വെളിപ്പാട് 2:1-11
വെളിപ്പാട് 2:1-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എഫെസൊസിലെ സഭയുടെ ദൂതന് എഴുതുക: ഏഴു നക്ഷത്രം വലംകൈയിൽ പിടിച്ചുംകൊണ്ട് ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും, നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളർന്നു പോകാഞ്ഞതും ഞാൻ അറിയുന്നു. എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന് ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ട്. നീ ഏതിൽനിന്ന് വീണിരിക്കുന്നു എന്ന് ഓർത്തു മാനസാന്തരപ്പെട്ട് ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്ക് അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും. എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകയ്ക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അത് ഞാനും പകയ്ക്കുന്നു. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും. സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും -നീ ധനവാനാകുന്നുതാനും- തങ്ങൾ യെഹൂദർ എന്നു പറയുന്നെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു. നീ സഹിപ്പാനുള്ളത് പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിനു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്ക് ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവനു രണ്ടാം മരണത്താൽ ദോഷം വരികയില്ല.
വെളിപ്പാട് 2:1-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എഫെസൊസിലെ സഭയുടെ മാലാഖയ്‍ക്ക് എഴുതുക: ഏഴു നക്ഷത്രങ്ങൾ വലത്തു കൈയിലേന്തി ഏഴു വിളക്കുകളുടെ മധ്യേ നടക്കുന്നവൻ പറയുന്നു: നിങ്ങളുടെ പ്രവൃത്തിയും പ്രയത്നവും ക്ഷമാപൂർവമുള്ള സഹനവും, ദുഷ്ടജനത്തെ നിങ്ങൾക്കു വഹിക്കുവാൻ കഴിയുന്നില്ല എന്നതും എനിക്കറിയാം. അപ്പോസ്തോലന്മാരല്ലാതിരിക്കെ, അപ്പോസ്തോലന്മാരെന്നു ഭാവിക്കുന്നവരെ പരീക്ഷിച്ച് അവർ അസത്യവാദികൾ എന്നു നീ കണ്ടുപിടിച്ചിരിക്കുന്നു. നീ ക്ഷമാപൂർവം സഹിച്ചു നില്‌ക്കുന്നു; എന്റെ നാമത്തെപ്രതി പീഡനങ്ങൾ സഹിക്കുന്നെങ്കിലും നീ തളർന്നുപോകുന്നില്ല എന്നു ഞാൻ അറിയുന്നു. എന്നാൽ നിന്നെപ്പറ്റി എനിക്ക് ഒരു കാര്യം പറയുവാനുണ്ട്: ആദ്യമുണ്ടായിരുന്ന സ്നേഹം നീ വിട്ടുകളഞ്ഞു. ഏതവസ്ഥയിൽനിന്നു നീ വീണിരിക്കുന്നു എന്നോർത്ത് അനുതപിച്ച് ആദ്യം നീ ചെയ്തുവന്ന പ്രവൃത്തികൾ ചെയ്യുക. അങ്ങനെ ചെയ്യാതിരുന്നാൽ ഞാൻ നിന്റെ അടുക്കൽ വരികയും നിന്റെ വിളക്ക് തൽസ്ഥാനത്തുനിന്നു നീക്കുകയും ചെയ്യും. അങ്ങനെ വരാതിരിക്കുവാൻ നീ അനുതപിച്ച് ദൈവത്തിങ്കലേക്കു തിരിയുക. എങ്കിലും നിങ്ങളെക്കുറിച്ചുള്ള ഒരു മേന്മ പറയാനുണ്ട്. നിങ്ങൾ നിക്കൊലാവ്യരുടെ പ്രവൃത്തികളെ വെറുക്കുന്നു. ഞാനും അവയെ വെറുക്കുന്നു. ആത്മാവു സഭകളോട് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുവാൻ കൊടുക്കും. സ്മുർന്നയിലെ സഭയുടെ മാലാഖയ്‍ക്കെഴുതുക: മൃതിയടയുകയും വീണ്ടും ജീവൻപ്രാപിക്കുകയും ചെയ്ത ആദിയും അന്തവുമായവൻ ഇങ്ങനെ പറയുന്നു: നിങ്ങളുടെ ക്ലേശഭാരവും ദാരിദ്ര്യവും എനിക്കറിയാം. എങ്കിലും നിങ്ങൾ സമ്പന്നരാകുന്നു. വാസ്തവത്തിൽ യെഹൂദന്മാരല്ലാതിരിക്കെ യെഹൂദന്മാരാണെന്നു പറയുന്നവരുണ്ട്. സാത്താന്റെ ആലയങ്ങളായ അക്കൂട്ടരുടെ ദൂഷണവും ഞാൻ അറിയുന്നു. നിങ്ങൾക്ക് ആസന്നഭാവിയിൽ സഹിക്കുവാനുള്ളത് ഓർത്ത് ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന് പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കും; പത്തു ദിവസത്തേക്കു നിങ്ങൾക്കു കഷ്ടതയുണ്ടാകും. മരണപര്യന്തം വിശ്വസ്തനായിരിക്കുക; എന്നാൽ ജീവകിരീടം ഞാൻ നിനക്കു നല്‌കും. “ആത്മാവു സഭകളോട് അരുൾചെയ്യുന്നത് ചെവിയുള്ളവൻ കേൾക്കട്ടെ: “ജയിക്കുന്നവൻ നിശ്ചയമായും രണ്ടാമത്തെ മരണത്തിന് അധീനനാകുകയില്ല.”
