റോമർ 1:1-31
റോമർ 1:1-31 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിനായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലൊസ് റോമയിൽ ദൈവത്തിനു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവ് സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ അവന്റെ നാമത്തിനായി സകല ജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിനു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത്. അവരിൽ യേശുക്രിസ്തുവിനായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസം സർവലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യംതന്നെ എന്റെ ദൈവത്തിനു യേശുക്രിസ്തു മുഖാന്തരം നിങ്ങൾക്കെല്ലാവർക്കുംവേണ്ടി സ്തോത്രം ചെയ്യുന്നു. ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ട് ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന് എന്റെ പ്രാർഥനയിൽ എപ്പോഴും യാചിക്കുന്നു എന്നുള്ളതിന് അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. നിങ്ങളുടെ സ്ഥിരീകരണത്തിനായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്, അതായത് നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന് ഞാൻ നിങ്ങളെ കാൺമാൻ വാഞ്ഛിക്കുന്നു. എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്ന് ഞാൻ ആഗ്രഹിക്കുന്നു. യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു. സുവിശേഷത്തെക്കുറിച്ച് എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും ആദ്യം യെഹൂദനും പിന്നെ യവനനും അതു രക്ഷയ്ക്കായി ദൈവശക്തിയാകുന്നുവല്ലോ. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്ന് എഴുതിയിരിക്കുന്നുവല്ലോ. അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരേ ദൈവത്തിന്റെ കോപം സ്വർഗത്തിൽനിന്നു വെളിപ്പെടുന്നു. ദൈവത്തെക്കുറിച്ച് അറിയാകുന്നത് അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിനുതന്നെ. അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്ന് ഓർത്തു മഹത്ത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ട് അവർ മൂഢരായിപ്പോയി; അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാല്ക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു. അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു. ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ച് ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ. അതുകൊണ്ട് ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ട് അന്യോന്യം കാമം ജ്വലിച്ച് ആണോട് ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിനു യോഗ്യമായ പ്രതിഫലം തങ്ങളിൽത്തന്നെ പ്രാപിച്ചു. ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാത്തതിനു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു. അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ, കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠുരന്മാർ, ഗർവിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ.
