റോമർ 11:1-36

റോമർ 11:1-36 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻഗോത്രത്തിൽ ജനിച്ചവൻതന്നെ. ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നത് അറിയുന്നില്ലയോ? അവൻ യിസ്രായേലിനു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചുകളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന് അരുളപ്പാട് ഉണ്ടായത് എന്ത്? “ബാലിനു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നുതന്നെ. അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻപ്രകാരം ഒരു ശേഷിപ്പുണ്ട്. കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല. ആകയാൽ എന്ത്? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു; ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു. “ദൈവം അവർക്ക് ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. “അവരുടെ മേശ അവർക്കു കെണിയും കുടുക്കും ഇടർച്ചയും പ്രതികാരവുമായിത്തീരട്ടെ; അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടു പോകട്ടെ; അവരുടെ മുതുക് എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു. എന്നാൽ അവർ വീഴേണ്ടതിനോ ഇടറിയത് എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും അല്ല; അവർക്ക് എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളൂ. എന്നാൽ അവരുടെ ലംഘനം ലോകത്തിനു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുത്തുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം? എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നത്: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ സ്വജാതിക്കാർക്കു വല്ലവിധേനയും സ്പർധ ജനിപ്പിച്ച്, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നുവച്ചുതന്നെ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്ത്തുന്നു. അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിനു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും? ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെതന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെതന്നെ. കൊമ്പുകളിൽ ചിലത് ഒടിച്ചിട്ടു കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചുചേർത്ത് ഒലിവുമരത്തിന്റെ ഫലപ്രദമായ വേരിനു പങ്കാളിയായിത്തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരേ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്ന് ഓർക്ക. എന്നാൽ എന്നെ ഒട്ടിക്കേണ്ടതിനു കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക. സ്വാഭാവിക കൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും. ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നെ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും. അവിശ്വാസത്തിൽ നിലനില്ക്കാഞ്ഞാൽ അവരെയുംകൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ. സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിനു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും. സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കുതന്നെ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു; ജാതികളുടെ പൂർണസംഖ്യ ചേരുവോളം യിസ്രായേലിന് അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു. ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും. “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽനിന്ന് അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്ന് എഴുതിയിരിക്കുന്നുവല്ലോ. സുവിശേഷം സംബന്ധിച്ച് അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ. തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർ നിമിത്തം പ്രിയന്മാർ. ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ച് അനുതപിക്കുന്നില്ലല്ലോ. നിങ്ങൾ മുമ്പേ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ, നിങ്ങൾക്കു ലഭിച്ച കരുണയാൽ അവർക്കു കരുണ ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു. ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന് എല്ലാവരെയും അനുസരണക്കേടിൽ അടച്ചുകളഞ്ഞു. ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ് എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്റെ മനസ്സ് അറിഞ്ഞവൻ ആർ? അവനു മന്ത്രിയായിരുന്നവൻ ആർ? അവനു വല്ലതും മുമ്പേ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ? സകലവും അവനിൽനിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന് എന്നേക്കും മഹത്ത്വം, ആമേൻ.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:1-36 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവം സ്വന്തം ജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. നിശ്ചയമായും ഇല്ല. ഞാൻ തന്നെ ഇസ്രായേല്യനും അബ്രഹാമിന്റെ വംശജനും ബെന്യാമീൻ ഗോത്രക്കാരനുമാകുന്നു. ലോകാരംഭത്തിനു മുമ്പുതന്നെ താൻ തിരഞ്ഞെടുത്ത ജനത്തെ ദൈവം ഉപേക്ഷിച്ചിട്ടില്ല. വേദഗ്രന്ഥത്തിൽ പറയുന്നത് എന്താണെന്നു നിങ്ങൾക്കറിഞ്ഞുകൂടേ? ഇസ്രായേലിന് എതിരെ ഏലിയാപ്രവാചകൻ ദൈവത്തോട് ഇങ്ങനെ വാദിക്കുന്നു: “സർവേശ്വരാ, അങ്ങയുടെ പ്രവാചകന്മാരെ അവർ വധിച്ചു; അങ്ങയുടെ ബലിപീഠങ്ങളെ അവർ തകർക്കുകയും ചെയ്തു. പ്രവാചകന്മാരിൽ ഞാൻ മാത്രമേ അവശേഷിച്ചിട്ടുള്ളൂ. എന്നെയും കൊല്ലുവാൻ അവർ വട്ടം കൂട്ടുന്നു.” ദൈവം അതിനു നല്‌കിയ മറുപടി എന്താണ്? “ബാൽദേവന്റെ മുമ്പിൽ മുട്ടുമടക്കാത്ത ഏഴായിരം പേരെ എനിക്കുവേണ്ടി ശേഷിപ്പിച്ചിട്ടുണ്ട്.” അതുപോലെതന്നെ ഇന്നും, തന്റെ കൃപ നിമിത്തം ദൈവം തിരഞ്ഞെടുത്ത ഒരു ചെറിയ സംഘം ശേഷിച്ചിട്ടുണ്ട്. അവരുടെ പ്രവൃത്തിയല്ല, കൃപയത്രേ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം. ദൈവത്തിന്റെ തിരഞ്ഞെടുപ്പ് മനുഷ്യന്റെ പ്രവൃത്തിയെ ആധാരമാക്കി ആണെങ്കിൽ കൃപ യഥാർഥത്തിൽ കൃപയല്ല. എന്താണ് ഇതിന്റെ അർഥം? ഇസ്രായേൽ ജനം അന്വേഷിച്ചു കൊണ്ടിരുന്നത് കണ്ടെത്തിയില്ല. ദൈവം തിരഞ്ഞെടുത്ത ചെറിയ സംഘമാണ് അതു കണ്ടെത്തിയത്; മറ്റുള്ളവർ ദൈവത്തിന്റെ വിളി കേൾക്കുവാൻ കഴിയാത്തവരായിത്തീർന്നു. ദൈവം അവർക്കു മന്ദബുദ്ധിയും കാണാത്ത കണ്ണുകളും കേൾക്കാത്ത ചെവികളും നല്‌കിയിരിക്കുന്നു; അത് ഇന്നും ആ നിലയിൽത്തന്നെയാണിരിക്കുന്നത് എന്നു വേദഗ്രന്ഥത്തിൽ പറയുന്നു. ‘അവരുടെ വിരുന്നുകൾ അവർക്ക് കെണിയും കുരുക്കുമായിത്തീരട്ടെ, അവർ വീഴുകയും ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ; അവർക്കു കാണാൻ കഴിയാതെവണ്ണം അവരുടെ കണ്ണുകൾ അന്ധമായിത്തീരട്ടെ; കഷ്ടപ്പാടുകൾകൊണ്ട് അവരുടെ നട്ടെല്ലുകൾ വളഞ്ഞു പോകട്ടെ’ എന്നു ദാവീദും പറയുന്നു. അപ്പോൾ ഞാൻ ചോദിക്കുന്നു: അവരുടെ കാലിടറിയത് എന്നെന്നേക്കുമായി വീണു നശിക്കുന്നതിനായിരുന്നുവോ? ഒരിക്കലുമല്ല! അവരുടെ നിയമലംഘനങ്ങൾമൂലം വിജാതീയർക്കു രക്ഷ ലഭിച്ചു. അതുകൊണ്ട് വിജാതീയരോട് യെഹൂദന്മാർ അസൂയാലുക്കളായിത്തീർന്നിരിക്കുന്നു. ലോകത്തിനു സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുന്നതിനു യെഹൂദന്മാരുടെ നിയമലംഘനം കാരണമായി ഭവിച്ചു; യെഹൂദന്മാർക്കു നഷ്ടമായത് വിജാതീയർക്കു നേട്ടമായിത്തീർന്നു. അപ്പോൾ സർവയെഹൂദന്മാരുംകൂടി ദൈവത്തിന്റെ രക്ഷയിൽ ഉൾപ്പെട്ടാൽ ആ അനുഗ്രഹം എത്ര വലുതായിരിക്കും! വിജാതീയരായ നിങ്ങളോടു ഞാൻ പറയട്ടെ: ഒരുവേള എന്റെ സ്വന്തം ജനത്തെ അസൂയാലുക്കളാക്കി അവരിൽ ചിലരെയെങ്കിലും രക്ഷിക്കുവാൻ എനിക്കു കഴിഞ്ഞെങ്കിലോ എന്നുവച്ച് വിജാതീയരുടെ അപ്പോസ്തോലനെന്ന നിലയിലുള്ള എന്റെ ശുശ്രൂഷയിൽ ഞാൻ അഭിമാനംകൊള്ളുന്നു. എന്റെ സ്വജാതികൾ തിരസ്കരിക്കപ്പെട്ടത് ലോകത്തെ ദൈവത്തോട് രഞ്ജിപ്പിക്കുന്നതിന് ഇടയാക്കിയെങ്കിൽ, അവരെ സ്വീകരിക്കുമ്പോഴുള്ള അവസ്ഥ എന്തായിരിക്കും? മൃതരിൽനിന്നുള്ള ഉയിർത്തെഴുന്നേല്പല്ലാതെ മറ്റെന്താണ്? ഒരപ്പത്തിന്റെ ആദ്യത്തെ ഭാഗം ദൈവത്തിന് അർപ്പിക്കുന്നെങ്കിൽ ആ അപ്പം മുഴുവനും അവിടുത്തേക്കുള്ളതാകുന്നു; ഒരു വൃക്ഷത്തിന്റെ വേരു വിശുദ്ധമാണെങ്കിൽ അതിന്റെ ശാഖകളും വിശുദ്ധമായിരിക്കും. നട്ടുവളർത്തിയ ഒലിവുമരത്തിന്റെ ചില ശാഖകൾ മുറിച്ചുകളഞ്ഞ്, ഒട്ടിച്ചുചേർക്കപ്പെട്ട കാട്ടൊലിവിന്റെ ശാഖപോലെയാണ് വിജാതീയനായ നീ. നീ ഇപ്പോൾ തായ്മരത്തിന്റെ ചൈതന്യത്തിൽ പങ്കാളിയാകുന്നു. മുറിച്ചുകളഞ്ഞ ചില്ലകളോട് അവജ്ഞ കാട്ടരുത്. നിനക്ക് അഹങ്കരിക്കുവാൻ എന്തിരിക്കുന്നു? നീ ഒരു ശാഖമാത്രമാണല്ലോ; നീ വേരിനെയല്ല, വേരു നിന്നെയാണു ചുമക്കുന്നത് എന്ന് ഓർക്കുക. എന്നാൽ, “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ചില്ലകളെ മുറിച്ചുകളഞ്ഞു” എന്നു നീ പറയുമായിരിക്കും. അതു ശരിതന്നെ. വിശ്വസിക്കാഞ്ഞതുകൊണ്ട് അവരെ ഛേദിച്ചുകളഞ്ഞു. വിശ്വസിക്കുന്നതുകൊണ്ട് നീ യഥാസ്ഥാനത്തു നില്‌ക്കുന്നു. അതെപ്പറ്റി നീ അഹങ്കരിക്കാതെ ഭയത്തോടുകൂടി ജീവിക്കുക. സ്വാഭാവിക ശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ലെങ്കിൽ നിന്നോടു ദാക്ഷിണ്യം കാണിക്കുമെന്നു നീ വിചാരിക്കുന്നുവോ? ദൈവം എത്ര ദയാലുവും അതുപോലെതന്നെ എത്ര കർക്കശനുമാണെന്നു നാം ഇവിടെ കാണുന്നു. വിഛേദിക്കപ്പെട്ട ശാഖകൾപോലെ വീണുപോയവരോട് അവിടുന്നു നിർദാക്ഷിണ്യം പെരുമാറുന്നു. അവിടുത്തെ കാരുണ്യത്തിൽ നിലനിന്നാൽ നിന്നോട് അവിടുന്നു ദയാലുവായിരിക്കും; അല്ലെങ്കിൽ നീയും മുറിച്ചുനീക്കപ്പെടും. ഇസ്രായേൽജനം തങ്ങളുടെ അവിശ്വാസത്തിൽ തുടരാതിരുന്നാൽ ദൈവം അവരെ യഥാസ്ഥാനങ്ങളിൽ ഒട്ടിച്ചുചേർക്കും; അവരെ വീണ്ടും ഒട്ടിച്ചുചേർക്കുവാൻ ദൈവത്തിനു കഴിയും. കാട്ടുമരത്തിൽനിന്നു വെട്ടിയെടുത്ത ചില്ലകളെപ്പോലെയുള്ള വിജാതീയരായ നിങ്ങളെ നല്ല ഒലിവുമരത്തോടു സ്വാഭാവിക രീതിക്കു വിരുദ്ധമായി ഒട്ടിച്ചുചേർത്തെങ്കിൽ, മുറിച്ചുനീക്കപ്പെട്ട ശാഖകളായ യെഹൂദന്മാരെ തായ്മരത്തോടു വീണ്ടും ഒട്ടിച്ചുചേർക്കുവാൻ ദൈവത്തിന് എത്ര എളുപ്പമായിരിക്കും! സഹോദരരേ, നിങ്ങൾ അറിയണമെന്നു ഞാൻ ആഗ്രഹിക്കുന്ന ഒരു രഹസ്യമുണ്ട്. ഇസ്രായേൽജനത്തിന്റെ വഴങ്ങാത്ത പ്രകൃതം, വിജാതീയരിൽനിന്നു ദൈവത്തിന്റെ അടുത്തു വരുന്നവരുടെ സംഖ്യ പൂർത്തിയാകുന്നതുവരെ മാത്രമേ ഉണ്ടായിരിക്കൂ. ഇങ്ങനെ ഇസ്രായേൽ മുഴുവൻ രക്ഷിക്കപ്പെടും. ഈ രഹസ്യം അറിയുമ്പോൾ നിങ്ങൾ വിവേകശാലികളാണെന്നു നിങ്ങൾക്കു തോന്നുകയില്ല. വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: രക്ഷകൻ സീയോനിൽനിന്നു വരും, യാക്കോബിന്റെ വംശത്തിൽനിന്ന് എല്ലാ ദുഷ്ടതയും നീക്കും; ഇതായിരിക്കും അവരുടെ പാപങ്ങൾ നീക്കുമ്പോൾ അവരോടു ഞാൻ ചെയ്യുന്ന ഉടമ്പടി. സുവിശേഷം നിരസിച്ചതുകൊണ്ട്, യെഹൂദന്മാർ വിജാതീയരായ നിങ്ങൾ നിമിത്തം ദൈവത്തിന്റെ ശത്രുക്കളായി. എന്നാൽ ദൈവത്തിന്റെ തിരഞ്ഞെടുപ്പുമൂലം പിതാക്കന്മാർ മുഖേന അവർ അവിടുത്തെ സ്നേഹഭാജനങ്ങളുമാണ്. ദൈവത്തിന്റെ വിളിയും വരങ്ങളും സുസ്ഥിരമത്രേ. വിജാതീയരായ നിങ്ങൾ കഴിഞ്ഞകാലത്ത് ദൈവത്തെ അനുസരിച്ചില്ലെങ്കിലും, യെഹൂദന്മാർ അനുസരണക്കേടു കാട്ടിയതുകൊണ്ട് ഇപ്പോൾ നിങ്ങൾക്കു ദൈവത്തിന്റെ കാരുണ്യം ലഭിച്ചിരിക്കുന്നു. അതുപോലെതന്നെ നിങ്ങൾക്കു ലഭിച്ചിരിക്കുന്ന കൃപയാൽ യെഹൂദന്മാർക്കും കൃപ ലഭിക്കേണ്ടതിന് അവർ ഇപ്പോൾ ദൈവത്തെ അനുസരിക്കാതിരിക്കുന്നു. എല്ലാവരോടും കരുണ കാട്ടേണ്ടതിന് ദൈവം എല്ലാവരെയും അനുസരണക്കേടിനു അടിമപ്പെടുത്തിയിരിക്കുന്നു. ഹാ! ദൈവത്തിന്റെ ധനം എത്ര വലുത്! അവിടുത്തെ വിവേകവും അറിവും എത്ര അഗാധം! അവിടുത്തെ വിധികൾ വിശദീകരിക്കുവാൻ ആർക്കു സാധിക്കും? വേദഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നുണ്ടല്ലോ: കർത്താവിന്റെ മനസ്സ് ആരറിയുന്നു? ദൈവത്തെ ഉപദേശിക്കുവാൻ ആർക്കു കഴിയും? ദൈവം തിരിച്ചു കൊടുക്കേണ്ടിവരത്തക്കവിധം അവിടുത്തേക്ക് എന്തെങ്കിലും കൊടുക്കുന്നവരായി ആരുമില്ല. സർവചരാചരങ്ങളും ദൈവത്തിൽ നിന്നും ദൈവത്തിൽകൂടിയും ദൈവത്തിനുവേണ്ടിയുമുള്ളവയാകുന്നു. അവിടുത്തേക്ക് എന്നെന്നേക്കും മഹത്ത്വം! ആമേൻ.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:1-36 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ ദൈവം തന്‍റെ ജനത്തെ തള്ളിക്കളഞ്ഞുവോ? എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും ഇല്ല; ഞാനും ഒരു യിസ്രായേല്യനല്ലോ; അബ്രാഹാമിന്‍റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നെ. ദൈവം മുന്നറിഞ്ഞിട്ടുള്ള തന്‍റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലിയാവിനെ കുറിച്ച് തിരുവെഴുത്ത് പറയുന്നത് നിങ്ങൾ അറിയുന്നില്ലയോ? അവൻ യിസ്രായേലിനു വിരോധമായി: “കർത്താവേ, അവർ നിന്‍റെ പ്രവാചകന്മാരെ കൊന്നു നിന്‍റെ യാഗപീഠങ്ങളെ ഇടിച്ചുകളഞ്ഞു; ഞാൻ ഒരുവൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവനു അരുളപ്പാടു ഉണ്ടായത് എന്ത്? “ബാലിന് മുട്ടുമടക്കാത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നെ. അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ട്. കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ ഒരിക്കലും കൃപയാകുകയില്ല. ആകയാൽ എന്ത്? യിസ്രായേൽ അന്വേഷിച്ചത് പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അത് പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു. “ദൈവം അവർക്ക് ഇന്നുവരെ ഉദാസീനതയുടെ ആത്മാവും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. “അവരുടെ മേശ അവർക്ക് കണിയും കുടുക്കും ഇടർച്ചക്കല്ലും പ്രതികാരവുമായിത്തീരട്ടെ; അവരുടെ കണ്ണ് കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്‌പ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു. എന്നാൽ അവർ വീഴേണ്ടതിനോ ഇടറിയത് എന്നു ഞാൻ ചോദിക്കുന്നു. ഒരുനാളും അല്ല; അവർക്ക് എരിവു വരുത്തുവാൻ, അവരുടെ പരാജയം നിമിത്തം ജനതകൾക്ക് രക്ഷ വന്നു എന്നേയുള്ളു. എന്നാൽ അവരുടെ പരാജയം