റോമർ 2:12-29

റോമർ 2:12-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവരൊക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവരൊക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നത്. ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽതന്നെ. നീയോ യെഹൂദൻ എന്നു പേർകൊണ്ടും ന്യായപ്രമാണത്തിൽ ആശ്രയിച്ചും ദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽനിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങൾ വിവേചിച്ചും ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽനിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടർക്കു വഴി കാട്ടുന്നവൻ, ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്ക് ഉപദേഷ്ടാവ് എന്ന് ഉറച്ചുമിരിക്കുന്നെങ്കിൽ- ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? വ്യഭിചാരം ചെയ്യരുത് എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ? ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ? “നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളത് സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമമായിത്തീർന്നു. അഗ്രചർമി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമം പരിച്ഛേദന എന്ന് എണ്ണുകയില്ലയോ? സ്വഭാവത്താൽ അഗ്രചർമിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കയില്ലയോ? പുറമേ യെഹൂദനായവൻ യെഹൂദനല്ല; പുറമേ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല; അകമേ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവനു മനുഷ്യരാലല്ല ദൈവത്താൽതന്നെ പുകഴ്ച ലഭിക്കും.

പങ്ക് വെക്കു
റോമർ 2 വായിക്കുക

റോമർ 2:12-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യെഹൂദമതനിയമം അറിയാതെ പാപം ചെയ്തവർ, നിയമം കൂടാതെ നശിക്കും. നിയമത്തിനു വിധേയരായിരിക്കെ പാപം ചെയ്തവർ നിയമപ്രകാരം വിധിക്കപ്പെടും. നിയമസംഹിത ശ്രവിക്കുന്നതുകൊണ്ടു മാത്രം ഒരുവൻ ദൈവസമക്ഷം കുറ്റമില്ലാത്തവനായി അംഗീകരിക്കപ്പെടുകയില്ല; പ്രത്യുത, അത് അനുസരിക്കുന്നവരെ മാത്രമേ കുറ്റമില്ലാത്തവരായി ദൈവം അംഗീകരിക്കുകയുള്ളൂ. നിയമസംഹിത ലഭിച്ചിട്ടില്ലാത്ത വിജാതീയർ അത് അനുശാസിക്കുന്ന കാര്യങ്ങൾ സഹജമായ പ്രേരണമൂലം ചെയ്യുമ്പോൾ അവർ തങ്ങൾക്കുതന്നെ ഒരു ധാർമികനിയമമായി പരിണമിക്കുന്നു. നിയമം അനുശാസിക്കുന്ന കാര്യങ്ങൾ തങ്ങളുടെ ഹൃദയത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടെന്നു, പ്രവൃത്തികൾമൂലം അവർ തെളിയിക്കുന്നു. ഇത് വാസ്തവമാണെന്ന് അവരുടെ മനസ്സാക്ഷിയും സാക്ഷ്യം