വെളിപ്പാട് 22:1-7

വെളിപ്പാട് 22:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു. നദിക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ട്; അതു പന്ത്രണ്ടു വിധം ഫലം കായ്ച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു. യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്ക് ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും. പിന്നെ അവൻ എന്നോട്: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവ് വേഗത്തിൽ സംഭവിക്കേണ്ടതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു. ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.

വെളിപ്പാട് 22:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അതിനുശേഷം സ്ഫടികംപോലെ വെട്ടിത്തിളങ്ങുന്ന ജീവജലനദി ആ മാലാഖ എനിക്കു കാണിച്ചുതന്നു. അതു ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്നു. നദിയുടെ ഇരുകരകളിലും ജീവവൃക്ഷമുണ്ട്. അത് പന്ത്രണ്ടുതരം ഫലങ്ങൾ മാസംതോറും നല്‌കുന്നു; ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ് ആ വൃക്ഷത്തിന്റെ ഇലകൾ. ശാപം ഒന്നും ഇനി ഉണ്ടായിരിക്കുകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം ആ നഗരത്തിൽ ഉണ്ടായിരിക്കും; അവിടുത്തെ ദാസന്മാർ അവിടുത്തെ ആരാധിക്കും. അവിടുത്തെ മുഖം അവർ ദർശിക്കും; അവിടുത്തെ നാമം അവരുടെ നെറ്റിയിലുണ്ടായിരിക്കും. ഇനി രാത്രി ഉണ്ടാകുകയില്ല; ദൈവമായ കർത്താവ് അവരുടെ ദീപമായിരിക്കുന്നതുകൊണ്ട് വിളക്കിന്റെയോ സൂര്യന്റെയോ വെളിച്ചം ഇനി അവർക്ക് ആവശ്യമില്ല. അവർ എന്നേക്കും രാജത്വത്തോടെ വാഴും. പിന്നീട് മാലാഖ എന്നോടു പറഞ്ഞു: “ഈ വചനങ്ങൾ വിശ്വാസയോഗ്യവും സത്യവും ആകുന്നു. സംഭവിക്കേണ്ട കാര്യങ്ങൾ തന്റെ ദാസന്മാർക്ക് കാണിച്ചുകൊടുക്കുവാൻ പ്രവാചകാത്മാക്കളുടെ ദൈവമായ കർത്താവ് തന്റെ ദൂതനെ അയച്ചിരിക്കുന്നു. “ഇതാ, ഞാൻ വേഗം വരുന്നു! ഈ പുസ്തകത്തിലെ പ്രവചനങ്ങൾ അനുസരിക്കുന്നവൻ അനുഗൃഹീതൻ!”

വെളിപ്പാട് 22:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പിന്നെ അവൻ ദൈവത്തിന്‍റെയും കുഞ്ഞാടിൻ്റെയും സിംഹാസനത്തിൽ നിന്നും പുറപ്പെടുന്ന പളുങ്കുപോലെ നിർമ്മലമായ ജീവജലനദി എന്നെ കാണിച്ചു. അതിന്‍റെ വീഥിയുടെ നടുവിൽ നദിയ്ക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടായിരുന്നു; അത് പന്ത്രണ്ടുവിധം ഫലം കായിച്ച് മാസംതോറും അതത് ഫലം കൊടുത്തിരുന്നു; വൃക്ഷത്തിന്‍റെ ഇലകൾ ജനതകൾക്ക് രോഗശാന്തിക്കു നൽകിയിരുന്നു. യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്‍റെയും കുഞ്ഞാടിൻ്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്‍റെ ദാസന്മാർ അവനെ സേവിക്കും. അവർ അവന്‍റെ മുഖംകാണും; അവന്‍റെ പേർ അവരുടെ നെറ്റിയിൽ ഉണ്ടായിരിക്കും. ഇനി രാത്രി അവിടെ ഉണ്ടാകയില്ല; ദൈവമായ കർത്താവ് അവർക്ക് പ്രകാശം നൽകുന്നതുകൊണ്ട് വിളക്കിൻ്റെ വെളിച്ചമോ സൂര്യപ്രകാശമോ അവർക്ക് ആവശ്യമില്ല. അവർ എന്നെന്നേക്കും വാഴും. അവൻ എന്നോട്: “ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; വിശുദ്ധ പ്രവാചകന്മാരുടെ കർത്താവായ ദൈവം വേഗത്തിൽ സംഭവിപ്പാനുള്ളത് തന്‍റെ ദാസന്മാരെ കാണിക്കേണ്ടതിന് തന്‍റെ ദൂതനെ അയച്ചു.“ ഇതാ, ഞാൻ വേഗം വരുന്നു; ഈ പുസ്തകത്തിലെ പ്രവചനത്തിന്‍റെ വചനങ്ങളെ കാത്തുകൊള്ളുന്നവൻ ഭാഗ്യവാൻ.

