സങ്കീർത്തനങ്ങൾ 78:1-72
സങ്കീർത്തനങ്ങൾ 78:1-72 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ. ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു. നാം അവരുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അദ്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോട് അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു. വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നെ, അവയെ ഗ്രഹിച്ച് എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചു നടക്കയും തങ്ങളുടെ പിതാക്കന്മാരെപ്പോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോട് അവിശ്വസ്ത മനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിനു തന്നെ. ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി. അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു. അവർ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അദ്ഭുതങ്ങളെയും മറന്നുകളഞ്ഞു. അവൻ മിസ്രയീംദേശത്ത്, സോവാൻ വയലിൽവച്ച് അവരുടെ പിതാക്കന്മാർ കാൺകെ, അദ്ഭുതം പ്രവർത്തിച്ചു. അവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽക്കൂടി അവരെ കടത്തി; അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി. പകൽസമയത്ത് അവൻ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി. അവൻ മരുഭൂമിയിൽ പാറകളെ പിളർന്ന് ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിപ്പാൻ കൊടുത്തു. പാറയിൽനിന്ന് അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. എങ്കിലും അവർ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയിൽവച്ചു മത്സരിച്ചുകൊണ്ടിരുന്നു. തങ്ങളുടെ കൊതിക്ക് ഭക്ഷണം ചോദിച്ചുകൊണ്ട് അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു. അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ? അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാൻ അവനു കഴിയുമോ? തന്റെ ജനത്തിന് അവൻ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു. ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരേ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരേ കോപവും പൊങ്ങി. അവർ ദൈവത്തിൽ വിശ്വസിക്കയും അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നെ. അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു. അവർക്ക് തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗീയധാന്യം അവർക്കു കൊടുത്തു. മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. അവൻ ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻകാറ്റ് വരുത്തി. അവൻ അവർക്ക് പൊടിപോലെ മാംസത്തെയും കടല്പുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു; അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. അങ്ങനെ അവർ തിന്ന് തൃപ്തരായിത്തീർന്നു; അവർ ആഗ്രഹിച്ചത് അവൻ അവർക്കു കൊടുത്തു. അവരുടെ കൊതിക്ക് മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ, ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അദ്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. അതുകൊണ്ട് അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി. അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും. ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും. എങ്കിലും അവർ വായ്കൊണ്ട് അവനോടു കപടം സംസാരിക്കും. നാവുകൊണ്ട് അവനോടു ഭോഷ്കു പറയും. അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല; അവന്റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല. എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു. അവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റ് എന്നും അവൻ ഓർത്തു. മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്ത് എത്ര പ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. മിസ്രയീമിൽ അടയാളങ്ങളെയും സോവാൻവയലിൽ അദ്ഭുതങ്ങളെയും ചെയ്ത അവന്റെ കൈയും അവൻ ശത്രുവിൻ വശത്തുനിന്ന് അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല. അവൻ അവരുടെ നദികളെയും തോടുകളെയും അവർക്ക് കുടിപ്പാൻ വഹിയാതവണ്ണം രക്തമാക്കിത്തീർത്തു. അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു. അവരുടെ വിള അവൻ തുള്ളനും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴംകൊണ്ടും നശിപ്പിച്ചു. അവൻ അവരുടെ കന്നുകാലികളെ കന്മഴയ്ക്കും അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു. അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർഥദൂതന്മാരുടെ ഒരു ഗണത്തെത്തന്നെ. അവൻ തന്റെ കോപത്തിന് ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്ക് ഏല്പിച്ചുകളഞ്ഞു. അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു. എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി. അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്കു പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. അവൻ അവരെ തന്റെ വിശുദ്ധ ദേശത്തിലേക്കും തന്റെ വലംകൈ സമ്പാദിച്ച ഈ പർവതത്തിലേക്കും കൊണ്ടുവന്നു. അവരുടെ മുമ്പിൽനിന്ന് അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു. എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ട് അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് അവനു തീക്ഷ്ണത ജനിപ്പിച്ചു. ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്ത്വത്തെ ശത്രുവിന്റെ കൈയിലും ഏല്പിച്ചുകൊടുത്തു. അവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിനു വിട്ടുകൊടുത്തു. അവരുടെ യൗവനക്കാർ തീക്ക് ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്കു വിവാഹഗീതം ഉണ്ടായതുമില്ല. അവരുടെ പുരോഹിതന്മാർ വാൾകൊണ്ട് വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. അപ്പോൾ കർത്താവ് ഉറക്കുണർന്നു വരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. അവൻ തന്റെ ശത്രുക്കളെ പുറകോട്ട് അടിച്ചുകളഞ്ഞു; അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു. എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻപർവതത്തെയും തിരഞ്ഞെടുത്തു. താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു. അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻതൊഴുത്തുകളിൽനിന്ന് അവനെ വരുത്തി. തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. അങ്ങനെ അവൻ പരമാർഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.
സങ്കീർത്തനങ്ങൾ 78:1-72 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ജനമേ, എന്റെ പ്രബോധനം ശ്രദ്ധിക്കുക; ഞാൻ പറയുന്നതു കേൾക്കുക. ഞാൻ ഉപമകളിലൂടെ പഠിപ്പിക്കും, പുരാതനകടങ്കഥകൾ ഞാൻ വിശദീകരിക്കും. നാം അതു കേൾക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്. നമ്മുടെ പിതാക്കന്മാർ അതു നമ്മോടു പറഞ്ഞിട്ടുമുണ്ട്. നാം അതു നമ്മുടെ മക്കളെ അറിയിക്കണം, വരുംതലമുറയോടു നാം അതു വിവരിക്കണം. സർവേശ്വരന്റെ മഹത്തായ പ്രവൃത്തികളെയും അവിടുത്തെ ശക്തിയെയും അവിടുന്നു ചെയ്ത അദ്ഭുതങ്ങളെയും തന്നെ. അവിടുന്നു യാക്കോബിന്റെ സന്തതികൾക്കു നിയമം നല്‌കി. ഇസ്രായേൽജനത്തിനുള്ള ധർമശാസ്ത്രം തന്നെ. അതു തങ്ങളുടെ മക്കളെ പഠിപ്പിക്കാൻ അവിടുന്നു നമ്മുടെ പിതാക്കന്മാരോടു കല്പിച്ചു. അങ്ങനെ ഭാവിതലമുറ, ഇനിയും ജനിച്ചിട്ടില്ലാത്ത മക്കൾതന്നെ, അവ ഗ്രഹിച്ച് തങ്ങളുടെ മക്കൾക്ക് അതു പറഞ്ഞുകൊടുക്കും. അവർ അങ്ങനെ ദൈവത്തിൽ ആശ്രയിക്കുകയും, അവിടുത്തെ പ്രവൃത്തികൾ അവഗണിക്കാതെ, അവിടുത്തെ കല്പനകൾ പാലിക്കുകയും ചെയ്യും. അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ, ദുശ്ശാഠ്യക്കാരും മത്സരബുദ്ധികളും ദൈവത്തിൽ ആശ്രയിക്കാത്തവരും ദൈവത്തോട് അവിശ്വസ്തരും ആകരുത്. അമ്പും വില്ലും ഏന്തിയ എഫ്രയീമ്യർ, യുദ്ധദിവസം പിന്തിരിഞ്ഞോടി. ദൈവവുമായി ചെയ്ത ഉടമ്പടി അവർ പാലിച്ചില്ല. അവിടുത്തെ ധർമശാസ്ത്രപ്രകാരം ജീവിക്കാൻ കൂട്ടാക്കിയുമില്ല. അവർ അവിടുത്തെ പ്രവൃത്തികളും തങ്ങൾ കണ്ട അദ്ഭുതങ്ങളും മറന്നുകളഞ്ഞു. അവിടുന്ന് ഈജിപ്തിലെ സോവാൻ വയലിൽ, അവരുടെ പൂർവപിതാക്കൾ കാൺകെ അദ്ഭുതം പ്രവർത്തിച്ചു. അവിടുന്നു കടലിനെ വിഭജിച്ചു, അവരെ അതിലൂടെ കടത്തിക്കൊണ്ടുപോയി. അവിടുന്നു വെള്ളത്തെ ചിറപോലെ നിർത്തി. പകൽ മേഘംകൊണ്ടും രാത്രിയിൽ അഗ്നിയുടെ പ്രകാശംകൊണ്ടും അവിടുന്ന് അവരെ വഴിനടത്തി. അവിടുന്നു മരുഭൂമിയിൽ പാറകൾ പിളർന്ന്, ആഴത്തിൽനിന്ന് അവർക്കു ജലം നല്‌കി. അവിടുന്നു പാറയിൽനിന്നു നീർച്ചാലുകൾ പുറപ്പെടുവിച്ചു, വെള്ളം നദിപോലെ ഒഴുകാൻ ഇടയാക്കി. എന്നിട്ടും അവർ നിരവധി പാപങ്ങൾ ചെയ്തു. അത്യുന്നതനായ ദൈവത്തോടു മരുഭൂമിയിൽ വച്ചു മത്സരിച്ചു. ഇഷ്ടഭോജ്യം ചോദിച്ച്, അവർ ദൈവത്തെ മനഃപൂർവം പരീക്ഷിച്ചു. അവർ ദൈവത്തെ പഴിച്ചുകൊണ്ട് പറഞ്ഞു: “മരുഭൂമിയിൽ വിരുന്നൊരുക്കാൻ ദൈവത്തിനു കഴിയുമോ? അവിടുന്നു പാറയിൽ അടിച്ചു; വെള്ളം കുതിച്ചു ചാടി. നീർച്ചാലുകൾ കവിഞ്ഞൊഴുകി. എന്നാൽ നമുക്ക് അപ്പവും മാംസവും നല്‌കാൻ അവിടുത്തേക്കു കഴിയുമോ?” ഇതു കേട്ടപ്പോൾ സർവേശ്വരൻ കോപിച്ചു. യാക്കോബിന്റെ സന്തതികളുടെമേൽ അവിടുത്തെ അഗ്നി ജ്വലിച്ചു. ഇസ്രായേൽജനത്തിനു നേരേ അവിടുത്തെ കോപം ഉയർന്നു. അവർ ദൈവത്തിൽ ശരണപ്പെടുകയോ, അവിടുന്നു രക്ഷിക്കാൻ ശക്തൻ എന്നു വിശ്വസിക്കുകയോ ചെയ്തില്ലല്ലോ. എന്നാൽ അവിടുന്ന് ആകാശത്തോട് ആജ്ഞാപിച്ചു, ആകാശത്തിന്റെ വാതിലുകൾ തുറന്നു. അവിടുന്ന് അവർക്കു ഭക്ഷിക്കാൻ മന്ന വർഷിച്ചു. സ്വർഗത്തിലെ ധാന്യംതന്നെ. അങ്ങനെ അവർ മാലാഖമാരുടെ അപ്പം ഭക്ഷിച്ചു. അവിടുന്ന് അവർക്കു സമൃദ്ധമായി ഭക്ഷണം നല്‌കി. അവിടുന്ന് ആകാശത്ത് കിഴക്കൻ കാറ്റടിപ്പിച്ചു, തന്റെ ശക്തിയാൽ അവിടുന്നു തെക്കൻ കാറ്റിനെ ഇളക്കിവിട്ടു. അവിടുന്നു പൂഴിപോലെ കണക്കില്ലാതെ മാംസവും കടൽപ്പുറത്തെ മണൽത്തരിപോലെ പക്ഷികളെയും വർഷിച്ചു. അവിടുന്ന് അവയെ അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റും വർഷിച്ചു. അങ്ങനെ മാംസം ഭക്ഷിച്ച് അവരുടെ വയർ നിറഞ്ഞു. അവർ കൊതിച്ചത് അവിടുന്ന് അവർക്കു നല്‌കി. എങ്കിലും അവരുടെ കൊതിക്കു മതിവരും