റോമർ 15:7-13
റോമർ 15:7-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്ത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന് ക്രിസ്തു ദൈവത്തിന്റെ സത്യം നിമിത്തം പരിച്ഛേദനയ്ക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്ത്വീകരിക്കേണം എന്നും ഞാൻ പറയുന്നു. “അതുകൊണ്ട് ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിനു സ്തുതി പാടും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. മറ്റൊരേടത്തു: “ജാതികളേ, അവന്റെ ജനത്തോട് ഒന്നിച്ച് ആനന്ദിപ്പിൻ” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ“ എന്നും പറയുന്നു. “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവയ്ക്കും” എന്നു യെശയ്യാവ് പറയുന്നു. എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ.
റോമർ 15:7-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യർ ദൈവത്തെ പ്രകീർത്തിക്കുന്നതിനുവേണ്ടി, ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങളും അന്യോന്യം സ്വീകരിക്കുക. ദൈവത്തിന്റെ വാക്കു മാറ്റമില്ലാത്തതാണെന്നു വ്യക്തമാക്കുന്നതിനും, പിതാക്കന്മാരോടുള്ള വാഗ്ദാനങ്ങൾക്ക് ഉറപ്പുവരുത്തുന്നതിനും, ക്രിസ്തു ഇസ്രായേലിന്റെ സഹായകനായിത്തീർന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതുപോലെതന്നെ തന്റെ കാരുണ്യത്തിനുവേണ്ടി വിജാതീയരും ദൈവത്തെ സ്തുതിക്കേണ്ടതാണ്. വേദഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നുണ്ടല്ലോ: വിജാതീയരുടെ മധ്യത്തിൽ ഞാൻ അങ്ങയെ സ്തുതിക്കും; അവിടുത്തെ നാമത്തിനു ഞാൻ സ്തുതിപാടും. വേറൊരിടത്തു പറയുന്നു: വിജാതീയരേ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തോടൊത്ത് ആനന്ദിക്കുക. പിന്നെയും, സകല വിജാതീയരുമേ, സർവേശ്വരനെ കീർത്തിക്കുക; സമസ്ത ജനങ്ങളേ, അവിടുത്തെ പ്രകീർത്തിക്കുക, എന്നും പറയുന്നു. വീണ്ടും യെശയ്യാ പ്രവാചകൻ: യിശ്ശായിയുടെ വംശത്തിൽനിന്ന് ഒരാൾ വരും; വിജാതീയരെ ഭരിക്കുന്നതിനായി അവിടുന്ന് ഉയർത്തപ്പെടും; അവർ അവിടുന്നിൽ പ്രത്യാശവയ്‍ക്കും എന്നു പറയുന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളുടെ പ്രത്യാശ അനുസ്യൂതം വളർച്ചപ്രാപിക്കേണ്ടതിന്, പ്രത്യാശയുടെ ഉറവിടമായ ദൈവം തന്നിലുള്ള വിശ്വാസത്താൽ ആനന്ദവും സമാധാനവുംകൊണ്ട് നിങ്ങളെ നിറയ്‍ക്കട്ടെ.
റോമർ 15:7-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട് ക്രിസ്തു ദൈവത്തിന്‍റെ മഹത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. പിതാക്കന്മാർക്കു നൽകിയ വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന് ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനയ്ക്ക് ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജനതകൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു. “അതുകൊണ്ട് ഞാൻ ജനതകളുടെ ഇടയിൽ നിന്നെ വാഴ്ത്തി, നിന്‍റെ നാമത്തിന് സ്തുതിപാടും” എന്നു എഴുതിയിരിക്കുന്നുവല്ലോ. വീണ്ടും: “ജനതകളേ, അവന്‍റെ ജനത്തോടു ഒന്നിച്ച് ആനന്ദിപ്പിൻ” എന്നു പറയുന്നു. “സകല ജനതകളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകലജനങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു. “യിശ്ശായിയുടെ വേരും ജനതകളെ ഭരിക്കുവാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജനതകൾ പ്രത്യാശവെയ്ക്കും” എന്നു യെശയ്യാവു പറയുന്നു. എന്നാൽ പ്രത്യാശയുടെ ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവും കൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ.
റോമർ 15:7-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു. “അതുകൊണ്ടു ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും” എന്നു എഴുതിയിരിക്കുന്നവല്ലോ. മറ്റൊരേടത്തു: “ജാതികളേ, അവന്റെ ജനത്തോടു ഒന്നിച്ചു ആനന്ദിപ്പിൻ” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കർത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു. “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും” എന്നു യെശയ്യാവു പറയുന്നു. എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ.
റോമർ 15:7-13 സമകാലിക മലയാളവിവർത്തനം (MCV)
അതുകൊണ്ട്, ദൈവത്തിന്റെ പുകഴ്ചയ്കായി ക്രിസ്തു നിങ്ങളെ അംഗീകരിച്ചതുപോലെ നിങ്ങളും പരസ്പരം അംഗീകരിക്കണം. ഞാൻ പറയട്ടെ, പിതാക്കന്മാരോട് ചെയ്ത വാഗ്ദാനം നിവർത്തിക്കുന്ന കാര്യത്തിൽ ദൈവം സത്യസന്ധൻ എന്നു തെളിയിക്കാനാണ് യെഹൂദന്മാരുടെ മധ്യേതന്നെ ശുശ്രൂഷചെയ്യാൻ ക്രിസ്തു വന്നത്. മാത്രമല്ല, ക്രിസ്തു വന്നതിലൂടെ ദൈവം യെഹൂദേതരരോട് കരുണ കാണിച്ചതു നിമിത്തം, “അവരും ദൈവത്തെ പുകഴ്ത്തും. അതുകൊണ്ട് യെഹൂദേതരരുടെ മധ്യേ ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തിനു സ്തുതിപാടും” എന്നു രേഖപ്പെടുത്തിയിരിക്കുന്നു. “യെഹൂദേതരരേ, അവന്റെ ജനത്തോടുചേർന്ന് ആനന്ദിക്കുക,” എന്നും എഴുതിയിരിക്കുന്നു. “യെഹൂദേതരർ എല്ലാവരുമേ കർത്താവിനെ വാഴ്ത്തുക, ഭൂമിയിലെ സകലജനതകളുമേ അവിടത്തെ പുകഴ്ത്തുക,” എന്നും പറയുന്നു. യെശയ്യാവ് പിന്നെയും പറയുന്നത്: “യിശ്ശായിയുടെ വേര് രാജാധികാരത്തിൽ വരും. അദ്ദേഹം എല്ലാ രാഷ്ട്രങ്ങളെയും ഭരിക്കും, യെഹൂദേതരർ എല്ലാവരും അദ്ദേഹത്തിൽ പ്രത്യാശവെക്കും.” പ്രത്യാശയുടെ ഉറവിടമായ ദൈവത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതിനാൽ അവിടന്ന് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളെ ആനന്ദത്തിലും സമാധാനത്തിലും സമൃദ്ധിയുള്ളവരാക്കി നിങ്ങളിൽ പ്രത്യാശ വഴിഞ്ഞൊഴുകുമാറാക്കട്ടെ.