സങ്കീർത്തനങ്ങൾ 7:1-17
സങ്കീർത്തനങ്ങൾ 7:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കൈയിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കേണമേ. അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ. എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ, എനിക്കു ബന്ധുവായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ,- ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ- ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ. യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തു നില്ക്കേണമേ; എനിക്കുവേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ. ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ; നീ അവർക്കു മീതെകൂടി ഉയരത്തിലേക്കു മടങ്ങേണമേ. യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കേണമേ; ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധന ചെയ്യുന്നുവല്ലോ. എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ട്; അവൻ ഹൃദയപരമാർഥികളെ രക്ഷിക്കുന്നു. ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു. മനംതിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിനു മൂർച്ചകൂട്ടും; അവൻ തന്റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു. അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരേ തൊടുത്തു. തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു. ഇതാ, അവനു നീതികേടിനെ നോവുകിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭം ധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു. അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻതന്നെ വീണു. അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാൽക്കാരം അവന്റെ നെറുകയിൽ തന്നെ വീഴും. ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിനു സ്തോത്രം പാടും.
സങ്കീർത്തനങ്ങൾ 7:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ദൈവമായ സർവേശ്വരാ, അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു. എന്നെ വേട്ടയാടുന്നവരിൽനിന്ന് എന്നെ വിടുവിച്ചു രക്ഷിക്കണമേ. അല്ലെങ്കിൽ അവർ സിംഹത്തെപ്പോലെ എന്നെ പിച്ചിച്ചീന്തും. എന്നെ വലിച്ചിഴയ്‍ക്കും; രക്ഷിപ്പാൻ ആരും ഉണ്ടായിരിക്കുകയില്ല. എന്റെ ദൈവമായ സർവേശ്വരാ, എന്റെ കരങ്ങൾ പാപപങ്കിലമാണെങ്കിൽ, ഞാൻ എന്റെ സ്നേഹിതനെ വഞ്ചിച്ചിട്ടുണ്ടെങ്കിൽ, അകാരണമായി ശത്രുവിനെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ, ശത്രു എന്നെ പിന്തുടർന്ന് പിടിച്ചു കൊള്ളട്ടെ. അവർ എന്നെ അടിച്ചുവീഴ്ത്തട്ടെ. എന്റെ മൃതശരീരം പൂഴിയിൽ ഉപേക്ഷിക്കട്ടെ. സർവേശ്വരാ, ക്രോധത്തോടെ എഴുന്നേല്‌ക്കണമേ, കോപാകുലരായ എന്റെ ശത്രുക്കളെ നേരിടാൻ എഴുന്നേല്‌ക്കണമേ. എന്റെ ദൈവമേ, ഉണരുക. അവിടുന്ന് എല്ലാവർക്കും ന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ. ജനതകൾ അവിടുത്തെ ചുറ്റും നിന്നു സേവിക്കട്ടെ സ്വർഗസിംഹാസനത്തിലിരുന്ന് അവിടുന്ന് എന്നെ ഭരിക്കട്ടെ. സർവമനുഷ്യരെയും വിധിക്കുന്നത് അവിടുന്നല്ലോ. സർവേശ്വരാ, എന്റെ നീതിക്കും നിഷ്കളങ്കതയ്‍ക്കുമൊത്തവിധം എന്നെ വിധിച്ചാലും. നീതിമാനായ ദൈവമേ, ഹൃദയത്തെയും മനസ്സിനെയും പരിശോധിക്കുന്നവനേ, ദുർജനങ്ങളുടെ ദുഷ്ടതയ്‍ക്ക് അറുതിവരുത്തണമേ, നീതിമാന്മാർക്ക് ഐശ്വര്യം നല്‌കണമേ. ദൈവമാണ് എന്റെ പരിച പരമാർഥഹൃദയമുള്ളവരെ അവിടുന്ന് രക്ഷിക്കുന്നു. ദൈവം നീതിനിഷ്ഠനായ ന്യായാധിപൻ; അവിടുന്ന് ദിനംതോറും ദുഷ്ടന്മാരെ ഭർത്സിക്കുന്നു. അവർ മനം തിരിയുന്നില്ലെങ്കിൽ, അവിടുന്ന് വാളിന് മൂർച്ചകൂട്ടും. അവിടുന്ന് വില്ലുകുലച്ച് അസ്ത്രം തൊടുത്തിരിക്കുന്നു. അവിടുന്ന് മാരകായുധങ്ങൾ സജ്ജമാക്കിയിരിക്കുന്നു. ശരങ്ങൾ തീയമ്പുകളാക്കിയിരിക്കുന്നു. ഇതാ ദുഷ്ടൻ തിന്മയെ ഗർഭം ധരിക്കുന്നു, അവൻ വഞ്ചനയെ ഉദരത്തിൽ വഹിച്ച് വ്യാജത്തെ പ്രസവിക്കുന്നു. അവൻ കുഴി കുഴിച്ച് കെണിയൊരുക്കുന്നു. താൻ കുഴിച്ച കുഴിയിൽ അവൻതന്നെ വീഴുന്നു. അവന്റെ ദുഷ്ടത അവന്റെ തലയിൽ പതിക്കുന്നു. അവന്റെ അക്രമം അവന്റെ നെറുകയിൽ നിപതിക്കുന്നു. സർവേശ്വരനു ഞാൻ സ്തോത്രം അർപ്പിക്കും. അവിടുന്നു നീതി പ്രവർത്തിക്കുന്നുവല്ലോ, അത്യുന്നതനായ സർവേശ്വരനു ഞാൻ സ്തുതിഗീതമാലപിക്കും.
സങ്കീർത്തനങ്ങൾ 7:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്‍റെ ദൈവമായ യഹോവേ, അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കയ്യിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കേണമേ. അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ; വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ. എന്റെ ദൈവമായ യഹോവേ, ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ, എന്നോട് സമാധാനമായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, കാരണംകൂടാതെ എന്നോട് ശത്രുവായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ. യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തു നില്ക്കേണമേ; എനിക്കു വേണ്ടി അവിടുന്ന് കല്പിച്ച ന്യായവിധിക്കായി ഉണരേണമേ;. ജനതകൾ സംഘമായി അങ്ങയെ ചുറ്റിനില്ക്കട്ടെ; ഉയരത്തിലിരുന്ന് അവിടുന്ന് അവരെ ഭരിക്കേണമേ യഹോവ ജനതകളെ ന്യായം വിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കേണമേ; ദുഷ്ടന്റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ അവിടുന്ന് ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ. ദൈവമാണ് എന്റെ പരിച; അവിടുന്ന് ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു. ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു. മനം തിരിയുന്നില്ലെങ്കിൽ അവിടുന്ന് തന്‍റെ വാളിന് മൂർച്ചകൂട്ടും; അവിടുന്ന് തന്‍റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു. അവിടുന്ന് മരണാസ്ത്രങ്ങളെ അവന്‍റെനേരെ തൊടുത്ത്, തന്‍റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു. ഇതാ, അവന് നീതികേടിനാൽ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭംധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു. അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻതന്നെ വീണു. അവന്‍റെ ദുഷ്പ്രവർത്തികൾ അവന്‍റെ തലയിലേക്കു തന്നെ തിരിയും; അവന്‍റെ ദുഷ്ടത അവന്‍റെ നെറുകയിൽ തന്നെ പതിക്കും. ഞാൻ യഹോവയെ അവിടുത്തെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.