റോമർ 1:1-31 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനായി വേർതിരിക്കപ്പെടുകയും അപ്പോസ്തോലനായി വിളിക്കപ്പെടുകയും ചെയ്തവനും ക്രിസ്തുയേശുവിന്റെ ദാസനുമായ പൗലൊസ് എഴുതുന്നത്: ഈ സുവിശേഷം തന്റെ പ്രവാചകന്മാർ മുഖാന്തരം വളരെ മുമ്പുതന്നെ വിശുദ്ധലിഖിതങ്ങളിൽ ദൈവം വാഗ്ദാനം ചെയ്തിട്ടുള്ളതാണ്. ദൈവത്തിന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ളതാണ് ഈ സുവിശേഷം. മനുഷ്യനെന്ന നിലയിൽ അവിടുന്ന് ദാവീദുവംശജനായിരുന്നു. എന്നാൽ ദിവ്യവിശുദ്ധിയെ സംബന്ധിച്ചിടത്തോളം അവിടുന്നു മരണത്തിൽനിന്നുള്ള ഉത്ഥാനംമൂലം മഹാശക്തനായ ദൈവപുത്രനാണെന്നു വെളിപ്പെട്ടിരിക്കുന്നു. വിശ്വാസംമൂലം ഉളവാകുന്ന അനുസരണത്തിലേക്ക് എല്ലാ ജനതകളെയും നയിച്ച് തന്റെ നാമം മഹത്ത്വപ്പെടുത്തുന്നതിനുള്ള അപ്പോസ്തോലദൗത്യവും കൃപയും യേശുക്രിസ്തുവിലൂടെ ദൈവം ഞങ്ങൾക്കു നല്‌കിയിരിക്കുന്നു. അക്കൂട്ടത്തിൽ റോമിലുള്ള നിങ്ങളും യേശുക്രിസ്തുവിന്റെ സ്വന്തജനമായിരിക്കുന്നതിന് വിളിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ദൈവത്തിനു പ്രിയമുള്ളവരും തന്റെ ജനമായിരിക്കുന്നതിന് അവിടുന്നു വിളിച്ചു വേർതിരിച്ചിട്ടുള്ളവരുമായ നിങ്ങൾക്കെല്ലാവർക്കും ഞാൻ ഈ കത്തെഴുതുന്നു. നമ്മുടെ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. നിങ്ങളുടെ വിശ്വാസം ലോകത്തിലെങ്ങും പ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിൽകൂടി ഞാൻ എന്റെ ദൈവത്തിനു കൃതജ്ഞത അർപ്പിക്കുന്നു. ദൈവപുത്രനെ സംബന്ധിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാൻ ആരെ സർവാത്മനാ ആരാധിക്കുന്നുവോ, ആ ദൈവംതന്നെ ഞാൻ പറയുന്നതിനു സാക്ഷി. എന്റെ പ്രാർഥനയിൽ ഞാൻ എപ്പോഴും നിങ്ങളെ ഓർക്കുന്നു എന്നുള്ളത് ദൈവം അറിയുന്നു. ഇപ്പോഴെങ്കിലും നിങ്ങളെ വന്നുകാണുന്നതിനു ദൈവം തന്റെ സംപ്രീതിയാൽ എനിക്ക് ഇടവരുത്തട്ടെ. നിങ്ങളുടെ സ്ഥൈര്യത്തിനായി എന്തെങ്കിലും ആത്മീയവരം നല്‌കുവാൻ ഞാൻ അഭിവാഞ്ഛിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസത്താൽ എനിക്കും എന്റെ വിശ്വാസത്താൽ നിങ്ങൾക്കും പരസ്പരം ഉത്തേജനം ലഭിക്കണമെന്നത്രേ എന്റെ താത്പര്യം. സഹോദരരേ, നിങ്ങളെ സന്ദർശിക്കുന്നതിനു ഞാൻ പലവട്ടം ഒരുങ്ങിയെങ്കിലും, പലകാര്യങ്ങളാൽ അതു സാധിച്ചില്ല എന്നു പറഞ്ഞാൽ മതിയല്ലോ. ഇതര ജനതകളിൽനിന്ന് എന്നപോലെ നിങ്ങളിൽനിന്നും ചിലരെ ക്രിസ്തുവിനുവേണ്ടി നേടണമെന്ന് ഞാൻ ഇച്ഛിക്കുന്നു. പരിഷ്കൃതരെന്നോ അപരിഷ്കൃതരെന്നോ, വിദ്യാസമ്പന്നരെന്നോ വിദ്യാവിഹീനരെന്നോ ഉള്ള ഭേദംകൂടാതെ എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. അതുകൊണ്ട് റോമിലുള്ള നിങ്ങളോടും സുവിശേഷം പ്രസംഗിക്കുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. സുവിശേഷത്തെക്കുറിച്ച് ഞാൻ ലജ്ജിക്കുന്നില്ല. വിശ്വസിക്കുന്ന ഏതൊരുവനെയും -ആദ്യം യെഹൂദനെയും പിന്നീടു വിജാതീയനെയും- രക്ഷിക്കുന്നതിനുള്ള ദൈവത്തിന്റെ ശക്തിയാണു സുവിശേഷം. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിട്ടും വെളിപ്പെടുന്നു. വിശ്വാസത്താൽ ദൈവത്തോടു രഞ്ജിപ്പിക്കപ്പെട്ടവൻ ജീവിക്കും എന്ന് എഴുതിയിട്ടുണ്ടല്ലോ. അധർമംകൊണ്ടു സത്യത്തെ നിരോധിക്കുന്നവരുടെ എല്ലാ പാപങ്ങളുടെയും ദുഷ്ടതകളുടെയും നേരെ സ്വർഗത്തിൽനിന്നു ദൈവത്തിന്റെ കോപം വെളിപ്പെടുന്നു. ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നതെല്ലാം അവർക്കു വ്യക്തമായിട്ടുണ്ട്. ദൈവം തന്നെയാണ് അത് അവർക്കു വെളിപ്പെടുത്തിക്കൊടുത്തത്. സർവേശ്വരന്റെ അദൃശ്യമായ ശക്തിയും ദിവ്യഭാവവും പ്രപഞ്ചസൃഷ്‍ടിമുതൽ സൃഷ്‍ടികളിൽകൂടി വെളിപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനില്ല. അവർ ദൈവത്തെ അറിഞ്ഞെങ്കിലും സർവേശ്വരൻ എന്ന നിലയിൽ, യഥോചിതം പ്രകീർത്തിക്കുകയോ, സ്തോത്രം അർപ്പിക്കുകയോ ചെയ്തില്ല. അവരുടെ യുക്തിചിന്തകൾ മൂലം അവർ വ്യർഥരായിത്തീരുന്നു. വിവേകരഹിതമായ അവരുടെ ഹൃദയം അന്ധകാരംകൊണ്ടു നിറഞ്ഞിരിക്കുന്നു. ബുദ്ധിമാന്മാരെന്ന അവകാശവാദം അവരുടെ ബുദ്ധിശൂന്യതയെ ആണ് വിളിച്ചറിയിക്കുന്നത്. അനശ്വരനായ ദൈവത്തിനു നല്‌കേണ്ട മഹത്ത്വം നശ്വരരായ മനുഷ്യരുടെയും പക്ഷിമൃഗാദികളുടെയും പ്രതിരൂപങ്ങൾക്ക് അവർ നല്‌കുന്നു. അതുകൊണ്ട് തങ്ങളുടെ വിഷയാസക്തിയുടെ പ്രേരണയ്‍ക്കനുസൃതമായ കുത്സിതവൃത്തികൾക്കായി ദൈവം അവരെ വിട്ടുകൊടുക്കുകയും ലജ്ജാകരമായ പ്രവൃത്തികളിൽ അവർ അന്യോന്യം ഏർപ്പെടുകയും ചെയ്യുന്നു. ദൈവത്തെക്കുറിച്ചുള്ള സത്യം ത്യജിച്ച് അവർ അസത്യം സ്വീകരിക്കുന്നു. പ്രപഞ്ചസ്രഷ്ടാവായ ദൈവത്തെ ആരാധിക്കേണ്ടതിനു പകരം അവർ സൃഷ്‍ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്നു. ദൈവംമാത്രം അനവരതം വാഴ്ത്തപ്പെടട്ടെ! ആമേൻ! അവർ ഇപ്രകാരം ചെയ്യുന്നതുകൊണ്ട് ദൈവം അവരെ ലജ്ജാകരമായ വികാരങ്ങൾക്കു വിട്ടുകൊടുത്തിരിക്കുന്നു. സ്‍ത്രീകളും സ്വാഭാവിക ഭോഗത്തിൽ ഏർപ്പെടാതെ പ്രകൃതിവിരുദ്ധമായ പ്രവൃത്തികളിലേർപ്പെടുന്നു. അതുപോലെതന്നെ സ്‍ത്രീകളുമായി പ്രകൃതിസഹജമായ ലൈംഗികബന്ധം പുലർത്താതെ പുരുഷന്മാരും കാമാഗ്നി ജ്വലിച്ച് പുരുഷൻ പുരുഷനോടു ചേർന്ന് പ്രകൃതിവിരുദ്ധമായ ചേഷ്ടകളിലേർപ്പെടുന്നു. അതിന്റെ ഫലമായി തങ്ങളുടെ ദുഷ്പ്രവൃത്തികൾക്ക് അർഹമായ ശിക്ഷ അവർ സ്വയം വരുത്തിവച്ചിരിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ പരിത്യജിച്ചതുകൊണ്ട് അവിഹിതമായതു ചെയ്യുവാൻ ദൈവം അവരെ വിവേകശൂന്യതയ്‍ക്കു വിട്ടുകൊടുത്തു. അവർ എല്ലാവിധത്തിലുമുള്ള അധർമവും ദുഷ്ടതയും അത്യാഗ്രഹവും ഹീനസ്വഭാവവുംകൊണ്ടു നിറഞ്ഞവരാണ്. അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, കൊടിയ പക എന്നിവ അവരിൽ നിറഞ്ഞിരിക്കുന്നു. അവർ ഏഷണി പറയുകയും അന്യോന്യം ദോഷാരോപണം നടത്തുകയും ചെയ്യുന്നു. ദൈവത്തെ അവർ കഠിനമായി വെറുക്കുന്നു. അവർ ഗർവിഷ്ഠരും അഹങ്കാരികളും ആത്മപ്രശംസകരുമാണ്. ദുഷ്ടത പ്രവർത്തിക്കുന്നതിനു നൂതനമായ വഴികൾ അവർ കണ്ടുപിടിക്കുന്നു. മാതാപിതാക്കളെ അവർ അനുസരിക്കുന്നില്ല. അവർക്കു മനസ്സാക്ഷി എന്നൊന്നില്ല. അവർ വാക്കു പാലിക്കുന്നുമില്ല. മറ്റുള്ളവരോടു കനിവുകാട്ടാത്ത ദയാശൂന്യരാണവർ.