വഹിക്കുന്നു. എന്തെന്നാൽ അവരുടെ വിചാരങ്ങളിൽ ചിലത് അവരുടെമേൽ കുറ്റം ആരോപിക്കുകയും മറ്റുചിലത് അവരെ ന്യായീകരിക്കുകയും ചെയ്യുന്നു. ഞാൻ പ്രസംഗിക്കുന്ന സുവിശേഷപ്രകാരം ദൈവം യേശുക്രിസ്തുവിൽകൂടി എല്ലാ മനുഷ്യരുടെയും രഹസ്യവിചാരങ്ങളെ വിധിക്കുന്ന ആ ദിവസം അതും വെളിപ്പെടും. നീ യെഹൂദൻ എന്ന് അവകാശപ്പെടുന്നു; ധർമശാസ്ത്രത്തെ നീ ആശ്രയിക്കുകയും ചെയ്യുന്നു. ദൈവത്തോടുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ച് നീ അഭിമാനം കൊള്ളുന്നു. നിന്നെപ്പറ്റിയുള്ള ദൈവഹിതം നിനക്കറിയാം. ധർമശാസ്ത്രം പഠിച്ചിട്ടുള്ളതുകൊണ്ട് ഉത്തമമായതു തിരഞ്ഞെടുക്കുന്നതിനു നിനക്കു കഴിയും. നീ അന്ധന്മാർക്കു വഴികാട്ടിയും അന്ധകാരത്തിലിരിക്കുന്നവർക്കു പ്രകാശവും മൂഢന്മാർക്ക് ഉപദേഷ്ടാവും അറിവില്ലാത്തവർക്ക് അധ്യാപകനുമാണെന്നത്രേ നിന്റെ വിചാരം. ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാരാംശം മുഴുവൻ ധർമശാസ്ത്രത്തിലുണ്ടെന്ന് നിങ്ങൾക്കുറപ്പുണ്ട്. നീ മറ്റുള്ളവരെ പഠിപ്പിക്കുന്നല്ലോ. എന്തുകൊണ്ട് സ്വയം പഠിക്കുന്നില്ല? ‘മോഷ്‍ടിക്കരുത്’ എന്നു പ്രസംഗിക്കുന്ന നീ മോഷ്‍ടിക്കുന്നുവോ? ‘വ്യഭിചാരം ചെയ്യരുത്’ എന്ന് ഉപദേശിക്കുന്ന നീ വ്യഭിചരിക്കുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ദേവാലയങ്ങൾ കവർച്ച ചെയ്യുന്നുവോ? ധർമശാസ്ത്രത്തിന്റെ പേരിൽ അഭിമാനംകൊള്ളുന്ന നീ അതു ലംഘിച്ച് ദൈവത്തെ അപമാനിക്കുന്നുവോ? ‘നിങ്ങൾ നിമിത്തം ദൈവനാമം വിജാതീയരുടെ ഇടയിൽ നിന്ദിക്കപ്പെടുന്നു’ എന്നാണല്ലോ രേഖപ്പെടുത്തിയിരിക്കുന്നത്. നീ ധർമശാസ്ത്രം അനുസരിക്കുന്നവനാണെങ്കിൽ പരിച്ഛേദനകർമം നല്ലതുതന്നെ; എന്നാൽ നീ ധർമശാസ്ത്രം ലംഘിക്കുന്നുവെങ്കിൽ നിന്റെ പരിച്ഛേദനകർമംകൊണ്ട് എന്തു പ്രയോജനം? നീ പരിച്ഛേദനം കഴിക്കാത്തവനോടു തുല്യനല്ലേ? പരിച്ഛേദനകർമത്തിനു വിധേയനാകാത്ത വിജാതീയൻ ധർമശാസ്ത്രം അനുസരിക്കുന്നുവെങ്കിൽ പരിച്ഛേദനം നടത്തിയവനെപ്പോലെ ദൈവം അവനെ കരുതുകയില്ലേ? എഴുതപ്പെട്ട നിയമസംഹിതയും പരിച്ഛേദനകർമവും ഉള്ളവനെങ്കിലും നിയമം ലംഘിക്കുന്നവനായ നിന്നെ, പരിച്ഛേദനകർമത്തിനു വിധേയനല്ലെങ്കിലും സഹജമായ പ്രേരണയാൽ ധർമശാസ്ത്രം അനുസരിക്കുന്ന വിജാതീയൻ വിധിക്കും. ബാഹ്യകർമങ്ങളല്ല ഒരുവനെ യഥാർഥ യെഹൂദനാക്കുന്നത്. യഥാർഥ പരിച്ഛേദനകർമം പുറമേ ചെയ്യുന്ന ഒരു അനുഷ്ഠാനവുമല്ല. ആന്തരികമായി യെഹൂദനായിരിക്കുന്നവനത്രേ യഥാർഥ യെഹൂദൻ. യഥാർഥമായ പരിച്ഛേദനകർമം നടക്കേണ്ടത് ഹൃദയത്തിലാണ് - അത് അക്ഷരത്തിലുള്ളതല്ല, ആത്മാവിലുള്ളതാണ്. അങ്ങനെയുള്ളവന് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽ നിന്നുതന്നെ പ്രശംസ ലഭിക്കുന്നു.

