സങ്കീർത്തനങ്ങൾ 8:1-4

സങ്കീർത്തനങ്ങൾ 8:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

സർവേശ്വരനായ ഞങ്ങളുടെ നാഥാ, അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു. അവിടുത്തെ മഹത്ത്വം ആകാശത്തെക്കാൾ ഉയർന്നിരിക്കുന്നു. ശിശുക്കളും പിഞ്ചുകുഞ്ഞുങ്ങളും അവിടുത്തെ മഹത്ത്വം പ്രകീർത്തിക്കുന്നു. അവിടുന്നു ശത്രുക്കൾക്കെതിരെ കോട്ട കെട്ടി അവിടുന്നു ശത്രുവിനെയും പ്രതികാരം ചെയ്യുന്നവനെയും മിണ്ടാതാക്കി. അവിടുന്നു നിർമ്മിച്ച ആകാശത്തെയും അവിടുന്നു സ്ഥാപിച്ച ചന്ദ്രനക്ഷത്രാദികളെയും നോക്കുമ്പോൾ, മനുഷ്യനെ ഓർക്കുവാൻ അവന് എന്തു മേന്മ? അവിടുത്തെ പരിഗണന ലഭിക്കാൻ അവന് എന്ത് അർഹത?

സങ്കീർത്തനങ്ങൾ 8:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞങ്ങളുടെ കർത്താവായ യഹോവേ, തിരുനാമം ഭൂമിയിൽ എല്ലായിടവും എത്ര ശ്രേഷ്ഠമായിരിക്കുന്നു! അവിടുത്തെ തേജസ്സ് ആകാശത്തെക്കാൾ ഉയർന്നിരിക്കുന്നു. അങ്ങേയുടെ വൈരികൾ നിമിത്തം, ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ, ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായ് അങ്ങയെ മഹത്വപ്പെടുത്തുന്നു. അവിടുത്തെ വിരലുകളുടെ പണിയായ ആകാശത്തെയും അവിടുന്ന് ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ ഓർക്കേണ്ടതിന് അവൻ എന്തുള്ളു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം?

സങ്കീർത്തനങ്ങൾ 8:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തിൽ നിന്റെ തേജസ്സു വെച്ചിരിക്കുന്നു. നിന്റെ വൈരികൾനിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാൻ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായിൽനിന്നു ബലം നിയമിച്ചിരിക്കുന്നു. നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻഎന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?

സങ്കീർത്തനങ്ങൾ 8:1-4 സമകാലിക മലയാളവിവർത്തനം (MCV)

ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! അങ്ങയുടെ മഹത്ത്വം അവിടന്ന് ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു. ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ. അവിടത്തെ വിരലുകളുടെ പണിയായ ആകാശം, അങ്ങു സ്ഥാപിച്ച ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ, അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ, അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?