വെളിപ്പാട് 5:5-14
വെളിപ്പാട് 5:5-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ മൂപ്പന്മാരിൽ ഒരുത്തൻ എന്നോട്: കരയേണ്ടാ; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴു മുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഞാൻ സിംഹാസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മധ്യത്തിലും ഒരു കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന് ഏഴു കൊമ്പും, സർവഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ട്. അവൻ വന്നു സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലംകൈയിൽനിന്നു പുസ്തകം വാങ്ങി. വാങ്ങിയപ്പോൾ നാലു ജീവികളും ഇരുപത്തിനാലു മൂപ്പന്മാരും ഓരോരുത്തൻ വീണയും വിശുദ്ധന്മാരുടെ പ്രാർഥന എന്ന ധൂപവർഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു. പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സർവഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന് അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ട് അവർ പാടുന്നു. പിന്നെ ഞാൻ ദർശനത്തിൽ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു. അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതൊക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്ത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നത് ഞാൻ കേട്ടു. നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.
വെളിപ്പാട് 5:5-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എങ്കിലും മൂപ്പന്മാരിൽ ഒരുവൻ എന്നോട് പറഞ്ഞത്: കരയേണ്ടാ; നോക്കൂ, യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ ചുരുൾ തുറക്കുവാനും അതിന്‍റെ ഏഴുമുദ്രയും അഴിപ്പാനും തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു. സിംഹസനത്തിൻ്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാട് അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു ഞാൻ കണ്ടു: അവനു ഏഴു കൊമ്പും ഭൂമിയിൽ എല്ലായിടത്തേക്കും അയച്ചിരിക്കുന്ന ദൈവത്തിന്‍റെ ഏഴു ആത്മാക്കളായ ഏഴു കണ്ണും ഉണ്ട്. അവൻ ചെന്നു സിംഹാസനത്തിൽ ഇരിക്കുന്നവൻ്റെ വലങ്കയ്യിൽ നിന്നു ചുരുൾ വാങ്ങി. അവൻ ചുരുൾ വാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തിനാല് മൂപ്പന്മാരും കുഞ്ഞാടിൻ്റെ മുമ്പാകെ വീണു. ഓരോരുത്തനു വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന സുഗന്ധം നിറഞ്ഞ സ്വർണ്ണപാത്രവും ഉണ്ടായിരുന്നു. അവർ ഒരു പുതിയ പാട്ട് പാടി: ചുരുൾ വാങ്ങുവാനും അതിന്റെ മുദ്ര തുറക്കുവാനും നീ യോഗ്യൻ; “അങ്ങ് അറുക്കപ്പെട്ടു അങ്ങേയുടെ രക്തംകൊണ്ടു സകലഗോത്രത്തിലും ഭാഷയിലും വംശത്തിലും ജനതയിലും നിന്നുള്ള ജനങ്ങളെ അങ്ങ് ദൈവത്തിനായി വിലയ്ക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിനായി അങ്ങ് ഞങ്ങളെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴും.” പിന്നെ ഞാൻ നോക്കിയപ്പോൾ സിംഹാസനത്തിൻ്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും അനേകം ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം ഇരട്ടി പതിനായിരവും ആയിരം ആയിരവും ആയിരുന്നു. അവർ അത്യുച്ചത്തിൽ പറഞ്ഞത്: “അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ.” സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളത് ഒക്കെയും പറയുന്നതായി ഞാൻ കേട്ടത്: “സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും അധികാരവും എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ.” അപ്പോൾ നാലു ജീവികളും, “ആമേൻ!” എന്നു പറഞ്ഞു; ഇരുപത്തിനാല് മൂപ്പന്മാരും എന്നെന്നേക്കും ഇരിക്കുന്നവനെ വീണു ആരാധിച്ചു.
