വെളിപ്പാട് 21:1-27
വെളിപ്പാട് 21:1-27 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിനായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്നുതന്നെ, ഇറങ്ങുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേത് കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്ന് അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. പിന്നെയും അവൻ എന്നോട് അരുളിച്ചെയ്തത്: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന് ഞാൻ ജീവനീരുറവിൽനിന്നു സൗജന്യമായി കൊടുക്കും. ജയിക്കുന്നവന് ഇത് അവകാശമായി ലഭിക്കും; ഞാൻ അവന് ദൈവവും അവൻ എനിക്ക് മകനുമായിരിക്കും. എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറയ്ക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കു പറയുന്ന ഏവർക്കുമുള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം. അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്ന് എന്നോട്: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു. അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നൊരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്നുതന്നെ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നത് കാണിച്ചുതന്നു. അതിന്റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിനു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു. അതിന് പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ട്; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ട്. കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറ് മൂന്നു ഗോപുരം. നഗരത്തിന്റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ട്. എന്നോട് സംസാരിച്ചവന് നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന് പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു. നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ട് അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നെ. അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന് എന്നുവച്ചാൽ ദൂതന്റെ അളവിനു തന്നെ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു. മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു. നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ട് അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം, രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേത് മാണിക്യം, നാലാമത്തേത് മരതകം, അഞ്ചാമത്തേത് നഖവർണി, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് പീതരത്നം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം. പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്ത്; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു. മന്ദിരം അതിൽ കണ്ടില്ല; സർവശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സ് അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു. ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്ത്വം അതിലേക്കു കൊണ്ടുവരും. അതിന്റെ ഗോപുരങ്ങൾ പകൽക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ. ജാതികളുടെ മഹത്ത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും. കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായത് യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.
വെളിപ്പാട് 21:1-27 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിനുശേഷം പുതിയ ആകാശവും പുതിയ ഭൂമിയും ഞാൻ കണ്ടു; ആദ്യത്തെ ആകാശവും ആദ്യത്തെ ഭൂമിയും അപ്രത്യക്ഷമായി. സമുദ്രവും ഇല്ലാതായി. പിന്നീട് വിശുദ്ധനഗരമായ നവയെരൂശലേം വരനെ എതിരേല്‌ക്കാൻ അണിഞ്ഞൊരുങ്ങി വരുന്ന വധുവിനെപ്പോലെ സ്വർഗത്തിൽനിന്ന്, ദൈവസന്നിധിയിൽ നിന്നുതന്നെ ഇറങ്ങിവരുന്നതും ഞാൻ കണ്ടു. അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: “ഇതാ, ദൈവത്തിന്റെ വാസം മനുഷ്യരോടുകൂടി ആയിരിക്കുന്നു. അവിടുന്ന് അവരോടുകൂടി വസിക്കും; അവർ അവിടുത്തെ ജനമായിരിക്കും; ദൈവംതന്നെ അവരോടുകൂടി ഉണ്ടായിരിക്കും. അവിടുന്ന് അവരുടെ ദൈവം ആയിരിക്കുകയും ചെയ്യും. അവരുടെ കണ്ണിൽനിന്ന് കണ്ണുനീരെല്ലാം അവിടുന്നു തുടച്ചുകളയും; മരണമോ, കരച്ചിലോ, വിലാപമോ, വേദനയോ ഇനി ഉണ്ടാകുകയില്ല. എന്തെന്നാൽ ആദ്യത്തേതെല്ലാം കഴിഞ്ഞു പോയി.” സിംഹാസനത്തിൽ ഇരിക്കുന്നവൻ ഇങ്ങനെ അരുൾചെയ്തു: “ഇതാ, ഞാൻ സകലവും പുതിയതാക്കുന്നു!” വീണ്ടും അവിടുന്നു പറഞ്ഞു: “എഴുതുക, ഈ വാക്കുകൾ സത്യവും വിശ്വാസയോഗ്യവും ആകുന്നു.” പിന്നീട് അവിടുന്നു പറഞ്ഞു: “പൂർത്തിയായിരിക്കുന്നു! ഞാൻ അല്ഫയും ഓമേഗയും-ആദിയും അന്തവും-ആകുന്നു. ദാഹിക്കുന്നവന് ജീവജലത്തിന്റെ ഉറവയിൽനിന്നു വിലകൂടാതെ ഞാൻ ജലം നല്‌കും. ജേതാവിന് ഇത് അവകാശമായി ലഭിക്കും; ഞാൻ അവന് ദൈവവും അവൻ എനിക്കു പുത്രനും ആയിരിക്കും. എന്നാൽ ഭീരുക്കൾ, അവിശ്വസ്തർ, കൊലപാതകികൾ, മലിനസ്വഭാവികൾ, വ്യഭിചാരികൾ, മന്ത്രവാദികൾ, വിഗ്രഹാരാധകർ എന്നിവർക്കും അസത്യവാദികൾക്കും ഉള്ള പങ്ക് ഗന്ധകം കത്തുന്ന തീപ്പൊയ്കയിലായിരിക്കും. ഇതത്രേ രണ്ടാമത്തെ മരണം.” അന്ത്യബാധകൾ നിറച്ച കലശങ്ങൾ കൈയിലുണ്ടായിരുന്ന ഏഴു മാലാഖമാരിൽ ഒരാൾ വന്ന്, “വരിക, കുഞ്ഞാടു പരിണയിച്ച മണവാട്ടിയെ കാണിച്ചുതരാം” എന്ന് എന്നോടു പറഞ്ഞു. ആ മാലാഖ ആത്മാവിൽ എന്നെ ഒരു ഉയർന്ന വൻമലയിലേക്കു കൂട്ടിക്കൊണ്ടുപോയി; വിശുദ്ധനഗരമായ യെരൂശലേം സ്വർഗത്തിൽനിന്ന്, ദൈവത്തിന്റെ അടുത്തുനിന്നുതന്നെ, ദിവ്യതേജസ്സോടുകൂടി ഇറങ്ങി വരുന്നതു കാണിച്ചുതന്നു. അതിന്റെ തേജസ്സ് അതുല്യമായ രത്നത്തിൻറേതുപോലെയും സ്വച്ഛസ്ഫടികമായ സൂര്യകാന്തത്തിൻറേതുപോലെയും ആയിരുന്നു. അതിനു പന്ത്രണ്ടു ഗോപുരങ്ങളോടുകൂടിയ ഉയർന്ന ഒരു വൻമതിലുണ്ടായിരുന്നു. ഓരോ ഗോപുരത്തിലും ഓരോ മാലാഖയുണ്ട്. ഇസ്രായേൽ പുത്രന്മാരുടെ ഓരോ ഗോത്രത്തിന്റെയും പേര് ഓരോ ഗോപുരത്തിലും ആലേഖനം ചെയ്തിരുന്നു. ആ ഗോപുരങ്ങൾ കിഴക്കു മൂന്നും, വടക്കു മൂന്നും, തെക്കു മൂന്നും, പടിഞ്ഞാറു മൂന്നും ആയിരുന്നു. നഗരത്തിന്റെ മതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയിൽ കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പോസ്തോലന്മാരുടെ പേരുകളും ഉണ്ട്. നഗരവും അതിന്റെ ഗോപുരങ്ങളും മതിലുകളും അളക്കുന്നതിനുള്ള സ്വർണദണ്ഡ് എന്നോടു സംസാരിച്ച ആളിന്റെ കൈവശം ഉണ്ടായിരുന്നു. സമചതുരമാണു നഗരം. നീളവും വീതിയും സമം. തന്റെ കൈയിലുള്ള ദണ്ഡുകൊണ്ട് അയാൾ അളന്നു. പന്തീരായിരം സ്റ്റേഡിയ അഥവാ രണ്ടായിരത്തിനാനൂറ് കിലോമീറ്റർ ആയിരുന്നു അളവു കണ്ടത്. അതിന്റെ നീളവും വീതിയും ഉയരവും ഒന്നുതന്നെ. ആ മാലാഖ നഗരത്തിന്റെ മതിലും അളന്നു. മനുഷ്യന്റെ തോതനുസരിച്ച് നൂറ്റിനാല്പത്തിനാലു മുഴമായിരുന്നു അതിന്റെ ഉയരം (60 മീറ്റർ). അതുതന്നെ ആയിരുന്നു മാലാഖയുടെയും തോത്. മതിൽ സൂര്യകാന്തശിലകൊണ്ടു നിർമിച്ചതായിരുന്നു. നഗരമാകട്ടെ, സ്വച്ഛസ്ഫടികനിർമ്മലമായ തനിത്തങ്കംകൊണ്ടും, നഗരമതിലിന്റെ അടിസ്ഥാനശിലകൾ സകലവിധ രത്നങ്ങൾകൊണ്ടും അലംകൃതമായിരുന്നു; ഒന്നാമത്തേത് സൂര്യകാന്തവും രണ്ടാമത്തേത് ഇന്ദ്രനീലവും മൂന്നാമത്തേത് മാണിക്യവും നാലാമത്തേത് മരതകവും അഞ്ചാമത്തേത് നഖവർണിയും ആറാമത്തേത് ചുവപ്പുകല്ലും ഏഴാമത്തേത് ചന്ദ്രകാന്തവും എട്ടാമത്തേത് ഗോമേദകവും ഒൻപതാമത്തേത് പുഷ്യരാഗവും പത്താമത്തേത് വൈഡൂര്യവും പതിനൊന്നാമത്തേത് പത്മരാഗവും പന്ത്രണ്ടാമത്തേത് സൗഗന്ധകവും ആയിരുന്നു. പന്ത്രണ്ടു ഗോപുരങ്ങളും പന്ത്രണ്ടു മുത്തുകൾ; ഓരോ ഗോപുരവും ഓരോ മുത്തുകൊണ്ടു നിർമിച്ചതായിരുന്നു. നഗരവീഥി സ്വച്ഛസ്ഫടികനിർമ്മലമായ തനിത്തങ്കം ആയിരുന്നു. നഗരത്തിൽ ദേവാലയമൊന്നും ഞാൻ കണ്ടിട്ടില്ല. സർവശക്തനും സർവാധീശനുമായ ദൈവവും കുഞ്ഞാടുമാണ് അവിടത്തെ ദേവാലയം. നഗരത്തിനു പ്രകാശം ചൊരിയുവാൻ സൂര്യനോ ചന്ദ്രനോ ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ ദൈവതേജസ്സ് അവിടത്തെ പ്രകാശവും, കുഞ്ഞാട് അതിന്റെ വിളക്കുമാണ്. അതിന്റെ പ്രകാശത്തിൽ ജനതകൾ വ്യാപരിക്കും. ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ മഹത്ത്വം അവിടേക്കു കൊണ്ടുവരും. പകൽ ഒരിക്കലും അതിന്റെ ഗോപുരങ്ങൾ അടയ്‍ക്കുകയില്ല; അവിടെ രാത്രി ഇല്ലല്ലോ. ജനതകളുടെ മഹത്ത്വവും ബഹുമാനവും അവിടേക്കു കൊണ്ടുവരും. കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടുള്ളവർ മാത്രമേ അവിടെ പ്രവേശിക്കുകയുള്ളൂ. നിന്ദ്യമായ പ്രവൃത്തികൾ ചെയ്യുകയും അസത്യം സംസാരിക്കുകയും ചെയ്യുന്നവരോ അശുദ്ധമായത് എന്തെങ്കിലുമോ അതിൽ പ്രവേശിക്കുകയില്ല.
വെളിപ്പാട് 21:1-27 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ ഞാൻ പുതിയ ഒരു ആകാശവും പുതിയ ഒരു ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഇല്ലാതെ ആയി; സമുദ്രവും ഇനി മേൽ ഇല്ല. ഭർത്താവിനായി അണിയിച്ചൊരുക്കിയ മണവാട്ടിയെപ്പോലെ പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽ, ദൈവസന്നിധിയിൽനിന്ന് തന്നെ, ഇറങ്ങി വരുന്നത് ഞാൻ കണ്ടു. സിംഹാസനത്തിൽനിന്ന് ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻതന്നെ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടച്ചുകളയും. ഇനി മേൽ മരണമോ ദുഃഖമോ കരച്ചിലോ വേദനയോ ഉണ്ടാവുകയില്ല; മുമ്പിലുണ്ടായിരുന്നത് കഴിഞ്ഞുപോയി.“ സിംഹാസനത്തിൽ ഇരിക്കുന്നവൻ എന്നോട് പറഞ്ഞത്: “ഇതാ, ഞാൻ സകലവും പുതിയതാക്കുന്നു. അവൻ എന്നോട് പറഞ്ഞത്: എഴുതുക; ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.“ പിന്നെയും അവൻ എന്നോട് അരുളിച്ചെയ്തത്: “അത് സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന് ജിവനീരുറവിൽ നിന്നു സൗജന്യമായി ഞാൻ കൊടുക്കും. ജയിക്കുന്നവൻ എല്ലാം അവകാശമാക്കും; ഞാൻ അവനു ദൈവവും അവൻ എനിക്ക് മകനുമായിരിക്കും. എന്നാൽ ഭീരുക്കൾക്കും, അവിശ്വാസികൾക്കും, അറപ്പുണ്ടാക്കുന്നവർക്കും, കൊലപാതകന്മാർക്കും, ദുർന്നടപ്പുകാർക്കും, ക്ഷുദ്രക്കാർക്കും, ബിംബാരാധികൾക്കും, ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള പങ്ക്, തീയും ഗന്ധകം കത്തുന്ന തീപൊയ്കയിലത്രെ; ഇതു രണ്ടാമത്തെ മരണം.“ അന്ത്യബാധകൾ ഏഴും നിറഞ്ഞ ഏഴു പാത്രങ്ങൾ ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുവൻ എന്‍റെ അടുക്കൽ വന്നു പറഞ്ഞത്: “ഇവിടെ വരിക, ഞാൻ കുഞ്ഞാടിൻ്റെ കാന്തയാകുവാനുള്ള മണവാട്ടിയെ കാണിച്ചുതരാം.” അവൻ എന്നെ ആത്മാവിൽ ഉയർന്നതും വലിയതും ആയ ഒരു മലയിൽ കൊണ്ടുപോയി, വിശുദ്ധ യെരൂശലേമെന്ന വലിയ നഗരം സ്വർഗ്ഗത്തിൽനിന്ന്, ദൈവസന്നിധിയിൽനിന്ന് തന്നെ, ദൈവമഹത്വത്തോടെ ഇറങ്ങി വരുന്നത് എനിക്ക് കാണിച്ചുതന്നു. അതിന്റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിന് തുല്യമായി സ്ഫടികസ്വച്ഛമായുള്ള സൂര്യകാന്തംപോലെ ആയിരുന്നു. അതിന് വലിയ ഉയരമുള്ള മതിലും പന്ത്രണ്ടു