മുമ്പേ, ഭക്ഷണം വായിലിരിക്കുമ്പോൾതന്നെ, ദൈവം അവരോടു കോപിച്ചു. അവിടുന്ന് അവരിലെ കരുത്തന്മാരെ സംഹരിച്ചു. ഇസ്രായേലിലെ ഏറ്റവും മികച്ച യുവാക്കളെ തന്നെ. ഇവയെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു. ദൈവം പ്രവർത്തിച്ച അദ്ഭുതങ്ങൾ കണ്ടിട്ടും അവർ അവിടുത്തെ വിശ്വസിച്ചില്ല. അതുകൊണ്ട് അവിടുന്ന് അവരുടെ ആയുസ്സിന്റെ നാളുകൾ, ഒരു ശ്വാസംപോലെ അവസാനിപ്പിച്ചു. അവരുടെ വർഷങ്ങൾ ഭീതികൊണ്ടു നിറച്ചു. അവിടുന്നു സംഹാരം തുടങ്ങിയപ്പോൾ, അവർ അവിടുത്തെ അടുക്കലേക്കു തിരിഞ്ഞു. ദൈവം തങ്ങളുടെ അഭയശിലയെന്നും അത്യുന്നതനായ ദൈവമാണു തങ്ങളുടെ രക്ഷകനെന്നും അവർ അനുസ്മരിച്ചു. എങ്കിലും അവരുടെ വാക്കുകൾ കപടമായിരുന്നു. അവർ ദൈവത്തോടു വ്യാജം സംസാരിച്ചു. അവർ അവിടുത്തോട് അവിശ്വസ്തരായിരുന്നു. അവിടുത്തെ ഉടമ്പടിയോട് വിശ്വസ്തത പുലർത്തിയില്ല. എങ്കിലും കരുണാസമ്പന്നനായ അവിടുന്ന്, അവരുടെ അകൃത്യങ്ങൾ ക്ഷമിച്ചു; അവരെ നശിപ്പിച്ചതുമില്ല. അവിടുന്നു പലപ്പോഴും കോപം അടക്കി അവിടുത്തെ ക്രോധം ആളിക്കത്താൻ അനുവദിച്ചില്ല. അവർ വെറും മർത്യരെന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റാണെന്നും അവിടുന്ന് ഓർത്തു. അവർ എത്രയോ വട്ടം മരുഭൂമിയിൽവച്ച് അവിടുത്തോടു മത്സരിച്ചു. അവിടെവച്ച് അവർ എത്രയോ പ്രാവശ്യം അവിടുത്തെ ദുഃഖിപ്പിച്ചു. അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു. ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവത്തെ പ്രകോപിപ്പിച്ചു. അവിടുത്തെ ശക്തിയെയും ശത്രുവിൽനിന്ന് അവിടുന്ന് അവരെ വിടുവിച്ച ദിവസത്തെയും അവർ മറന്നു. ഈജിപ്തിൽവച്ച് അവിടുന്നു കാണിച്ച അടയാളങ്ങൾ, ഈജിപ്തിലെ സോവാൻ വയലിൽ വച്ചു ചെയ്ത അദ്ഭുതങ്ങൾതന്നെ, അവർ മറന്നുകളഞ്ഞു. അവിടുന്ന് അവരുടെ നദികളെയും അരുവികളെയും രക്തമായി മാറ്റി. അതുകൊണ്ട് ഈജിപ്തിലെ ജനങ്ങൾക്കു വെള്ളം കുടിക്കാൻ കഴിഞ്ഞില്ല. അവിടുന്ന് അവരുടെ ഇടയിലേക്ക് ഈച്ചകളെ അയച്ചു. അത് അവരെ അത്യധികം കഷ്ടപ്പെടുത്തി. അവിടുന്നു തവളകളെ അയച്ചു, അവ അവർക്കു നാശം ചെയ്തു. അവിടുന്ന് അവരുടെ വിളകൾ, അവരുടെ അധ്വാനഫലങ്ങൾ തന്നെ, വെട്ടുക്കിളിക്ക് ഇരയാക്കി. അവിടുന്ന് അവരുടെ മുന്തിരിച്ചെടികളെ കന്മഴകൊണ്ടും അത്തിമരങ്ങളെ ഹിമവർഷംകൊണ്ടും നശിപ്പിച്ചു. അവിടുന്ന് അവരുടെ കന്നുകാലികളെ കന്മഴയ്ക്കും അവരുടെ ആട്ടിൻപറ്റത്തെ ഇടിത്തീക്കും ഇരയാക്കി. അവിടുന്ന് അവരുടെ ഇടയിലേക്ക് അവിടുത്തെ ഉഗ്രകോപവും ക്രോധവും അമർഷവും കൊടിയ വേദനയും അയച്ചു; സംഹാരദൂതന്മാരുടെ ഒരു ഗണത്തെത്തന്നെ. അവിടുന്നു തന്റെ കോപത്തെ തുറന്നുവിട്ടു. അവരിൽ ആരെയും മരണത്തിൽനിന്ന് ഒഴിവാക്കിയില്ല. മഹാമാരികൊണ്ട് അവരെ നശിപ്പിച്ചു. ഈജിപ്തിലെ ആദ്യജാതന്മാരെ, ഹാമിന്റെ കൂടാരത്തിലെ കടിഞ്ഞൂലുകളെ തന്നെ അവിടുന്നു സംഹരിച്ചു. എന്നാൽ അവിടുന്നു സ്വജനത്തെ ആടുകളെപ്പോലെ ഈജിപ്തിൽനിന്നു പുറപ്പെടുവിച്ചു. ആട്ടിൻപറ്റത്തെയെന്നപോലെ അവരെ മരുഭൂമിയിലൂടെ നയിച്ചു. അവിടുന്ന് അവരെ സുരക്ഷിതമായി നയിച്ചതിനാൽ അവർ ഭയപ്പെട്ടില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. അവിടുന്ന് അവരെ വിശുദ്ധദേശത്തേക്ക്, അവിടുത്തെ വലങ്കൈ നേടിയെടുത്ത പർവതത്തിലേക്കു കൊണ്ടുവന്നു. അവിടുന്ന് അന്യജനതകളെ അവരുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞു. അവരുടെ ദേശം അവിടുന്ന് ഇസ്രായേൽ ഗോത്രങ്ങൾക്കു വിഭജിച്ചുകൊടുത്തു. അവരുടെ വീടുകളിൽ ഇസ്രായേൽ ഗോത്രങ്ങളെ പാർപ്പിച്ചു. എന്നിട്ടും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിക്കുകയും അവിടുത്തോടു മത്സരിക്കുകയും ചെയ്തു. അവർ അവിടുത്തെ കല്പനകൾ അനുസരിച്ചതുമില്ല. അവർ അവരുടെ പിതാക്കന്മാരെപ്പോലെ ദൈവത്തിൽനിന്ന് പിന്തിരിഞ്ഞ് അവിശ്വസ്തരായി വർത്തിച്ചു. ചതിവില്ലുപോലെ അവർ തിരിഞ്ഞു. തങ്ങളുടെ പൂജാഗിരികളാൽ അവർ അവിടുത്തെ പ്രകോപിപ്പിച്ചു. തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ട് അവർ അവിടുത്തെ രോഷാകുലനാക്കി. ദൈവം ഇതറിഞ്ഞു ക്രുദ്ധനായി. ഇസ്രായേൽജനത്തെ ഏറ്റവും വെറുത്തു. അതുകൊണ്ടു മനുഷ്യരുടെ ഇടയിലെ, തിരുനിവാസമായ ശീലോവിലെ കൂടാരം അവിടുന്ന് ഉപേക്ഷിച്ചു. അവിടുന്നു തന്റെ ശക്തിയുടെയും മഹത്ത്വത്തിന്റെയും പ്രതീകമായ ഉടമ്പടിപ്പെട്ടകത്തെ, ശത്രുവിനും പ്രവാസത്തിനും ഏല്പിച്ചുകൊടുത്തു. അവിടുന്നു സ്വജനത്തെ വാളിനു വിട്ടുകൊടുത്തു, അവിടുത്തെ അവകാശമായ ജനത്തോടു കോപിച്ചു. അവരുടെ യുവാക്കൾ അഗ്നിക്കിരയായി, അവരുടെ കന്യകമാരെ വിവാഹം കഴിക്കാൻ ആരുമുണ്ടായില്ല. അവരുടെ പുരോഹിതന്മാർ വധിക്കപ്പെട്ടു, അവരുടെ വിധവകൾ വിലാപം ആചരിച്ചില്ല. വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന ശക്തനെപ്പോലെ, ഉറക്കത്തിൽനിന്ന് ഉണർന്നവനെപ്പോലെ തന്നെ സർവേശ്വരൻ എഴുന്നേറ്റു. അവിടുന്നു ശത്രുക്കളെ പലായനം ചെയ്യിച്ചു. ഇനി ഒരിക്കലും തല പൊക്കാനാവാത്ത വിധം അവരെ ലജ്ജിതരാക്കി. അവിടുന്നു യോസേഫിന്റെ സന്തതികളെ ഉപേക്ഷിച്ചു. എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തില്ല, എന്നാൽ അവിടുന്നു യെഹൂദാഗോത്രത്തെയും അവിടുന്നു സ്നേഹിക്കുന്ന സീയോൻ പർവതത്തെയും തിരഞ്ഞെടുത്തു. ഉന്നതമായ ആകാശത്തെപ്പോലെയും ശാശ്വതമായി സ്ഥാപിച്ചിരിക്കുന്ന ഭൂമി പോലെയും; അവിടുന്നു തന്റെ മന്ദിരം നിർമ്മിച്ചു. അവിടുന്നു തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു. ആടുകളുടെ ഇടയിൽനിന്ന് അദ്ദേഹത്തെ വിളിച്ചു. അവിടുത്തെ സ്വന്തം ജനമായ യാക്കോബിന്റെ സന്തതികളെ; അവിടുത്തെ അവകാശമായ ഇസ്രായേലിനെ മേയിക്കാൻവേണ്ടി ആട്ടിൻപറ്റത്തെ മേയിച്ചുകൊണ്ടിരുന്ന ദാവീദിനെ അവിടുന്നു കൊണ്ടുവന്നു. ആത്മാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു, സമർഥമായി അവരെ നയിച്ചു.
