വെളിപ്പാട് 9:13-18 - Compare All Versions

വെളിപ്പാട് 9:13-18 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണപീഠത്തിന്റെ കൊമ്പുകളിൽനിന്ന് ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോട്: യൂഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു. ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ട്, മാസം, ദിവസം, നാഴികയ്ക്ക് ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു. കുതിരപ്പടയുടെ സംഖ്യ പതിനായിരം മടങ്ങ് ഇരുപതിനായിരം എന്നു ഞാൻ കേട്ടു. ഞാൻ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടത് എങ്ങനെയെന്നാൽ: അവർക്കു തീ നിറവും രക്തനീലവും ഗന്ധകവർണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽനിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു. വായിൽനിന്നു പുറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചുപോയി.

പങ്ക് വെക്കു
വെളിപ്പാട് 9 MALOVBSI

വെളിപ്പാട് 9:13-18 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

പിന്നീട് ആറാമത്തെ മാലാഖ കാഹളമൂതി. അപ്പോൾ ദൈവത്തിന്റെ മുമ്പിലുള്ള സ്വർണബലിപീഠത്തിന്റെ നാലു കൊമ്പുകളിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടു. കാഹളം കൈയിലുള്ള മാലാഖയോട്, “യൂഫ്രട്ടീസ് നദിയുടെ തീരത്തു ബന്ധിച്ചിരിക്കുന്ന നാലു മാലാഖമാരെയും അഴിച്ചുവിടുക” എന്നു പറയുന്നതായിരുന്നു ആ ശബ്ദം. ഉടനെ ആ മാലാഖമാരെ അഴിച്ചുവിട്ടു. മനുഷ്യരാശിയുടെ മൂന്നിലൊന്നു ഭാഗത്തെ കൊന്നൊടുക്കുവാനുള്ള നാഴികയ്‍ക്കും ദിവസത്തിനും മാസത്തിനും വർഷത്തിനുംവേണ്ടി ഒരുക്കപ്പെട്ടവരാണ് അവർ. കുതിരപ്പടയുടെ സംഖ്യ പതിനായിരത്തിന്റെ ഇരുപതിനായിരം മടങ്ങ് എന്നു ഞാൻ കേട്ടു. ആ കുതിരപ്പടയെ ദർശനത്തിൽ ഞാൻ കണ്ടത് ഇങ്ങനെയാണ്: കുതിരപ്പുറത്തിരുന്നവർ അഗ്നിയുടെയും ഇന്ദ്രനീലത്തിന്റെയും ഗന്ധകത്തിന്റെയും നിറമുള്ള കവചം ധരിച്ചിരിക്കുന്നു. സിംഹത്തിൻറേതുപോലെ തലയുള്ള കുതിരയുടെ വായിൽനിന്നു തീയും ഗന്ധകവും പുകയും പുറപ്പെട്ടിരുന്നു. ഈ മൂന്നു മഹാമാരികൾമൂലം മനുഷ്യരാശിയുടെ മൂന്നിലൊന്നു നശിച്ചുപോയി. ആ കുതിരയുടെ വായിൽനിന്നു പുറപ്പെട്ട അഗ്നിയും പുകയും ഗന്ധകവുംകൊണ്ടു തന്നെ.