വെളിപ്പാട് 2:1-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എഫെസൊസിലെ സഭയുടെ ദൂതന് എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ട് ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തിയും കഠിനാദ്ധ്വാനവും സഹനവും കൊള്ളരുതാത്തവരെ നിനക്കു സഹിക്കുവാൻ കഴിയാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരിശോധിച്ച് കള്ളന്മാർ എന്നു കണ്ടെത്തിയതും അറിയുന്നു. കൂടാതെ നിന്‍റെ സഹനശക്തിയും എന്‍റെ നാമംനിമിത്തം നീ അദ്ധ്വാനിച്ചതും ക്ഷീണിച്ചുപോകാഞ്ഞതും ഞാൻ അറിയുന്നു. എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്ന ഒരു കുറ്റം എനിക്ക് നിന്നെക്കുറിച്ച് പറയുവാനുണ്ട്. അതുകൊണ്ട് നീ എവിടെനിന്ന് വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്യുക; അല്ലെങ്കിൽ ഞാൻ നിന്റെ അടുക്കൽ വേഗം വരുകയും, നീ മാനസാന്തരപ്പെടാഞ്ഞതിനാൽ നിന്‍റെ നിലവിളക്ക് അതിന്‍റെ സ്ഥാനത്തുനിന്ന് നീക്കി കളയുകയും ചെയ്യും. എങ്കിലും നിക്കൊലാവ്യരുടെ പ്രവൃത്തി നീ വെറുക്കുന്നു എന്നൊരു നന്മ നിനക്കുണ്ട്. അത് ഞാനും വെറുക്കുന്നു. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിൽ ഉള്ള ജീവവൃക്ഷത്തിൻ്റെ ഫലം ഭക്ഷിക്കുവാൻ കൊടുക്കും. സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക: മരിച്ചവനായിരുന്നു എങ്കിലും വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നത്: ഞാൻ നിന്റെ പ്രവൃത്തിയും കഷ്ടതയും ദാരിദ്ര്യവും — നീ സമ്പന്നനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ലാത്ത, സാത്താനെ അനുസരിക്കുന്നവരുടെ കൂട്ടരായ പള്ളിക്കാരായവരുടെ ദൈവദൂഷണവും അറിയുന്നു. നീ സഹിക്കുവാനുള്ളതിനെ ഭയപ്പെടേണ്ടാ; ഇതാ; നിന്നെ പരീക്ഷിക്കേണ്ടതിന് പിശാച് നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിനക്കു ഉപദ്രവം ഉണ്ടാകും; മരണംവരെ വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും. ആത്മാവ് സഭകളോടു പറയുന്നത് എന്തെന്ന് കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന് രണ്ടാം മരണത്താൽ ദോഷം വരികയില്ല.
വെളിപ്പാട് 2:1-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുക: ഏഴു നക്ഷത്രം വലങ്കയ്യിൽ പിടിച്ചുംകൊണ്ടു ഏഴു പൊൻനിലവിളക്കുകളുടെ നടുവിൽ നടക്കുന്നവൻ അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങൾ അപ്പൊസ്തലന്മാർ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാർ എന്നു കണ്ടതും നിനക്കു സഹിഷ്ണതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാൻ അറിയുന്നു. എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു. നീ ഏതിൽനിന്നു വീണിരിക്കുന്നു എന്നു ഓർത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാൽ ഞാൻ വരികയും നീ മാനസാന്തരപ്പെടാഞ്ഞാൽ നിന്റെ നിലവിളക്കു അതിന്റെ നിലയിൽനിന്നു നീക്കുകയും ചെയ്യും. എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു. അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ ദൈവത്തിന്റെ പരദീസയിൽ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാൻ കൊടുക്കും. സ്മൂർന്നയിലെ സഭയുടെ ദൂതന്നു എഴുതുക: മരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവൻ അരുളിച്ചെയ്യുന്നതു: ഞാൻ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങൾ യെഹൂദർ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു. നീ സഹിപ്പാനുള്ളതു പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളിൽ ചിലരെ തടവിൽ ആക്കുവാൻ പോകുന്നു; പത്തു ദിവസം നിങ്ങൾക്കു ഉപദ്രവം ഉണ്ടാകും; മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താൽ ദോഷം വരികയില്ല.