സങ്കീർത്തനങ്ങൾ 7:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ. അവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ. എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ, എനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ - ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ. യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിർത്തുനില്ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ. ജാതികളുടെ സംഘം നിന്നെ ചുറ്റിനില്ക്കട്ടെ; നീ അവർക്കു മീതെകൂടി ഉയരത്തിലേക്കു മടങ്ങേണമേ. യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ; ദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ. എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു; അവൻ ഹൃദയപരമാർത്ഥികളെ രക്ഷിക്കുന്നു. ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു. മനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂർച്ചകൂട്ടും; അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു. അവൻ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു, തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു. ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു. അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻ തന്നേ വീണു. അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്ക്കാരം അവന്റെ നെറുകയിൽ തന്നേ വീഴും. ഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.
സങ്കീർത്തനങ്ങൾ 7:1-17 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ദൈവമായ യഹോവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിൽനിന്നും എന്നെ രക്ഷിച്ച് മോചിപ്പിക്കണമേ, അല്ലായ്കിൽ ഒരു സിംഹം കടിച്ചുകീറുന്നതുപോലെ അവരെന്നെ കീറിക്കളയുകയും ആർക്കും മോചിപ്പിക്കാൻ കഴിയാത്തവിധം എന്നെ കഷണംകഷണമായി ചീന്തിക്കളയുകയും ചെയ്യും. എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ എന്റെ കൈയിൽ അതിക്രമമുണ്ടെങ്കിൽ— എന്നോടു സഖ്യത്തിലിരുന്നവരോടു ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അകാരണമായി എന്റെ ശത്രുവിനെ കൊള്ളയിട്ടിട്ടുണ്ടെങ്കിൽ— എന്റെ ശത്രു എന്നെ പിൻതുടർന്നു കീഴ്പ്പെടുത്തട്ടെ; അവരെന്റെ ജീവൻ നിലത്തിട്ടു ചവിട്ടിമെതിക്കുകയും എന്റെ അഭിമാനത്തെ പൂഴിയിലമർത്തുകയും ചെയ്യട്ടെ. സേലാ. യഹോവേ, കോപത്തോടെ എഴുന്നേൽക്കണമേ; എന്റെ എതിരാളികളുടെ കോപത്തിനെതിരായി ഉണരണമേ. എന്റെ ദൈവമേ, ഉണർന്നാലും, അവിടത്തെ വിധിനിർണയം നടപ്പാക്കിയാലും. ജനതകൾ അങ്ങേക്കുചുറ്റും വന്നുചേരട്ടെ, ഉത്തുംഗസ്ഥാനത്ത് അങ്ങ് അവർക്കുമീതേ സിംഹാസനസ്ഥൻ ആയിരിക്കുമ്പോൾത്തന്നെ. യഹോവ ജനതകളെ ന്യായംവിധിക്കട്ടെ. അത്യുന്നതനായ യഹോവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും അനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ. ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും നീതിനിഷ്ഠരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമേ— നീതിമാനായ ദൈവമേ, അങ്ങ് ഹൃദയവും മനസ്സും പരിശോധിക്കുന്നല്ലോ. അത്യുന്നതനായ ദൈവം എന്റെ പരിച ആകുന്നു, അവിടന്ന് ഹൃദയപരമാർഥികളെ രക്ഷിക്കുന്നു. ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു, അവിടന്ന് ദുഷ്ടരോട് അനുദിനം രോഷംകൊള്ളുന്നു. മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ദൈവം തന്റെ വാളിനു മൂർച്ചകൂട്ടും; അവിടന്ന് തന്റെ വില്ലുകുലച്ച് ഒരുക്കിവെക്കും. അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു; അവിടന്ന് തന്റെ തീയമ്പുകൾ സജ്ജമാക്കുന്നു. ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു; അനർഥം ഉദരത്തിൽ വഹിച്ച് വ്യാജം പ്രസവിക്കുന്നു. അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു അവർ കുഴിച്ച കുഴിയിൽത്തന്നെ അവർ വീഴുന്നു. അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു; അവരുടെ അതിക്രമം അവരുടെ തലയിൽത്തന്നെ പതിക്കുന്നു. ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്; അത്യുന്നതനായ യഹോവയുടെ നാമത്തിനു ഞാൻ സ്തുതിപാടും. സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ.