റോമർ 16:17-20
റോമർ 16:17-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിനു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോട് അകന്നു മാറുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെയല്ല, തങ്ങളുടെ വയറ്റിനെ അത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു. നിങ്ങളുടെ അനുസരണം പരക്കെ എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മയ്ക്കു ജ്ഞാനികളും തിന്മയ്ക്ക് അജ്ഞന്മാരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു. സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാല്ക്കീഴെ ചതച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
റോമർ 16:17-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹോദരരേ, നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ഉപദേശത്തിനു വിപരീതമായി അഭിപ്രായഭിന്നതകൾ ഉണ്ടാക്കുകയും ആളുകളെ വഴിതെറ്റിക്കുകയും ചെയ്യുന്നവരെ സൂക്ഷിച്ചുകൊള്ളണമെന്നു ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. അവരിൽനിന്ന് ഒഴിഞ്ഞു മാറിക്കൊള്ളണം. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെയല്ല തങ്ങളുടെ ഉദരത്തെയത്രേ സേവിക്കുന്നത്. ചക്കരവാക്കുകൊണ്ടും മുഖസ്തുതികൊണ്ടും അവർ നിഷ്കളങ്കരെ വഞ്ചിക്കുന്നു. നിങ്ങൾക്കു സുവിശേഷത്തോടുള്ള കൂറും അനുസരണയും എല്ലാവരും അറിഞ്ഞിരിക്കുന്നു. തന്മൂലം നിങ്ങളെപ്രതി ഞാൻ സന്തോഷിക്കുന്നു. നിങ്ങൾ നന്മയെ സംബന്ധിച്ചിടത്തോളം അറിവുള്ളവരും, തിന്മയെ സംബന്ധിച്ചിടത്തോളം നിഷ്കളങ്കരും ആയിരിക്കണമെന്നത്രേ ഞാൻ ആഗ്രഹിക്കുന്നത്. സമാധാനത്തിന്റെ ഉറവിടമായ ദൈവം, സാത്താനെ ശീഘ്രം നിങ്ങളുടെ കാല്‌ക്കീഴിൽ അമർത്തി ഞെരിച്ചുകളയും. നമ്മുടെ കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടി ഇരിക്കുമാറാകട്ടെ.
റോമർ 16:17-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിനുമപ്പുറമായി വിഭാഗീയതകളും ഇടർച്ചകളും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്ന് ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരിൽനിന്ന് അകന്നു മാറുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല, തങ്ങളുടെ തന്നെ വയറിനെയത്രേ സേവിക്കുന്നത്. ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു അവർ നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളയുന്നു. നിങ്ങളുടെ മാതൃകയുള്ള അനുസരണം എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ട് ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മയ്ക്ക് ജ്ഞാനികളും തിന്മയ്ക്ക് നിഷ്കളങ്കരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു. സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
റോമർ 16:17-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല, തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു. നിങ്ങളുടെ അനുസരണം പരക്കെ എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു. സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
റോമർ 16:17-20 സമകാലിക മലയാളവിവർത്തനം (MCV)
സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അപേക്ഷിക്കട്ടെ: നിങ്ങൾ പഠിച്ച ഉപദേശസത്യങ്ങൾക്ക് എതിരായുള്ളവ ഉപദേശിച്ച് ഭിന്നതയും വിശ്വാസജീവിതത്തിനു തടസ്സവും സൃഷ്ടിക്കുന്നവരെ സൂക്ഷിക്കുക. അവരുമായുള്ള ബന്ധം ഒഴിവാക്കുക. അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനല്ല, സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരാണ്. മധുരഭാഷണത്തിലൂടെയും മുഖസ്തുതിയിലൂടെയും നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ അവർ വശീകരിച്ചു വഞ്ചിക്കുന്നു. നിങ്ങളുടെ അനുസരണശീലത്തെക്കുറിച്ച് എല്ലാവരും അറിയുന്നതുകൊണ്ട് ഞാൻ ആനന്ദിക്കുന്നു; എങ്കിലും, നിങ്ങൾ നല്ലതിനെക്കുറിച്ചു ജ്ഞാനമുള്ളവരും തിന്മയായുള്ളതിനെക്കുറിച്ചു നിഷ്കളങ്കരും ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സമാധാനത്തിന്റെ ഉറവിടമായ ദൈവം വളരെവേഗം സാത്താനെ നിങ്ങളുടെ കാൽക്കീഴിൽ തകർക്കും.