ലോകത്തിനു ധനവും അവരുടെ നഷ്ടം ജനതകൾക്ക് സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ പൂർത്തീകരണം എത്ര അധികമായിരിക്കും? എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നത്: ജനതകളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്‍റെ ശുശ്രൂഷയിൽ പ്രശംസിക്കുന്നു; അത് ഒരുപക്ഷേ ഞാൻ എന്‍റെ സ്വജാതിയിലുള്ളവരിൽ എരിവ് ഉളവാക്കി, അവരിൽ ചിലരെയെങ്കിലും രക്ഷിക്കാൻ ഇടയാകുമല്ലോ. അവരുടെ തിരസ്കരണം ലോകത്തിന്‍റെ നിരപ്പിന് ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും? കുഴച്ചമാവിൽനിന്ന് ആദ്യഫലം വിശുദ്ധം എങ്കിൽ അത് മുഴുവനും അങ്ങനെ തന്നെ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നെ. കൊമ്പുകളിൽ ചിലത് ഒടിച്ചിട്ട് കാട്ടൊലിവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്ത് ഒലിവുമരത്തിന്‍റെ ഫലപ്രദമായ വേരിന് പങ്കാളിയായിത്തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരെ പ്രശംസിക്കരുത്; പ്രശംസിക്കുന്നുവെങ്കിൽ, നീ വേരിനെ അല്ല താങ്ങുന്നത് വേർ നിന്നെയത്രേ താങ്ങുന്നത്. എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന് കൊമ്പുകളെ ഒടിച്ചുകളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; നിന്‍റെ വിശ്വാസത്താൽ നീ നില്ക്കുന്നു; അഹങ്കരിക്കാതെ ഭയപ്പെടുക. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും. ആകയാൽ ദൈവത്തിന്‍റെ ദയയും കാഠിന്യവും കാൺക; ഒരു വശത്ത് വീണുപോയ യഹൂദരിൽ ദൈവത്തിന്‍റെ കാഠിന്യവും; മറുവശത്ത് നീ ദൈവത്തിന്‍റെ ദയയിൽ നിലനിന്നാൽ നിന്നിൽ അവന്‍റെ ദയയും തന്നെ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും. എങ്കിലും അവർ അവരുടെ അവിശ്വാസത്തിൽതന്നെ തുടരാതിരുന്നാൽ അവരെയുംകൂടെ തിരികെ ഒട്ടിച്ചുചേർക്കും; അവരെ വീണ്ടും ഒട്ടിക്കുവാൻ ദൈവം ശക്തനല്ലോ. സ്വഭാവത്താൽ കാട്ടൊലിവായ മരത്തിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന് വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായ ഈ യെഹൂദരെ അവരുടെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി തിരികെ ഒട്ടിക്കും. സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്ക് തന്നെ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു: അതായത് യിസ്രായേലിൽ ഒരു ഭാഗം മാത്രമേ കാഠിന്യമായിരിക്കുന്നുള്ളു. അതും ജനതകൾ പൂർണ്ണമായി ചേരുന്നതുവരെമാത്രം അങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും. “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ എടുത്തു നീക്കുമ്പോൾ ഇതു ഞാൻ അവരോട് ചെയ്യുന്ന ഉടമ്പടി” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നെ. ഒരു വശത്ത് സുവിശേഷം സംബന്ധിച്ച് അവർ നിങ്ങൾ നിമിത്തം വെറുക്കപ്പെട്ടു; എന്നാൽ മറുവശത്ത് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പിതാക്കന്മാർനിമിത്തം അവർ പ്രിയപ്പെട്ടവർ. എന്തെന്നാൽ ദൈവത്തിന്‍റെ കൃപാവരങ്ങളും വിളിയും മാറ്റമില്ലാത്തവയല്ലോ. നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ട് അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ, നിങ്ങൾക്ക് ലഭിച്ച കരുണയാൽ ഈ യഹൂദർക്കു കരുണ ലഭിക്കേണ്ടതിന്, അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു. ദൈവം എല്ലാവരോടും കരുണ കാണിക്കേണ്ടതിന് എല്ലാവരെയും അനുസരണക്കേടിൽ അടച്ചുകളഞ്ഞു. ഹാ, ദൈവത്തിന്‍റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്‍റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്‍റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്‍റെ മനസ്സ് അറിഞ്ഞവൻ ആർ? അവനു മന്ത്രിയായിരുന്നവൻ ആർ? അവനു വല്ലതും മുമ്പെ കൊടുത്തിട്ട് പ്രതിഫലം വാങ്ങുന്നവൻ ആർ? സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവനു എന്നേക്കും മഹത്വം. ആമേൻ.