വാതിലുകളും, വാതിലുകളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ട്; യിസ്രായേൽ മക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേരുകൾ വാതിലുകളിൽ കൊത്തീട്ടും ഉണ്ടായിരുന്നു. കിഴക്ക് മൂന്നു വാതിലുകൾ, വടക്കു മൂന്നു വാതിലുകൾ, തെക്ക് മൂന്നു വാതിലുകൾ പടിഞ്ഞാറു മൂന്നു വാതിലുകൾ. നഗരത്തിന്‍റെ മതിലിന് പന്ത്രണ്ടു അടിസ്ഥാനങ്ങളും അവയിൽ കുഞ്ഞാടിൻ്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പേരുകളും ഉണ്ട്. എന്നോട് സംസാരിച്ചവന് നഗരത്തെയും അതിന്‍റെ വാതിലുകളെയും അതിന്‍റെ മതിലിനെയും അളക്കേണ്ടതിന് ഒരു സ്വർണ്ണകോൽ ഉണ്ടായിരുന്നു. നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ട് അവൻ നഗരത്തെ അളന്നു; ആയിരത്തിരുനൂറ് നാഴിക; അതിന്‍റെ നീളവും വീതിയും ഉയരവും സമം തന്നെ. അവൻ അതിന്‍റെ മതിലും അളന്നു; നൂറ്റിനാല്പത്തിനാല് മുഴം ഘനം; മനുഷ്യന്‍റെ അളവിന് എന്നുവച്ചാൽ ദൂതന്‍റെ അളവിന് തന്നെ. മതിലിന്‍റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിനൊത്ത തങ്കവും ആയിരുന്നു. മതിലിന്‍റെ അടിസ്ഥാനങ്ങൾ സകലവിധ രത്നങ്ങളുംകൊണ്ട് അലങ്കരിച്ചിരുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേത് നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേത് മരതകം, അഞ്ചാമത്തേത് സ്ഫടികക്കല്ല്, ആറാമത്തേത് ചുവപ്പുകല്ല്, ഏഴാമത്തേത് ചന്ദ്രകാന്തം, എട്ടാമത്തേത് ഗോമേദകം, ഒമ്പതാമത്തേത് പുഷ്യരാഗം, പത്താമത്തേത് വൈഡൂര്യം, പതിനൊന്നാമത്തേത് പത്മരാഗം, പന്ത്രണ്ടാമത്തേത് സുഗന്ധിരത്നം. പന്ത്രണ്ടു വാതിലുകളും പന്ത്രണ്ടു മുത്ത്; ഓരോ വാതിലും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ സ്വച്ഛസ്ഫടികത്തിന് തുല്യമായ തങ്കവും ആയിരുന്നു. ഒരു ആലയവും നഗരത്തിൽ ഞാൻ കണ്ടില്ല; സർവ്വശക്തനായ ദൈവമായ കർത്താവും കുഞ്ഞാടും അതിന്‍റെ ആലയം ആകുന്നു. ദൈവതേജസ്സ് നഗരത്തെ പ്രകാശിപ്പിച്ചിരുന്നതുകൊണ്ട് അതിൽ സൂര്യന്‍റെയോ ചന്ദ്രൻ്റേയോ ആവശ്യമില്ലായിരുന്നു; കുഞ്ഞാടും അതിന്‍റെ വിളക്കു ആകുന്നു. രക്ഷിയ്ക്കപ്പെട്ട ജനതകൾ അതിന്‍റെ വെളിച്ചത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും. അതിന്‍റെ വാതിലുകൾ പകൽക്കാലത്ത് അടയ്ക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ. അവർ ജനതകളുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും. കുഞ്ഞാടിൻ്റെ ജീവപുസ്തകത്തിൽ പേർ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധി ഉണ്ടാക്കുന്നതോ, ഏതെങ്കിലും ചതിവോ മ്ലേച്ഛതയോ പ്രവർത്തിക്കുന്നതോ ആയ ഒന്നുംതന്നെ അതിൽ കടക്കുകയില്ല.