പങ്ക് വെക്കു
റോമർ 2 വായിക്കുക

റോമർ 2:12-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ട് പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതീകരിക്കപ്പെടുന്നത്. ന്യായപ്രമാണമില്ലാത്ത ജനതകൾ ന്യായപ്രമാണത്തിലുള്ള കാര്യങ്ങൾ സ്വാഭാവികമായി ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നെ ഒരു ന്യായപ്രമാണം ആകുന്നു. ഇതിനാൽ, അവരുടെ മനസ്സാക്ഷി അവരോടുകൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിയ്ക്കുകയോ ചെയ്തുംകൊണ്ട് അവർ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്‍റെ സുവിശേഷപ്രകാരം ന്യായംവിധിക്കുന്ന നാളിൽ തന്നെ. നീയോ, യെഹൂദൻ എന്നു വിളിക്കപ്പെട്ടും, ന്യായപ്രമാണത്തിൽ ആശ്രയിച്ചും ദൈവത്തിൽ പ്രശംസിച്ചും, ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ ദൈവത്തിന്‍റെ ഇഷ്ടം അറിഞ്ഞും ഉത്തമമായത് തിരഞ്ഞെടുത്തും ജ്ഞാനത്തിൻ്റെയും സത്യത്തിൻ്റെയും സാരാംശം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിക്കുകയും ചെയ്തതുകൊണ്ടു നീ കുരുടർക്ക് വഴി കാട്ടുന്നവൻ, ഇരുട്ടിലുള്ളവർക്ക് വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്ക് ഉപദേഷ്ടാവ് എന്നു ഉറച്ചുമിരിക്കുന്നെങ്കിൽ, അന്യനെ ഉപദേശിക്കുന്ന നീ, നിന്നെത്തന്നെ ഉപദേശിക്കാത്തത് എന്ത്? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? വ്യഭിചാരം ചെയ്യരുത് എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ? ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ? “നിങ്ങൾ നിമിത്തം ദൈവത്തിന്‍റെ നാമം ജനതകളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. നീ ന്യായപ്രമാണം അനുസരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; എന്നാൽ ന്യായപ്രമാണലംഘിയായാലോ നിന്‍റെ പരിച്ഛേദന അഗ്രചർമ്മമായിത്തീരുന്നു. അങ്ങനെയെങ്കിൽ, അഗ്രചർമ്മി ന്യായപ്രമാണത്തിന്‍റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്‍റെ അഗ്രചർമ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ? സ്വാഭാവികമായി അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ തിരുവെഴുത്തും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കുകയില്ലയോ? പുറമെ മാത്രം യെഹൂദനായവൻ യെഹൂദനല്ല; പുറമെ മാത്രം ജഡത്തിലുള്ളത് പരിച്ഛേദനയുമല്ല; അകമേ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അങ്ങനെയുള്ളവന് മനുഷ്യരാലല്ല ദൈവത്താൽ തന്നെ പുകഴ്ച ലഭിക്കും.

പങ്ക് വെക്കു
റോമർ 2 വായിക്കുക

റോമർ 2:12-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും. ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു. ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു. അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു; ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ. നീയോ യെഹൂദൻ എന്നു പേർകൊണ്ടും ന്യായപ്രമാണത്തിൽ ആശ്രയിച്ചും ദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങൾ വിവേചിച്ചും ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടർക്കു വഴി കാട്ടുന്നവൻ, ഇരുട്ടിലുള്ളവർക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കിൽ- ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ? വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവർച്ച ചെയ്യുന്നുവോ? ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ? “നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമ്മമായിത്തീർന്നു. അഗ്രചർമ്മി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചർമ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ? സ്വഭാവത്താൽ അഗ്രചർമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കയില്ലയോ? പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല; അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.

പങ്ക് വെക്കു
റോമർ 2 വായിക്കുക

റോമർ 2:12-29 സമകാലിക മലയാളവിവർത്തനം (MCV)

