വെളിപ്പാട് 13:1-9
വെളിപ്പാട് 13:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അപ്പോൾ പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളൊരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നത് ഞാൻ കണ്ടു. ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിനു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു. അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു. മൃഗത്തിന് അധികാരം കൊടുത്തതുകൊണ്ട് അവർ മഹാസർപ്പത്തെ നമസ്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുതുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു. വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിനു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു. അത് ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിനായി വായ്തുറന്നു. വിശുദ്ധന്മാരോടു യുദ്ധം ചെയ്ത് അവരെ ജയിപ്പാനും അതിന് അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു. ലോകസ്ഥാപനംമുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികളൊക്കെയും അതിനെ നമസ്കരിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
വെളിപ്പാട് 13:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നീട് സമുദ്രത്തിൽനിന്ന് ഒരു മൃഗം കയറി വരുന്നതായി ഞാൻ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജകീയ കിരീടവും ഓരോ തലയിലും ദൈവനിന്ദാസൂചകമായ ഓരോ നാമവും ഉണ്ടായിരുന്നു. ഞാൻ കണ്ട ആ മൃഗം പുള്ളിപ്പുലിയെപ്പോലെ ആയിരുന്നെങ്കിലും അതിന്റെ കാല് കരടിയുടേതുപോലെയും വായ് സിംഹത്തിൻറേതുപോലെയും ആയിരുന്നു. ഉഗ്രസർപ്പം തന്റെ അധികാരവും ശക്തിയും സിംഹാസനവും അതിനു നല്‌കി. അതിന്റെ ഒരു തലയിൽ മാരകമായ മുറിവേറ്റിരുന്നതുപോലെ കാണപ്പെട്ടു; എങ്കിലും ആ മുറിവു പൊറുത്തിരുന്നു; സമസ്തലോകവും ആ മൃഗത്തെക്കുറിച്ചു വിസ്മയിച്ചു. തന്റെ അധികാരം മൃഗത്തിനു നല്‌കിയതുകൊണ്ട് ഉഗ്രസർപ്പത്തെ മനുഷ്യർ നമസ്കരിച്ചു. “ഈ മൃഗത്തോടു സമൻ ആരുണ്ട്? ഇതിനോടു പോരാടുവാൻ ആർക്കു കഴിയും?” എന്നു പറഞ്ഞുകൊണ്ട് മനുഷ്യർ അതിനെയും നമസ്കരിച്ചു. ഡംഭും ദൈവദൂഷണവും നിറഞ്ഞ വാക്കുകൾ സംസാരിക്കുന്ന ഒരു വായും അതിനു നല്‌കപ്പെട്ടു. നാല്പത്തിരണ്ടു മാസം അധികാരം നടത്തുവാൻ അതിന് അനുവാദവും നല്‌കപ്പെട്ടു. ദൈവത്തെ ദുഷിക്കുവാൻ അതു വായ് തുറന്നു. ദൈവനാമത്തെയും അവിടുത്തെ വാസസ്ഥലത്തെയും സ്വർഗവാസികളെയും അതു ദുഷിച്ചു. വിശുദ്ധന്മാരോടു യുദ്ധംചെയ്തു ജയിക്കുവാനും അതിന് അധികാരം നല്‌കപ്പെട്ടു. സകല ഗോത്രക്കാരുടെയും വംശക്കാരുടെയും ഭാഷക്കാരുടെയും ജാതികളുടെയും മേലുള്ള അധികാരം അതിനു ലഭിക്കുകയും ചെയ്തു. ബലി അർപ്പിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തിൽ ലോകസ്ഥാപനത്തിനു മുമ്പ് പേരെഴുതപ്പെട്ടിട്ടില്ലാത്ത സകല ഭൂവാസികളും അതിനെ വന്ദിക്കും. ചെവിയുള്ളവൻ ഇതു കേൾക്കട്ടെ. തടവിൽ ആക്കപ്പെടേണ്ടവൻ തടവിലേക്കു പോകുന്നു. വാളുകൊണ്ടു സംഹരിക്കുന്നവൻ വാളിന് ഇരയാകേണ്ടിവരും. ഇവിടെയാണു വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും പ്രകടമാകുന്നത്.