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:1-36 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ. ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ? അവൻ യിസ്രായേലിന്നു വിരോധമായി: “കർത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു” എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ. അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു. കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല. ആകയാൽ എന്തു? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു. “ദൈവം അവർക്കു ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ. “അവരുടെ മേശ അവർക്കു കണിയും കുടുക്കും ഇടർച്ചയും പ്രതികാരവുമായിത്തീരട്ടെ; അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു. എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവർക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു. എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം? എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ സ്വജാതിക്കാർക്കു വല്ലവിധേനയും സ്പർദ്ധ ജനിപ്പിച്ചു, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്തുന്നു. അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും? ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ. കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേർത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീർന്നു എങ്കിലോ, കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓർക്ക. എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും. ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക. സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും. ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും. അവിശ്വാസത്തിൽ നിലനില്ക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ. സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും. സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു: ജാതികളുടെ പൂർണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു. ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും. “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ. സുവിശേഷം സംബന്ധിച്ചു അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർനിമിത്തം പ്രിയന്മാർ. ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ. നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ, നിങ്ങൾക്കു ലഭിച്ച കരുണയാൽ അവർക്കു കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു. ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു. ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു. കർത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ? അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ? സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം. ആമേൻ.

