റോമർ 13:1-5

റോമർ 13:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും. വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മ ചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും. നിന്റെ നന്മയ്ക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നത്. നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതേ അല്ല അവൻ വാൾ വഹിക്കുന്നത്; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻതന്നെ. അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.

പങ്ക് വെക്കു
റോമർ 13 വായിക്കുക

റോമർ 13:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എല്ലാവരും രാഷ്ട്രത്തിന്റെ ഭരണാധികാരികളെ അനുസരിക്കണം; ദൈവം അനുവദിക്കാതെ ഒരധികാരവും ഇല്ലല്ലോ. നിലവിലിരിക്കുന്ന ഭരണാധികാരികളെ ദൈവമാണ് നിയമിച്ചിരിക്കുന്നത്. അതുകൊണ്ട് അധികാരത്തെ എതിർക്കുന്നവൻ ദൈവത്തിന്റെ വ്യവസ്ഥയെയാണ് എതിർക്കുന്നത്; അങ്ങനെ ചെയ്യുന്നവൻ ശിക്ഷാവിധി വരുത്തിവയ്‍ക്കും. നന്മപ്രവർത്തിക്കുന്നവർക്കല്ല, ദുഷ്ടത പ്രവർത്തിക്കുന്നവർക്കാണ് ഭരണാധികാരി ഭയങ്കരനായിരിക്കുന്നത്. ഭരണാധികാരിയുടെ മുമ്പിൽ നിർഭയനായിരിക്കുവാൻ നീ ഇച്ഛിക്കുന്നുവോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരി നിന്നെ പ്രശംസിക്കും. നിന്റെ നന്മയ്‍ക്കുവേണ്ടി പ്രവർത്തിക്കുന്ന ദൈവദാസനാണയാൾ. എന്നാൽ നീ തിന്മ ചെയ്താൽ അധികാരിയെ ഭയപ്പെടണം. എന്തെന്നാൽ ശിക്ഷിക്കുവാനുള്ള അയാളുടെ അധികാരം യഥാർഥമായിട്ടുള്ളതാണ്. തിന്മ പ്രവർത്തിക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കുന്ന ദൈവഭൃത്യനാണയാൾ. ശിക്ഷയെ ഭയന്നു മാത്രമല്ല, മനസ്സാക്ഷിയെക്കൂടി വിചാരിച്ച് അധികാരികളെ അനുസരിക്കേണ്ടത് ആവശ്യമാണ്.

പങ്ക് വെക്കു
റോമർ 13 വായിക്കുക

റോമർ 13:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഏത് മനുഷ്യനും മേലാധികാരികളെ അനുസരിക്കട്ടെ, ദൈവത്തിൽ നിന്നല്ലാതെ ഒരധികാരവുമില്ലല്ലോ; നിലവിലുള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ ആ അധികാരത്തെ എതിർക്കുന്നവൻ ദൈവകൽപ്പനയെ ധിക്കരിക്കുന്നു; ധിക്കരിക്കുന്നവർ തങ്ങളുടെമേൽ ശിക്ഷാവിധി പ്രാപിക്കും. ഭരണാധികാരികൾ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. നിങ്ങൾ അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അതിൽ നിന്നു പുകഴ്ച ലഭിക്കും. നിന്‍റെ നന്മയ്ക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരൻ ആയിരിക്കുന്നത്. നീ തിന്മ ചെയ്തു എങ്കിലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവൻ്റെ ശിക്ഷയ്ക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നെ. അതുകൊണ്ട് ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.

പങ്ക് വെക്കു
റോമർ 13 വായിക്കുക

റോമർ 13:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും. വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും. നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു. നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവർത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ. അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.

പങ്ക് വെക്കു
റോമർ 13 വായിക്കുക

റോമർ 13:1-5 സമകാലിക മലയാളവിവർത്തനം (MCV)

ഓരോ വ്യക്തിയും ഭരണാധികാരികൾക്കു വിധേയരാകുക. കാരണം, ദൈവത്താൽ നിയോഗിക്കപ്പെടാത്ത അധികാരി ഒരാൾപോലുമില്ല. ഇപ്പോഴുള്ള ഭരണാധികാരികളും ദൈവത്താൽ നിയമിക്കപ്പെട്ടവരാണ്. അതുകൊണ്ട്, അധികാരത്തെ എതിർക്കുന്നവൻ ദൈവം ഏർപ്പെടുത്തിയ സംവിധാനത്തെയാണ് എതിർക്കുന്നത്. അങ്ങനെചെയ്യുന്നവർ സ്വയം ശിക്ഷായോഗ്യരായിത്തീരും. ഭരണാധികാരികളെ ഭയപ്പെടേണ്ടത് നന്മ പ്രവർത്തിക്കുന്നവരല്ല; മറിച്ച്, തിന്മ പ്രവർത്തിക്കുന്നവരാണ്. അധികാരികളെ ഭയപ്പെടാതെ ജീവിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരികളിൽനിന്ന് നിനക്ക് അഭിനന്ദനം ലഭിക്കും. നിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൈവസേവകനാണ് അദ്ദേഹം. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നു എങ്കിൽ ഭയപ്പെടുകതന്നെ വേണം. ശിക്ഷിക്കാൻ അയാൾക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നത് വെറുതേയല്ലല്ലോ! തിന്മ പ്രവർത്തിക്കുന്നവർക്കെതിരേ ജ്വലിക്കുന്ന ദൈവക്രോധം ശിക്ഷയിലൂടെ നടപ്പാക്കാൻ ദൈവം നിയോഗിച്ച ഭൃത്യനാണയാൾ. ശിക്ഷ ലഭിക്കുമെന്ന ഭയംകൊണ്ടുമാത്രമല്ല, ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കേണ്ടതിനുംകൂടിയാണ് അധികാരികളോട് വിധേയത്വം പുലർത്തേണ്ടത്.

പങ്ക് വെക്കു
റോമർ 13 വായിക്കുക