സങ്കീർത്തനങ്ങൾ 94:1-7
സങ്കീർത്തനങ്ങൾ 94:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ. ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; ഡംഭികൾക്കു നീ പ്രതികാരം ചെയ്യേണമേ. യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും? അവർ ശകാരിച്ചു ധാർഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു. യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു. അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവർ ഹിംസിക്കുന്നു. യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.
സങ്കീർത്തനങ്ങൾ 94:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ദുഷ്ടരെ ശിക്ഷിക്കുന്ന ദൈവമേ, പ്രത്യക്ഷനായാലും, ലോകത്തിന്റെ ന്യായാധിപതിയേ, എഴുന്നേല്‌ക്കണമേ. അഹങ്കാരികൾക്ക് അർഹമായ ശിക്ഷ നല്‌കണമേ. സർവേശ്വരാ, ദുഷ്ടന്മാർ എത്രനാൾ തങ്ങളുടെ ദുഷ്ടതയിൽ ആഹ്ലാദിക്കും? അവർ ഗർവോടെ വാക്കുകൾ ചൊരിയുന്നു. ദുഷ്കർമികളായ അവർ വമ്പു പറയുന്നു, സർവേശ്വരാ, അവർ അങ്ങയുടെ ജനത്തെ നശിപ്പിക്കുന്നു. അങ്ങയുടെ അവകാശമായ ജനത്തെ പീഡിപ്പിക്കുന്നു. അവർ വിധവയെയും പരദേശിയെയും വധിക്കുന്നു; അനാഥരെ കൊല്ലുന്നു. സർവേശ്വരൻ കാണുന്നില്ല; യാക്കോബിന്റെ ദൈവം ശ്രദ്ധിക്കുന്നില്ല എന്ന് അവർ പറയുന്നു.
സങ്കീർത്തനങ്ങൾ 94:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രതികാരത്തിന്‍റെ ദൈവമായ യഹോവേ, പ്രതികാരം ചെയ്യുവാൻ അധികാരമുള്ള ദൈവമേ, അങ്ങയുടെ ക്രോധം പ്രദര്‍ശിപ്പിക്കേണമേ. ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; ഡംഭികൾക്ക് അങ്ങ് പ്രതികാരം ചെയ്യേണമേ. യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും? അവർ ധാർഷ്ട്യത്തോടെ ശകാരിച്ച് സംസാരിക്കുന്നു; നീതികേട് പ്രവർത്തിക്കുന്ന ഏവരും വമ്പ് പറയുന്നു. യഹോവേ, അവർ അങ്ങേയുടെ ജനത്തെ തകർത്തുകളയുന്നു; അങ്ങേയുടെ അവകാശത്തെ പീഡിപ്പിക്കുന്നു. അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥരെ അവർ ഹിംസിക്കുന്നു. “യഹോവ കാണുകയില്ല; യാക്കോബിന്‍റെ ദൈവം ഗ്രഹിക്കുകയില്ല” എന്നു അവർ പറയുന്നു.
സങ്കീർത്തനങ്ങൾ 94:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ. ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; ഡംഭികൾക്കു നീ പ്രതികാരം ചെയ്യേണമേ. യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും? അവർ ശകാരിച്ചു ധാർഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു. യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു. അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവർ ഹിംസിക്കുന്നു. യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.
സങ്കീർത്തനങ്ങൾ 94:1-7 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശം പരത്തണമേ. ഭൂമിയുടെ ന്യായാധിപതിയേ, എഴുന്നേൽക്കണമേ; അഹങ്കാരികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകണമേ. ദുഷ്ടർ ഇനിയും എത്രനാൾ, യഹോവേ, ദുഷ്ടർ എത്രനാൾ തിമിർത്താഹ്ലാദിക്കും? അഹന്തനിറഞ്ഞ വാക്കുകൾ അവർ ഉരുവിടുന്നു; അധർമികൾ എല്ലാവരും വമ്പുപറയുന്നു. യഹോവേ, അവിടത്തെ ജനത്തെ അവർ ഞെരിച്ചമർത്തുന്നു; അങ്ങയുടെ അവകാശത്തെ അവർ പീഡിപ്പിക്കുന്നു. വിധവകളെയും പ്രവാസികളെയും അവർ കൊന്നൊടുക്കുന്നു; അനാഥരെ അവർ വധിക്കുന്നു. അവർ ഇപ്രകാരം പറയുന്നു, “യഹോവ കാണുന്നില്ല; യാക്കോബിന്റെ ദൈവം ഗൗനിക്കുന്നില്ല.”