വെളിപ്പാട് 13:13-18

വെളിപ്പാട് 13:13-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അത് മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറ് വലിയ അടയാളങ്ങൾ പ്രവർത്തിക്കയും മൃഗത്തിന്റെ മുമ്പിൽ പ്രവർത്തിപ്പാൻ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിനു പ്രതിമ ഉണ്ടാക്കുവാൻ ഭൂവാസികളോടു പറകയും ചെയ്യുന്നു. മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിനും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെയൊക്കെയും കൊല്ലിക്കേണ്ടതിനും മൃഗത്തിന്റെ പ്രതിമയ്ക്ക് ആത്മാവിനെ കൊടുപ്പാൻ അതിനു ബലം ലഭിച്ചു. അത് ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലംകൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‍വാൻ വഹിയാതെയും ആക്കുന്നു. ഇവിടെ ജ്ഞാനംകൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അത് ഒരു മനുഷ്യന്റെ സംഖ്യയത്രേ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറ്.

വെളിപ്പാട് 13:13-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മനുഷ്യർ കാൺകെ അത് ആകാശത്തുനിന്നു ഭൂമിയിലേക്ക് അഗ്നി വർഷിക്കുന്നതുവരെയുള്ള വലിയ അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നു. ആദ്യത്തെ മൃഗത്തിന്റെ മുമ്പിൽവച്ച് ചെയ്യുവാൻ അനുവദിച്ച അദ്ഭുതങ്ങൾ കാണിച്ച് രണ്ടാമത്തെ മൃഗം ഭൂമിയിൽ നിവസിക്കുന്ന മനുഷ്യരെ വഴിതെറ്റിക്കുകയും വാളുകൊണ്ടുള്ള വെട്ടേറ്റിട്ടും അതിനെ അതിജീവിച്ചവന്റെ വിഗ്രഹം ഉണ്ടാക്കുവാൻ ഭൂവാസികളോട് ആവശ്യപ്പെടുകയും ചെയ്തു. വിഗ്രഹത്തിനു ജീവശ്വാസം കൊടുക്കുവാനുള്ള കഴിവ് രണ്ടാമത്തെ മൃഗത്തിനു നല്‌കപ്പെട്ടു. അങ്ങനെ, സംസാരിക്കുവാനും അതിനെ ആരാധിക്കാത്തവരെ വധിക്കുവാനും ആ വിഗ്രഹത്തിനു സാധിച്ചു. ചെറിയവരെന്നോ വലിയവരെന്നോ സമ്പന്നരെന്നോ ദരിദ്രരെന്നോ സ്വതന്ത്രരെന്നോ അടിമകളെന്നോ ഉള്ള ഭേദം കൂടാതെ സകലരെയും വലംകൈയിലോ നെറ്റിയിലോ മുദ്രകുത്താൻ മൃഗം നിർബന്ധിക്കുന്നു. മൃഗത്തിന്റെ പേരോ, പേരിനു പകരമുള്ള സംഖ്യയോ ആയിരിക്കും മുദ്രണം ചെയ്യുന്നത്. ഈ മുദ്രകൂടാതെ വാങ്ങുകയോ വില്‌ക്കുകയോ ചെയ്യുവാൻ സാധ്യമല്ല. ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യയുടെ അർഥം കണ്ടുപിടിക്കട്ടെ. എന്തുകൊണ്ടെന്നാൽ ആ സംഖ്യ ഒരു മനുഷ്യന്റെ പേരിനെ കുറിക്കുന്നു. ആ സംഖ്യ അറുനൂറ്റിഅറുപത്തിയാറ്.