ന്യായപ്രമാണം ലഭിക്കാതെ പാപംചെയ്ത യെഹൂദേതരരെല്ലാം ന്യായപ്രമാണംകൂടാതെതന്നെ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ടും പാപംചെയ്ത യെഹൂദരെല്ലാം ന്യായപ്രമാണത്താൽ ശിക്ഷവിധിക്കപ്പെടും. ന്യായപ്രമാണം വെറുതേ കേൾക്കുന്നവരല്ല, ദൈവസന്നിധിയിൽ നീതിനിഷ്ഠർ; ന്യായപ്രമാണം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്. ന്യായപ്രമാണം ഇല്ലാത്ത യെഹൂദേതരർ അവ കേൾക്കാതെ സ്വാഭാവികമായിത്തന്നെ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നു. ഇങ്ങനെ അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണമായിത്തീരുന്നു. അവരുടെ ചിന്തകൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്തും അവരുടെ മനസ്സാക്ഷികൂടെ അതിനു സാക്ഷ്യംവഹിച്ചും ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അവരുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു. ഞാൻ പ്രസംഗിക്കുന്ന സുവിശേഷം അനുസരിച്ച് ഒരു ദിവസം ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും. എന്നാൽ, നീ നിന്നെത്തന്നെ യെഹൂദൻ എന്നു വിളിക്കുകയും ന്യായപ്രമാണത്തിൽ ആശ്രയിക്കുകയും ദൈവത്തോടുള്ള ബന്ധത്തെക്കുറിച്ച് ആത്മപ്രശംസ നടത്തുകയും ചെയ്യുന്നല്ലോ. നീ ന്യായപ്രമാണം പഠിച്ചതിന്റെ ഫലമായി ദൈവഹിതം തിരിച്ചറിയുകയും ഉത്തമമായത് അംഗീകരിക്കുകയും ചെയ്യുന്നല്ലോ; ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാക്ഷാത്കാരം ന്യായപ്രമാണത്തിൽനിന്നു ലഭിച്ചിട്ടുള്ളതുകൊണ്ട് നീ അന്ധർക്കു വഴികാട്ടുന്ന വ്യക്തിയും ഇരുട്ടിലുള്ളവർക്കു പ്രകാശവും മൂഢർക്ക് പരിശീലകനും ശിശുക്കൾക്ക് അധ്യാപകനും ആണെന്നും പൂർണനിശ്ചയമുള്ളവനായിരിക്കുന്നല്ലോ. എങ്കിൽ, മറ്റുള്ളവരെ ഉപദേശിക്കുന്ന നീ എന്തുകൊണ്ട് നിന്നെത്തന്നെ ഉപദേശിക്കുന്നില്ല? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നോ? വ്യഭിചാരം ചെയ്യരുത് എന്നു ജനങ്ങളോടു പറയുന്ന നീ വ്യഭിചാരംചെയ്യുന്നോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നോ? ന്യായപ്രമാണത്തെപ്പറ്റി ആത്മപ്രശംസ ചെയ്യുന്ന നീ ന്യായപ്രമാണം ലംഘിച്ച് ദൈവത്തെ അപമാനിക്കുകയാണോ? “നിങ്ങൾനിമിത്തം ദൈവനാമം യെഹൂദരല്ലാത്തവരുടെ ഇടയിൽ നിന്ദിക്കപ്പെടുന്നു” എന്നെഴുതിയിരിക്കുന്നല്ലോ! നീ ന്യായപ്രമാണം അനുസരിക്കുന്നെങ്കിൽ പരിച്ഛേദനം പ്രയോജനമുള്ളതാകും; എന്നാൽ ന്യായപ്രമാണം ലംഘിച്ചാലോ നീ പരിച്ഛേദനം സ്വീകരിക്കാത്തതിനു തുല്യമായിത്തീരുന്നു. പരിച്ഛേദനം സ്വീകരിച്ചിട്ടില്ലാത്തവർ ന്യായപ്രമാണത്തിലെ വിധികളനുസരിച്ചാൽ പരിച്ഛേദനമുള്ളവരെപ്പോലെ അവരും പരിഗണിക്കപ്പെടുകയില്ലേ? ശരീരത്തിൽ പരിച്ഛേദനം ഏൽക്കാതെതന്നെ ന്യായപ്രമാണം അനുസരിക്കുന്ന യെഹൂദേതരൻ, ലിഖിതനിയമസംഹിതയും പരിച്ഛേദനവും ഉണ്ടായിരുന്നിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റംവിധിക്കും. കാരണം, പുറമേ യെഹൂദനായിരിക്കുന്നവനല്ല യഥാർഥ യെഹൂദൻ; അതുപോലെ, യഥാർഥ പരിച്ഛേദനം, ശരീരത്തിൽ ചെയ്യുന്ന ബാഹ്യമായ ഒന്നല്ല. പിന്നെയോ, അകമേ യെഹൂദനായിരിക്കുന്നവനാണ് യഥാർഥ യെഹൂദൻ; ന്യായപ്രമാണത്തിലെ അക്ഷരപ്രകാരമുള്ളതല്ല, ആത്മാവിനാൽ ഹൃദയത്തിൽ ഉള്ളതാണ് ശരിയായ പരിച്ഛേദനം. ഇങ്ങനെയുള്ളവർക്ക് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്നുതന്നെ പ്രശംസ ലഭിക്കും.

പങ്ക് വെക്കു
റോമർ 2 വായിക്കുക