റോമർ 14:10-13
റോമർ 14:10-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ നീ സഹോദരനെ വിധിക്കുന്നത് എന്ത്? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നില്ക്കേണ്ടിവരും. “എന്നാണ എന്റെ മുമ്പിൽ എല്ലാ മുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടർച്ചയോ തടങ്ങലോ വയ്ക്കാതിരിപ്പാൻ മാത്രം ഉറച്ചുകൊൾവിൻ.
റോമർ 14:10-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെയെങ്കിൽ നീ നിന്റെ സഹോദരനെ എന്തിനു വിധിക്കുന്നു? നിന്റെ സഹോദരന്റെ നേരേ എന്തിന് അവ ജ്ഞ കാട്ടുന്നു? നാമെല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്റെ മുമ്പിൽ നില്‌ക്കേണ്ടി വരുമല്ലോ. ‘എല്ലാവരും എന്റെ മുമ്പിൽ മുട്ടു മടക്കും ഞാൻ ദൈവമാകുന്നു എന്ന് എല്ലാവരും ഏറ്റുപറയും’ എന്നു സർവേശ്വരൻ ശപഥം ചെയ്ത് അരുൾചെയ്യുന്നു എന്നിങ്ങനെ വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. നാം ഓരോരുത്തരും ദൈവസമക്ഷം കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്. പകരം നിന്റെ സഹോദരൻ ഇടറി വീഴുന്നതിനോ, പാപത്തിൽ നിപതിക്കുന്നതിനോ ഇടയാക്കുന്ന യാതൊന്നും ചെയ്യുകയില്ലെന്നു നിശ്ചയിക്കുകയാണു വേണ്ടത്.
റോമർ 14:10-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ നീ നിന്റെ സഹോദരനെ വിധിക്കുന്നതു എന്ത്? അല്ല, നീ നിന്റെ സഹോദരനെ ധിക്കരിക്കുന്നത് എന്ത്? നാം എല്ലാവരും ദൈവത്തിന്‍റെ ന്യായാസനത്തിന് മുമ്പാകെ നിൽക്കേണ്ടിവരും. “ഞാൻ ജീവിച്ചിരിക്കുന്നതുകൊണ്ട്, എന്‍റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാ നാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവ് അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു തങ്ങളുടെ കണക്ക് ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ട് നാം ഇനി അന്യോന്യം വിധിക്കരുത്; സഹോദരന് ഇടർച്ചക്കല്ലോ കെണിയോ വെയ്ക്കാതിരിപ്പാൻ മാത്രം തീരുമാനിച്ചുകൊൾവിൻ.
റോമർ 14:10-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും. “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കർത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ. ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ.
റോമർ 14:10-13 സമകാലിക മലയാളവിവർത്തനം (MCV)
പിന്നെന്തിനാണ് നീ സഹവിശ്വാസിയെ ന്യായം വിധിക്കുന്നത്? സഹവിശ്വാസിയെ നിന്ദിക്കുന്നതും എന്തിന്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടവരാണെന്ന് ഓർക്കുക. “കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും; എല്ലാ നാവും ദൈവത്തെ സ്തുതിച്ച് ഏറ്റുപറയും’ ” എന്നു തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ. അതേ, നാം വ്യക്തിപരമായി ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണ്. അതുകൊണ്ട് നാം ഇനിമേൽ പരസ്പരം ന്യായംവിധിക്കാതിരിക്കാം. പകരം, സഹോദരങ്ങൾക്ക് വിശ്വാസത്തിൽ ഇടർച്ചയ്ക്കു കാരണമാകുന്ന തടസ്സമോ അവർ പാപത്തിൽ വീഴുന്നതിനു കാരണമായിത്തീരുന്ന കെണിയോ വെക്കുകയില്ല എന്നു തീരുമാനിക്കാം.