വെളിപ്പാട് 2:20-23
വെളിപ്പാട് 2:20-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പ് ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസേബെൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ട്. ഞാൻ അവൾക്കു മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും ദുർന്നടപ്പു വിട്ടു മാനസാന്തരപ്പെടുവാൻ അവൾക്ക് മനസ്സില്ല. ഞാൻ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാൽ വലിയ കഷ്ടതയിലും ആക്കിക്കളയും. അവളുടെ മക്കളെയും ഞാൻ കൊന്നുകളയും; ഞാൻ ഉൾപ്പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്ന് സകല സഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്ക് ഏവർക്കും പകരം ചെയ്യും.
വെളിപ്പാട് 2:20-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എങ്കിലും നിനക്കെതിരെ എനിക്ക് ഒരു കാര്യം പറയാനുണ്ട്. താൻ പ്രവാചികയാണെന്നു സ്വയം പറഞ്ഞുകൊണ്ട് എന്റെ ദാസന്മാരെ അനാശാസ്യത്തിനും വിഗ്രഹങ്ങൾക്കു നിവേദിച്ചവ ഭക്ഷിക്കുവാനും ഉപദേശിക്കുകയും പ്രലോഭിപ്പിക്കുകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ വച്ചുപുലർത്തുന്നു. അനുതപിക്കുവാൻ ഞാൻ അവൾക്ക് അവസരം നല്‌കി. എങ്കിലും തന്റെ ദുർമാർഗത്തിൽനിന്നു പിന്തിരിയുവാൻ അവൾ കൂട്ടാക്കിയില്ല. ഇതാ ഞാൻ അവളെ രോഗശയ്യയിലാക്കും. അവളോടൊത്തു വ്യഭിചാരം ചെയ്യുന്നവർ അവളോടുള്ള വേഴ്ചയെക്കുറിച്ച് അനുതപിക്കുന്നില്ലെങ്കിൽ ഞാൻ അവരെ കൊടിയ ദുരിതത്തിലാക്കും. അവളുടെ മക്കളെ ഞാൻ കൊന്നുകളയും. ഞാൻ മനസ്സും ഹൃദയവും പരിശോധിക്കുന്നവരാണെന്ന് എല്ലാ സഭകളും അറിയും. നിങ്ങൾക്കോരുത്തർക്കും അവരവരുടെ പ്രവൃത്തിക്കു തക്കത് ഞാൻ നല്‌കും.
വെളിപ്പാട് 2:20-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എങ്കിലും, നിനക്കെതിരെ ചിലത് പറയുവാനുണ്ട്; താൻ പ്രവാചകി എന്നു സ്വയം അവകാശപ്പെടുകയും എന്‍റെ ദാസന്മാരെ ദുർന്നടപ്പിൽ ഏർപ്പെടുവാനും വിഗ്രഹാർപ്പിതം ഭക്ഷിക്കുവാനും തക്കവണ്ണം വശീകരിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു. ഞാൻ അവൾക്ക് മാനസാന്തരപ്പെടുവാൻ അവസരം കൊടുത്തിട്ടും അധാർമ്മികത വിട്ടു അവൾ മാനസാന്തരപ്പെട്ടില്ല. ജാഗ്രതയായിരിക്ക! അവൾ മാനസാന്തരപ്പെടാതിരുന്നാൽ ഞാൻ അവളെ രോഗകിടക്കയിലും അവളുമായി വ്യഭിചരിക്കുന്നവരെ വലിയ കഷ്ടതയിലും ആക്കിക്കളയും. ഞാൻ അവളുടെ അനുയായികളെയും കൊന്നുകളയും; ഞാൻ മനസ്സിനേയും ഹൃദയവിചാരങ്ങളെയും ശോധന ചെയ്യുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവർത്തികൾക്കൊത്തവിധം ഞാൻ നിങ്ങൾക്ക് ഓരോരുത്തർക്കും പകരം ചെയ്യും.
വെളിപ്പാട് 2:20-23 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാൻ ഉണ്ടു. ഞാൻ അവൾക്കു മാനസാന്തരപ്പെടുവാൻ സമയം കൊടുത്തിട്ടും ദുർന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാൻ അവൾക്കു മനസ്സില്ല. ഞാൻ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാൽ വലിയ കഷ്ടതയിലും ആക്കിക്കളയും. അവളുടെ മക്കളെയും ഞാൻ കൊന്നുകളയും; ഞാൻ ഉൾപൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവൻ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു ഏവർക്കും പകരം ചെയ്യും.
വെളിപ്പാട് 2:20-23 സമകാലിക മലയാളവിവർത്തനം (MCV)
“എന്നാൽ, നിന്നെക്കുറിച്ച് ഒരു കുറ്റം എനിക്കു പറയാനുണ്ട്. ദുർനടപ്പിൽ ഏർപ്പെടാനും വിഗ്രഹാർപ്പിതം ഭക്ഷിക്കാനും എന്റെ ദാസന്മാരെ ഉപദേശിച്ചു വഴിതെറ്റിക്കുന്ന സ്വയംപ്രഖ്യാപിത പ്രവാചികയായ ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു. അവൾക്കു തന്റെ അസാന്മാർഗികതയിൽനിന്ന് അനുതപിക്കാൻ ഞാൻ സമയം നൽകിയെങ്കിലും അതിൽനിന്ന് മാനസാന്തരപ്പെടാൻ അവൾക്കു മനസ്സില്ല. നോക്കുക, ഞാൻ അവളെ കഷ്ടതയുടെ കിടക്കയിലാക്കും; അവളുമായി വ്യഭിചരിക്കുന്നവർ അവൾ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച് അനുതപിക്കാതെ ഇരുന്നാൽ ഞാൻ അവരെയും വലിയ യാതനയിലാക്കും. അവളുടെ മക്കളെയും ഞാൻ വധിച്ചുകളയും. ഞാൻ ഹൃദയങ്ങളെയും മനസ്സുകളെയും പരിശോധിക്കുന്നവനെന്നും ഓരോരുത്തർക്കും തങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി പകരം നൽകുന്നവനെന്നും സകലസഭകളും അറിയും.