റോമർ 2:6-12

റോമർ 2:6-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതപൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവനും ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും. തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിനും കഷ്ടവും സങ്കടവും ആദ്യം യെഹൂദനും പിന്നെ യവനനും വരും. നന്മ പ്രവർത്തിക്കുന്ന ഏവനും മഹത്ത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും. ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ. ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവരൊക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവരൊക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.

പങ്ക് വെക്കു
റോമർ 2 വായിക്കുക

റോമർ 2:6-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തിക്കൊത്തവണ്ണമുള്ള പ്രതിഫലമാണല്ലോ ദൈവം നല്‌കുന്നത്. ഇടവിടാതെ സൽക്കർമങ്ങൾ നിഷ്ഠയോടുകൂടി ചെയ്ത്, ശ്രേയസ്സും ബഹുമാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക്, ദൈവം അനശ്വരജീവൻ നല്‌കും; സത്യത്തെ ആദരിക്കാതെ, അധർമത്തെ പിന്തുടരുന്ന സ്വാർഥപ്രിയരുടെമേൽ കോപവും ഉഗ്രരോഷവും ചൊരിയും. ദുഷ്ടത പ്രവർത്തിക്കുന്ന ഏതൊരു മനുഷ്യനും- ആദ്യം യെഹൂദനും പിന്നീടു വിജാതീയനും- കൊടിയ ദുരിതവും ക്ലേശവും ഉണ്ടാകും. എന്നാൽ നന്മ പ്രവർത്തിക്കുന്ന ഏതൊരുവനും-ആദ്യം യെഹൂദനും പിന്നീടു വിജാതീയനും -കീർത്തിയും ബഹുമാനവും സമാധാനവും ഉണ്ടാകും. ദൈവത്തിനു പക്ഷപാതമില്ലല്ലോ. യെഹൂദമതനിയമം അറിയാതെ പാപം ചെയ്തവർ, നിയമം കൂടാതെ നശിക്കും. നിയമത്തിനു വിധേയരായിരിക്കെ പാപം ചെയ്തവർ നിയമപ്രകാരം വിധിക്കപ്പെടും.

പങ്ക് വെക്കു
റോമർ 2 വായിക്കുക

റോമർ 2:6-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ ഓരോരുത്തന് അവനവന്‍റെ പ്രവൃത്തിക്കു തക്ക അളവിൽ പകരം കൊടുക്കും. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരതയോടെ തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക് നിത്യജീവനും, സ്വാർത്ഥരായി സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്ക് കോപവും ക്രോധവും കൊടുക്കും. തിന്മ പ്രവർത്തിക്കുന്ന ഏത് മനുഷ്യാത്മാവിനും ദുരിതവും തീവ്രദുഃഖവും ആദ്യം യെഹൂദനും പിന്നെ യവനനും വരും. എന്നാൽ നല്ലത് പ്രവർത്തിക്കുന്ന ഏവനും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദനും പിന്നെ യവനനും ലഭിക്കും. ദൈവത്തിന്‍റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ. ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.

പങ്ക് വെക്കു
റോമർ 2 വായിക്കുക

റോമർ 2:6-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവർക്കു കോപവും ക്രോധവും കൊടുക്കും. തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും. നന്മ പ്രവർത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും. ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ. ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.

പങ്ക് വെക്കു
റോമർ 2 വായിക്കുക

റോമർ 2:6-12 സമകാലിക മലയാളവിവർത്തനം (MCV)

ദൈവം “ഓരോ വ്യക്തിക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരംചെയ്യും.” നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും. എന്നാൽ, സത്യം അനുസരിക്കാതെ സ്വാർഥചിന്തയോടുകൂടി ദുഷ്ടതയെ അനുസരിക്കുന്നവരുടെമേൽ കോപവും ക്രോധവും വർഷിക്കും. തിന്മചെയ്യുന്ന ഏതു മനുഷ്യജീവിക്കും ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും പീഡയും സങ്കടവും ഉണ്ടാകും. എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും; കാരണം, ദൈവം പക്ഷഭേദം ഇല്ലാത്തവനാണ്. ന്യായപ്രമാണം ലഭിക്കാതെ പാപംചെയ്ത യെഹൂദേതരരെല്ലാം ന്യായപ്രമാണംകൂടാതെതന്നെ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ടും പാപംചെയ്ത യെഹൂദരെല്ലാം ന്യായപ്രമാണത്താൽ ശിക്ഷവിധിക്കപ്പെടും.

പങ്ക് വെക്കു
റോമർ 2 വായിക്കുക