സങ്കീർത്തനങ്ങൾ 9:1-12
സങ്കീർത്തനങ്ങൾ 9:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അദ്ഭുതങ്ങളെയൊക്കെയും ഞാൻ വർണിക്കും. ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും. എന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു, നിന്റെ സന്നിധിയിൽ നശിച്ചുപോകും. നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു. നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു. ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമകൂടെ ഇല്ലാതെയായിരിക്കുന്നു. എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്ക് അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും. യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനംതന്നെ. നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ. സീയോനിൽ വസിക്കുന്ന യഹോവയ്ക്കു സ്തോത്രം പാടുവിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ. രക്തപാതകത്തിനു പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല.
സങ്കീർത്തനങ്ങൾ 9:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനു പൂർണഹൃദയത്തോടെ ഞാൻ സ്തോത്രം അർപ്പിക്കും. അവിടുത്തെ അദ്ഭുതപ്രവൃത്തികൾ ഞാൻ വർണിക്കും. ആനന്ദത്തോടെ ഞാൻ അവിടുത്തെ കീർത്തിക്കും. ഉല്ലാസഗീതം പാടി ഞാൻ അത്യുന്നതനെ സ്തുതിക്കും. അവിടുത്തെ മുമ്പിൽനിന്ന് പലായനം ചെയ്ത എന്റെ ശത്രുക്കൾ ഇടറിവീണു നശിച്ചു. അവിടുന്ന് എനിക്ക് നീതി നടത്തിത്തന്നിരിക്കുന്നു. അവിടുന്നു ന്യായാസനത്തിലിരുന്നു നീതിപൂർവം വിധിക്കുന്നു. അവിടുന്നു ജനതകളെ ശാസിച്ചു ദുഷ്ടരെ നശിപ്പിച്ചു. അവരുടെ പേരുപോലും അവശേഷിച്ചില്ല. ശത്രുക്കൾ എന്നേക്കുമായി നശിച്ച് ഇല്ലാതായിരിക്കുന്നു. അവരുടെ പട്ടണങ്ങളെ അവിടുന്ന് ഉന്മൂലനം ചെയ്തു. അവയെക്കുറിച്ചുള്ള സ്മരണപോലും ഇല്ലാതായി. എന്നാൽ സർവേശ്വരൻ എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു. ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു. അവിടുന്നു ലോകത്തെ നീതിയോടെ ഭരിക്കുന്നു. ജനതകളെ ന്യായത്തോടെ വിധിക്കുന്നു. സർവേശ്വരൻ പീഡിതരുടെ രക്ഷാസങ്കേതം. കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനം. അങ്ങയെ യഥാർഥമായി അറിയുന്നവർ, അങ്ങയിൽ വിശ്വാസമർപ്പിക്കുന്നു. സർവേശ്വരാ, തിരുസന്നിധിയിൽ വരുന്നവരെ അവിടുന്ന് ഉപേക്ഷിക്കുകയില്ലല്ലോ. സീയോനിൽ വാണരുളുന്ന സർവേശ്വരനു സ്തോത്രം പാടുവിൻ. അവിടുത്തെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ ഘോഷിക്കുവിൻ. അവിടുന്നു പീഡിതരെ ഓർക്കുന്നു. അവരുടെ നിലവിളി കേൾക്കുന്നു. അവരുടെ രക്തം ചൊരിഞ്ഞവരെ അവിടുന്ന് ശിക്ഷിക്കും.