പങ്ക് വെക്കു
വെളിപ്പാട് 9 MALCLBSI

വെളിപ്പാട് 9:13-18 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ആറാമത്തെ ദൂതൻ കാഹളം ഊതി; അപ്പോൾ ദൈവസന്നിധിയിലുള്ള സ്വർണ്ണയാഗപീഠത്തിലെ നാലു കൊമ്പുകളിൽനിന്ന് ഒരു ശബ്ദം വരുന്നത് ഞാൻ കേട്ടു. ആ ശബ്ദം കാഹളം കയ്യിലുള്ള ആറാം ദൂതനോട് പറഞ്ഞത്, “യൂഫ്രട്ടീസ് എന്ന മഹാനദിക്കരികെ ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെ അഴിച്ചുവിടുക.” മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാനായി, ഒരു മണിക്കൂറിനും ഒരു ദിവസത്തിനും ഒരു മാസത്തിനും ഒരു വർഷത്തിനും ഒരുക്കിയിരുന്ന നാലു ദൂതന്മാരെ അഴിച്ചുവിട്ടു. കുതിരപ്പടയുടെ സംഖ്യ ആയിരം മടങ്ങ് രണ്ടുലക്ഷം എന്നു ഞാൻ കേട്ടു. ഞാൻ കുതിരകളെയും കുതിരപ്പുറത്ത് ഇരിക്കുന്നവരെയും എന്‍റെ ദർശനത്തിൽ കണ്ടത് എങ്ങനെ എന്നാൽ: അവരുടെ മാർകവചങ്ങൾ തീകൊണ്ടുള്ളതും, ചുവന്ന സ്ഫടികവും ഗന്ധകവും പോലെ ഉള്ളതും ആയിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; അവയുടെ വായിൽ നിന്നും തീയും പുകയും ഗന്ധകവും വമിച്ചു. അവയുടെ വായിൽനിന്നു പുറപ്പെട്ട തീ, പുക, ഗന്ധകം എന്നിവയാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു.

പങ്ക് വെക്കു
വെളിപ്പാട് 9 IRVMAL

വെളിപ്പാട് 9:13-18 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആറാമത്തെ ദൂതൻ ഊതി; അപ്പോൾ ദൈവസന്നിധിയിലെ സ്വർണ്ണ പീഠത്തിന്റെ കൊമ്പുകളിൽനിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു: യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാൻ കേട്ടു. ഉടനെ മനുഷ്യരിൽ മൂന്നിലൊന്നിനെ കൊല്ലുവാൻ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു. കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാൻ കേട്ടു. ഞാൻ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദർശനത്തിൽ കണ്ടതു എങ്ങനെ എന്നാൽ: അവർക്കു തീനിറവും രക്തനീലവും ഗന്ധകവർണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായിൽ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു. വായിൽ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാൽ മനുഷ്യരിൽ മൂന്നിലൊന്നു മരിച്ചുപോയി.

വെളിപ്പാട് 9:13-18 MCV (സമകാലിക മലയാളവിവർത്തനം)

ആറാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ ദൈവസന്നിധിയിലുള്ള തങ്കയാഗപീഠത്തിന്റെ നാലു കൊമ്പുകളിൽനിന്നും ഒരു ശബ്ദം വരുന്നതു ഞാൻ കേട്ടു. കാഹളം വഹിച്ചിരുന്ന ആറാമത്തെ ദൂതനോട് ആ ശബ്ദം, “യൂഫ്രട്ടീസ് മഹാനദിയുടെ തീരത്തു ബന്ധിതരായിട്ടുള്ള നാലു ദൂതന്മാരെയും അഴിച്ചുവിടുക” എന്നു പറഞ്ഞു. ഈ വർഷം, ഈമാസം, ഈ ദിവസം, ഈ മണിക്കൂറിൽ മനുഷ്യരിൽ മൂന്നിലൊന്നു ഭാഗത്തെ കൊന്നുകളയുന്നതിനുവേണ്ടി തയ്യാറാക്കി നിർത്തിയിരുന്ന നാലു ദൂതന്മാരെയും അപ്പോൾ അഴിച്ചുവിട്ടു. അശ്വാരൂഢരായ സൈനികരുടെ എണ്ണം ഇരുപതുകോടിയാണ് എന്നു പറയുന്നതു ഞാൻ കേട്ടു. തുടർന്ന്, കുതിരകളെയും അതിന്മേൽ ഇരിക്കുന്നവരെയും ഞാൻ ദർശനത്തിൽ കണ്ടു. കുതിരപ്പുറത്തിരിക്കുന്നവരുടെ കവചങ്ങൾ തീയുടെനിറവും കടുംനീലയും ഗന്ധകവർണവുമായിരുന്നു. കുതിരകളുടെ തല സിംഹങ്ങളുടേതുപോലെ ആയിരുന്നു. അവയുടെ വായിൽനിന്ന് തീയും പുകയും ഗന്ധകവും വമിച്ചുകൊണ്ടിരുന്നു. അങ്ങനെ ബഹിർഗമിച്ചുകൊണ്ടിരുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധകളാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു.

പങ്ക് വെക്കു
വെളിപ്പാട് 9 MCV