വെളിപ്പാട് 21:1-27 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി; സമുദ്രവും ഇനി ഇല്ല. പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു. സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; സിംഹാസനത്തിൽ ഇരിക്കുന്നവൻ: ഇതാ, ഞാൻ സകലവും പുതുതാക്കുന്നു എന്നു അരുളിച്ചെയ്തു. എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു എന്നും അവൻ കല്പിച്ചു. പിന്നെയും അവൻ എന്നോടു അരുളിച്ചെയ്തതു: സംഭവിച്ചുതീർന്നു; ഞാൻ അല്ഫയും ഓമേഗയും ആദിയും അന്തവും ആകുന്നു; ദാഹിക്കുന്നവന്നു ഞാൻ ജിവനീരുറവിൽ നിന്നു സൗജന്യമായി കൊടുക്കും. ജയിക്കുന്നവന്നു ഇതു അവകാശമായി ലഭിക്കും; ഞാൻ അവന്നു ദൈവവും അവൻ എനിക്കു മകനുമായിരിക്കും. എന്നാൽ ഭീരുക്കൾ, അവിശ്വാസികൾ, അറെക്കപ്പെട്ടവർ, കൊലപാതകന്മാർ, ദുർന്നടപ്പുകാർ, ക്ഷുദ്രക്കാർ, ബിംബാരാധികൾ എന്നിവർക്കും ഭോഷ്കുപറയുന്ന ഏവർക്കും ഉള്ള ഓഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേ; അതു രണ്ടാമത്തെ മരണം. അന്ത്യബാധ ഏഴും നിറഞ്ഞ ഏഴു കലശം ഉണ്ടായിരുന്ന ഏഴു ദൂതന്മാരിൽ ഒരുത്തൻ വന്നു എന്നോടു: വരിക, കുഞ്ഞാടിന്റെ കാന്തയായ മണവാട്ടിയെ കാണിച്ചുതരാം എന്നു പറഞ്ഞു. അവൻ എന്നെ ആത്മവിവശതയിൽ ഉയർന്നോരു വന്മലയിൽ കൊണ്ടുപോയി, യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു. അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു. അതിന്നു പൊക്കമുള്ള വന്മതിലും പന്ത്രണ്ടു ഗോപുരവും ഗോപുരങ്ങളിൽ പന്ത്രണ്ടു ദൂതന്മാരും ഉണ്ടു; യിസ്രായേൽമക്കളുടെ പന്ത്രണ്ടു ഗോത്രങ്ങളുടെയും പേർ കൊത്തീട്ടും ഉണ്ടു. കിഴക്കു മൂന്നു ഗോപുരം, വടക്കു മൂന്നു ഗോപുരം, തെക്കു മൂന്നു ഗോപുരം, പടിഞ്ഞാറു മൂന്നു ഗോപുരം. നഗരത്തിന്റെ മതിലിന്നു പന്ത്രണ്ടു അടിസ്ഥാനവും അതിൽ കുഞ്ഞാടിന്റെ പന്ത്രണ്ടു അപ്പൊസ്തലന്മാരുടെ പന്ത്രണ്ടു പേരും ഉണ്ടു. എന്നോടു സംസാരിച്ചവനു നഗരത്തെയും അതിന്റെ ഗോപുരങ്ങളെയും മതിലിനെയും അളക്കേണ്ടതിന്നു പൊന്നുകൊണ്ടുള്ള ഒരു അളവുകോൽ ഉണ്ടായിരുന്നു. നഗരം സമചതുരമായി കിടക്കുന്നു; അതിന്റെ വീതിയും നീളവും സമം. അളവുകോൽകൊണ്ടു അവൻ നഗരത്തെ അളന്നു, ആയിരത്തിരുനൂറു നാഴിക കണ്ടു; അതിന്റെ നീളവും വീതിയും ഉയരവും സമം തന്നേ. അതിന്റെ മതിൽ അളന്നു; മനുഷ്യന്റെ അളവിന്നു എന്നുവെച്ചാൽ ദൂതന്റെ അളവിന്നു തന്നേ, നൂറ്റിനാല്പത്തിനാലു മുഴം ഉണ്ടായിരുന്നു. മതിലിന്റെ പണി സൂര്യകാന്തവും നഗരം സ്വച്ഛസ്ഫടികത്തിന്നൊത്ത തങ്കവും ആയിരുന്നു. നഗരമതിലിന്റെ അടിസ്ഥാനങ്ങൾ സകല രത്നവുംകൊണ്ടു അലങ്കരിച്ചിരിക്കുന്നു; ഒന്നാം അടിസ്ഥാനം സൂര്യകാന്തം രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു മാണിക്യം, നാലാമത്തേതു മരതകം, അഞ്ചാമത്തേതു നഖവർണ്ണി, ആറാമത്തേതു ചുവപ്പുകല്ലു, ഏഴാമത്തേതു പീതരത്നം, എട്ടാമത്തേതു