വെളിപ്പാട് 3:2-6

വെളിപ്പാട് 3:2-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണതയുള്ളതായി കണ്ടില്ല. ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തത് എങ്ങനെ എന്ന് ഓർത്ത് അത് കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏത് നാഴികയ്ക്കു നിന്റെമേൽ വരും എന്ന് നീ അറികയും ഇല്ല. എങ്കിലും ഉടുപ്പു മലിനമാകാത്ത കുറെ പേർ സർദ്ദിസിൽ നിനക്കുണ്ട്. അവർ യോഗ്യന്മാരാകയാൽ വെള്ള ധരിച്ചും കൊണ്ട് എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മായിച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

വെളിപ്പാട് 3:2-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഉണരുക! മരണം ആസന്നമായി അവശേഷിച്ചിട്ടുള്ളവരെ ശക്തീകരിക്കുക. എന്റെ ദൈവത്തിന്റെ ദൃഷ്‍ടിയിൽ നിന്റെ പ്രവൃത്തികൾ കുറ്റമറ്റതായി ഞാൻ കണ്ടില്ല. അതുകൊണ്ട് നിനക്കു ലഭിച്ച സന്ദേശം ഓർത്തുകൊള്ളുക. അതു മുറുകെപ്പിടിക്കുകയും അനുതപിക്കുകയും ചെയ്യുക. നീ ഉണരുന്നില്ലെങ്കിൽ ഞാൻ ഒരു കള്ളനെപ്പോലെ വരും. ഏതു വിനാഴികയിലാണു ഞാൻ വരുന്നതെന്നു നീ അറിയുകയില്ല. എങ്കിലും തങ്ങളുടെ വസ്ത്രം മലിനപ്പെടുത്താത്ത കുറെപ്പോർ സർദ്ദീസിലുണ്ട്. അവർ ശുഭ്രവസ്ത്രം അണിഞ്ഞ് എന്റെകൂടെ നടക്കും. അതിന്, അവർ യോഗ്യരാണ്. ജയിക്കുന്നവൻ ശുഭ്രവസ്ത്രം ധരിക്കും; ജീവന്റെ പുസ്തകത്തിൽനിന്ന് അവന്റെ പേർ ഞാൻ മായിച്ചുകളയുകയില്ല. എന്റെ പിതാവിന്റെയും അവിടുത്തെ മാലാഖമാരുടെയും മുമ്പിൽ ഞാൻ അവന്റെ പേർ അംഗീകരിക്കും. “സഭകളോട് ആത്മാവ് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ.

വെളിപ്പാട് 3:2-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഉണരുക; മരിക്കാറായ ശേഷിപ്പുകളെ ശക്തീകരിക്ക; എന്തുകൊണ്ടെന്നാൽ ഞാൻ നിന്‍റെ പ്രവൃത്തി ദൈവത്തിന്‍റെ കണ്ണിൽ പൂർണ്ണതയുള്ളതായി കണ്ടില്ല. അതുകൊണ്ട് നീ പ്രാപിക്കുകയും കേൾക്കുകയും ചെയ്തതു എന്ത് എന്നു ഓർത്തു കാത്തു സൂക്ഷിക്കുകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ ഒരു കള്ളനെപ്പോലെ വരും; ഏത് സമയത്ത് ഞാൻ നിനക്കെതിരെ വരും എന്നു നീ അറിയുകയും ഇല്ല. എങ്കിലും തങ്ങളുടെ വസ്ത്രം അഴുക്കാക്കാത്ത കുറെ പേർ സർദ്ദിസിലുണ്ട്. അവർ യോഗ്യതയുള്ളവരാകയാൽ വെള്ളധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളവസ്ത്രം ധരിക്കും; അവന്‍റെ പേരു ഞാൻ ഒരിക്കലും ജീവപുസ്തകത്തിൽനിന്ന് മായിച്ചു കളയാതെ എന്‍റെ പിതാവിന്‍റെ സന്നിധിയിലും അവന്‍റെ ദൂതന്മാരുടെ മുമ്പാകെയും ഞാൻ ഏറ്റുപറയും. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.

