സങ്കീർത്തനങ്ങൾ 93:1-5
സങ്കീർത്തനങ്ങൾ 93:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ച് അരയ്ക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു. നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നെ. യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകളെ ഉയർത്തുന്നു. സമുദ്രത്തിലെ വൻതിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ. നിന്റെ സാക്ഷ്യങ്ങൾ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന് എന്നേക്കും ഉചിതം തന്നെ.
സങ്കീർത്തനങ്ങൾ 93:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ വാഴുന്നു; അവിടുന്നു മഹിമ ധരിച്ചിരിക്കുന്നു. അവിടുന്നു ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു, അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചിരിക്കുന്നു, അതിന് ഇളക്കം തട്ടുകയില്ല. അങ്ങയുടെ സിംഹാസനം പണ്ടുതന്നേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അങ്ങ് അനാദിമുതലേ ഉള്ളവനാണ്. സർവേശ്വരാ, പ്രവാഹങ്ങൾ ഉയരുന്നു; പ്രവാഹങ്ങൾ ഇരമ്പുന്നു. പ്രവാഹങ്ങൾ ഗർജനം മുഴക്കുന്നു. പ്രവാഹങ്ങളുടെ മുഴക്കത്തെക്കാളും സമുദ്രത്തിലെ തിരമാലകളെക്കാളും സർവേശ്വരൻ ശക്തിയുള്ളവൻ. അവിടുത്തെ കല്പനകൾ അലംഘനീയം. സർവേശ്വരാ, വിശുദ്ധി അവിടുത്തെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.
സങ്കീർത്തനങ്ങൾ 93:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ വാഴുന്നു; അവിടുന്ന് മഹിമ ധരിച്ചിരിക്കുന്നു; യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു. അങ്ങേയുടെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അനാദിയായുള്ളവൻ തന്നെ. യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകൾ ഉയർത്തുന്നു. സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ. അങ്ങേയുടെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ; യഹോവേ, വിശുദ്ധി അങ്ങേയുടെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.
സങ്കീർത്തനങ്ങൾ 93:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവ വാഴുന്നു; അവൻ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനില്ക്കുന്നു. നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു; നീ അനാദിയായുള്ളവൻ തന്നേ. യഹോവേ, പ്രവാഹങ്ങൾ ഉയർത്തുന്നു; പ്രവാഹങ്ങൾ ശബ്ദം ഉയർത്തുന്നു; പ്രവാഹങ്ങൾ തിരമാലകളെ ഉയർത്തുന്നു. സമുദ്രത്തിലെ വൻതിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തിൽ യഹോവ മഹിമയുള്ളവൻ. നിന്റെ സാക്ഷ്യങ്ങൾ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ.
സങ്കീർത്തനങ്ങൾ 93:1-5 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ വാഴുന്നു, അവിടന്ന് പ്രതാപം അണിഞ്ഞിരിക്കുന്നു; യഹോവ പ്രതാപം അണിയുകയും ശക്തികൊണ്ട് അരമുറുക്കുകയും ചെയ്തിരിക്കുന്നു; നിശ്ചയമായും ഭൂലോകം ഇളകാതെ ഉറച്ചുനിൽക്കും. അങ്ങയുടെ സിംഹാസനം അതിപുരാതനകാലത്തുതന്നെ സ്ഥാപിതമായതാണ്; അവിടന്ന് അനാദികാലംമുതൽതന്നെ ഉള്ളവനും ആകുന്നു. യഹോവേ, നദികളിൽ പ്രളയജലം ഉയരുന്നു, നദികൾ അവയുടെ ആരവം ഉയർത്തുന്നു; തിരകൾ അലച്ചുതിമിർക്കുന്നു. വൻ ജലപ്രവാഹത്തിന്റെ ഗർജനത്തെക്കാളും ശക്തിയേറിയ തിരകളെക്കാളും ഉന്നതനായ യഹോവ ശക്തൻതന്നെ. അവിടത്തെ നിയമവ്യവസ്ഥകൾ സ്ഥിരമായിരിക്കുന്നു; യഹോവേ, വിശുദ്ധി അങ്ങയുടെ ആലയത്തിന് എന്നെന്നേക്കും ഒരു അലങ്കാരമാണ്.