റോമർ 15:4-9
റോമർ 15:4-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ മുൻ എഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ എഴുതിയിരിക്കുന്നു. എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്ത്വീകരിക്കേണ്ടതിന് സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ. അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്ത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന് ക്രിസ്തു ദൈവത്തിന്റെ സത്യം നിമിത്തം പരിച്ഛേദനയ്ക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്ത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
റോമർ 15:4-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വേദഗ്രന്ഥത്തിലുള്ളതെല്ലാം അവ പഠിക്കുന്നതു നിമിത്തം നമുക്കുണ്ടാകുന്ന ക്ഷമയും ഉത്തേജനവും മൂലം പ്രത്യാശ ഉണ്ടാകുന്നതിനുവേണ്ടി, മുൻകൂട്ടി എഴുതപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ നിങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് ഒരേ സ്വരത്തിൽ സ്തുതിക്കത്തക്കവണ്ണം ക്രിസ്തുയേശുവിന്റെ മാതൃക സ്വീകരിച്ച് ഏകാഭിപ്രായമുള്ളവരായിത്തീരുന്നതിനു നിരന്തരക്ഷമയുടെയും ഉത്തേജനത്തിന്റെയും ഉറവിടമായ ദൈവം നിങ്ങളെ പ്രാപ്തരാക്കട്ടെ. മനുഷ്യർ ദൈവത്തെ പ്രകീർത്തിക്കുന്നതിനുവേണ്ടി, ക്രിസ്തു നിങ്ങളെ സ്വീകരിച്ചതുപോലെ നിങ്ങളും അന്യോന്യം സ്വീകരിക്കുക. ദൈവത്തിന്റെ വാക്കു മാറ്റമില്ലാത്തതാണെന്നു വ്യക്തമാക്കുന്നതിനും, പിതാക്കന്മാരോടുള്ള വാഗ്ദാനങ്ങൾക്ക് ഉറപ്പുവരുത്തുന്നതിനും, ക്രിസ്തു ഇസ്രായേലിന്റെ സഹായകനായിത്തീർന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതുപോലെതന്നെ തന്റെ കാരുണ്യത്തിനുവേണ്ടി വിജാതീയരും ദൈവത്തെ സ്തുതിക്കേണ്ടതാണ്.
റോമർ 15:4-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിനായിട്ട്, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സഹനത്താലും പ്രോത്സാഹനത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന് തന്നെ എഴുതിയിരിക്കുന്നു. എന്നാൽ നിങ്ങൾ ഐകമത്യപ്പെട്ട്, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൻ്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന് സഹനത്തിൻ്റെയും പ്രോത്സാഹനത്തിൻ്റെയും ദൈവം തന്നെ നിങ്ങൾക്ക് ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഒരേ മനസ്സോടിരിക്കുവാൻ കൃപ നല്കുമാറാകട്ടെ. അതുകൊണ്ട് ക്രിസ്തു ദൈവത്തിന്‍റെ മഹത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. പിതാക്കന്മാർക്കു നൽകിയ വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന് ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനയ്ക്ക് ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജനതകൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
റോമർ 15:4-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു. എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ. അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ. പിതാക്കന്മാർക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീർന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.
റോമർ 15:4-9 സമകാലിക മലയാളവിവർത്തനം (MCV)
ഇപ്രകാരം, മുമ്പേ രേഖപ്പെടുത്തപ്പെട്ട തിരുവെഴുത്തുകൾ എല്ലാം നമുക്ക് അഭ്യസനം ലഭിച്ചിട്ട് തിരുവെഴുത്ത് ഉപദേശിക്കുന്ന സഹനത്തിലൂടെയും ആശ്വാസത്തിലൂടെയും നമുക്ക് പ്രത്യാശ ലഭിക്കേണ്ടതിനാണ്. സഹനവും ആശ്വാസവും നൽകുന്ന ദൈവം ക്രിസ്തുയേശുവിന്റെ അനുയായികൾക്ക് ഉചിതമാകുംവിധം പരസ്പരം സ്വരച്ചേർച്ചയിൽ ജീവിക്കാൻ നിങ്ങളെ സഹായിക്കട്ടെ. ഇങ്ങനെ നിങ്ങൾ എല്ലാവരും ഒരുമിച്ച് ഏകസ്വരത്തോടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ പുകഴ്ത്തുന്നവരാകട്ടെ. അതുകൊണ്ട്, ദൈവത്തിന്റെ പുകഴ്ചയ്കായി ക്രിസ്തു നിങ്ങളെ അംഗീകരിച്ചതുപോലെ നിങ്ങളും പരസ്പരം അംഗീകരിക്കണം. ഞാൻ പറയട്ടെ, പിതാക്കന്മാരോട് ചെയ്ത വാഗ്ദാനം നിവർത്തിക്കുന്ന കാര്യത്തിൽ ദൈവം സത്യസന്ധൻ എന്നു തെളിയിക്കാനാണ് യെഹൂദന്മാരുടെ മധ്യേതന്നെ ശുശ്രൂഷചെയ്യാൻ ക്രിസ്തു വന്നത്. മാത്രമല്ല, ക്രിസ്തു വന്നതിലൂടെ ദൈവം യെഹൂദേതരരോട് കരുണ കാണിച്ചതു നിമിത്തം, “അവരും ദൈവത്തെ പുകഴ്ത്തും. അതുകൊണ്ട് യെഹൂദേതരരുടെ മധ്യേ ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തിനു സ്തുതിപാടും” എന്നു രേഖപ്പെടുത്തിയിരിക്കുന്നു.