വെളിപ്പാട് 3:2-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഉണർന്നുകൊൾക; ചാവാറായ ശേഷിപ്പുകളെ ശക്തീകരിക്ക; ഞാൻ നിന്റെ പ്രവൃത്തി എന്റെ ദൈവത്തിന്റെ സന്നിധിയിൽ പൂർണ്ണതയുള്ളതായി കണ്ടില്ല. ആകയാൽ നീ പ്രാപിക്കയും കേൾക്കയും ചെയ്തതു എങ്ങനെ എന്നു ഓർത്തു അതു കാത്തുകൊൾകയും മാനസാന്തരപ്പെടുകയും ചെയ്ക. നീ ഉണരാതിരുന്നാൽ ഞാൻ കള്ളനെപ്പോലെ വരും; ഏതു നാഴികെക്കു നിന്റെമേൽ വരും എന്നു നീ അറികയും ഇല്ല. എങ്കിലും ഉടുപ്പു മലിനമാകാത്ത കുറേ പേർ സർദ്ദിസിൽ നിനക്കുണ്ടു. അവർ യോഗ്യന്മാരാകയാൽ വെള്ളധരിച്ചുംകൊണ്ടു എന്നോടുകൂടെ നടക്കും. ജയിക്കുന്നവൻ വെള്ളയുടുപ്പു ധരിക്കും; അവന്റെ പേർ ഞാൻ ജീവപുസ്തകത്തിൽനിന്നു മാച്ചുകളയാതെ എന്റെ പിതാവിന്റെ സന്നിധിയിലും അവന്റെ ദൂതന്മാരുടെ മുമ്പിലും അവന്റെ പേർ ഏറ്റുപറയും. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ.

വെളിപ്പാട് 3:2-6 സമകാലിക മലയാളവിവർത്തനം (MCV)

ഉണരുക! മരണാസന്നനായ നിന്നിൽ അവശേഷിച്ചകാര്യങ്ങൾ ശാക്തീകരിക്കുക. നിന്റെ പ്രവൃത്തികൾ എന്റെ ദൈവത്തിന്റെ മുമ്പിൽ പൂർണതയുള്ളതായി ഞാൻ കണ്ടില്ല. അതുകൊണ്ട്, നീ സ്വീകരിച്ചതും കേട്ടതും ഓർക്കുക: അതു മുറുകെപ്പിടിക്കുക; മാനസാന്തരപ്പെടുക. നീ ജാഗരൂകനായിരുന്നില്ലെങ്കിൽ ഞാൻ കള്ളൻ വരുന്നതുപോലെ വരും, എന്നാൽ ഞാൻ ഏതു സമയത്തു നിന്റെ അടുക്കൽ വരുമെന്നു നീ ഒരിക്കലും അറിയുകയുമില്ല. “എങ്കിലും തങ്ങളുടെ വസ്ത്രങ്ങൾ കളങ്കപ്പെടുത്തിയിട്ടില്ലാത്ത ഏതാനുംപേർ സർദിസിൽ നിനക്കുണ്ട്. അവർ യോഗ്യതനേടിയവരാകുകയാൽ തേജോമയവസ്ത്രം ധരിച്ച് എന്നോടുകൂടെ നടക്കും. വിജയിക്കുന്നവർ അവരെപ്പോലെതന്നെ തേജോമയവസ്ത്രം ധരിക്കും. ഞാൻ ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേര് മായിച്ചുകളയുകയില്ല. മറിച്ച്, അവർ എന്റെ സ്വന്തമെന്ന് പിതാവിന്റെയും അവിടത്തെ ദൂതന്മാരുടെയും സന്നിധിയിൽ ഞാൻ അംഗീകരിക്കും. ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.