റോമർ 1:18-20
റോമർ 1:18-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരേ ദൈവത്തിന്റെ കോപം സ്വർഗത്തിൽനിന്നു വെളിപ്പെടുന്നു. ദൈവത്തെക്കുറിച്ച് അറിയാകുന്നത് അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിനുതന്നെ.
റോമർ 1:18-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അധർമംകൊണ്ടു സത്യത്തെ നിരോധിക്കുന്നവരുടെ എല്ലാ പാപങ്ങളുടെയും ദുഷ്ടതകളുടെയും നേരെ സ്വർഗത്തിൽനിന്നു ദൈവത്തിന്റെ കോപം വെളിപ്പെടുന്നു. ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നതെല്ലാം അവർക്കു വ്യക്തമായിട്ടുണ്ട്. ദൈവം തന്നെയാണ് അത് അവർക്കു വെളിപ്പെടുത്തിക്കൊടുത്തത്. സർവേശ്വരന്റെ അദൃശ്യമായ ശക്തിയും ദിവ്യഭാവവും പ്രപഞ്ചസൃഷ്ടിമുതൽ സൃഷ്ടികളിൽകൂടി വെളിപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനില്ല.
റോമർ 1:18-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനീതികൊണ്ട് സത്യത്തെ തടഞ്ഞുവെയ്ക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും എതിരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു. എന്തുകൊണ്ടെന്നാൽ ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നിടത്തോളം അവർക്ക് വെളിവായിരിക്കുന്നു; ദൈവം അവർക്ക് വെളിപ്പെടുത്തിയല്ലോ. ദൈവത്തിന്റെ നിത്യശക്തിയും ദിവ്യസ്വഭാവവും പ്രപഞ്ചസൃഷ്ടിമുതൽ സൃഷ്ടികളിൽക്കൂടി വെളിപ്പെട്ടിരിക്കുന്നു; അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനാകില്ല.
റോമർ 1:18-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു. ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ.
റോമർ 1:18-20 സമകാലിക മലയാളവിവർത്തനം (MCV)
അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു. ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.