വെളിപ്പാട് 21:1-8
വെളിപ്പാട് 21:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്നുതന്നെ, ഇറങ്ങുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. പിന്നെയും അവൻ എന്നോട് അരുളിച്ചെയ്തത്: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന് ഞാൻ ജീവനീരുറവിൽനിന്നു സൗജന്യമായി കൊടുക്കും. ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും; ഞാൻ അവന് ദൈവവും അവൻ എനിക്ക് മകനുമായിരിക്കും. എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറയ്ക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കു പറയുന്ന ഏവർക്കുമുള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.
വെളിപ്പാട് 21:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനുശേഷം പുതിയ ആകാശവും പുതിയ ഭൂമിയും ഞാൻ കണ്ടു; ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി. സമുദ്രവും ഇല്ലാതായി. പിന്നീട് വിശുദ്ധനഗരമായ നവയെരൂശലേം വരനെ എതിരേല്‌ക്കാൻ അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെപ്പോലെ സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽ നിന്നുതന്നെ ഇറങ്ങിവരുന്നതും ഞാൻ കണ്ടു. അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: “ഇതാ, ദൈവത്തിന്റെ വാസം മനുഷ്യരോടുകൂടി ആയിരിക്കുന്നു. അവിടുന്ന് അവരോടുകൂടി വസിക്കും; അവർ അവിടുത്തെ ജനമായിരിക്കും; ദൈവംതന്നെ അവരോടുകൂടി ഉണ്ടായിരിക്കും. അവിടുന്ന് അവരുടെ ദൈവം ആയിരിക്കുകയും ചെയ്യും. അവരുടെ കണ്ണിൽനിന്ന് കണ്ണുനീരെല്ലാം അവിടുന്നു തുടച്ചുകളയും; മരണമോ, കരച്ചിലോ, വിലാപമോ, വേദനയോ ഇനി ഉണ്ടാകുകയില്ല. എന്തെന്നാൽ ആദ്യത്തേതെല്ലാം കഴിഞ്ഞു പോയി.” സിംഹാസനത്തിൽ ഇരിക്കുന്നവൻ ഇങ്ങനെ അരുൾചെയ്തു: “ഇതാ, ഞാൻ സകലവും പുതിയതാക്കുന്നു!” വീണ്ടും അവിടുന്നു പറഞ്ഞു: “എഴുതുക, ഈ വാക്കുകൾ സത്യവും വിശ്വാസയോഗ്യവും ആകുന്നു.” പിന്നീട് അവിടുന്നു പറഞ്ഞു: “പൂർത്തിയായിരിക്കുന്നു! ഞാൻ അല്ഫയും ഓമേഗയും-ആദിയും അന്തവും-ആകുന്നു. ദാഹിക്കുന്നവന് ജീവജലത്തിന്റെ ഉറവയിൽനിന്നു വിലകൂടാതെ ഞാൻ ജലം നല്‌കും. ജേതാവിന് ഇത് അവകാശമായി ലഭിക്കും; ഞാൻ അവന് ദൈവവും അവൻ എനിക്കു പുത്രനും ആയിരിക്കും. എന്നാൽ ഭീരുക്കൾ, അവിശ്വസ്തർ, കൊലപാതകികൾ, മലിനസ്വഭാവികൾ, വ്യഭിചാരികൾ, മന്ത്രവാദികൾ, വിഗ്രഹാരാധകർ എന്നിവർക്കും അസത്യവാദികൾക്കും ഉള്ള പങ്ക് ഗന്ധകം കത്തുന്ന തീപ്പൊയ്കയിലായിരിക്കും. ഇതത്രേ രണ്ടാമത്തെ മരണം.”
വെളിപ്പാട് 21:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ ഞാൻ പുതിയ ഒരു ആകാശവും പുതിയ ഒരു ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഇല്ലാതെ ആയി; സമുദ്രവും ഇനി മേൽ ഇല്ല. ഭർത്താവിനായി അണിയിച്ചൊരുക്കിയ മണവാട്ടിയെപ്പോലെ പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽ, ദൈവസന്നിധിയിൽനിന്ന് തന്നെ, ഇറങ്ങി വരുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻതന്നെ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മേൽ മരണമോ ദുഃഖമോ കരച്ചിലോ വേദനയോ ഉണ്ടാവുകയില്ല; മുമ്പിലുണ്ടായിരുന്നത് കഴിഞ്ഞുപോയി.“ സിംഹാസനത്തിൽ ഇരിക്കുന്നവൻ എന്നോട് പറഞ്ഞത്: “ഇതാ, ഞാൻ സകലവും പുതിയതാക്കുന്നു. അവൻ എന്നോട് പറഞ്ഞത്: എഴുതുക; ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.“ പിന്നെയും അവൻ എന്നോട് അരുളിച്ചെയ്തത്: “അത് സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന് ജിവനീരുറവിൽ നിന്നു സൗജന്യമായി ഞാൻ കൊടുക്കും. ജയിക്കുന്നവൻ എല്ലാം അവകാശമാക്കും; ഞാൻ അവനു ദൈവവും അവൻ എനിക്ക് മകനുമായിരിക്കും. എന്നാൽ ഭീരുക്കൾക്കും, അവിശ്വാസികൾക്കും, അറപ്പുണ്ടാക്കുന്നവർക്കും, കൊലപാതകന്മാർക്കും, ദുർന്നടപ്പുകാർക്കും, ക്ഷുദ്രക്കാർക്കും, ബിംബാരാധികൾക്കും, ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള പങ്ക്, തീയും ഗന്ധകം കത്തുന്ന തീപൊയ്കയിലത്രെ; ഇതു രണ്ടാമത്തെ മരണം.“
വെളിപ്പാട് 21:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു. സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൗജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും. എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം.
വെളിപ്പാട് 21:1-8 സമകാലിക മലയാളവിവർത്തനം (MCV)
പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല. മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും. അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!” സിംഹാസനസ്ഥൻ എന്നോടു പറഞ്ഞത്: “ഇതാ, ഞാൻ സകലത്തെയും പുതിയതാക്കുന്നു.” അവിടന്ന് എന്നോടു തുടർന്ന് കൽപ്പിച്ചത്, “ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവുമാകുകയാൽ ഇവ എഴുതുക.” അവിടന്ന് പിന്നെയും എന്നോട് അരുളിച്ചെയ്തത്: “പര്യവസാനിച്ചിരിക്കുന്നു! ഞാൻ ആൽഫയും ഒമേഗയും—ആരംഭവും അവസാനവും—ആകുന്നു. ദാഹമുള്ളയാൾക്ക് ഞാൻ ജീവജലത്തിന്റെ ഉറവിൽനിന്ന് സൗജന്യമായി കുടിക്കാൻ നൽകും. വിജയിക്കുന്നവർ ഇവയ്ക്കെല്ലാം അവകാശിയാകും. ഞാൻ അവർക്ക് ദൈവവും അവർ എനിക്കു പുത്രരും ആയിരിക്കും. എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”