റോമർ 1:1-31 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവത്തിന്‍റെ പുത്രനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ദൈവത്തിന്‍റെ സുവിശേഷം, ദൈവം തന്‍റെ പ്രവാചകന്മാർ മുഖാന്തരം എഴുതപ്പെട്ട വിശുദ്ധരേഖകളിൽ മുമ്പുകൂട്ടി വാഗ്ദത്തം ചെയ്തിട്ടുള്ളതാണ്. ഈ സുവിശേഷം പ്രസംഗിക്കുന്നതിനായി വിളിച്ച് വേർതിരിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലോസ് റോമയിൽ ദൈവത്തിന് പ്രിയമുള്ളവരും വിശുദ്ധന്മാരായി വിളിക്കപ്പെട്ട എല്ലാവർക്കും എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽ നിന്നും നിങ്ങൾക്ക് കൃപയും സമാധാനവും ഉണ്ടാകട്ടെ. മനുഷ്യനെന്ന നിലയിൽ ദാവീദിന്‍റെ വംശാവലിയിൽ ജനിക്കുകയും മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ വിശുദ്ധിയുടെ ആത്മാവിനാൽ ദൈവപുത്രൻ എന്നു ശക്തിയോടെ പ്രഖ്യാപിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ അവന്റെ നാമത്തിനായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിന് കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത്. അവരിൽ യേശുക്രിസ്തുവിനുള്ളവരായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസം ലോകം മുഴുവനും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നെ നിങ്ങൾക്കെല്ലാവർക്കും വേണ്ടി എന്‍റെ ദൈവത്തിന് യേശുക്രിസ്തു മുഖാന്തരം സ്തോത്രം ചെയ്യുന്നു. ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ട് ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന് എന്‍റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു എന്നുള്ളതിന് അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ സേവിക്കുന്ന ദൈവം എനിക്ക് സാക്ഷി. നിങ്ങളെ ഉറപ്പിക്കേണ്ടതിനായി ചില ആത്മികവരം നിങ്ങൾക്ക് നല്കേണ്ടതിന്, അതായത് നിങ്ങൾക്കും എനിക്കുമുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ഒരുമിച്ച് പ്രോത്സാഹനം ലഭിക്കേണ്ടതിന് ഞാൻ നിങ്ങളെ കാണുവാൻ വാഞ്ചിക്കുന്നു. എന്നാൽ സഹോദരന്മാരേ, എനിക്ക് മറ്റുള്ള ജാതികളുടെയിടയിൽ ഉള്ളതുപോലെ നിങ്ങളുടെയിടയിലും ചില ഫലം ഉണ്ടാകേണ്ടതിന് നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു. പരിഷ്കൃതർക്കും അപരിഷ്കൃതർക്കും, ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കുവാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു. സുവിശേഷത്തെക്കുറിച്ചു എനിക്ക് ലജ്ജയില്ല; വിശ്വസിക്കുന്ന ഏവനും, ആദ്യം യെഹൂദനും പിന്നെ യവനനും അത് രക്ഷക്കായി ദൈവശക്തിയാകുന്നുവല്ലോ. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിനായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. അനീതികൊണ്ട് സത്യത്തെ തടഞ്ഞുവെയ്ക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും എതിരെ ദൈവത്തിന്‍റെ കോപം സ്വർഗ്ഗത്തിൽനിന്നു വെളിപ്പെടുന്നു. എന്തുകൊണ്ടെന്നാൽ ദൈവത്തെക്കുറിച്ച് അറിയുവാൻ കഴിയുന്നിടത്തോളം അവർക്ക് വെളിവായിരിക്കുന്നു; ദൈവം അവർക്ക് വെളിപ്പെടുത്തിയല്ലോ. ദൈവത്തിന്‍റെ നിത്യശക്തിയും ദിവ്യസ്വഭാവവും പ്രപഞ്ചസൃഷ്ടിമുതൽ സൃഷ്ടികളിൽക്കൂടി വെളിപ്പെട്ടിരിക്കുന്നു; അതുകൊണ്ട് അവർക്ക് ഒഴിവുകഴിവൊന്നും പറയാനാകില്ല. അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമായി മഹത്വപ്പെടുത്തുകയോ നന്ദി കരേറ്റുകയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ മൂഢരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു അവകാശപ്പെട്ടുകൊണ്ട് അവർ മൂഢരായിപ്പോയി; അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യങ്ങളായി മാറ്റിക്കളഞ്ഞു. അതുകൊണ്ട് ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽതമ്മിൽ അപമാനിക്കേണ്ടതിന് അശുദ്ധിയിൽ ഏല്പിച്ചു. ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടാവിന് പകരം സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്നാൽ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. അതുകൊണ്ട് ദൈവം അവരെ അപമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ തങ്ങളുടെ സ്വാഭാവികഭോഗത്തെ പ്രകൃതിവിരുദ്ധമാക്കി മാറ്റിക്കളഞ്ഞു. അതുപോലെ തന്നെ പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോട് ആൺ അവലക്ഷണമായത് പ്രവർത്തിച്ചു. ഇങ്ങനെ അവർക്ക് തങ്ങളുടെ വക്രതയ്ക്കു യോഗ്യമായ ശിക്ഷ തങ്ങളിൽ തന്നെ ലഭിച്ചു. ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം അവർ അംഗീകരിക്കാത്തതുകൊണ്ട്; അവൻ അവരെ ക്രമമല്ലാത്തത് ചെയ്‌വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു. അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, വഞ്ചന, ദുശ്ശീലം എന്നിവയിൽ മുഴുകിയവർ, അപവാദികൾ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, അവിശ്വസ്തർ, വാത്സല്യമില്ലാത്തവർ, കരുണയില്ലാത്തവർ.
റോമർ 1:1-31 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം തന്റെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെക്കുറിച്ചു വിശുദ്ധരേഖകളിൽ തന്റെ പ്രവാചകന്മാർ മുഖാന്തരം മുമ്പുകൂട്ടി വാഗ്ദത്തം ചെയ്ത സുവിശേഷത്തിന്നായി വേർതിരിച്ചു വിളിക്കപ്പെട്ട അപ്പൊസ്തലനും യേശുക്രിസ്തുവിന്റെ ദാസനുമായ പൗലൊസ് റോമയിൽ ദൈവത്തിന്നു പ്രിയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവർക്കും എഴുതുന്നതു: നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ. ജഡം സംബന്ധിച്ചു ദാവീദിന്റെ സന്തതിയിൽനിന്നു ജനിക്കയും മരിച്ചിട്ടു ഉയിർത്തെഴുന്നേൽക്കയാൽ വിശുദ്ധിയുടെ ആത്മാവു സംബന്ധിച്ചു ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെടുകയും ചെയ്തിരിക്കുന്നവനാലല്ലോ ഞങ്ങൾ അവന്റെ നാമത്തിന്നായി സകലജാതികളുടെയും ഇടയിൽ വിശ്വാസത്തിന്നു അനുസരണം വരുത്തേണ്ടതിന്നു കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചതു. അവരിൽ യേശുക്രിസ്തുവിന്നായി വിളിക്കപ്പെട്ട നിങ്ങളും ഉൾപ്പെട്ടിരിക്കുന്നു. നിങ്ങളുടെ വിശ്വാസം സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്നതിനാൽ ഞാൻ ആദ്യം തന്നേ എന്റെ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം നിങ്ങൾക്കെല്ലാവർക്കും വേണ്ടി സ്തോത്രം ചെയ്യുന്നു. ഞാൻ ഇടവിടാതെ നിങ്ങളെ ഓർത്തുകൊണ്ടു ദൈവേഷ്ടത്താൽ എപ്പോൾ എങ്കിലും നിങ്ങളുടെ അടുക്കൽ വരുവാൻ സാധിക്കേണ്ടതിന്നു എന്റെ പ്രാർത്ഥനയിൽ എപ്പോഴും യാചിക്കുന്നു എന്നുള്ളതിന്നു അവന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷഘോഷണത്തിൽ ഞാൻ എന്റെ ആത്മാവിൽ ആരാധിക്കുന്ന ദൈവം എനിക്കു സാക്ഷി. നിങ്ങളുടെ സ്ഥിരീകരണത്തിന്നായി ആത്മികവരം വല്ലതും നിങ്ങൾക്കു നല്കേണ്ടതിന്നു, അതായതു നിങ്ങൾക്കും എനിക്കും ഒത്തൊരുമിച്ചുള്ള വിശ്വാസത്താൽ നിങ്ങളോടുകൂടെ എനിക്കും ആശ്വാസം ലഭിക്കേണ്ടതിന്നു ഞാൻ നിങ്ങളെ കാണ്മാൻ വാഞ്ഛിക്കുന്നു. എന്നാൽ സഹോദരന്മാരേ, എനിക്കു ശേഷം ജാതികളിൽ എന്നപോലെ നിങ്ങളിലും വല്ല ഫലവും ഉണ്ടാകേണ്ടതിന്നു നിങ്ങളുടെ അടുക്കൽ വരുവാൻ പലപ്പോഴും ഭാവിച്ചു എങ്കിലും ഇതുവരെ മുടക്കം വന്നു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു. യവനന്മാർക്കും ബർബരന്മാർക്കും ജ്ഞാനികൾക്കും ബുദ്ധിഹീനർക്കും ഞാൻ കടക്കാരൻ ആകുന്നു. അങ്ങനെ റോമയിലുള്ള നിങ്ങളോടും സുവിശേഷം അറിയിപ്പാൻ എന്നാൽ ആവോളം ഞാൻ ഒരുങ്ങിയിരിക്കുന്നു. സുവിശേഷത്തെക്കുറിച്ചു എനിക്കു ലജ്ജയില്ല; വിശ്വസിക്കുന്ന ഏവന്നും ആദ്യം യെഹൂദന്നും പിന്നെ യവനന്നും അതു രക്ഷെക്കായി ദൈവശക്തിയാകുന്നുവല്ലോ. അതിൽ ദൈവത്തിന്റെ നീതി വിശ്വാസം ഹേതുവായും വിശ്വാസത്തിന്നായിക്കൊണ്ടും വെളിപ്പെടുന്നു. “നീതിമാൻ വിശ്വാസത്താൽ ജീവിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ. അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ ദൈവത്തിന്റെ കോപം സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നു. ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; ദൈവം അവർക്കു വെളിവാക്കിയല്ലോ. അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി; അക്ഷയനായ ദൈവത്തിന്റെ തേജസ്സിനെ അവർ ക്ഷയമുള്ള മനുഷ്യൻ, പക്ഷി, നാൽക്കാലി, ഇഴജാതി എന്നിവയുടെ രൂപസാദൃശ്യമായി മാറ്റിക്കളഞ്ഞു. അതുകൊണ്ടു ദൈവം അവരെ തങ്ങളുടെ ഹൃദയങ്ങളിലെ മോഹങ്ങളിൽ സ്വന്തശരീരങ്ങളെ തമ്മിൽ തമ്മിൽ അവമാനിക്കേണ്ടതിന്നു അശുദ്ധിയിൽ ഏല്പിച്ചു. ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു, സൃഷ്ടിച്ചവനെക്കാൾ സൃഷ്ടിയെ ഭജിച്ചു ആരാധിച്ചു; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ. അതുകൊണ്ടു ദൈവം അവരെ അവമാനരാഗങ്ങളിൽ ഏല്പിച്ചു; അവരുടെ സ്ത്രീകൾ സ്വാഭാവികഭോഗത്തെ സ്വഭാവവിരുദ്ധമാക്കിക്കളഞ്ഞു. അവ്വണ്ണം പുരുഷന്മാരും സ്വാഭാവികസ്ത്രീഭോഗം വിട്ടു അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു. ഇങ്ങനെ അവർ തങ്ങളുടെ വിഭ്രമത്തിന്നു യോഗ്യമായ പ്രതിഫലം തങ്ങളിൽ തന്നേ പ്രാപിച്ചു. ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാഞ്ഞതിന്നു തക്കവണ്ണം ദൈവം അവരെ ഉചിതമല്ലാത്തതു ചെയ്വാൻ നികൃഷ്ടബുദ്ധിയിൽ ഏല്പിച്ചു. അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കൊല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ, കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ, ബുദ്ധിഹീനർ, നിയമലംഘികൾ, വാത്സല്യമില്ലാത്തവർ, കനിവറ്റവർ
റോമർ 1:1-31 സമകാലിക മലയാളവിവർത്തനം (MCV)
ക്രിസ്തുയേശുവിന്റെ ദാസനും അപ്പൊസ്തലനും ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനു നിയോഗിക്കപ്പെട്ടിരിക്കുന്നവനുമായ പൗലോസാണ് ഈ ലേഖനം എഴുതുന്നത്. ദൈവം ദീർഘകാലം മുമ്പേ വിശുദ്ധഗ്രന്ഥങ്ങളിൽ അവിടത്തെ പ്രവാചകന്മാരിലൂടെ വാഗ്ദാനംചെയ്തിട്ടുള്ളതാണ് തന്റെ പുത്രനെക്കുറിച്ചുള്ള ഈ സുവിശേഷം. യേശുക്രിസ്തു ദാവീദിന്റെ സന്തതിപരമ്പരയിൽ മനുഷ്യനായി ജന്മമെടുക്കുകയും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മരണത്തിൽനിന്നുള്ള പുനരുത്ഥാനത്തിലൂടെ അവിടന്ന് ദൈവപുത്രനെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ ക്രിസ്തു മുഖാന്തരമാണ് അപ്പൊസ്തലത്വവും അതിനുള്ള ദൈവകൃപയും ഞങ്ങൾക്കു ലഭിച്ചത്. അതാകട്ടെ, അവിടത്തെ നാമത്തിന്റെ പുകഴ്ചയ്ക്കുവേണ്ടി സകലജനവിഭാഗങ്ങളിൽ ഉള്ളവരെയും തന്നിലുള്ള വിശ്വാസത്തിലേക്കും തൽഫലമായ അനുസരണത്തിലേക്കും നയിക്കേണ്ടതിനുമാണ്. യേശുക്രിസ്തുവിന്റെ സ്വന്തമായിരിക്കുന്നതിനു വിളിക്കപ്പെട്ടവരായ നിങ്ങളും അവരിൽ ഉൾപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ വാത്സല്യജനങ്ങളും വിശുദ്ധജനവും ആയിരിക്കാൻ ദൈവം വിളിച്ചിരിക്കുന്നവരായ, റോം നഗരത്തിലുള്ള നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഇതെഴുതുന്നു. നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ! നിങ്ങളുടെ വിശ്വാസം ഭൂമിയിൽ എല്ലായിടത്തും സുപ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ഞാൻ ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു. ഞാൻ എപ്പോഴും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു എന്നതിന് ദൈവം സാക്ഷിയാണ്. ആ ദൈവത്തെയാണ് അവിടത്തെ പുത്രനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാൻ സർവാത്മനാ സേവിക്കുന്നത്. ദൈവത്തിനു പ്രസാദമുണ്ടായിട്ട് എങ്ങനെയെങ്കിലും ഒടുവിൽ നിങ്ങളുടെ അടുത്തെത്താൻ വഴിതുറക്കണമെന്ന് ഞാൻ എപ്പോഴും പ്രാർഥനയിൽ യാചിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളെ ആത്മികമായി ശാക്തീകരിക്കുന്നതിന് സഹായിക്കുന്ന എന്തെങ്കിലും കൃപാദാനം നൽകുന്നതിനുവേണ്ടിയാണ് ഞാൻ നിങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നത്. അതായത്, എന്റെയും നിങ്ങളുടെയും വിശ്വാസത്താൽ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാൻ സാധിക്കുമല്ലോ. സഹോദരങ്ങളേ, എന്റെ ശുശ്രൂഷകൾകൊണ്ട് മറ്റു ജനതകളുടെ മധ്യേ എന്നപോലെ നിങ്ങളുടെ ഇടയിലും ചില ആത്മികഫലങ്ങൾ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ നിങ്ങളുടെ അടുക്കൽ വരാൻ ഞാൻ പലപ്പോഴും പരിശ്രമിച്ചു എന്നും എന്നാൽ, തടസ്സങ്ങൾമൂലം ഇതുവരെയും അതിനു കഴിഞ്ഞില്ല എന്നും നിങ്ങൾ അറിയാതിരിക്കരുത്. പരിഷ്കൃതരോടും അപരിഷ്കൃതരോടും വിദ്യാസമ്പന്നരോടും വിദ്യാവിഹീനരോടും എനിക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടാണ്, റോമിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നത്. സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; ഒന്നാമത് യെഹൂദനും പിന്നീട് യെഹൂദേതരനും, ഇങ്ങനെ, വിശ്വസിക്കുന്ന എല്ലാവർക്കും അത് രക്ഷനൽകുന്ന ദൈവശക്തിയാകുന്നു. കാരണം, ദൈവം മനുഷ്യനെ നീതിമാനാക്കുന്ന വിധം സുവിശേഷത്തിൽ പ്രകടമായിരിക്കുന്നു; “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്” എന്ന തിരുവെഴുത്ത് അനുസരിച്ച് ആ നീതീകരണം ആദ്യവസാനം വിശ്വാസത്താലാണ്. അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു. ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല. അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി. ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി. അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു. അതുകൊണ്ട്, അവരുടെ ഹൃദയത്തിലെ ദുർമോഹങ്ങളാൽ നിയന്ത്രിക്കപ്പെട്ട് അപമാനകരമായ ശാരീരികവൃത്തികളിൽ പരസ്പരം വ്യാപൃതരാകാൻ ദൈവം അവരെ അശുദ്ധിയിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു. അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ. ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ വികാരങ്ങളിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു; അവരുടെ സ്ത്രീകൾപോലും സ്വാഭാവിക ലൈംഗികവേഴ്ചയ്ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു. അതുപോലെതന്നെ, സ്ത്രീകളുമായുള്ള സ്വാഭാവിക ലൈംഗികവേഴ്ച ഉപേക്ഷിച്ച് പുരുഷന്മാർ വിഷയാസക്തി മൂത്ത് പരസ്പരം ഹീനകൃത്യങ്ങളിൽ മുഴുകി; അവരുടെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് അർഹമായ പ്രതിഫലം അവരുടെ ശരീരത്തിൽ പ്രാപിക്കുകയും ചെയ്തു. ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു. അവർ എല്ലാവിധ അനീതിയും ദോഷവും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അവരുടെ ജീവിതം അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, ദുഷ്ടത എന്നിവ നിറഞ്ഞതാണ്. വൃഥാഭാഷികളും പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും അവിവേകികളും വിശ്വാസവഞ്ചകരും മനുഷ്യത്വമില്ലാത്തവരും ദയ ഇല്ലാത്തവരും ആണ്.