വെളിപ്പാട് 13:13-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അത് ജനങ്ങളുടെ മുമ്പിൽ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറക്കുന്നതുപോലെയുള്ള അത്ഭുതങ്ങൾ പ്രവർത്തിക്കയും ആദ്യമൃഗത്തിൻ്റെ ദൃഷ്ടിയിൽ ചെയ്യുവാൻ തനിക്കു ലഭിച്ച അനുവാദം കൊണ്ടു അത്ഭുതങ്ങൾ പ്രവർത്തിച്ച് ഭൂമിയിൽ ജീവിക്കുന്നവരെ വഞ്ചിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ചിരിക്കുന്ന മൃഗത്തിന്‍റെ പ്രതിമ ഉണ്ടാക്കുവാൻ ഭൂമിയിൽ ജീവിക്കുന്നവരോട് പറയുകയും ചെയ്യുന്നു. മൃഗത്തിന്‍റെ പ്രതിമയ്ക്ക് ജീവൻ നൽകുവാനും, പ്രതിമ സംസാരിക്കേണ്ടതിനും മൃഗത്തിന്‍റെ പ്രതിമയെ ആരാധിക്കാത്തവരെ എല്ലാം കൊല്ലേണ്ടതിനും അതിന് അധികാരം ഉണ്ടായിരുന്നു. അത് ചെറിയവരും വലിയവരും സമ്പന്നന്മാരും സാധുക്കളും സ്വതന്ത്രന്മാരും അടിമകളുമായ എല്ലാവരെയും വലങ്കൈമേലോ നെറ്റിയിലോ ഒരു മുദ്ര സ്വീകരിക്കുവാനും; മുദ്രയോ, മൃഗത്തിന്‍റെ പേരോ, പേരിന്‍റെ സംഖ്യയോ ഇല്ലാത്ത ആർക്കും തന്നെ വാങ്ങുവാനോ വില്ക്കുവാനോ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഇവിടെ ജ്ഞാനംകൊണ്ട് ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്‍റെ സംഖ്യ കണക്കുകൂട്ടട്ടെ: അത് ഒരു മനുഷ്യന്‍റെ സംഖ്യയത്രേ. അവന്‍റെ സംഖ്യ അറുനൂറ്റിഅറുപത്തിയാറ് (666).

വെളിപ്പാട് 13:13-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അതു മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറു വലിയ അടയാളങ്ങൾ പ്രവൃത്തിക്കയും മൃഗത്തിന്റെ മുമ്പിൽ പ്രവൃത്തിപ്പാൻ തനിക്കു ബലം കിട്ടിയ അടയാളങ്ങളെക്കൊണ്ടു ഭൂവാസികളെ തെറ്റിക്കുകയും വാളാൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു പ്രതിമ ഉണ്ടാക്കുവാൻ ഭൂവാസികളോടു പറകയും ചെയ്യുന്നു. മൃഗത്തിന്റെ പ്രതിമ സംസാരിക്കേണ്ടതിന്നും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിന്നു മൃഗത്തിന്റെ പ്രതിമെക്കു ആത്മാവിനെ കൊടുപ്പാൻ അതിന്നു ബലം ലഭിച്ചു. അതു ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും മൃഗത്തിന്റെ പേരോ പേരിന്റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്‌വാൻ വഹിയാതെയും ആക്കുന്നു. ഇവിടെ ജ്ഞാനംകൊണ്ടു ആവശ്യം. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ: അതു ഒരു മനുഷ്യന്റെ സംഖ്യയത്രെ. അതിന്റെ സംഖ്യ അറുനൂറ്ററുപത്താറു.

വെളിപ്പാട് 13:13-18 സമകാലിക മലയാളവിവർത്തനം (MCV)

മനുഷ്യരെല്ലാവരുടെയും കാഴ്ചയിൽ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറക്കുക എന്നിങ്ങനെയുള്ള മഹാത്ഭുതങ്ങൾ അതു പ്രവർത്തിച്ചു. മൃഗത്തിന്റെ മുമ്പിൽ ചെയ്യാൻ തനിക്ക് അനുവാദം ലഭിച്ചിരുന്ന അത്ഭുതചിഹ്നങ്ങൾകൊണ്ട് അത് ഭൂവാസികളെ വഴിതെറ്റിക്കുകയും വാളാൽ മാരകമായ മുറിവേറ്റിട്ടും ജീവനോടിരുന്ന മൃഗത്തിന്റെ പ്രതിമ നിർമിക്കാൻ അവരോടു കൽപ്പിക്കുകയും ചെയ്തു. മൃഗത്തിന്റെ പ്രതിമയ്ക് സംസാരശേഷിലഭിക്കുന്നതിന് അതിന് ആത്മാവിനെ നൽകാനും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെയെല്ലാം കൊല്ലിക്കാനും രണ്ടാംമൃഗത്തിന് അധികാരം ലഭിച്ചു. ചെറിയവരും വലിയവരും, ധനികരും ദരിദ്രരും, സ്വതന്ത്രരും അടിമകളുമായ സകലരും വലതുകൈയിലോ നെറ്റിയിലോ അടയാളം പതിക്കണമെന്ന് അതു നിർബന്ധിച്ചു. മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ ആയ മുദ്രയേൽക്കാത്ത ആർക്കും യാതൊന്നും ക്രയവിക്രയം ചെയ്യാൻ സാധ്യമല്ലാതാക്കിത്തീർത്തു. ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. വിവേകമുള്ളയാൾ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ; അത് ഒരു മനുഷ്യന്റെ സംഖ്യയാണ്; അവന്റെ സംഖ്യ 666.