ഗോമേദകം, ഒമ്പതാമത്തേതു പുഷ്യരാഗം, പത്താമത്തേതു വൈഡൂര്യം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു സുഗന്ധിരത്നം. പന്ത്രണ്ടു ഗോപുരവും പന്ത്രണ്ടു മുത്തു; ഓരോ ഗോപുരം ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥി സ്വച്ഛസ്ഫടികത്തിന്നു തുല്യമായ തങ്കവും ആയിരുന്നു. മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു. നഗരത്തിൽ പ്രകാശിപ്പാൻ സൂര്യനും ചന്ദ്രനും ആവശ്യമില്ല; ദൈവതേജസ്സു അതിനെ പ്രകാശിപ്പിച്ചു; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു. ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്വം അതിലേക്കു കൊണ്ടുവരും. അതിന്റെ ഗോപുരങ്ങൾ പകൽക്കാലത്തു അടെക്കുകയില്ല; രാത്രി അവിടെ ഇല്ലല്ലോ. ജാതികളുടെ മഹത്വവും ബഹുമാനവും അതിലേക്കു കൊണ്ടുവരും. കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായതു യാതൊന്നും മ്ലേച്ഛതയും ഭോഷ്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കയില്ല.
വെളിപ്പാട് 21:1-27 സമകാലിക മലയാളവിവർത്തനം (MCV)
പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല. മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും. അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!” സിംഹാസനസ്ഥൻ എന്നോടു പറഞ്ഞത്: “ഇതാ, ഞാൻ സകലത്തെയും പുതിയതാക്കുന്നു.” അവിടന്ന് എന്നോടു തുടർന്ന് കൽപ്പിച്ചത്, “ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവുമാകുകയാൽ ഇവ എഴുതുക.” അവിടന്ന് പിന്നെയും എന്നോട് അരുളിച്ചെയ്തത്: “പര്യവസാനിച്ചിരിക്കുന്നു! ഞാൻ ആൽഫയും ഒമേഗയും—ആരംഭവും അവസാനവും—ആകുന്നു. ദാഹമുള്ളയാൾക്ക് ഞാൻ ജീവജലത്തിന്റെ ഉറവിൽനിന്ന് സൗജന്യമായി കുടിക്കാൻ നൽകും. വിജയിക്കുന്നവർ ഇവയ്ക്കെല്ലാം അവകാശിയാകും. ഞാൻ അവർക്ക് ദൈവവും അവർ എനിക്കു പുത്രരും ആയിരിക്കും. എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.” അന്ത്യബാധകൾ ഏഴും നിറഞ്ഞ ഏഴു കുംഭങ്ങൾ കൈവശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ വന്ന് എന്നോടു പറഞ്ഞത്: “വരിക, കുഞ്ഞാടിന്റെ പത്നിയായിത്തീരേണ്ട മണവാട്ടിയെ ഞാൻ കാണിച്ചുതരാം.” പിന്നെ അയാൾ എന്നെ ആത്മാവിൽ വലുപ്പമേറിയതും ഉന്നതവുമായ ഒരു പർവതത്തിലേക്കു കൂട്ടിക്കൊണ്ടുപോയി; സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതായ ജെറുശലേം എന്ന വിശുദ്ധനഗരം എനിക്കു കാണിച്ചുതന്നു. ദൈവികപ്രഭയിൽ അതു വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു. ആ പ്രഭ ഏറ്റവും വിലയേറിയ രത്നത്തിന്റേതുപോലെ—അച്ഛസ്ഫടികമായ സൂര്യകാന്തത്തിന്റേതുപോലെ ആയിരുന്നു. അതിന് ഉയർന്ന ഒരു വലിയ കോട്ടയും കോട്ടയ്ക്കു പന്ത്രണ്ട് കവാടങ്ങളും