സങ്കീർത്തനങ്ങൾ 78:1-72 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്‍റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിക്കുവിൻ; എന്‍റെ വായിലെ മൊഴികൾക്ക് നിങ്ങളുടെ ചെവി ചായിക്കുവിൻ. ഞാൻ ഉപമ പ്രസ്താവിക്കുവാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മളോട് പറഞ്ഞിരിക്കുന്നു. നാം നമ്മുടെ മക്കളോട് അവയെ മറച്ചുവയ്ക്കാതെ വരുവാനുള്ള തലമുറയോട് യഹോവയുടെ സ്തുതിയും ബലവും കർത്താവ് ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. ദൈവം യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; അവയെ അവരുടെ മക്കളെ അറിയിക്കുവാൻ നമ്മുടെ പിതാക്കന്മാരോട് കല്പിച്ചു. വരുവാനുള്ള തലമുറ, ജനിക്കുവാനിരിക്കുന്ന മക്കൾതന്നെ, അവയെ ഗ്രഹിക്കുകയും എഴുന്നേറ്റ് തങ്ങളുടെ മക്കളോട് അറിയിക്കുകയും ചെയ്യും. അവർ അവരുടെ ആശ്രയം ദൈവത്തിൽ വയ്ക്കുകയും അവിടുത്തെ പ്രവൃത്തികളെ മറന്നുകളയാതെ അവിടുത്തെ കല്പനകൾ പ്രമാണിച്ചു നടക്കുകയും അവരുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ, ദൈവത്തോട് അവിശ്വസ്തമനസ്സുള്ള ഒരു തലമുറയായി തീരാതിരിക്കുകയും ചെയ്യേണ്ടതിന് തന്നെ. ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി. അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല; കർത്താവിന്‍റെ ന്യായപ്രമാണം ഉപേക്ഷിച്ചു നടന്നു. അവർ ദൈവത്തിന്‍റെ പ്രവൃത്തികളും അവരെ കാണിച്ച അത്ഭുതങ്ങളും മറന്നുകളഞ്ഞു. കർത്താവ് മിസ്രയീം ദേശത്ത്, സോവാൻ വയലിൽവച്ച് അവരുടെ പൂര്‍വ്വ പിതാക്കന്മാരുടെ കൺമുമ്പിൽ, അത്ഭുതം പ്രവർത്തിച്ചു. ദൈവം സമുദ്രത്തെ വിഭാഗിച്ച്, അതിൽകൂടി അവരെ കടത്തി; കർത്താവ് വെള്ളത്തെ ചിറപോലെ നില്‍ക്കുമാറാക്കി. പകൽ സമയത്ത് അവിടുന്ന് മേഘംകൊണ്ടും രാത്രിമുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി. ദൈവം മരുഭൂമിയിൽ പാറകളെ പിളർന്നു ആഴികളാൽ എന്നപോലെ അവർക്ക് ധാരാളം കുടിക്കുവാൻ കൊടുത്തു. പാറയിൽനിന്ന് അവിടുന്ന് അരുവികളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. എങ്കിലും അവർ കർത്താവിനോട് പാപംചെയ്തു; അത്യുന്നതനോട് മരുഭൂമിയിൽവച്ച് മത്സരിച്ചുകൊണ്ടിരുന്നു. അവർ കൊതിക്കുന്ന ഭക്ഷണം ചോദിച്ചു കൊണ്ടു അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു. അവർ ദൈവത്തിനു വിരോധമായി സംസാരിച്ചു: “മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിനു കഴിയുമോ?” ദൈവം പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി, സത്യം; “എന്നാൽ അപ്പംകൂടി തരുവാൻ ദൈവത്തിന് കഴിയുമോ? തന്റെ ജനത്തിന് ദൈവം മാംസം വരുത്തി കൊടുക്കുമോ?” എന്നു പറഞ്ഞു. ആകയാൽ യഹോവ അത് കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി. അവർ ദൈവത്തിൽ വിശ്വസിക്കുകയും കർത്താവിന്‍റെ രക്ഷയിൽ ആശ്രയിക്കുകയും ചെയ്യായ്കയാൽ തന്നെ. അവിടുന്ന് മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു. അവർക്ക് തിന്നുവാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്ക് കൊടുത്തു. മനുഷ്യർ ദൂതന്മാരുടെ അപ്പം തിന്നു; കർത്താവ് അവർക്ക് തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. ദൈവം ആകാശത്തിൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി. ദൈവം അവർക്ക് പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു; അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. അങ്ങനെ അവർ തിന്ന് തൃപ്തരായി. അവർ ആഗ്രഹിച്ചത് അവിടുന്ന് അവർക്ക് കൊടുത്തു. അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നെ, ദൈവത്തിന്റെ കോപം അവരുടെ മേൽ വന്നു; അവരുടെ അതിശക്തന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. ഇതെല്ലാമായിട്ടും അവർ പിന്നെയും പാപംചെയ്തു; ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. അതുകൊണ്ട് ദൈവം അവരുടെ നാളുകളെ ശ്വാസം പോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി. ദൈവം അവരെ കൊല്ലുമ്പോൾ അവർ ദൈവത്തെ അന്വേഷിക്കും; അവർ തിരിഞ്ഞ് ജാഗ്രതയോടെ ദൈവത്തെ തിരയും. ദൈവം അവരുടെ പാറ എന്നും അത്യുന്നതനായ ദൈവം അവരുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും. എങ്കിലും അവർ വായ്കൊണ്ട് ദൈവത്തോട് കപടം സംസാരിക്കും നാവുകൊണ്ട് ദൈവത്തോട് ഭോഷ്ക് പറയും. അവരുടെ ഹൃദയം ദൈവത്തിൽ സ്ഥിരമായിരുന്നില്ല; കർത്താവിന്‍റെ നിയമത്തോട് അവർ വിശ്വസ്തത കാണിച്ചതുമില്ല. എങ്കിലും ദൈവം കരുണയുള്ളവനാകുകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്‍റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ തന്‍റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു. അവർ കേവലം ജഡം അത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും കർത്താവ് ഓർത്തു. മരുഭൂമിയിൽ അവർ എത്ര തവണ ദൈവത്തോട് മത്സരിച്ചു! ശൂന്യദേശത്ത് എത്ര പ്രാവശ്യം ദൈവത്തെ ദുഃഖിപ്പിച്ചു! അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ ദൈവത്തെ മുഷിപ്പിച്ചു. മിസ്രയീമിൽ അടയാളങ്ങളും സോവാൻവയലിൽ അത്ഭുതങ്ങളും ചെയ്ത അവിടുത്തെ കയ്യും കർത്താവ് ശത്രുവിന്‍റെ കയ്യിൽനിന്ന് അവരെ വിടുവിച്ച ദിവസവും അവർ ഓർമ്മിച്ചില്ല. ദൈവം അവരുടെ നദികളെയും തോടുകളെയും അവർക്ക് കുടിക്കുവാൻ കഴിയാത്തവിധം രക്തമാക്കിത്തീർത്തു. ദൈവം അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്ക് നാശം ചെയ്തു. അവരുടെ വിള അവിടുന്ന് തുള്ളനും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. ദൈവം അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു. ദൈവം അവരുടെ കന്നുകാലികളെ കന്മഴക്കും അവരുടെ ആട്ടിൻകൂട്ടങ്ങളെ ഇടിത്തീയ്ക്കും ഏല്പിച്ചു. ദൈവം അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ. ദൈവം തന്‍റെ കോപത്തിന് ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാവ്യാധിക്ക് ഏല്പിച്ചുകളഞ്ഞു. ദൈവം മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാമിന്‍റെ കൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്‍റെ ആദ്യഫലത്തെയും സംഹരിച്ചു. എന്നാൽ തന്റെ ജനത്തെ ദൈവം ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻകൂട്ടത്തെപ്പോലെ അവരെ നടത്തി. ദൈവം അവരെ നിർഭയമായി നടത്തുകയാൽ അവർക്ക് ഭയമുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. ദൈവം അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു. അവരുടെ മുമ്പിൽനിന്നു ദൈവം ജനതകളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ട് അളന്ന് അവർക്ക് അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ താമസിപ്പിച്ചു. എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ച് മത്സരിച്ചു; അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ചതുമില്ല. അവർ അവരുടെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞ് ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. അവർ അവരുടെ പൂജാഗിരികളെക്കൊണ്ട് ദൈവത്തെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ട് കർത്താവിന് തീക്ഷ്ണത ജനിപ്പിച്ചു. ദൈവം അത് കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. അതുകൊണ്ട് ദൈവം ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന നിവാസവും ഉപേക്ഷിച്ചു. തന്റെ ബലത്തെ പ്രവാസത്തിലും തന്‍റെ നിയമ പെട്ടകത്തെ ശത്രുവിന്‍റെ കയ്യിലും ഏല്പിച്ചുകൊടുക്കുകയും മാനഹീനനാക്കുകയും ചെയ്തു. ദൈവം തന്‍റെ അവകാശത്തോട് കോപിച്ചു; തന്റെ ജനത്തെ വാളിന് വിട്ടുകൊടുത്തു. അവരുടെ യൗവനക്കാർ തീയ്ക്ക് ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്ക് വിവാഹഗീതം ഉണ്ടായതുമില്ല. അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. അപ്പോൾ കർത്താവ് ഉറക്കത്തിൽനിന്ന് ഉണർന്നുവരുന്നവനെപ്പോലെയും വീഞ്ഞു കുടിച്ച് അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. ദൈവം തന്‍റെ ശത്രുക്കളെ പിന്നിലേക്ക് ഓടിച്ചുകളഞ്ഞു; അവർക്ക് നിത്യനിന്ദ വരുത്തുകയും ചെയ്തു. എന്നാൽ കർത്താവ് യോസേഫിന്‍റെ കൂടാരത്തെ ത്യജിച്ച്; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. ദൈവം യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു. താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും ദൈവം തന്‍റെ വിശുദ്ധമന്ദിരത്തെ പണിതു. കർത്താവ് തന്‍റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു; ആട്ടിൻതൊഴുത്തുകളുടെ ഇടയിൽനിന്ന് അവനെ വരുത്തി. തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന് യഹോവ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. അങ്ങനെ അവൻ പരമാർത്ഥ ഹൃദയത്തോടെ അവരെ മേയിച്ചു; കൈകളുടെ സാമർത്ഥ്യത്തോടെ അവരെ നടത്തി.
സങ്കീർത്തനങ്ങൾ 78:1-72 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ. ഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും. നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു. നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും. അവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു. വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും അവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ. ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി. അവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല; അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു. അവർ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു. അവൻ മിസ്രയീംദേശത്തു, സോവാൻ വയലിൽവെച്ചു അവരുടെ പിതാക്കന്മാർ കാൺകെ, അത്ഭുതം പ്രവർത്തിച്ചു. അവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽകൂടി അവരെ കടത്തി; അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി. പകൽസമയത്തു അവൻ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി. അവൻ മരുഭൂമിയിൽ പാറകളെ പിളർന്നു ആഴികളാൽ എന്നപോലെ അവർക്കു ധാരാളം കുടിപ്പാൻ കൊടുത്തു. പാറയിൽനിന്നു അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി. എങ്കിലും അവർ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയിൽവെച്ചു മത്സരിച്ചുകൊണ്ടിരുന്നു. തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു. അവർ ദൈവത്തിന്നു വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിന്നു കഴിയുമോ? അവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാൻ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവൻ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു. ആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി. അവർ ദൈവത്തിൽ വിശ്വസിക്കയും അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നേ. അവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു. അവർക്കു തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു. മനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു. അവൻ ആകാശത്തിൽ കിഴക്കൻകാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റുവരുത്തി. അവൻ അവർക്കു പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു; അവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു. അങ്ങനെ അവർ തിന്നു തൃപ്തരായ്തീർന്നു; അവർ ആഗ്രഹിച്ചതു അവൻ അവർക്കു കൊടുത്തു. അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നേ, ദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൗവനക്കാരെ സംഹരിച്ചു. ഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല. അതുകൊണ്ടു അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി. അവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും. ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും. എങ്കിലും അവർ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷ്കു പറയും. അവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല; അവന്റെ നിയമത്തോടു അവർ വിശ്വസ്തത കാണിച്ചതുമില്ല. എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു. അവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവൻ ഓർത്തു. മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു. മിസ്രയീമിൽ അടയാളങ്ങളെയും സോവാൻവയലിൽ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും അവൻ ശത്രുവിൻ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല. അവൻ അവരുടെ നദികളെയും തോടുകളെയും അവർക്കു കുടിപ്പാൻ വഹിയാതവണ്ണം രക്തമാക്കിത്തീർത്തു. അവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു. അവരുടെ വിള അവൻ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു. അവൻ അവരുടെ മുന്തിരിവള്ളികളെ കന്മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു. അവൻ അവരുടെ കന്നുകാലികളെ കന്മഴെക്കും അവരുടെ ആട്ടിൻ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു. അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ. അവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു. അവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു. എന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻ കൂട്ടത്തെപ്പോലെ അവരെ നടത്തി. അവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്കു പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു. അവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു. അവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവർക്കു അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു. എങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല. അവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു. അവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷ്ണത ജനിപ്പിച്ചു. ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു. ആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു. തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു. അവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു. അവരുടെ യൗവനക്കാർ തീക്കു ഇരയായിത്തീർന്നു; അവരുടെ കന്യകമാർക്കു വിവാഹഗീതം ഉണ്ടായതുമില്ല. അവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല. അപ്പോൾ കർത്താവു ഉറക്കുണർന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു. അവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവർക്കു നിത്യനിന്ദവരുത്തുകയും ചെയ്തു. എന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല. അവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു. താൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു. അവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി. തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു. അങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.
