വെളിപ്പാട് 22:1-4
വെളിപ്പാട് 22:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു. നദിക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ട്; അതു പന്ത്രണ്ടു വിധം ഫലം കായ്ച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു. യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.
വെളിപ്പാട് 22:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനുശേഷം സ്ഫടികംപോലെ വെട്ടിത്തിളങ്ങുന്ന ജീവജലനദി ആ മാലാഖ എനിക്കു കാണിച്ചുതന്നു. അതു ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്നു പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്നു. നദിയുടെ ഇരുകരകളിലും ജീവവൃക്ഷമുണ്ട്. അത് പന്ത്രണ്ടുതരം ഫലങ്ങൾ മാസംതോറും നല്‌കുന്നു; ജനതകളുടെ രോഗശാന്തിക്കുവേണ്ടിയുള്ളവയാണ് ആ വൃക്ഷത്തിന്റെ ഇലകൾ. ശാപം ഒന്നും ഇനി ഉണ്ടായിരിക്കുകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം ആ നഗരത്തിൽ ഉണ്ടായിരിക്കും; അവിടുത്തെ ദാസന്മാർ അവിടുത്തെ ആരാധിക്കും. അവിടുത്തെ മുഖം അവർ ദർശിക്കും; അവിടുത്തെ നാമം അവരുടെ നെറ്റിയിലുണ്ടായിരിക്കും.
വെളിപ്പാട് 22:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ അവൻ ദൈവത്തിന്‍റെയും കുഞ്ഞാടിൻ്റെയും സിംഹാസനത്തിൽ നിന്നും പുറപ്പെടുന്ന പളുങ്കുപോലെ നിർമ്മലമായ ജീവജലനദി എന്നെ കാണിച്ചു. അതിന്‍റെ വീഥിയുടെ നടുവിൽ നദിയ്ക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടായിരുന്നു; അത് പന്ത്രണ്ടുവിധം ഫലം കായിച്ച് മാസംതോറും അതത് ഫലം കൊടുത്തിരുന്നു; വൃക്ഷത്തിന്‍റെ ഇലകൾ ജനതകൾക്ക് രോഗശാന്തിക്കു നൽകിയിരുന്നു. യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്‍റെയും കുഞ്ഞാടിൻ്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ സേവിക്കും. അവർ അവന്റെ മുഖംകാണും; അവന്‍റെ പേർ അവരുടെ നെറ്റിയിൽ ഉണ്ടായിരിക്കും.
വെളിപ്പാട് 22:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വീഥിയുടെ നടുവിൽ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവൻ എന്നെ കാണിച്ചു. നദിക്കു ഇക്കരെയും അക്കരെയും ജീവവൃക്ഷം ഉണ്ടു; അതു പന്ത്രണ്ടുവിധം ഫലം കായിച്ചു മാസംതോറും അതതു ഫലം കൊടുക്കുന്നു; വൃക്ഷത്തിന്റെ ഇല ജാതികളുടെ രോഗശാന്തിക്കു ഉതകുന്നു. യാതൊരു ശാപവും ഇനി ഉണ്ടാകയില്ല; ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം അതിൽ ഇരിക്കും; അവന്റെ ദാസന്മാർ അവനെ ആരാധിക്കും. അവർ അവന്റെ മുഖംകാണും; അവന്റെ നാമം അവരുടെ നെറ്റിയിൽ ഇരിക്കും.
വെളിപ്പാട് 22:1-4 സമകാലിക മലയാളവിവർത്തനം (MCV)
അതിനുശേഷം, ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്ന് പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്ന പളുങ്കുസമാനം ശുഭ്രമായ ജീവജലനദി ദൂതൻ എനിക്കു കാണിച്ചുതന്നു. നദിയുടെ ഇരുകരയിലും ജീവവൃക്ഷങ്ങൾ ഉണ്ട്; അത് ഓരോ മാസവും ഫലം കായ്ച്ച് പന്ത്രണ്ടുതരം ഫലംനൽകുന്നു. വൃക്ഷത്തിന്റെ ഇലകൾ ജനതകൾക്കു രോഗസൗഖ്യം വരുത്തുന്നതാണ്. ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം നഗരമധ്യത്തിൽ ഉള്ളതിനാൽ ഇനിമേലാൽ ഒരു ശാപവും ഉണ്ടാകുകയില്ല. ദൈവത്തെയും കുഞ്ഞാടിനെയും അവിടത്തെ ശുശ്രൂഷകന്മാർ ആരാധിക്കും. അവർ അവിടത്തെ മുഖം ദർശിക്കും. അവരുടെ നെറ്റിമേൽ തിരുനാമം രേഖപ്പെടുത്തിയിരിക്കും.