെ മുമ്പാകെ നീതിനിഷ്ഠരാകുകയില്ല; പിന്നെയോ, നമ്മുടെ പാപത്തെക്കുറിച്ചുള്ള അറിവു നൽകുകയാണ് ന്യായപ്രമാണം ചെയ്യുന്നത്. എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു. യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു. എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു. ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല. അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്. അങ്ങനെയെങ്കിൽ പ്രശംസയ്ക്ക് സ്ഥാനം എവിടെ? അത് നീങ്ങിപ്പോയിരിക്കുന്നു. ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ? അനുഷ്ഠാനങ്ങൾ ആവശ്യമുള്ള ന്യായപ്രമാണത്താലോ? അല്ല, വിശ്വാസം ആവശ്യമുള്ള പ്രമാണത്താൽത്തന്നെയാണ്. അങ്ങനെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾവഴിയല്ലാതെ വിശ്വാസത്താൽത്തന്നെ മനുഷ്യൻ നീതീകരിക്കപ്പെടുന്നു എന്നു നാം കാണുന്നു. ദൈവം യെഹൂദരുടെമാത്രമോ? അവിടന്ന് യെഹൂദരല്ലാത്തവരുടെയും ദൈവം അല്ലയോ? അതേ, അവിടന്ന് അവരുടെയും ദൈവമാണ്. ദൈവം ഒരുവനേയുള്ളൂ; അതുകൊണ്ട്, പരിച്ഛേദനം സ്വീകരിച്ചവനെ വിശ്വാസത്താൽ നീതീകരിക്കുന്നു; അതേ വിശ്വാസത്താൽ പരിച്ഛേദനം ഇല്ലാത്തവരെയും നീതീകരിക്കുന്നു. അപ്പോൾ, നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ പ്രയോജനരഹിതമാക്കുകയാണോ? ഒരിക്കലുമില്ല, നാം ന്യായപ്രമാണത്തെ സ്ഥിരീകരിക്കുകയാണു ചെയ്യുന്നത്.

പങ്ക് വെക്കു
റോമർ 3 വായിക്കുക