സങ്കീർത്തനങ്ങൾ 90:1-4
സങ്കീർത്തനങ്ങൾ 90:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; പർവതങ്ങൾ ഉണ്ടായതിനും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുമ്പേ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. നീ മർത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ എന്നും അരുളിച്ചെയ്യുന്നു. ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 90:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അവിടുന്നാണ് തലമുറതലമുറയായി ഞങ്ങളുടെ അഭയസ്ഥാനം. അവിടുന്നു നിത്യനായ ദൈവം, പർവതങ്ങൾ ഉണ്ടാകുന്നതിനുമുമ്പ്, പ്രപഞ്ചത്തെ അവിടുന്നു നിർമ്മിക്കുന്നതിനു മുമ്പുതന്നെ. അവിടുന്ന് എന്നേക്കും ദൈവം ആകുന്നു. അവിടുന്നു മർത്യനെ മണ്ണിലേക്കു തിരികെ ചേർക്കുന്നു; മനുഷ്യമക്കളേ, മണ്ണിലേക്കു മടങ്ങുവിൻ എന്നു കല്പിക്കുന്നു. ആയിരം വർഷം അങ്ങേക്ക് ഒരു ദിവസം പോലെയും, രാത്രിയിലെ ഒരു യാമംപോലെയും ആകുന്നു.
സങ്കീർത്തനങ്ങൾ 90:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കർത്താവേ, അവിടുന്ന് തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; പർവ്വതങ്ങൾ ഉണ്ടായതിനും അങ്ങ് ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിനും മുൻപ് അങ്ങ് അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. അങ്ങ് മർത്യനെ പൊടിയിലേക്ക് മടങ്ങിച്ചേരുമാറാക്കുന്നു; “മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ” എന്നും അരുളിച്ചെയ്യുന്നു. ആയിരം വര്ഷം അവിടുത്തെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ആകുന്നു.
സങ്കീർത്തനങ്ങൾ 90:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; പർവ്വതങ്ങൾ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു. നീ മർത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിൻ എന്നും അരുളിച്ചെയ്യുന്നു. ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
സങ്കീർത്തനങ്ങൾ 90:1-4 സമകാലിക മലയാളവിവർത്തനം (MCV)
കർത്താവേ, തലമുറതലമുറയായി അവിടന്ന് ഞങ്ങളുടെ നിവാസസ്ഥാനമായിരിക്കുന്നു. പർവതങ്ങൾ ജനിക്കുന്നതിനും ഈ ഭൂമിക്കും പ്രപഞ്ചത്തിനും ജന്മംനൽകുന്നതിനും മുമ്പുതന്നെ, അനന്തതമുതൽ അനന്തതവരെ അവിടന്ന് ദൈവം ആകുന്നു. “മർത്യരേ, പൊടിയിലേക്ക് മടങ്ങുക,” എന്നു കൽപ്പിച്ചുകൊണ്ട്, അങ്ങ് മനുഷ്യരെ പൊടിയിലേക്ക് തിരികെ അയയ്ക്കുന്നു. ആയിരം വർഷം അങ്ങയുടെ ദൃഷ്ടിയിൽ ഇപ്പോൾ കഴിഞ്ഞുപോയ ഒരു ദിവസംപോലെയോ രാത്രിയിലെ ഒരു യാമംപോലെയോ ആകുന്നു.