സങ്കീർത്തനങ്ങൾ 9:13-20

സങ്കീർത്തനങ്ങൾ 9:13-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകയ്ക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ. ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെയൊക്കെയും പ്രസ്താവിച്ച് നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ. ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവർ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു. യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ. ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജാതികളും പാതാളത്തിലേക്കു തിരിയും. ദരിദ്രനെ എന്നേക്കും മറന്നുപോകയില്ല; സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരികയുമില്ല. യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ; ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ. യഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന് അവർക്കു ഭയം വരുത്തേണമേ. സേലാ.

സങ്കീർത്തനങ്ങൾ 9:13-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരാ, എന്നോടു കരുണയുണ്ടാകണമേ, മരണത്തിൽനിന്ന് എന്നെ രക്ഷിക്കുന്ന ദൈവമേ, ശത്രുക്കൾ നിമിത്തം ഞാൻ സഹിക്കുന്ന പീഡനം കാണണമേ. അങ്ങനെ ഞാൻ സീയോൻ നഗരവാതില്‌ക്കൽ നിന്നുകൊണ്ട്, അവിടുത്തേക്കു സ്തോത്രം അർപ്പിക്കും. അവിടുന്ന് എന്നെ വിമോചിപ്പിച്ചതോർത്തു ഞാൻ സന്തോഷിക്കും. അന്യജനതകൾ സ്വയം കുഴിച്ച കുഴിയിൽ വീണു അവർ ഒരുക്കിയ കെണിയിൽ അവരുടെ കാലുകൾ കുടുങ്ങി. സർവേശ്വരൻ സ്വയം വെളിപ്പെടുത്തിയിരിക്കുന്നു. അവിടുന്ന് വിധി നടപ്പിലാക്കിയിരിക്കുന്നു. ദുഷ്കർമികൾ സ്വന്തം പ്രവൃത്തികളിൽ തന്നെ കുടുങ്ങിയിരിക്കുന്നു. ദൈവത്തെ വിസ്മരിക്കുന്ന ദുഷ്ടന്മാർ മൃത്യുഗർത്തത്തിൽ പതിക്കും. ദൈവം ദരിദ്രരെ ഒരിക്കലും വിസ്മരിക്കുകയില്ല. എളിയവരുടെ പ്രത്യാശ ഒരിക്കലും വിഫലമാവുകയില്ല. പരമനാഥാ, എഴുന്നേല്‌ക്കണമേ! മനുഷ്യർ അങ്ങയെ ധിക്കരിക്കാൻ ഇടയാകരുതേ, ജനതകൾ അവിടുത്തെ മുമ്പിൽ വിധിക്കപ്പെടട്ടെ. സർവേശ്വരാ, അവരെ സംഭീതരാക്കണമേ, തങ്ങൾ വെറും മർത്യർ മാത്രമെന്ന് അവർ അറിയട്ടെ.

സങ്കീർത്തനങ്ങൾ 9:13-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവേ, എന്നോട് കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്ന് എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകയ്ക്കുന്നവരാൽ എനിക്ക് നേരിടുന്ന കഷ്ടം നോക്കേണമേ. ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച് അങ്ങേയുടെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ. ജനതകൾ അവർ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവർ ഒളിച്ചുവച്ച വലയിൽ അവരുടെ കാൽ തന്നെ അകപ്പെട്ടിരിക്കുന്നു. യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ. ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും പാതാളത്തിലേക്കു തിരിയും. ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല; സാധുക്കളുടെ പ്രത്യാശക്ക് എന്നും ഭംഗം വരുകയുമില്ല. യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ; ജനതകൾ തിരുസന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ. യഹോവേ, തങ്ങൾ കേവലം മർത്യരാകുന്നു എന്നു ജനതകൾ അറിയേണ്ടതിനു അവർക്കു ഭയം വരുത്തേണമേ. സേലാ.

സങ്കീർത്തനങ്ങൾ 9:13-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ. ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ. ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണുപോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്കുന്നു. യഹോവ തന്നേത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ. ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും. ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല. യഹോവേ, എഴുന്നേല്ക്കേണമേ, മർത്യൻ പ്രബലനാകരുതേ; ജാതികൾ നിന്റെ സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ. യഹോവേ, തങ്ങൾ മർത്യരത്രേ എന്നു ജാതികൾ അറിയേണ്ടതിന്നു അവർക്കു ഭയം വരുത്തേണമേ. സേലാ.

സങ്കീർത്തനങ്ങൾ 9:13-20 സമകാലിക മലയാളവിവർത്തനം (MCV)

യഹോവേ, എന്റെ ശത്രുക്കൾ എന്നെ ദ്രോഹിക്കുന്നത് എങ്ങനെയെന്ന് കാണണമേ! എന്നോട് കരുണതോന്നി, മരണകവാടത്തിൽനിന്ന് എന്നെ ഉദ്ധരിക്കണമേ, സീയോൻപുത്രിയുടെ കവാടത്തിൽ ഞാൻ അവിടത്തെ സ്തുതി ഘോഷിക്കും; ഞാൻ അങ്ങയുടെ രക്ഷയിൽ ആനന്ദിക്കും. രാഷ്ട്രങ്ങൾ അവർ കുഴിച്ച കുഴിയിൽത്തന്നെ വീണിരിക്കുന്നു; അവരുടെ കാൽപ്പാദങ്ങൾ അവർ വിരിച്ച വലയിൽത്തന്നെ കുടുങ്ങിയിരിക്കുന്നു. യഹോവ അവിടത്തെ നീതിനിർവഹണത്തിൽ പ്രസിദ്ധനായിരിക്കുന്നു; ദുഷ്ടർ അവരുടെ കൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിപ്പോയിരിക്കുന്നു. തന്ത്രിനാദം. സേലാ. ദുഷ്ടർ പാതാളത്തിലേക്കു തിരിയുന്നു, ദൈവത്തെ മറക്കുന്ന രാഷ്ട്രങ്ങളുടെ അന്ത്യവും അങ്ങനെതന്നെ. എന്നാൽ ദരിദ്രർ എക്കാലവും വിസ്മരിക്കപ്പെടുകയില്ല; പീഡിതരുടെ പ്രത്യാശ എന്നേക്കും നശിച്ചുപോകുകയില്ല. യഹോവേ, എഴുന്നേൽക്കണമേ, മർത്യർ വിജയഭേരി മുഴക്കാതിരിക്കട്ടെ; ജനതകൾ തിരുമുമ്പാകെ ന്യായവിധിക്കു വിധേയരാകട്ടെ. യഹോവേ, ഭീതിയാൽ അവരെ തകർക്കണമേ, തങ്ങൾ വെറും മനുഷ്യരെന്ന് രാഷ്ട്രങ്ങൾ മനസ്സിലാക്കട്ടെ. സേലാ.