സങ്കീർത്തനങ്ങൾ 7:10-17

സങ്കീർത്തനങ്ങൾ 7:10-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ട്; അവൻ ഹൃദയപരമാർഥികളെ രക്ഷിക്കുന്നു. ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു. മനംതിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിനു മൂർച്ചകൂട്ടും; അവൻ തന്റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു. അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരേ തൊടുത്തു. തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു. ഇതാ, അവനു നീതികേടിനെ നോവുകിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭം ധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു. അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻതന്നെ വീണു. അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാൽക്കാരം അവന്റെ നെറുകയിൽ തന്നെ വീഴും. ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിനു സ്തോത്രം പാടും.

സങ്കീർത്തനങ്ങൾ 7:10-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവമാണ് എന്റെ പരിച പരമാർഥഹൃദയമുള്ളവരെ അവിടുന്ന് രക്ഷിക്കുന്നു. ദൈവം നീതിനിഷ്ഠനായ ന്യായാധിപൻ; അവിടുന്ന് ദിനംതോറും ദുഷ്ടന്മാരെ ഭർത്സിക്കുന്നു. അവർ മനം തിരിയുന്നില്ലെങ്കിൽ, അവിടുന്ന് വാളിന് മൂർച്ചകൂട്ടും. അവിടുന്ന് വില്ലുകുലച്ച് അസ്ത്രം തൊടുത്തിരിക്കുന്നു. അവിടുന്ന് മാരകായുധങ്ങൾ സജ്ജമാക്കിയിരിക്കുന്നു. ശരങ്ങൾ തീയമ്പുകളാക്കിയിരിക്കുന്നു. ഇതാ ദുഷ്ടൻ തിന്മയെ ഗർഭം ധരിക്കുന്നു, അവൻ വഞ്ചനയെ ഉദരത്തിൽ വഹിച്ച് വ്യാജത്തെ പ്രസവിക്കുന്നു. അവൻ കുഴി കുഴിച്ച് കെണിയൊരുക്കുന്നു. താൻ കുഴിച്ച കുഴിയിൽ അവൻതന്നെ വീഴുന്നു. അവന്റെ ദുഷ്ടത അവന്റെ തലയിൽ പതിക്കുന്നു. അവന്റെ അക്രമം അവന്റെ നെറുകയിൽ നിപതിക്കുന്നു. സർവേശ്വരനു ഞാൻ സ്തോത്രം അർപ്പിക്കും. അവിടുന്നു നീതി പ്രവർത്തിക്കുന്നുവല്ലോ, അത്യുന്നതനായ സർവേശ്വരനു ഞാൻ സ്തുതിഗീതമാലപിക്കും.

സങ്കീർത്തനങ്ങൾ 7:10-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവമാണ് എന്‍റെ പരിച; അവിടുന്ന് ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു. ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു. മനം തിരിയുന്നില്ലെങ്കിൽ അവിടുന്ന് തന്‍റെ വാളിന് മൂർച്ചകൂട്ടും; അവിടുന്ന് തന്‍റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു. അവിടുന്ന് മരണാസ്ത്രങ്ങളെ അവന്‍റെനേരെ തൊടുത്ത്, തന്‍റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു. ഇതാ, അവന് നീതികേടിനാൽ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭംധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു. അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻതന്നെ വീണു. അവന്‍റെ ദുഷ്പ്രവർത്തികൾ അവന്‍റെ തലയിലേക്കു തന്നെ തിരിയും; അവന്‍റെ ദുഷ്ടത അവന്‍റെ നെറുകയിൽ തന്നെ പതിക്കും. ഞാൻ യഹോവയെ അവിടുത്തെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.

സങ്കീർത്തനങ്ങൾ 7:10-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു; അവൻ ഹൃദയപരമാർത്ഥികളെ രക്ഷിക്കുന്നു. ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു. മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂർച്ചകൂട്ടും; അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു. അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു, തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു. ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു. അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻ തന്നേ വീണു. അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്ക്കാരം അവന്റെ നെറുകയിൽ തന്നേ വീഴും. ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.

സങ്കീർത്തനങ്ങൾ 7:10-17 സമകാലിക മലയാളവിവർത്തനം (MCV)

അത്യുന്നതനായ ദൈവം എന്റെ പരിച ആകുന്നു, അവിടന്ന് ഹൃദയപരമാർഥികളെ രക്ഷിക്കുന്നു. ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു, അവിടന്ന് ദുഷ്ടരോട് അനുദിനം രോഷംകൊള്ളുന്നു. മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ദൈവം തന്റെ വാളിനു മൂർച്ചകൂട്ടും; അവിടന്ന് തന്റെ വില്ലുകുലച്ച് ഒരുക്കിവെക്കും. അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു; അവിടന്ന് തന്റെ തീയമ്പുകൾ സജ്ജമാക്കുന്നു. ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു; അനർഥം ഉദരത്തിൽ വഹിച്ച് വ്യാജം പ്രസവിക്കുന്നു. അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു അവർ കുഴിച്ച കുഴിയിൽത്തന്നെ അവർ വീഴുന്നു. അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു; അവരുടെ അതിക്രമം അവരുടെ തലയിൽത്തന്നെ പതിക്കുന്നു. ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്; അത്യുന്നതനായ യഹോവയുടെ നാമത്തിനു ഞാൻ സ്തുതിപാടും. സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.