സങ്കീർത്തനങ്ങൾ 78:1-72 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ജനമേ, എന്റെ ഉപദേശം കേൾക്കുക; എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കുക. ഞാൻ സാദൃശ്യകഥ സംസാരിക്കുന്നതിനായി എന്റെ വായ് തുറക്കും; പുരാതനകാലംമുതൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പ്രഖ്യാപിക്കും— നാം കേൾക്കുകയും അറിയുകയും നമ്മുടെ പൂർവികർ നമ്മെ അറിയിക്കുകയുംചെയ്ത കാര്യങ്ങൾതന്നെ. നാം അവ അവരുടെ മക്കളിൽനിന്ന് മറച്ചുവെക്കുകയില്ല; യഹോവയുടെ മഹത്തായ പ്രവൃത്തികളെപ്പറ്റി, അവിടത്തെ ശക്തിയെയും അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികളെയുംപറ്റിയും ഞങ്ങൾ അടുത്ത തലമുറയോട് പ്രസ്താവിക്കും. അവിടന്ന് യാക്കോബിന് തന്റെ നിയമവ്യവസ്ഥകൾ ഉത്തരവിടുകയും ഇസ്രായേലിൽ ന്യായപ്രമാണം സ്ഥാപിക്കുകയും ചെയ്തു— നമ്മുടെ പൂർവികരോട് അവരുടെ മക്കൾക്ക് ഉപദേശിച്ചുനൽകണമെന്ന് അവിടന്ന് ആജ്ഞാപിച്ചവതന്നെ— അങ്ങനെ അടുത്ത തലമുറ ആ കൽപ്പനകൾ അറിയും ഇനി ജനിക്കാനിരിക്കുന്ന മക്കളും! അവർ അവരുടെ മക്കളെ അത് പഠിപ്പിക്കുകയും ചെയ്യും. അപ്പോൾ അവർ ദൈവത്തിൽ തങ്ങളുടെ ആശ്രയംവെക്കുകയും അവിടത്തെ പ്രവൃത്തികൾ മറക്കാതെ അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യും. അവർ തങ്ങളുടെ പൂർവികരെപ്പോലെ ദുശ്ശാഠ്യമുള്ളവരും മത്സരികളുമായ ഒരു തലമുറയോ അവിശ്വസ്തരും ദൈവത്തോട് കൂറുപുലർത്താത്ത ഹൃദയവുമുള്ള ഒരു തലമുറയോ ആകുകയില്ല. എഫ്രയീം വില്ലാളിവീരന്മാർ ആയിരുന്നെങ്കിലും യുദ്ധദിവസത്തിൽ അവർ പിന്തിരിഞ്ഞോടി; അവർ ദൈവത്തിന്റെ ഉടമ്പടി പാലിക്കുകയോ അവിടത്തെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കുകയോ ചെയ്തില്ല. അവിടന്നു ചെയ്ത പ്രവൃത്തികളും അവരെ കാണിച്ച അത്ഭുതങ്ങളും അവർ മറന്നു. അവിടന്ന് അവരുടെ പിതാക്കന്മാരുടെമുമ്പാകെ ഈജിപ്റ്റിലെ സോവാൻ സമഭൂമിയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചല്ലോ. അവിടന്ന് കടൽ വിഭജിച്ച് അതിലൂടെ അവരെ കടത്തിക്കൊണ്ടുപോയി; അവിടന്ന് ജലപാളികളെ ഒരു മതിൽപോലെ ഉറപ്പിച്ചുനിർത്തി. പകൽമുഴുവൻ മേഘംകൊണ്ട് അവർക്ക് തണൽ ഒരുക്കി രാത്രിമുഴുവൻ അഗ്നിജ്വാലയിൽനിന്നുള്ള പ്രകാശത്താൽ അവിടന്ന് അവരെ നയിച്ചു. അവിടന്ന് മരുഭൂമിയിൽവെച്ച് പാറകളെ പിളർത്തി ആഴിയിൽനിന്നെന്നപോലെ അവർക്ക് സമൃദ്ധമായി ജലം നൽകി; കടുന്തൂക്കായ പാറകളിൽനിന്ന് അവിടന്ന് അരുവികൾ പുറപ്പെടുവിച്ചു. ആ നീർച്ചാലുകളെ, താഴ്വരയിലേക്ക് നദികൾപോലെ ഒഴുക്കി. എന്നിട്ടും അവർ അവിടത്തേക്കെതിരേ പാപംചെയ്തുകൊണ്ടിരുന്നു, മരുഭൂമിയിൽവെച്ച് അത്യുന്നതനെതിരേ മത്സരിച്ചുകൊണ്ടിരുന്നു. തങ്ങൾ ആഗ്രഹിച്ച ഭക്ഷണത്തിനായി അവർ മനഃപൂർവം ദൈവത്തെ പരീക്ഷിച്ചു. അവർ ദൈവത്തിനു വിരോധമായി മുറവിളികൂട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “മരുഭൂമിയിൽ നമുക്ക് ഭക്ഷണമേശ ഒരുക്കുന്നതിന് ദൈവത്തിന് കഴിയുമോ? അവിടന്ന് പാറയെ അടിച്ചു, വെള്ളം പൊട്ടിപ്പുറപ്പെട്ടു അരുവികൾ കവിഞ്ഞൊഴുകി, സത്യം, എന്നാൽ ഞങ്ങൾക്കു ഭക്ഷണംകൂടി നൽകാൻ അവിടത്തേക്കു കഴിയുമോ? അവിടത്തെ ജനത്തിനു മാംസം നൽകുമോ?” യഹോവ ഇതു കേട്ടപ്പോൾ രോഷാകുലനായി; അവിടത്തെ കോപാഗ്നി യാക്കോബിനെതിരേയും അവിടത്തെ ക്രോധം ഇസ്രായേലിന്റെനേരേയും കത്തിജ്വലിച്ചു, അവർ ദൈവത്തിൽ വിശ്വസിക്കുകയോ അവിടത്തെ കരുതലിൽ ആശ്രയിക്കുകയോ ചെയ്യാതിരുന്നതിനാൽത്തന്നെ. എന്നിട്ടും അവിടന്ന് മീതേയുള്ള ആകാശത്തിന് ഒരു ആജ്ഞ കൊടുത്തു ആകാശത്തിന്റെ കവാടങ്ങൾ തുറന്നു; അവിടന്ന് ജനത്തിന് ആഹാരമായി മന്ന പൊഴിച്ചു, സ്വർഗീയധാന്യം അവിടന്ന് അവർക്കു നൽകി. അവിടന്ന് അവർക്ക് സമൃദ്ധിയായി അയച്ചുകൊടുത്ത ശക്തരുടെ ആഹാരം മനുഷ്യർ ആസ്വദിച്ചു. അവിടന്ന് ആകാശത്തിൽനിന്ന് കിഴക്കൻകാറ്റിനെ അഴിച്ചുവിട്ടു അവിടത്തെ ശക്തിയാൽ തെക്കൻകാറ്റ് ആഞ്ഞുവീശുകയും ചെയ്തു. അവരുടെമേൽ അവിടന്ന് പൊടിപോലെ മാംസവും കടൽത്തീരത്തെ മണൽത്തരിപോലെ പക്ഷികളെയും വർഷിപ്പിച്ചു. അവയെ അവരുടെ പാളയത്തിലേക്ക്, അവരുടെ കൂടാരത്തിനുചുറ്റം പറന്നിറങ്ങുമാറാക്കി. മതിയാകുവോളം അവർ ഭക്ഷിച്ചു; അവർ ആഗ്രഹിച്ചതുതന്നെ അവിടന്ന് അവർക്ക് നൽകി. എന്നാൽ അവർ ആഗ്രഹിച്ച ഭക്ഷണം ഭക്ഷിച്ചു തൃപ്തരാകുന്നതിനുമുമ്പ്, അത് അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ, ദൈവകോപം അവർക്കുനേരേ ജ്വലിച്ചു; അവരിലെ കായബലമുള്ളവരെ മരണത്തിനേൽപ്പിച്ചു, ഇസ്രായേലിലെ യുവനിരയെത്തന്നെ അവിടന്ന് ഛേദിച്ചുകളഞ്ഞു. എന്നിട്ടുമവർ പാപത്തിൽത്തന്നെ തുടർന്നു; അവിടത്തെ അത്ഭുതങ്ങൾ കണ്ടിട്ടും അവർ വിശ്വസിച്ചില്ല. അതിനാൽ അവരുടെ ആയുസ്സ് വ്യർഥമായി അവസാനിക്കുന്നതിനും അവരുടെ സംവത്സരങ്ങൾ ഭീതിയിലാണ്ടുപോകുന്നതിനും അവിടന്ന് സംഗതിയാക്കി. എപ്പോഴൊക്കെ ദൈവം അവരെ സംഹരിച്ചോ, അപ്പോഴെല്ലാം അവർ അവിടത്തെ അന്വേഷിച്ചു; വളരെ ഗൗരവതരമായിത്തന്നെ അവർ ദൈവത്തെ അന്വേഷിച്ചു. ദൈവമായിരുന്നു തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവമാണ് തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർത്തു. എന്നാൽ തങ്ങളുടെ വാകൊണ്ട് അവർ ദൈവത്തോട് മുഖസ്തുതി പറയുകയും നാവുകൊണ്ട് അവർ അവിടത്തോടു വ്യാജം പറയുകയും ചെയ്യുന്നു; അവരുടെ ഹൃദയം അവിടത്തോട് കൂറുപുലർത്തിയില്ല, അവിടത്തെ ഉടമ്പടിയോട് അവർ വിശ്വസ്തരായിരുന്നതുമില്ല. എന്നിട്ടും ദൈവം അവരോട് കരുണയുള്ളവനായിരുന്നു; അവരുടെ അകൃത്യങ്ങൾ അവിടന്ന് ക്ഷമിച്ചു അവിടന്ന് അവരെ നശിപ്പിച്ചതുമില്ല. തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ പലപ്പോഴും തന്റെ കോപത്തെ അടക്കിക്കളഞ്ഞു. അവർ കേവലം മാംസംമാത്രം, മടങ്ങിവരാത്തൊരു മന്ദമാരുതൻ എന്ന് അവിടന്ന് ഓർത്തു. എത്രയോവട്ടം അവർ മരുഭൂമിയിൽവെച്ച് ദൈവത്തിനെതിരേ മത്സരിച്ചു വിജനദേശത്തുവെച്ച് എത്രയോതവണ അവിടത്തെ ദുഃഖിപ്പിച്ചു! അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു; ഇസ്രായേലിന്റെ പരിശുദ്ധനെ വിഷമിപ്പിച്ചു. അവിടത്തെ ശക്തി അവർ ഓർത്തില്ല— പീഡകരിൽനിന്നും തങ്ങളെ വീണ്ടെടുത്ത ദിവസവും ഈജിപ്റ്റിൽ അവിടന്നു ചെയ്ത ചിഹ്നങ്ങളും സോവാൻ സമഭൂമിയിലെ അത്ഭുതങ്ങളും അവർ ഓർത്തില്ല. അവരുടെ നദികളെ അവിടന്ന് രക്തമാക്കി; അവരുടെ അരുവികളിൽനിന്ന് അവർക്ക് കുടിക്കാൻ കഴിയാതെയുമായി. അവരെ വിഴുങ്ങിക്കളയേണ്ടതിന് അവിടന്ന് ഈച്ചകളുടെ കൂട്ടത്തെ അയച്ചു, തവളക്കൂട്ടങ്ങൾ അവർക്കിടയിൽ നാശം വിതച്ചു. അവരുടെ കൃഷി അവിടന്ന് വിട്ടിലിന് ആഹാരമായും അവരുടെ വിളകൾ വെട്ടുക്കിളികൾക്കും നൽകി. അവിടന്ന് അവരുടെ മുന്തിരിത്തലകൾ കന്മഴകൊണ്ടു നശിപ്പിക്കുകയും അവരുടെ കാട്ടത്തികളെ ആലിപ്പഴംകൊണ്ടു മൂടുകയും ചെയ്തു. കന്മഴകൊണ്ട് അവരുടെ കന്നുകാലിക്കൂട്ടങ്ങളെ തകർത്തു, അവരുടെ മൃഗസമ്പത്ത് ഇടിമിന്നലിന് ഇരയായി. അങ്ങയുടെ കോപം അവരുടെമേൽ ആളിക്കത്തി, കുപിതനായ അങ്ങ് അവർക്കുനേരേ, ക്രോധം, അപമാനം, ശത്രുത, എന്നിവയുടെ സംഹാരദൂതഗണത്തെ അഴിച്ചുവിട്ടു. അവിടന്ന് തന്റെ കോപത്തിനൊരു വഴിതുറന്നു; അവരുടെ ജീവനെ മരണത്തിൽനിന്നു മാറ്റിനിർത്തിയില്ല, എന്നാൽ അവരെ അവിടന്ന് മഹാമാരിക്ക് ഏൽപ്പിച്ചുകൊടുത്തു. ഈജിപ്റ്റിലെ എല്ലാ ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു, ഹാമിന്റെ കൂടാരങ്ങളിലെ പൗരുഷത്തിന്റെ പ്രഥമസന്തതികളെത്തന്നെ. എന്നാൽ അവിടന്ന് തന്റെ ജനത്തെ ആട്ടിൻപറ്റത്തെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിലൂടെ ആടുകളെയെന്നപോലെ അവിടന്ന് അവരെ നടത്തി. അവിടന്ന് അവരെ സുരക്ഷിതരായി നയിച്ചു, അതുകൊണ്ട് അവർക്ക് ഭയം ഉണ്ടായിരുന്നില്ല; എന്നാൽ സമുദ്രം അവരുടെ ശത്രുക്കളെ വിഴുങ്ങിക്കളഞ്ഞു. അങ്ങനെ അവിടന്ന് അവരെ വിശുദ്ധനാടിന്റെ അതിരിലേക്ക് ആനയിച്ചു, അവിടത്തെ വലതുകരം അധീനപ്പെടുത്തിയ മലനിരകളിലേക്കുതന്നെ. അവരുടെമുമ്പിലുണ്ടായിരുന്ന ജനതകളെ അവിടന്ന് തുരത്തിയോടിച്ചു അവരുടെ ദേശത്തെ ഒരവകാശമായി അവർക്ക് അളന്നുകൊടുത്തു; ഇസ്രായേൽ ഗോത്രങ്ങൾക്ക് അവരുടെ ഭവനങ്ങളിൽ വാസമുറപ്പിച്ചുകൊടുത്തു. എങ്കിലും അവർ ദൈവത്തെ പരീക്ഷിച്ചു അത്യുന്നതനെതിരേ മത്സരിച്ചു; അവർ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടർന്നതുമില്ല. അവരുടെ പൂർവികരെപ്പോലെ അവർ വിശ്വാസഘാതകരായി പിന്തിരിഞ്ഞു കോട്ടമുള്ള വില്ലുപോലെ അവർ വഞ്ചകരായിത്തീർന്നു. തങ്ങളുടെ ക്ഷേത്രങ്ങൾകൊണ്ട് അവർ അവിടത്തെ പ്രകോപിപ്പിച്ചു; തങ്ങളുടെ വിഗ്രഹങ്ങളാൽ അവർ അവിടത്തെ അസഹിഷ്ണുതയുള്ളവനാക്കി. ദൈവം ഇതു കേട്ടു, കോപംകൊണ്ടുനിറഞ്ഞു; ഇസ്രായേലിനെ നിശ്ശേഷം തള്ളിക്കളഞ്ഞു. അവിടന്ന് ശീലോവിലെ സമാഗമകൂടാരത്തെ ഉപേക്ഷിച്ചു, അവിടന്ന് മനുഷ്യരുടെയിടയിൽ സ്ഥാപിച്ച കൂടാരത്തെത്തന്നെ. അവിടന്ന് തന്റെ ശക്തിയുടെ പ്രതീകമായ കൂടാരത്തെ പ്രവാസത്തിലേക്കും തന്റെ മഹത്ത്വത്തെ ശത്രുവിന്റെ കരങ്ങളിലേക്കും ഏൽപ്പിച്ചുകൊടുത്തു. സ്വജനത്തെ അവിടന്ന് വാൾത്തലയ്ക്ക് വിട്ടുകൊടുത്തു; അവിടന്ന് തന്റെ അവകാശത്തോട് രോഷാകുലനായി. അവരുടെ യുവാക്കന്മാരെ അഗ്നി വിഴുങ്ങിക്കളഞ്ഞു, അവരുടെ യുവതികൾക്ക് വിവാഹഗീതങ്ങൾ ഉണ്ടായതുമില്ല; അവരുടെ പുരോഹിതന്മാർ വാളിനിരയായി, അവരുടെ വിധവമാർക്കു വിലപിക്കാൻ കഴിഞ്ഞതുമില്ല. അപ്പോൾ കർത്താവ് തന്റെ നിദ്രവിട്ടുണർന്നു, മദ്യലഹരിവിട്ട് ഒരു യോദ്ധാവ് ഉണരുന്നതുപോലെതന്നെ. അവിടന്ന് തന്റെ ശത്രുക്കൾക്ക് തിരിച്ചടിനൽകി; അവരെ എന്നെന്നേക്കുമായി ലജ്ജയിലേക്കു തള്ളിവിട്ടു. എന്നാൽ അവിടന്ന് യോസേഫിന്റെ കൂടാരത്തെ ഉപേക്ഷിച്ചു, എഫ്രയീംഗോത്രത്തെ തെരഞ്ഞെടുത്തതുമില്ല; എന്നാൽ അവിടന്ന് യെഹൂദാഗോത്രത്തെ, താൻ സ്നേഹിക്കുന്ന സീയോൻപർവതത്തെ തെരഞ്ഞെടുത്തു. അവിടന്ന് തന്റെ തിരുനിവാസം അത്യുന്നതങ്ങളെപ്പോലെ സ്ഥാപിച്ചു, താൻ എന്നേക്കുമായി സ്ഥാപിച്ച ഭൂമിയെ എന്നപോലെതന്നെ. അവിടന്ന് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു, ആട്ടിൻതൊഴുത്തിൽനിന്നുതന്നെ അദ്ദേഹത്തെ എടുത്തു; ആടുകളെ വളർത്തുന്നതിൽനിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു, തന്റെ ജനമായ യാക്കോബിന്, തന്റെ അവകാശമായ ഇസ്രായേലിന് ഇടയനായിരിക്കുന്നതിനുവേണ്ടിത്തന്നെ. ഹൃദയപരമാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു; കരവിരുതോടെ അദ്ദേഹം അവരെ നയിച്ചു.