സങ്കീർത്തനങ്ങൾ 9:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും. ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ള യഹോവേ, ഞാൻ അവിടുത്തെ നാമത്തെ കീർത്തിക്കും. എന്റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ, തിരുസന്നിധിയിൽ ഇടറിവീണു നശിച്ചുപോകും. അവിടുന്ന് എന്‍റെ കാര്യവും വ്യവഹാരവും നടത്തി, നീതിയോടെ വിധിച്ചുകൊണ്ട് സിംഹാസനത്തിൽ ഇരിക്കുന്നു; അവിടുന്ന് ജനതകളെ ശാസിച്ച്, ദുഷ്ടനെ നശിപ്പിച്ചിരിക്കുന്നു; അവരുടെ നാമംപോലും സദാകാലത്തേക്കും മായിച്ചുകളഞ്ഞു. ശത്രുക്കൾ സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും അവിടുന്ന് മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മയും ഇല്ലാതെയായിരിക്കുന്നു. എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കായി അങ്ങേയുടെ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും; ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും. യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ. തിരുനാമത്തെ അറിയുന്നവർ അങ്ങയിൽ ആശ്രയിക്കും; യഹോവേ, അവിടുത്തെ അന്വേഷിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കുന്നില്ലല്ലോ. സീയോനിൽ വസിക്കുന്ന യഹോവയ്ക്ക് സ്തോത്രം പാടുവിൻ; അവിടുത്തെ പ്രവൃത്തികളെ ജനതതിയുടെ ഇടയിൽ ഘോഷിപ്പിൻ. രക്തപാതകത്തിന് പ്രതികാരം ചെയ്യുന്ന ദൈവം അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളിയെ മറക്കുന്നതുമില്ല.
സങ്കീർത്തനങ്ങൾ 9:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും. ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും. എന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു, നിന്റെ സന്നിധിയിൽ നശിച്ചു പോകും. നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തിൽ ഇരിക്കുന്നു; നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു. ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓർമ്മകൂടെ ഇല്ലാതെയായിരിക്കുന്നു. എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും. യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ. നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ. സീയോനിൽ വസിക്കുന്ന യഹോവെക്കു സ്തോത്രം പാടുവിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ. രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവൻ അവരെ ഓർക്കുന്നു; എളിയവരുടെ നിലവിളിയെ അവൻ മറക്കുന്നതുമില്ല.
സങ്കീർത്തനങ്ങൾ 9:1-12 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും; അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും. ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും; അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും. എന്റെ ശത്രുക്കൾ പിന്തിരിഞ്ഞോടുന്നു; അവർ തിരുമുമ്പാകെ കാലിടറിവീണു നശിക്കുന്നു. കാരണം അവിടന്ന് എനിക്കുവേണ്ടി ന്യായവും വ്യവഹാരവും നടത്തിയിരിക്കുന്നു, അവിടന്ന് സിംഹാസനസ്ഥനായി നീതിയോടെ ന്യായംവിധിക്കുന്നു. അവിടന്ന് ജനതകളെ ശകാരിക്കുകയും ദുഷ്ടരെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു; അവിടന്ന് അവരുടെ നാമം എന്നെന്നേക്കുമായി മായിച്ചുകളഞ്ഞിരിക്കുന്നു. അന്തമില്ലാത്ത അനർഥങ്ങൾനിമിത്തം ശത്രുക്കൾ തകർക്കപ്പെട്ടിരിക്കുന്നു, അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനംചെയ്തിരിക്കുന്നു; അവരുടെ ഓർമകൾപോലും മാഞ്ഞുപോയിരിക്കുന്നു. യഹോവ എന്നേക്കും വാഴുന്നു; അവിടന്ന് ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു. അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും; ജനതകളെ നേരോടെ ന്യായപാലനംചെയ്യും. യഹോവ പീഡിതർക്കൊരു അഭയസ്ഥാനം, ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട. അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു, യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ. സീയോനിൽ വാഴുന്ന യഹോവയ്ക്കു സ്തുതിപാടുക; അവിടത്തെ പ്രവൃത്തികൾ ജനതകൾക്കിടയിൽ ഘോഷിക്കുക. കാരണം, രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടന്ന് പീഡിതരെ ഓർക്കുന്നു; അവരുടെ നിലവിളി അവിടന്ന് അവഗണിക്കുന്നതുമില്ല.