സങ്കീർത്തനങ്ങൾ 98:4-9

സങ്കീർത്തനങ്ങൾ 98:4-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സകല ഭൂവാസികളുമായുള്ളോരേ, യഹോവയ്ക്ക് ആർപ്പിടുവിൻ; കൊട്ടിഘോഷിച്ചു കീർത്തനം ചെയ്‍വിൻ. കിന്നരത്തോടെ യഹോവയ്ക്കു കീർത്തനം ചെയ്‍വിൻ; കിന്നരത്തോടും സംഗീതസ്വരത്തോടുംകൂടെ തന്നെ. കാഹളങ്ങളോടും തൂര്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ! സമുദ്രവും അതിന്റെ നിറവും ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ. പ്രവാഹങ്ങൾ കൈകൊട്ടട്ടെ; പർവതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ. അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.

സങ്കീർത്തനങ്ങൾ 98:4-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഭൂവാസികളേ, സർവേശ്വരന് ആഹ്ലാദാരവം മുഴക്കുവിൻ. ആനന്ദഘോഷത്തോടെ സ്തോത്രഗീതം ആലപിക്കുവിൻ. കിന്നരം മീട്ടി സർവേശ്വരനു സ്തോത്രം പാടുവിൻ. കിന്നരത്തോടും ശ്രുതിമധുരമായ സംഗീതത്തോടുംകൂടി പാടുവിൻ. കൊമ്പും കാഹളവും ഊതി, രാജാവായ സർവേശ്വരന്റെ മുമ്പിൽ ആനന്ദഘോഷം ഉയർത്തുവിൻ. സമുദ്രവും അതിലുള്ളവയും, ഭൂമിയും അതിലെ നിവാസികളും ആർത്തുഘോഷിക്കട്ടെ. ജലപ്രവാഹങ്ങൾ സർവേശ്വരന്റെ മുമ്പിൽ കരഘോഷം മുഴക്കട്ടെ. കുന്നുകൾ ഒത്തുചേർന്ന് അവിടുത്തെ മുമ്പിൽ ആനന്ദഗീതം ആലപിക്കട്ടെ. അവിടുന്നു ലോകത്തെ നീതിയോടും ജനതകളെ ന്യായത്തോടും ഭരിക്കും.

സങ്കീർത്തനങ്ങൾ 98:4-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സകലഭൂവാസികളുമേ, യഹോവയ്ക്ക് ആർപ്പിടുവിൻ; ആനന്ദഘോഷത്തോടെ കീർത്തനം ചെയ്യുവിൻ. കിന്നരത്തോടെ യഹോവയ്ക്കു കീർത്തനം ചെയ്യുവിൻ; കിന്നരത്തോടും സംഗീതസ്വരത്തോടും കൂടി തന്നെ. കൊമ്പും കാഹളവും ഊതി രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിക്കുവിൻ! സമുദ്രവും അതിലുള്ളതും ഭൂതലവും അതിൽ വസിക്കുന്നവരും ആരവം മുഴക്കട്ടെ. നദികൾ കൈ കൊട്ടട്ടെ; പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചുഘോഷിക്കട്ടെ. കർത്താവ് ഭൂമിയെ ന്യായം വിധിക്കുവാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജനതകളെ നേരോടുംകൂടി വിധിക്കും.

സങ്കീർത്തനങ്ങൾ 98:4-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ; പൊട്ടിഘോഷിച്ചു കീർത്തനം ചെയ്‌വിൻ. കിന്നരത്തോടെ യഹോവെക്കു കീർത്തനം ചെയ്‌വിൻ; കിന്നരത്തോടും സംഗീതസ്വരത്തോടും കൂടെ തന്നേ. കാഹളങ്ങളോടും തൂര്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ! സമുദ്രവും അതിന്റെ നിറെവും ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ. പ്രവാഹങ്ങൾ കൈകൊട്ടട്ടെ; പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ. അവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.

സങ്കീർത്തനങ്ങൾ 98:4-9 സമകാലിക മലയാളവിവർത്തനം (MCV)

സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക, ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക; കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക, കിന്നരത്തോടും സംഗീതാലാപനത്തോടുംതന്നെ, കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും— രാജാവായ യഹോവയുടെമുമ്പിൽ ആനന്ദഘോഷം മുഴക്കുക. സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ, ഭൂമിയും അതിലധിവസിക്കുന്ന സകലതുംതന്നെ. നദികൾ കരഘോഷം മുഴക്കട്ടെ, മാമലകൾ ഒന്നുചേർന്ന് ആനന്ദകീർത്തനം ആലപിക്കട്ടെ; അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ; അവിടന്നു ഭൂമിയെ ന്യായംവിധിക്കാൻ വരുന്നല്ലോ. അവിടന്ന് ലോകത്തെ നീതിയോടും ജനതകളെ ന്യായപൂർവമായും വിധിക്കും.