വെളിപ്പാട് 2:1-11 സമകാലിക മലയാളവിവർത്തനം (MCV)
“എഫേസോസിലെ സഭയുടെ ദൂതന് എഴുതുക: “വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചുകൊണ്ട് ഏഴു തങ്കനിലവിളക്കിന്റെ നടുവിൽ നടക്കുന്ന ഞാൻ അരുളിച്ചെയ്യുന്നു: “നിന്റെ പ്രവൃത്തിയും അധ്വാനവും സഹിഷ്ണുതയും ഞാൻ അറിയുന്നു. ദുഷ്ടമനുഷ്യരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലരല്ലെങ്കിലും സ്വയം അപ്പൊസ്തലരെന്നു നടിക്കുന്നവരെ നീ പരിശോധിച്ച് അവർ വ്യാജരാണെന്നു കണ്ടെത്തിയതും ഞാൻ അറിയുന്നു. എന്റെ നാമത്തിനുവേണ്ടി ക്ലേശങ്ങൾ ക്ഷമയോടെ സഹിച്ചിട്ടും തളർന്നുപോകാതിരുന്നതും ഞാൻ അറിയുന്നു. “എങ്കിലും നിനക്കെതിരേ എനിക്ക് ഒരു പരാതിയുണ്ട്: നിന്റെ ആദ്യസ്നേഹം നീ ത്യജിച്ചു. നീ എത്ര ഉയരത്തിൽനിന്നാണ് വീണിരിക്കുന്നത് എന്നു മനസ്സിലാക്കി പശ്ചാത്തപിച്ചുകൊണ്ട് നിന്റെ പഴയ പ്രവൃത്തികൾ പുനരാരംഭിക്കുക. നീ അനുതപിക്കാതിരുന്നാൽ ഞാൻ നിന്റെ അടുക്കൽ വരികയും നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്നു നീക്കിക്കളയുകയും ചെയ്യും. എന്നാൽ, നിക്കൊലാവ്യരുടെ പ്രവൃത്തികൾ നീ വെറുക്കുന്നു എന്ന ഒരു മേന്മ നിനക്കുണ്ട്. അവ ഞാനും വെറുക്കുന്നു. “ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിൽനിന്ന് ഭക്ഷിക്കാൻ കൊടുക്കും. “സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക: “മരിച്ചിട്ട് പുനരുത്ഥാനംചെയ്ത ആദ്യനും അന്ത്യനും ആകുന്ന ഞാൻ അരുളിച്ചെയ്യുന്നു: “നീ സഹിക്കുന്ന കഷ്ടതയും ദാരിദ്ര്യവും—എങ്കിലും നീ ധനികൻതന്നെ—ഞാൻ അറിയുന്നു. തങ്ങൾ യെഹൂദർ അല്ലാതിരിക്കെ യെഹൂദരെന്നു മിഥ്യാഭിമാനം പുലർത്തുന്ന സാത്താന്റെ പള്ളിക്കാർ നിങ്ങളെക്കുറിച്ചു പറയുന്ന അപവാദങ്ങളും ഞാൻ അറിയുന്നു. നിങ്ങൾ സഹിക്കാൻ പോകുന്നതിനെക്കുറിച്ച് ഒട്ടും ഭയപ്പെടരുത്. സൂക്ഷിക്കുക; പിശാചു നിങ്ങളിൽ ചിലരെ തടവിലാക്കി നിങ്ങളെ പരീക്ഷിക്കാൻ പോകുന്നു. പത്തുദിവസം നിങ്ങൾക്കു പീഡനമുണ്ടാകും. മരണംവരെ വിശ്വസ്തനായിരിക്കുക; ഞാൻ ജീവകിരീടം നിനക്കു തരും. “ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് രണ്ടാംമരണത്തിന്റെ ഭീഷണിയില്ല.