സങ്കീർത്തനങ്ങൾ 84:1-12

സങ്കീർത്തനങ്ങൾ 84:1-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം! എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു; എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു. കുരികിൽ ഒരു വീടും, മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെത്തന്നെ. നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ. ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്. കണ്ണുനീർ താഴ്‌വരയിൽക്കൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അത് അനുഗ്രഹപൂർണമായിത്തീരുന്നു. അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ. ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ. നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറേ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരനായിരിക്കുന്നത് എനിക്ക് ഏറെ ഇഷ്ടം. യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്ത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്ക് അവൻ ഒരു നന്മയും മുടക്കുകയില്ല. സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

സങ്കീർത്തനങ്ങൾ 84:1-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവശക്തനായ സർവേശ്വരാ, തിരുനിവാസം എത്ര മനോഹരം! അവിടുത്തെ ആലയത്തിലേക്കു വരാൻ ഞാൻ എത്രമാത്രം അഭിവാഞ്ഛിക്കുന്നു. ജീവിക്കുന്ന ദൈവത്തെ ഞാൻ സന്തോഷത്തോടെ, സർവാത്മനാ പാടിപ്പുകഴ്ത്തുന്നു. എന്റെ രാജാവും ദൈവവുമായ സർവശക്തനായ സർവേശ്വരാ, കുരുവി ഒരു കൂടും മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക് ഒരു വീടും അവിടുത്തെ യാഗപീഠത്തിനരികിൽ കണ്ടെത്തുന്നുവല്ലോ. ഇടവിടാതെ അങ്ങയെ സ്തുതിച്ചുകൊണ്ട്, അവിടുത്തെ ആലയത്തിൽ വസിക്കുന്നവർ എത്ര ധന്യർ! ശക്തി അങ്ങയിൽ ആയിരിക്കുന്നവർ അനുഗൃഹീതർ! സീയോനിലേക്കുള്ള രാജവീഥികൾ അവരുടെ ഹൃദയത്തിലുണ്ട്. ഉണങ്ങിവരണ്ട ബാക്കാതാഴ്‌വരയിലൂടെ കടന്നുപോകുമ്പോൾ, അവർ അതിനെ നീരുറവുകളുടെ താഴ്‌വരയാക്കുന്നു. മുന്മഴയാൽ അത് അനുഗ്രഹിക്കപ്പെടുന്നു. അവർ മേല്‌ക്കുമേൽ ശക്തി പ്രാപിക്കുന്നു. അവർ സീയോനിൽ ദേവാധിദേവനെ ദർശിക്കുന്നു. സർവശക്തനായ ദൈവമേ, സർവേശ്വരാ, എന്റെ പ്രാർഥന കേൾക്കണമേ. യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളണമേ. ഞങ്ങളുടെ പരിചയായ ദൈവമേ, അവിടുത്തെ അഭിഷിക്തനെ കടാക്ഷിക്കണമേ. അന്യസ്ഥലത്ത് ആയിരം ദിവസം ജീവിക്കുന്നതിനെക്കാൾ, അവിടുത്തെ ആലയത്തിൽ ഒരു ദിവസം ജീവിക്കുന്നത് അഭികാമ്യം. ദുഷ്ടന്മാരുടെ കൂടാരത്തിൽ പാർക്കുന്നതിനെക്കാൾ, എന്റെ ദൈവത്തിന്റെ ആലയത്തിലെ വാതിൽകാവല്‌ക്കാരൻ ആകുന്നതാണ് എനിക്ക് ഇഷ്ടം. സർവേശ്വരനായ ദൈവം നമ്മുടെ പരിചയും സൂര്യനും ആകുന്നു. അവിടുന്നു നമുക്കു കൃപയും മഹത്ത്വവും നല്‌കുന്നു. പരമാർഥതയോടെ ജീവിക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും നിഷേധിക്കുകയില്ല. സർവശക്തനായ സർവേശ്വരാ, അങ്ങയിൽ ശരണം വയ്‍ക്കുന്നവർ എത്ര അനുഗൃഹീതർ.