കവാടങ്ങളിൽ ഓരോന്നിലും കാവലായി ഓരോ ദൂതന്മാരും ഉണ്ട്. ഓരോ കവാടത്തിലും ഇസ്രായേൽഗോത്രങ്ങളിൽ ഓരോന്നിന്റെയും നാമം രേഖപ്പെടുത്തിയിരിക്കുന്നു. മൂന്നു കവാടങ്ങൾ കിഴക്കും മൂന്നു കവാടങ്ങൾ വടക്കും മൂന്നു കവാടങ്ങൾ തെക്കും മൂന്നു കവാടങ്ങൾ പടിഞ്ഞാറും ആയിരുന്നു. നഗരത്തിന്റെ കോട്ടമതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയിൽ ഓരോന്നിലും കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഓരോരുത്തരുടെ പേരും ഉണ്ട്. എന്നോടു സംസാരിച്ച ദൂതന്റെ കൈവശം നഗരവും അതിന്റെ കവാടങ്ങളും കോട്ടയും അളക്കുന്നതിനു തങ്കംകൊണ്ടുള്ള ഒരു ദണ്ഡ് ഉണ്ടായിരുന്നു. സമചതുരമായിരുന്നു നഗരം; അതിന്റെ നീളവും വീതിയും തുല്യം. ദൂതൻ ദണ്ഡുകൊണ്ടു നഗരത്തെ അളന്നു. അതിന്റെ നീളം ഏകദേശം 2,200 കിലോമീറ്റർ; അതിന്റെ നീളവും വീതിയും ഉയരവും തുല്യമായിരുന്നു. പിന്നെ ദൂതൻ അതിന്റെ കോട്ട അളന്നു. ദൂതൻ അളക്കാൻ ഉപയോഗിച്ച ദണ്ഡ് മാനുഷികമാനദണ്ഡമനുസരിച്ച് അറുപത്തഞ്ച് മീറ്റർ ആയിരുന്നു. കോട്ട നിർമിച്ചിരിക്കുന്നത് സൂര്യകാന്തക്കല്ലുകൊണ്ടും നഗരമാകട്ടെ, അച്ഛസ്ഫടികംപോലെയുള്ള തങ്കംകൊണ്ടുമായിരുന്നു. കോട്ടയുടെ അടിസ്ഥാനശിലകൾ സർവവിധരത്നങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ഒന്നാമത്തെ അടിസ്ഥാനശില സൂര്യകാന്തം, രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം, അഞ്ചാമത്തേതു നഖവർണി, ആറാമത്തേതു ചെമപ്പുകല്ല്, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു ഗോമേദകം, ഒൻപതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു ശ്യാമളവൈഢൂര്യം. പന്ത്രണ്ട് കവാടങ്ങളാകട്ടെ, പന്ത്രണ്ട് മുത്തുകളായിരുന്നു; ഓരോ കവാടവും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ അച്ഛസ്ഫടികത്തിനു തുല്യമായ തങ്കവുമായിരുന്നു. നഗരത്തിൽ വിശുദ്ധമന്ദിരം കണ്ടില്ല; സർവശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആയിരുന്നു. നഗരത്തിൽ പ്രകാശിക്കേണ്ടതിനായി സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം, ദൈവതേജസ്സ് അതിനെ പ്രശോഭിതമാക്കിയിരുന്നു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു. ജനതകൾ അതിന്റെ പ്രകാശത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ സർവപ്രതാപത്തോടുംകൂടെ അതിലേക്കു വന്നുചേരും. അതിന്റെ കവാടങ്ങൾ പകൽ ഒരിക്കലും അടയ്ക്കുകയില്ല; രാത്രി അവിടെ ഉണ്ടായിരിക്കുകയുമില്ല. ജനതകൾ അവരുടെ മഹത്ത്വത്തോടെയും ബഹുമാനത്തോടെയും അതിലേക്കു വരും. കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടവരല്ലാതെ അശുദ്ധിയും മ്ലേച്ഛതയും വ്യാജവും പ്രവർത്തിക്കുന്ന ആർക്കും അതിൽ ഒരിക്കലും പ്രവേശനം ലഭിക്കുകയില്ല.