വെളിപ്പാട് 5:5-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ മൂപ്പന്മാരിൽ ഒരുത്തൻ എന്നോടു: കരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവൻ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാൻ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഞാൻ സിംഹസനത്തിന്റെയും നാലു ജീവികളുടെയും നടുവിലും മൂപ്പന്മാരുടെ മദ്ധ്യത്തിലും ഒരു കുഞ്ഞാടു അറുക്കപ്പെട്ടതുപോലെ നില്ക്കുന്നതു കണ്ടു: അതിന്നു ഏഴു കൊമ്പും സർവ്വഭൂമിയിലേക്കും അയച്ചിരിക്കുന്ന ഏഴു ദൈവാത്മാക്കൾ ആയ ഏഴു കണ്ണും ഉണ്ടു. അവൻ വന്നു സിംഹാസനത്തിൽ ഇരിക്കുന്നവന്റെ വലങ്കയ്യിൽ നിന്നു പുസ്തകം വാങ്ങി. വാങ്ങിയപ്പോൾ നാലുജീവികളും ഇരുപത്തുനാലു മൂപ്പന്മാരും ഓരോരുത്തൻ വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ടു കുഞ്ഞാടിന്റെ മുമ്പാകെ വീണു. പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തംകൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി; ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവർ ഭൂമിയിൽ വാഴുന്നു എന്നൊരു പുതിയ പാട്ടു അവർ പാടുന്നു. പിന്നെ ഞാൻ ദർശനത്തിൽ സിംഹാസനത്തിന്റെയും ജീവികളുടെയും മൂപ്പന്മാരുടെയും ചുറ്റിലും ഏറിയ ദൂതന്മാരുടെ ശബ്ദം കേട്ടു; അവരുടെ എണ്ണം പതിനായിരം പതിനായിരവും ആയിരം ആയിരവും ആയിരുന്നു. അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാടു ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു. സ്വർഗ്ഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും സമുദ്രത്തിലും ഉള്ള സകല സൃഷ്ടിയും അവയിലുള്ളതു ഒക്കെയും: സിംഹാസനത്തിൽ ഇരിക്കുന്നവനും കുഞ്ഞാടിനും സ്തോത്രവും ബഹുമാനവും മഹത്വവും ബലവും എന്നെന്നേക്കും ഉണ്ടാകട്ടെ എന്നു പറയുന്നതു ഞാൻ കേട്ടു. നാലു ജീവികളും: ആമേൻ എന്നു പറഞ്ഞു; മൂപ്പന്മാർ വീണു നമസ്കരിച്ചു.
വെളിപ്പാട് 5:5-14 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ മുഖ്യന്മാരിൽ ഒരാൾ എന്നോട്; “കരയേണ്ട, യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ സിംഹാസനാവകാശിയും ആയവൻ ഇതാ വിജയിയായിരിക്കുന്നു. പുസ്തകവും ചുരുളും അതിന്റെ ഏഴു മുദ്രയും തുറക്കാൻ അവിടന്നു യോഗ്യൻ” എന്നു പറഞ്ഞു. സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കും മധ്യത്തിൽ ഒരു കുഞ്ഞാട് അറക്കപ്പെട്ടതുപോലെ നിൽക്കുന്നതു ഞാൻ കണ്ടു. ആ കുഞ്ഞാടിന്, ഭൂമിയിലെല്ലായിടത്തേക്കും അയയ്ക്കപ്പെട്ട ദൈവാത്മാക്കളായ ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായിരുന്നു. കുഞ്ഞാട് വന്ന് സിംഹാസനസ്ഥന്റെ വലതുകൈയിൽനിന്ന് ചുരുൾ വാങ്ങി. വാങ്ങിയപ്പോൾ നാലു ജീവികളും ഇരുപത്തിനാലു മുഖ്യന്മാരും കുഞ്ഞാടിന്റെ മുമ്പാകെ വീണുപ്രണമിച്ചു. ഓരോരുത്തരും ഓരോ വീണയും അവർ വിശുദ്ധരുടെ പ്രാർഥനകൾ എന്ന ധൂപവർഗം നിറച്ച തങ്കക്കലശങ്ങളും പിടിച്ചിരുന്നു. അവർ പുതിയൊരു കീർത്തനം ആലപിച്ചു: “അങ്ങ് (യാഗമൃഗമെന്നപോലെ) അറക്കപ്പെടുകയും അവിടത്തെ രക്തത്താൽ സകലഗോത്രങ്ങളിലും ഭാഷകളിലും ജനവിഭാഗങ്ങളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിൽ വാഴേണ്ടതിനായി അവരെ നമ്മുടെ ദൈവത്തിനു രാജ്യവും പുരോഹിതരും ആക്കിയിരിക്കുന്നു. ആകയാൽ ചുരുൾ വാങ്ങാനും മുദ്രകൾ തുറക്കാനും അങ്ങ് യോഗ്യൻതന്നെ.” ഞാൻ ദർശനത്തിൽ, സിംഹാസനത്തിനും ജീവികൾക്കും മുഖ്യന്മാർക്കു ചുറ്റിലുമായി അസംഖ്യം ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം ആയിരം ആയിരവും പതിനായിരം പതിനായിരവും ആയിരുന്നു. അവർ അത്യുച്ചശബ്ദത്തിൽ: “അറക്കപ്പെട്ട കുഞ്ഞാട്, ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും സ്വീകരിക്കാൻ യോഗ്യൻ!” എന്നു പറയുന്നു. അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും, “സിംഹാസനസ്ഥനും കുഞ്ഞാടിനും സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും, എന്നും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ!” എന്നു പറയുന്നതു ഞാൻ കേട്ടു. നാലു ജീവികളും ആമേൻ എന്നു പറഞ്ഞു; മുഖ്യന്മാർ സാഷ്ടാംഗം വീണ് ആരാധിച്ചു.