വെളിപ്പാട് 22:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു. നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു. യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും. ഇനി രാത്രി ഉണ്ടാകയില്ല; ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല. അവർ എന്നെന്നേക്കും രാജാക്കന്മാരായിരിക്കും. പിന്നെ അവൻ എന്നോടു: ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കർത്താവു വേഗത്തിൽ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാർക്കു കാണിച്ചുകൊടുപ്പാൻ തന്റെ ദൂതനെ അയച്ചു ഇതാ, ഞാൻ വേഗത്തിൽ വരുന്നു; ഈ പുസ്തകത്തിലെ പ്രവചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞു.

വെളിപ്പാട് 22:1-7 സമകാലിക മലയാളവിവർത്തനം (MCV)

അതിനുശേഷം, ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്ന് പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്ന പളുങ്കുസമാനം ശുഭ്രമായ ജീവജലനദി ദൂതൻ എനിക്കു കാണിച്ചുതന്നു. നദിയുടെ ഇരുകരയിലും ജീവവൃക്ഷങ്ങൾ ഉണ്ട്; അത് ഓരോ മാസവും ഫലം കായ്ച്ച് പന്ത്രണ്ടുതരം ഫലംനൽകുന്നു. വൃക്ഷത്തിന്റെ ഇലകൾ ജനതകൾക്കു രോഗസൗഖ്യം വരുത്തുന്നതാണ്. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം നഗരമധ്യത്തിൽ ഉള്ളതിനാൽ ഇനിമേലാൽ ഒരു ശാപവും ഉണ്ടാകുകയില്ല. ദൈവത്തെയും കുഞ്ഞാടിനെയും അവിടത്തെ ശുശ്രൂഷകന്മാർ ആരാധിക്കും. അവർ അവിടത്തെ മുഖം ദർശിക്കും. അവരുടെ നെറ്റിമേൽ തിരുനാമം രേഖപ്പെടുത്തിയിരിക്കും. ഇനിമേൽ രാത്രി അവിടെ ഉണ്ടാകുകയില്ല. ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതിനാൽ ദീപപ്രഭയുടെയോ സൂര്യപ്രകാശത്തിന്റെയോ ആവശ്യം അവർക്കുണ്ടാകുകയില്ല. അവർ അനന്തകാലം രാജാക്കന്മാരായി ഭരിക്കും. അതിനുശേഷം ദൂതൻ എന്നോടു പറഞ്ഞത്: “പ്രവാചകന്മാർക്ക് പ്രചോദനമേകിയ ദൈവമായ കർത്താവുതന്നെയാണ് സമീപഭാവിയിൽ സംഭവിക്കാനുള്ളത് അവിടത്തെ ദാസർക്കു പ്രദർശിപ്പിക്കാൻ അവിടത്തെ ദൂതനെ നിയോഗിച്ചിരിക്കുന്നത്, ആയതിനാൽ ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവും ആകുന്നു.” “ഇതാ, ഞാൻ ഉടനെ വരുന്നു! ഈ പ്രവചനപുസ്തകത്തിലെ വചനങ്ങൾ അനുസരിക്കുന്നവർ അനുഗൃഹീതർ.”