സങ്കീർത്തനങ്ങൾ 80:1-7
സങ്കീർത്തനങ്ങൾ 80:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ. എഫ്രയീമും ബെന്യാമീനും മനശ്ശെയും കാൺകെ നിന്റെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷയ്ക്കായി വരേണമേ. ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാർഥനയ്ക്കുനേരേ എത്രത്തോളം കോപിക്കും? നീ അവർക്കു കണ്ണുനീരിന്റെ അപ്പം തിന്മാൻ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീർ അവർക്കു കുടിപ്പാനും കൊടുത്തിരിക്കുന്നു. നീ ഞങ്ങളെ ഞങ്ങളുടെ അയൽക്കാർക്കു വഴക്കാക്കി തീർക്കുന്നു; ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു. സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപെടേണ്ടതിനു തിരുമുഖം പ്രകാശിപ്പിക്കേണമേ.
സങ്കീർത്തനങ്ങൾ 80:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലിന്റെ ഇടയനായ നാഥാ, ആട്ടിൻപറ്റത്തെ എന്നപോലെ യോസേഫിന്റെ സന്തതികളെ നയിക്കുന്ന അവിടുന്നു ഞങ്ങളെ ശ്രദ്ധിച്ചാലും; കെരൂബുകളുടെമേൽ സിംഹാസനസ്ഥനായവനേ, എഫ്രയീം, മനശ്ശെ, ബെന്യാമീൻഗോത്രങ്ങൾക്ക് അങ്ങയെ വെളിപ്പെടുത്തിയാലും, അവിടുത്തെ ശക്തി ഉണർത്തി, ഞങ്ങളെ രക്ഷിക്കാൻ വരണമേ. ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ, കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ. സർവേശ്വരാ, സർവശക്തനായ ദൈവമേ, അവിടുന്ന് എത്രകാലം ഞങ്ങളോടു കോപിക്കുകയും അവിടുത്തെ ജനത്തിന്റെ പ്രാർഥനകൾ കേൾക്കാതിരിക്കുകയും ചെയ്യും? അവിടുന്നു ഞങ്ങൾക്കു ഭക്ഷിക്കാൻ ദുഃഖവും കുടിക്കാൻ അളവില്ലാതെ കണ്ണുനീരും നല്‌കിയിരിക്കുന്നു. അയൽരാജ്യങ്ങൾ ഞങ്ങളുടെ ദേശത്തിനു വേണ്ടി ശണ്ഠ കൂടുന്നു. ഞങ്ങളുടെ ശത്രുക്കൾ ഞങ്ങളെ നോക്കി പരിഹസിക്കുന്നു. സർവശക്തനായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ. കരുണയോടെ കടാക്ഷിച്ച് ഞങ്ങളെ രക്ഷിക്കണമേ.
സങ്കീർത്തനങ്ങൾ 80:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആട്ടിൻകൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്ന യിസ്രായേലിന്‍റെ ഇടയനായുള്ള യഹോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ. എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണത്തക്കവിധം അങ്ങേയുടെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷക്കായി വരേണമേ. ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കേണമേ. സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങേയുടെ ജനത്തിന്‍റെ പ്രാർത്ഥനയ്ക്കു നേരെ എത്രത്തോളം അങ്ങ് കോപിക്കും? അങ്ങ് അവർക്ക് കണ്ണുനീരിന്‍റെ അപ്പം തിന്നുവാൻ കൊടുത്തിരിക്കുന്നു; ധാരാളം കണ്ണുനീർ അവർക്ക് കുടിക്കുവാനും കൊടുത്തിരിക്കുന്നു. അങ്ങ് ഞങ്ങളെ ഞങ്ങളുടെ അയല്ക്കാർക്ക് വഴക്കാക്കിത്തീർക്കുന്നു; ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു. സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന് തിരുമുഖം പ്രകാശിപ്പിക്കേണമേ.
സങ്കീർത്തനങ്ങൾ 80:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആട്ടിൻ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ. എഫ്രയീമും ബെന്യാമീനും മനശ്ശെയും കാൺകെ നിന്റെ വീര്യബലം ഉണർത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ. ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ. സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാർത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും? നീ അവർക്കു കണ്ണുനീരിന്റെ അപ്പം തിന്മാൻ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീർ അവർക്കു കുടിപ്പാനും കൊടുത്തിരിക്കുന്നു. നീ ഞങ്ങളെ ഞങ്ങളുടെ അയല്ക്കാർക്കു വഴക്കാക്കിതീർക്കുന്നു; ഞങ്ങളുടെ ശത്രുക്കൾ തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു. സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
സങ്കീർത്തനങ്ങൾ 80:1-7 സമകാലിക മലയാളവിവർത്തനം (MCV)
യോസേഫിനെ ആട്ടിൻകൂട്ടത്തെപ്പോലെ നയിക്കുന്ന ഇസ്രായേലിന്റെ ഇടയനേ, കേൾക്കണമേ. കെരൂബുകളിൻമീതേ സിംഹാസനസ്ഥനായവനേ, പ്രകാശിക്കണമേ. എഫ്രയീമിന്റെയും ബെന്യാമീന്റെയും മനശ്ശെയുടെയും മുന്നിൽത്തന്നെ. അങ്ങയുടെ ശക്തി ഉണർത്തണമേ; ഞങ്ങളുടെ രക്ഷയ്ക്കായി വരണമേ. ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ. സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഇനിയും എത്രനാൾ, അങ്ങയുടെ ജനത്തിന്റെ പ്രാർഥനയ്ക്കെതിരേ അങ്ങയുടെ കോപം പുകഞ്ഞുകൊണ്ടിരിക്കും? അങ്ങ് കണ്ണീരിന്റെ അപ്പം അവർക്ക് ഭക്ഷിക്കാൻ നൽകി; കുടിക്കുന്നതിനായി അവരുടെ പാത്രത്തിൽ നിറച്ചിരിക്കുന്നതും കണ്ണീർതന്നെ. അവിടന്ന് ഞങ്ങളെ അയൽവാസികൾക്ക് ഒരു കലഹകാരണമാക്കിയിരിക്കുന്നു, ഞങ്ങളുടെ ശത്രുക്കൾ ഞങ്ങളെ പരിഹസിക്കുന്നു. സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.