സങ്കീർത്തനങ്ങൾ 84:1-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം! എന്‍റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹാലസ്യപ്പെട്ടു പോകുന്നു; എന്‍റെ ഹൃദയവും എന്‍റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു. കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്‍റെ രാജാവും എന്‍റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, അവിടുത്തെ യാഗപീഠങ്ങളെ തന്നെ. അങ്ങേയുടെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ അങ്ങയെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ. ബലം അങ്ങയിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്. കണ്ണുനീർ താഴ്വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അത് അനുഗ്രഹപൂർണ്ണമായിത്തീരുന്നു. അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ; യാക്കോബിന്‍റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ. ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; അങ്ങേയുടെ അഭിഷിക്തന്‍റെ മുഖത്തെ കടാക്ഷിക്കേണമേ; അങ്ങേയുടെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമമല്ലയോ? ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ എന്‍റെ ദൈവത്തിന്‍റെ ആലയത്തിൽ വാതിൽ കാവല്ക്കാരനായിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേർബുദ്ധിയോടെ നടക്കുന്നവർക്ക് അവിടുന്ന് ഒരു നന്മയും മുടക്കുകയില്ല. സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

സങ്കീർത്തനങ്ങൾ 84:1-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം! എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു; എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു. കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെ തന്നേ. നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ. ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങിനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ടു. കണ്ണുനീർ താഴ്‌വരയിൽകൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു. മുന്മഴയാൽ അതു അനുഗ്രഹപൂർണ്ണമായ്തീരുന്നു. അവർ മേല്ക്കുമേൽ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനിൽ ദൈവസന്നിധിയിൽ ചെന്നെത്തുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ. ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ; നിന്റെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാൾ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ പാർക്കുന്നതിനെക്കാൾ എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽ കാവല്ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം. യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നല്കുന്നു; നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല. സൈന്യങ്ങളുടെ യഹോവേ, നിന്നിൽ ആശ്രയിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.

സങ്കീർത്തനങ്ങൾ 84:1-12 സമകാലിക മലയാളവിവർത്തനം (MCV)

സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം! യഹോവയുടെ ആലയാങ്കണം വാഞ്ഛിച്ച് എന്റെ പ്രാണൻ തളരുന്നു; എന്റെ ഹൃദയവും എന്റെ ശരീരവും ജീവനുള്ള ദൈവത്തിന് ആനന്ദകീർത്തനം ആലപിക്കുന്നു. കുരികിൽ ഒരു വീടും മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു— എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ അങ്ങയുടെ യാഗപീഠത്തിനരികെതന്നെ. അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ അനുഗൃഹീതർ; അവർ അങ്ങയെ നിരന്തരം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ. ബലം അങ്ങയിലുള്ള മനുഷ്യർ അനുഗൃഹീതർ, അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള രാജവീഥികളുണ്ട്. കണ്ണുനീർ താഴ്വരയിലൂടെ കടന്നുപോകുമ്പോൾ, അവിടന്ന് അതിനെ ഒരു നീരുറവയാക്കുന്നു; മുന്മഴയാൽ അതിനെ അനുഗ്രഹപൂർണമാക്കുന്നു. അവർ ഓരോരുത്തരും സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നതുവരെ, ബലത്തിനുമേൽ ബലം ആർജിക്കുന്നു. സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; യാക്കോബിന്റെ ദൈവമേ, ശ്രദ്ധിക്കണമേ. സേലാ. ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കണമേ; അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ. അങ്ങയുടെ ആലയാങ്കണത്തിലെ ഒരു ദിവസം വേറെ ആയിരം ദിവസങ്ങളെക്കാൾ ശ്രേഷ്ഠമല്ലോ; ദുഷ്ടരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ, എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരൻ ആകുന്നതാണ് എന്റെ അഭിലാഷം. കാരണം യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്ത്വവും നൽകുന്നു; നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക് അവിടന്ന് ഒരു നന്മയും മുടക്കുകയില്ല. സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ ആശ്രയിക്കുന്നവർ അനുഗൃഹീതർ. സംഗീതസംവിധായകന്.