സങ്കീർത്തനങ്ങൾ 69:13-16

സങ്കീർത്തനങ്ങൾ 69:13-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാനോ യഹോവേ, പ്രസാദകാലത്ത് അങ്ങേയോട് പ്രാർത്ഥിക്കുന്നു; ദൈവമേ, അങ്ങേയുടെ ദയയുടെ ബഹുത്വത്താൽ, അങ്ങേയുടെ വിശ്വസ്തതയാൽ തന്നെ, എന്നെ രക്ഷിച്ച് ഉത്തരമരുളേണമേ. ചേറ്റിൽനിന്ന് എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ വെറുക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ രക്ഷിക്കേണമേ. ജലപ്രവാഹം എന്‍റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴിയിൽ ഞാൻ അടയ്ക്കപ്പെട്ടുപോകരുതെ. യഹോവേ, എനിക്കുത്തരമരുളേണമേ; അങ്ങേയുടെ ദയ നല്ലതല്ലോ; അങ്ങേയുടെ കരുണയുടെ ബഹുത്വപ്രകാരം എന്നിലേക്ക് തിരിയേണമേ

സങ്കീർത്തനങ്ങൾ 69:13-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽ തന്നേ, എനിക്കുത്തരമരുളേണമേ. ചേറ്റിൽനിന്നു എന്നെ കയറ്റേണമേ; ഞാൻ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യിൽനിന്നും ആഴമുള്ള വെള്ളത്തിൽനിന്നും എന്നെ വിടുവിക്കേണമേ. ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ. യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ

സങ്കീർത്തനങ്ങൾ 69:13-16 സമകാലിക മലയാളവിവർത്തനം (MCV)

എന്നാൽ യഹോവേ, അവിടത്തെ പ്രസാദകാലത്ത്, ഞാൻ അങ്ങയോട് പ്രാർഥിക്കുന്നു; ദൈവമേ, അങ്ങയുടെ മഹാസ്നേഹംനിമിത്തം അങ്ങയുടെ രക്ഷാവിശ്വസ്തതയാൽ എനിക്കുത്തരമരുളണമേ. ചേറ്റുകുഴിയിൽനിന്ന് എന്നെ മോചിപ്പിക്കണമേ, ഞാനതിൽ ആഴ്ന്നുപോകാൻ അനുവദിക്കരുതേ; എന്നെ വെറുക്കുന്നവരിൽനിന്നും ആഴമേറിയ ജലാശയത്തിൽനിന്നും എന്നെ വിടുവിക്കണമേ. ജലപ്രവാഹം എന്നെ മുക്കിക്കളയുന്നതിനോ ആഴങ്ങൾ എന്നെ വിഴുങ്ങിക്കളയുന്നതിനോ ഗർത്തങ്ങൾ എന്നെ അവയുടെയുള്ളിൽ ബന്ധിച്ചിടുന്നതിനോ അനുവദിക്കരുതേ. യഹോവേ, അവിടത്തെ സ്നേഹമാഹാത്മ്യത്താൽ എനിക്കുത്തരമരുളണമേ; അവിടത്തെ കരുണാധിക്യത്താൽ എന്നിലേക്കു തിരിയണമേ.