റോമർ 1:24-32

റോമർ 1:24-32 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു. ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ച് ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ. അതുകൊണ്ട് ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ട് അന്യോന്യം കാമം ജ്വലിച്ച് ആണോട് ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിനു യോഗ്യമായ പ്രതിഫലം തങ്ങളിൽത്തന്നെ പ്രാപിച്ചു. ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാത്തതിനു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‍വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു. അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ, കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠുരന്മാർ, ഗർവിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ. ഈ വക പ്രവർത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 1 വായിക്കുക

റോമർ 1:24-32 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതുകൊണ്ട് തങ്ങളുടെ വിഷയാസക്തിയുടെ പ്രേരണയ്‍ക്കനുസൃതമായ കുത്സിതവൃത്തികൾക്കായി ദൈവം അവരെ വിട്ടുകൊടുക്കുകയും ലജ്ജാകരമായ പ്രവൃത്തികളിൽ അവർ അന്യോന്യം ഏർപ്പെടുകയും ചെയ്യുന്നു. ദൈവത്തെക്കുറിച്ചുള്ള സത്യം ത്യജിച്ച് അവർ അസത്യം സ്വീകരിക്കുന്നു. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ ആരാധിക്കേണ്ടതിനു പകരം അവർ സൃഷ്‍ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നു. ദൈവംമാത്രം അനവരതം വാഴ്ത്തപ്പെടട്ടെ! ആമേൻ! അവർ ഇപ്രകാരം ചെയ്യുന്നതുകൊണ്ട് ദൈവം അവരെ ലജ്ജാകരമായ വികാരങ്ങൾക്കു വിട്ടുകൊടുത്തിരിക്കുന്നു. സ്‍ത്രീകളും സ്വാഭാവിക ഭോഗത്തിൽ ഏർപ്പെടാതെ പ്രകൃതിവിരുദ്ധമായ പ്രവൃത്തികളിലേർപ്പെടുന്നു. അതുപോലെതന്നെ സ്‍ത്രീകളുമായി പ്രകൃതിസഹജമായ ലൈംഗികബന്ധം പുലർത്താതെ പുരുഷന്മാരും കാമാഗ്നി ജ്വലിച്ച് പുരുഷൻ പുരുഷനോടു ചേർന്ന് പ്രകൃതിവിരുദ്ധമായ ചേഷ്ടകളിലേർപ്പെടുന്നു. അതിന്റെ ഫലമായി തങ്ങളുടെ ദുഷ്പ്രവൃത്തികൾക്ക് അർഹമായ ശിക്ഷ അവർ സ്വയം വരുത്തിവച്ചിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ പരിത്യജിച്ചതുകൊണ്ട് അവിഹിതമായതു ചെയ്യുവാൻ ദൈവം അവരെ വിവേകശൂന്യതയ്‍ക്കു വിട്ടുകൊടുത്തു. അവർ എല്ലാവിധത്തിലുമുള്ള അധർമവും ദുഷ്ടതയും അത്യാഗ്രഹവും ഹീനസ്വഭാവവുംകൊണ്ടു നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, കൊടിയ പക എന്നിവ അവരിൽ നിറഞ്ഞിരിക്കുന്നു. അവർ ഏഷണി പറയുകയും അന്യോന്യം ദോഷാരോപണം നടത്തുകയും ചെയ്യുന്നു. ദൈവത്തെ അവർ കഠിനമായി വെറുക്കുന്നു. അവർ ഗർവിഷ്ഠരും അഹങ്കാരികളും ആത്മപ്രശംസകരുമാണ്. ദുഷ്ടത പ്രവർത്തിക്കുന്നതിനു നൂതനമായ വഴികൾ അവർ കണ്ടുപിടിക്കുന്നു. മാതാപിതാക്കളെ അവർ അനുസരിക്കുന്നില്ല. അവർക്കു മനസ്സാക്ഷി എന്നൊന്നില്ല. അവർ വാക്കു പാലിക്കുന്നുമില്ല. മറ്റുള്ളവരോടു കനിവുകാട്ടാത്ത ദയാശൂന്യരാണവർ. ഇങ്ങനെയുള്ളവർ മരണയോഗ്യരാണെന്നുള്ള ദൈവകല്പന അവർക്കറിയാമെങ്കിലും ഈ വക അധർമങ്ങൾ അവർ ചെയ്യുന്നു എന്നു മാത്രമല്ല, അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 1 വായിക്കുക

റോമർ 1:24-32 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽതമ്മിൽ അപമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു. ദൈവത്തിന്‍റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടാവിന് പകരം സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്നാൽ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. അതുകൊണ്ട് ദൈവം അവരെ അപമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ തങ്ങളുടെ സ്വാഭാവികഭോഗത്തെ പ്രകൃതിവിരുദ്ധമാക്കി മാറ്റിക്കളഞ്ഞു. അതുപോലെ തന്നെ പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോട് ആൺ അവലക്ഷണമായത് പ്രവർത്തിച്ചു. ഇങ്ങനെ അവർക്ക് തങ്ങളുടെ വക്രതയ്ക്കു യോഗ്യമായ ശിക്ഷ തങ്ങളിൽ തന്നെ ലഭിച്ചു. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ അംഗീകരിക്കാത്തതുകൊണ്ട്; അവൻ അവരെ ക്രമമല്ലാത്തത് ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു. അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, വഞ്ചന, ദുശ്ശീലം എന്നിവയിൽ മുഴുകിയവർ, അപവാദികൾ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, അവിശ്വസ്തർ, വാത്സല്യമില്ലാത്തവർ, കരുണയില്ലാത്തവർ. ഇത്തരം കാര്യങ്ങൾ പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവ പ്രവർത്തിക്കുക മാത്രമല്ല അവയെ പ്രവർത്തിക്കുന്നവരെ അംഗീകരിക്കുകയുംകൂടെ ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 1 വായിക്കുക

റോമർ 1:24-32 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു. ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു. ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു. അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ, കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ ഈ വക പ്രവൃത്തിക്കുന്നവർ മരണയോഗ്യർ എന്നുള്ള ദൈവന്യായം അവർ അറിഞ്ഞിട്ടും അവയെ പ്രവർത്തിക്ക മാത്രമല്ല പ്രവർത്തിക്കുന്നവരിൽ പ്രസാദിക്കയുംകൂടെ ചെയ്യുന്നു.

പങ്ക് വെക്കു
റോമർ 1 വായിക്കുക

റോമർ 1:24-32 സമകാലിക മലയാളവിവർത്തനം (MCV)

അതുകൊണ്ട്, അവരുടെ ഹൃദയത്തിലെ ദുർമോഹങ്ങളാൽ നിയന്ത്രിക്കപ്പെട്ട് അപമാനകരമായ ശാരീരികവൃത്തികളിൽ പരസ്പരം വ്യാപൃതരാകാൻ ദൈവം അവരെ അശുദ്ധിയിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ വികാരങ്ങളിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു; അവരുടെ സ്ത്രീകൾപോലും സ്വാഭാവിക ലൈംഗികവേഴ്ചയ്ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു. അതുപോലെതന്നെ, സ്ത്രീകളുമായുള്ള സ്വാഭാവിക ലൈംഗികവേഴ്ച ഉപേക്ഷിച്ച് പുരുഷന്മാർ വിഷയാസക്തി മൂത്ത് പരസ്പരം ഹീനകൃത്യങ്ങളിൽ മുഴുകി; അവരുടെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് അർഹമായ പ്രതിഫലം അവരുടെ ശരീരത്തിൽ പ്രാപിക്കുകയും ചെയ്തു. ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു. അവർ എല്ലാവിധ അനീതിയും ദോഷവും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അവരുടെ ജീവിതം അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, ദുഷ്ടത എന്നിവ നിറഞ്ഞതാണ്. വൃഥാഭാഷികളും പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും അവിവേകികളും വിശ്വാസവഞ്ചകരും മനുഷ്യത്വമില്ലാത്തവരും ദയ ഇല്ലാത്തവരും ആണ്. ഇങ്ങനെയുള്ളവർ മരണയോഗ്യരാണ് എന്ന ദൈവകൽപ്പന അറിഞ്ഞിട്ടും അവർ ഇക്കാര്യങ്ങൾതന്നെ തുടർന്നു പ്രവർത്തിക്കുന്നു; അതുമാത്രമോ, അങ്ങനെചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.

പങ്ക് വെക്കു
റോമർ 1 വായിക്കുക