വെളിപ്പാട് 13:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അപ്പോൾ പത്തു കൊമ്പുകളും ഏഴു തലകളും കൊമ്പുകളിൽ പത്തു കിരീടങ്ങളും തലയിൽ ദൈവത്തെ നിന്ദിക്കുന്ന പേരുകളും ഉള്ളൊരു മൃഗം സമുദ്രത്തിൽനിന്നു കയറി വരുന്നത് ഞാൻ കണ്ടു. ഞാൻ കണ്ട മൃഗം പുള്ളിപ്പുലിയെപ്പോലെയും അതിന്‍റെ കാലുകൾ കരടിയുടെ കാലുകൾ പോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിന് സർപ്പം തന്‍റെ ശക്തിയും ഇരിപ്പിടവും വലിയ അധികാരവും കൊടുത്തു. മൃഗത്തിന്‍റെ തലകളിൽ ഒന്നിൽ മാരകമായ ഒരു മുറിവുള്ളതായി കാണപ്പെട്ടു; എന്നാൽ മാരകമായ ആ മുറിവ് സൗഖ്യമായി; സർവ്വഭൂമിയും മൃഗത്തെ കണ്ടു അതിശയിച്ചു. മൃഗത്തിന് തന്‍റെ അധികാരം കൊടുത്ത മഹാസർപ്പത്തെ അവർ ആരാധിച്ചു: മൃഗത്തെപ്പോലെ ആരുള്ളു? അതിന് എതിരെ പൊരുതുവാൻ ആർക്ക് കഴിയും? എന്നു പറഞ്ഞുകൊണ്ട് അവർ മൃഗത്തെയും ആരാധിച്ചു. അഹങ്കാരവും ദൈവനിന്ദയും പറയുന്നതിനുള്ള ഒരു വായ് അതിന് ലഭിച്ചു; നാല്പത്തിരണ്ട് മാസം പ്രവർത്തിപ്പാൻ അതിന് അധികാരം ഉണ്ടായി. ദൈവത്തേയും അവന്‍റെ നാമത്തേയും അവന്‍റെ കൂടാരത്തേയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും നിന്ദിപ്പാൻ വായ് തുറന്നു. വിശുദ്ധന്മാരോട് യുദ്ധം ചെയ്യുവാനും അവരെ ജയിക്കുവാനും അതിന് സാധിക്കുമായിരുന്നു. സകല വംശത്തിന്മേലും ഭാഷമേലും ജനതമേലും കർത്തൃത്വം നടത്തുവാൻ അവനു അധികാരം ഉണ്ടായിരുന്നു. ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ടതായ കുഞ്ഞാടിൻ്റെ ജീവപുസ്തകത്തിൽ പേർ എഴുതപ്പെട്ടിട്ടില്ലാത്തവരായ ഭൂവാസികൾ എല്ലാവരും അതിനെ ആരാധിക്കും. കേൾക്കുവാൻ ചെവിയുള്ളവൻ കേൾക്കട്ടെ.
വെളിപ്പാട് 13:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അപ്പോൾ പത്തുകൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും തലയിൽ ദൂഷണനാമങ്ങളും ഉള്ളോരു മൃഗം സമുദ്രത്തിൽ നിന്നു കയറുന്നതു ഞാൻ കണ്ടു. ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ കാൽ കരടിയുടെ കാൽപോലെയും വായ് സിംഹത്തിന്റെ വായ്പോലെയും ആയിരുന്നു. അതിന്നു മഹാസർപ്പം തന്റെ ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തു. അതിന്റെ തലകളിൽ ഒന്നു മരണകരമായ മുറിവേറ്റതുപോലെ ഞാൻ കണ്ടു; അതിന്റെ മരണകരമായ മുറിവു പൊറുത്തുപോയി; സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചു. മൃഗത്തിന്നു അധികാരം കൊടുത്തതുകൊണ്ടു അവർ മഹാസർപ്പത്തെ നമസ്കരിച്ചു: മൃഗത്തോടു തുല്യൻ ആർ? അതിനോടു പൊരുവാൻ ആർക്കു കഴിയും എന്നു പറഞ്ഞു മൃഗത്തെയും നമസ്കരിച്ചു. വമ്പും ദൂഷണവും സംസാരിക്കുന്ന വായ് അതിന്നു ലഭിച്ചു; നാല്പത്തിരണ്ടു മാസം പ്രവർത്തിപ്പാൻ അധികാരവും ലഭിച്ചു. അതു ദൈവത്തിന്റെ നാമത്തെയും അവന്റെ കൂടാരത്തെയും സ്വർഗ്ഗത്തിൽ വസിക്കുന്നവരെയും ദുഷിപ്പാൻ ദൈവദൂഷണത്തിന്നായി വായ്തുറന്നു. വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിപ്പാനും അതിന്നു അധികാരം ലഭിച്ചു; സകല ഗോത്രത്തിന്മേലും വംശത്തിന്മേലും ഭാഷമേലും ജാതിമേലും അധികാരവും ലഭിച്ചു. ലോകസ്ഥാപനം മുതൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേർ എഴുതീട്ടില്ലാത്ത ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.
വെളിപ്പാട് 13:1-9 സമകാലിക മലയാളവിവർത്തനം (MCV)
അപ്പോൾ സമുദ്രത്തിൽനിന്ന് ഒരു മൃഗം കയറിവരുന്നതു ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു കിരീടവും ഓരോ തലയിലും ദൈവത്തെ നിന്ദിക്കുന്ന നാമങ്ങളും എഴുതപ്പെട്ടിരുന്നു. ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ പാദങ്ങൾ കരടിയുടേതുപോലെയും വായ് സിംഹത്തിന്റേതുപോലെയും ആയിരുന്നു. മഹാവ്യാളി തന്റെ ശക്തിയും സിംഹാസനവും വിപുലമായ അധികാരവും മൃഗത്തിനു കൈമാറി. മൃഗത്തിന്റെ ഒരു തലയിൽ മാരകമായൊരു മുറിവേറ്റിട്ടുണ്ടായിരുന്നതായി കണ്ടു; എന്നാൽ ഇപ്പോൾ അത് ഉണങ്ങിയിരുന്നു. സർവഭൂമിയും അത്ഭുതപ്പെട്ട് മൃഗത്തിന്റെ അനുയായികളായിത്തീർന്നു. മൃഗത്തിന് അധികാരം നൽകിയതു നിമിത്തം മനുഷ്യർ മഹാവ്യാളിയെ ആരാധിച്ചു. “മൃഗത്തിനു തുല്യൻ ആര്? അവനോടു യുദ്ധംചെയ്യാൻ ആർക്കു കഴിയും?” എന്നു പറഞ്ഞ് അവർ മൃഗത്തെ നമസ്കരിച്ചു. അഹന്തനിറഞ്ഞ വാക്കുകളും ദൈവദൂഷണവും സംസാരിക്കുന്ന വായും നാൽപ്പത്തിരണ്ട് മാസം സ്വേച്ഛാധിപതിയായി ഭരണം നടത്താനുള്ള അധികാരവും അതിനു ലഭിച്ചു. ദൈവത്തിനെതിരേ ദൂഷണം പറയാനും അവിടത്തെ നാമത്തെയും തിരുനിവാസത്തെയും സ്വർഗവാസികളെയും നിന്ദിക്കാനും അതു വായ് തുറന്നു. വിശുദ്ധരോടു യുദ്ധംചെയ്ത് അവരെ കീഴടക്കുന്നതിനുള്ള അധികാരം അവനു ലഭിച്ചു. സകലഗോത്രങ്ങളുടെയും ജനവിഭാഗങ്ങളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയും മേലുള്ള അധികാരവും അവനു നൽകപ്പെട്ടു. ലോകസ്ഥാപനംമുതൽ, യാഗമാക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ, പേരെഴുതപ്പെട്ടിട്ടില്ലാത്ത സകലഭൂവാസികളും അതിനെ ആരാധിക്കും. ചെവിയുള്ളവർ കേൾക്കട്ടെ.