പങ്ക് വെക്കു
റോമർ 11 വായിക്കുക

റോമർ 11:1-36 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ ചോദിക്കട്ടെ, അപ്പോൾ ദൈവം തന്റെ ജനത്തെ ഉപേക്ഷിച്ചു എന്നാണോ? നിശ്ചയമായും അല്ല. അബ്രാഹാമിന്റെ പിൻഗാമിയായി, ബെന്യാമീൻഗോത്രത്തിൽ ജനിച്ച ഞാനും ഒരു ഇസ്രായേല്യനാണല്ലോ. ദൈവം മുന്നറിഞ്ഞ സ്വന്തം ജനത്തെ അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. തിരുവെഴുത്തുകളിൽ ഏലിയാവിനെക്കുറിച്ചുള്ള ഭാഗത്ത് ഇസ്രായേലിനു വിരോധമായി അദ്ദേഹം പ്രാർഥിക്കുന്നത് നിങ്ങൾക്കറിയില്ലേ? “കർത്താവേ, അങ്ങയുടെ പ്രവാചകന്മാരെ അവർ വധിക്കുകയും യാഗപീഠങ്ങൾ തകർക്കുകയും ചെയ്തു; ഞാൻ ഒരുവൻമാത്രം അവശേഷിച്ചിരിക്കുന്നു; അവർ എന്നെയും കൊല്ലാൻ ശ്രമിക്കുകയാണ്.” എന്നാൽ, ഇതിന് എന്തായിരുന്നു ദൈവത്തിന്റെ മറുപടി? “ബാലിനെ നമസ്കരിക്കാത്ത ഏഴായിരംപേരെ ഞാൻ എനിക്കായി സൂക്ഷിച്ചിരിക്കുന്നു.” അതേപോലെതന്നെ, ഇക്കാലത്തും കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ശേഷിപ്പുണ്ടായിരിക്കുന്നു. കൃപയാൽ എങ്കിൽ, അതു പ്രവൃത്തികളാൽ ആയിരിക്കുകയില്ല; പ്രവൃത്തികളാലെങ്കിൽ കൃപ ഒരിക്കലും കൃപയായിരിക്കുകയുമില്ല. അപ്പോൾ എന്താണ്? ഇസ്രായേൽ അന്വേഷിച്ച നീതീകരണം അവർക്കു ലഭിച്ചില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ചിലർക്ക് അതു ലഭിച്ചു, ശേഷമുള്ളവരോ കഠിനഹൃദയർ ആയിത്തീർന്നു. “ദൈവം അവർക്കു മരവിച്ച ആത്മാവും കാണാത്ത കണ്ണുകളും കേൾക്കാത്ത കാതുകളും നൽകി. അവ ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു,” എന്നെഴുതിയിരിക്കുന്നല്ലോ! ദാവീദ് പറയുന്നത് ഇങ്ങനെയാണ്: “അവരുടെ സമൃദ്ധമായ മേശ ഒരു കെണി; എല്ലാം ശുഭമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു മായാജാലം ആകട്ടെ. അവരുടെ അനുഗ്രഹങ്ങൾ അവരെ ഇടറി വീഴുമാറാക്കട്ടെ, അവർ അർഹിക്കുന്നതുതന്നെ അവർക്കു ലഭിക്കട്ടെ. കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ; അവരുടെ അരക്കെട്ടുകൾ എന്നേക്കുമായി കുനിഞ്ഞുപോകട്ടെ.” ഞാൻ പിന്നെയും ചോദിക്കുകയാണ്: “ഇസ്രായേൽ ഇടറിയത് എന്നേക്കുമായ വീഴ്ചയ്ക്കായാണോ?” ഒരിക്കലുമല്ല; പിന്നെയോ, അവരുടെ നിയമലംഘനംമൂലം ഇസ്രായേല്യർ അല്ലാത്തവർക്കു രക്ഷ വന്നിട്ട് ഇസ്രായേല്യരിൽ അസൂയ ജനിപ്പിക്കാനാണ്. എന്നാൽ അവരുടെ ലംഘനവും പരാജയവും ശേഷംലോകത്തിന് അനുഗ്രഹസമൃദ്ധി നൽകിയെങ്കിൽ അവരുടെ പൂർണ പുനഃസ്ഥാപനം നിമിത്തം ലഭിക്കുന്ന അനുഗ്രഹം എത്ര സമൃദ്ധമായിരിക്കും! ഇസ്രായേല്യർ അല്ലാത്ത നിങ്ങളോടു ഞാൻ പറയട്ടെ: ഇസ്രായേല്യർ അല്ലാത്തവരുടെ അപ്പൊസ്തലൻ എന്ന ശുശ്രൂഷയിൽ ഞാൻ അഭിമാനിക്കുന്നു; കാരണം, സ്വന്തം ജനത്തിന് ഏതുവിധേനയും അസൂയയുളവാക്കി അവരിൽ ചിലരെയെങ്കിലും രക്ഷപ്പെടുത്താമല്ലോ. അവരെ തിരസ്കരിച്ചതു ലോകം ദൈവത്തോട് അനുരഞ്ജനപ്പെടുന്നതിനു കാരണമായെങ്കിൽ, അവരെ അംഗീകരിക്കുന്നത് മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനല്ലാതെ മറ്റെന്തിനു കാരണമാകും? ധാന്യമാവിൽനിന്ന് ആദ്യഫലമായി അർപ്പിക്കപ്പെടുന്ന അംശം വിശുദ്ധമെങ്കിൽ ആ മാവു മുഴുവനും വിശുദ്ധം ആയിരിക്കും; വേര് വിശുദ്ധമെങ്കിൽ ശാഖകളും വിശുദ്ധംതന്നെ. ഒലിവുവൃക്ഷത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റിയിട്ട്, ആ സ്ഥാനത്ത് കാട്ടൊലിവിന്റെ ശാഖയായ നിന്നെ മറ്റു ശാഖകളുടെ ഇടയിൽ ഒട്ടിച്ചുചേർത്തതുമൂലം ഒലിവിന്റെ വേരിൽനിന്നുള്ള പോഷകരസത്തിനു നീ പങ്കാളിയായിത്തീർന്നു. അതോർത്ത് മറ്റു ശാഖകളെക്കാൾ നിനക്കു ശ്രേഷ്ഠതയുണ്ടെന്നു നീ ചിന്തിക്കരുത്. അങ്ങനെ അഭിമാനം തോന്നുന്നെങ്കിൽ നീ വേരിനെയല്ല, വേരു നിന്നെയാണു വഹിക്കുന്നതെന്ന് ഓർക്കുക. “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ശാഖകൾ വെട്ടിമാറ്റി” എന്നായിരിക്കും നീ പറയുന്നത്. ശരിതന്നെ, എന്നാൽ അവരുടെ അവിശ്വാസംനിമിത്തമാണ് അവരെ വെട്ടിമാറ്റിയത്. നീ ചേർന്നു നിൽക്കുന്നതോ നിന്റെ വിശ്വാസത്താലുമാണ്. അഹങ്കരിക്കരുത്, ഭയപ്പെടുക. സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല എങ്കിൽ നിന്നോടും ദാക്ഷിണ്യം കാണിക്കുകയില്ല. അതുകൊണ്ടു ദൈവത്തിന്റെ ദയയും കാർക്കശ്യവും മറക്കാതിരിക്കുക; വീണവരോട് കാർക്കശ്യവും നിന്നോടോ, നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ, കാരുണ്യവും അവിടന്നു കാണിക്കും. അല്ലാത്തപക്ഷം നീയും ഛേദിക്കപ്പെടും. അവർ അവിശ്വാസത്തിൽ തുടരാത്തപക്ഷം അവരെ വീണ്ടും ഒട്ടിച്ചുചേർക്കും; ഒട്ടിക്കാൻ ദൈവത്തിനു കഴിയുമല്ലോ! പ്രകൃത്യാ കാട്ടൊലിവിന്റെ ശാഖയായിരുന്ന നിന്നെ മുറിച്ചെടുത്ത്, നട്ടുവളർത്തപ്പെട്ട ഒലിവുമരത്തിൽ അസാധാരണമാംവിധം ഒട്ടിച്ചുചേർത്തു എങ്കിൽ, സ്വാഭാവിക ശാഖകൾ സ്വന്തം ഒലിവുമരത്തിൽ ഇനി ഒട്ടിച്ചുചേർക്കപ്പെടുന്നതിനുള്ള സാധ്യത എത്രയധികം! സഹോദരങ്ങളേ, ഈ രഹസ്യത്തെക്കുറിച്ച് നിങ്ങൾ അജ്ഞരാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു, അല്ലാത്തപക്ഷം നിങ്ങൾ ജ്ഞാനികളെന്ന് അഹങ്കരിക്കും. യെഹൂദേതരരിൽനിന്ന് ക്രിസ്തുവിൽ വിശ്വസിക്കാനുള്ളവരുടെ സംഖ്യ പൂർണമാകുന്നതുവരെ ഒരുവിഭാഗം ഇസ്രായേല്യർക്കു ഹൃദയകാഠിന്യം സംഭവിച്ചിരിക്കുന്നു. ഇങ്ങനെ ഇസ്രായേൽ മുഴുവനും രക്ഷപ്രാപിക്കും. “വിടുവിക്കുന്നവൻ സീയോനിൽനിന്ന് വരും; അവിടന്ന് യാക്കോബിൽനിന്ന് അഭക്തി അകറ്റിക്കളയും. ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ ഇതായിരിക്കും അവരോടുള്ള എന്റെ ഉടമ്പടി,” എന്ന് എഴുതപ്പെട്ടിരിക്കുന്നല്ലോ. സുവിശേഷം സംബന്ധിച്ചിടത്തോളം അവർ ദൈവത്തിന്റെ ശത്രുക്കളായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കായാണ്. എന്നാൽ, അവരുടെ പൂർവികരെ ദൈവം തെരഞ്ഞെടുത്തു എന്ന കാരണത്താൽ അവർ ഇപ്പോഴും ദൈവത്തിനു പ്രിയപ്പെട്ടവർ. കാരണം, ദൈവത്തിന്റെ കൃപാദാനങ്ങളും വിളിയും തിരിച്ചെടുക്കാൻ കഴിയാത്തവയാണ്. ഒരുകാലത്ത് ദൈവത്തോട് അനുസരണയില്ലാത്തവരായിരുന്ന നിങ്ങൾക്ക് അവരുടെ അനുസരണക്കേടു നിമിത്തം ഇപ്പോൾ കരുണ ലഭിച്ചിരിക്കുന്നു. അതുപോലെ, ദൈവം നിങ്ങളോടു കാണിച്ച അതേ കരുണ അവർക്കും ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരണകെട്ടവരായിത്തീർന്നിരിക്കുന്നു. എല്ലാവരോടും കരുണ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ദൈവം എല്ലാവരെയും അനുസരണക്കേടിനു വിധേയരാക്കുന്നത്. ഹോ, ദൈവത്തിന്റെ ജ്ഞാനം, വിവേകം എന്നിവയുടെ സമൃദ്ധി എത്ര അപരിമേയം! അവിടത്തെ വിധികൾ എത്ര അപ്രമേയം! അവിടത്തെ വഴികൾ എത്ര അഗോചരം! “കർത്താവിന്റെ മനസ്സ് അറിഞ്ഞതാര്? അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?” “തിരികെ വാങ്ങാനായി ദൈവത്തിനു കടംകൊടുത്തവനാര്?” സകലതും ദൈവത്തിൽനിന്നു, ദൈവത്തിലൂടെ, ദൈവത്തിലേക്കുതന്നെ. അവിടത്തേക്ക് എന്നേക്കും മഹത്ത്വം! ആമേൻ.

പങ്ക് വെക്കു
റോമർ 11 വായിക്കുക