റോമർ 12:1-5

റോമർ 12:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവ് ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. ഭാവിക്കേണ്ടതിനു മീതെ ഭാവിച്ചുയരാതെ ദൈവം അവനവനു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും; അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.

പങ്ക് വെക്കു
റോമർ 12 വായിക്കുക

റോമർ 12:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ട്, സഹോദരരേ, ദൈവത്തിനു നമ്മോടുള്ള മഹാകാരുണ്യംമൂലം ഞാൻ ഇതു നിങ്ങളോട് അഭ്യർഥിക്കുന്നു: ദൈവത്തിനു പ്രസാദകരവും അവിടുത്തെ ശുശ്രൂഷയ്‍ക്കായി വേർതിരിക്കപ്പെട്ടതുമായ ജീവനുള്ള ബലിയായി നിങ്ങളെത്തന്നെ സമർപ്പിക്കുക; ഇതാണ് നിങ്ങൾ അർപ്പിക്കേണ്ട അർഥവത്തായ സത്യാരാധന. ഈ ലോകത്തിന്റെ മാനദണ്ഡങ്ങൾ നിങ്ങൾക്ക് ആധാരമായിരിക്കരുത്; ദൈവം നിങ്ങളുടെ മനസ്സു പുതുക്കി നിങ്ങളെ രൂപാന്തരപ്പെടുത്തട്ടെ. അപ്പോൾ വിശിഷ്ടവും ദൈവത്തിനു പ്രസാദകരവും സമ്പൂർണവുമായ തിരുഹിതം എന്തെന്നു വിവേചിച്ചറിയുവാൻ നിങ്ങൾക്കു കഴിയും. എനിക്കു ലഭിച്ച കൃപാവരം നിമിത്തം നിങ്ങളോട് എല്ലാവരോടും ഞാൻ പറയുന്നു: നിങ്ങൾ നിങ്ങളെക്കുറിച്ച് ഭാവിക്കേണ്ടതിലുപരി സ്വയംഭാവിക്കാതെ വിനയഭാവമുള്ളവരായിരിക്കുക. ഓരോ വ്യക്തിയും അവനവന് ദൈവം നല്‌കിയിരിക്കുന്ന വിശ്വാസത്തിന്റെ അളവനുസരിച്ച് സ്വയം വിധിക്കുകയും ചെയ്യുക. ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങളുണ്ടല്ലോ; ഓരോ അവയവത്തിനും ഓരോ ധർമമാണുള്ളത്. അതുപോലെ പലരായ നാം ക്രിസ്തുവിനോട് ഏകീഭവിച്ച് ഏകശരീരമായിത്തീർന്നിരിക്കുന്നു. നാം ഒരേ ശരീരത്തിന്റെ പല അവയവങ്ങളെന്നവണ്ണം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു.

പങ്ക് വെക്കു
റോമർ 12 വായിക്കുക

റോമർ 12:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സഹോദരന്മാരേ, ഞാൻ ദൈവത്തിന്‍റെ മനസ്സലിവു ഓർമ്മിപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധിയും ദൈവത്തിന് സ്വീകാര്യവുമായ ജീവനുള്ള യാഗമായി സമർപ്പിപ്പിൻ; ഇതല്ലോ നിങ്ങളുടെ ആത്മിക ആരാധന. ഈ ലോകത്തിനു അനുരൂപമാകാതെ നല്ലതും സ്വീകാര്യവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്ന് തിരിച്ചറിയേണ്ടതിന് മനസ്സ് പുതുക്കി രൂപാന്തരപ്പെടുവിൻ. ഭാവിക്കേണ്ടതിന് മീതെ ഭാവിച്ചുയരാതെ ദൈവം അവനവന് വിശ്വാസത്തിന്‍റെ അളവ് പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കണമെന്ന് ഞാൻ എനിക്ക് ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും; അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.

പങ്ക് വെക്കു
റോമർ 12 വായിക്കുക

റോമർ 12:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓർപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ. ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ. ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു. ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും; അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.

പങ്ക് വെക്കു
റോമർ 12 വായിക്കുക

റോമർ 12:1-5 സമകാലിക മലയാളവിവർത്തനം (MCV)

സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന. ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും. എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്. നാം ഓരോരുത്തർക്കും ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്; എന്നാൽ എല്ലാ അവയവങ്ങൾക്കും പ്രവർത്തനം ഒന്നുതന്നെ അല്ല. അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും.

പങ്ക് വെക്കു
റോമർ 12 വായിക്കുക

റോമർ 12:1-5

റോമർ 12:1-5 MALOVBSIറോമർ 12:1-5 MALOVBSI