സങ്കീർത്തനങ്ങൾ 63:3-7

സങ്കീർത്തനങ്ങൾ 63:3-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവിടുത്തെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്‍റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും. എന്‍റെ ജീവകാലം മുഴുവൻ ഞാൻ അങ്ങനെ അവിടുത്തെ വാഴ്ത്തും; തിരുനാമത്തിൽ ഞാൻ എന്‍റെ കൈകളെ മലർത്തും. എന്‍റെ കിടക്കയിൽ അങ്ങയെ ഓർക്കുകയും രാത്രിയാമങ്ങളിൽ അവിടുത്തെ ധ്യാനിക്കുകയും ചെയ്യുമ്പോൾ എന്‍റെ പ്രാണന് മജ്ജയും മേദസ്സുംകൊണ്ട് എന്നപോലെ തൃപ്തിവരുന്നു; എന്‍റെ വായ് സന്തോഷമുള്ള അധരങ്ങളാൽ അങ്ങയെ സ്തുതിക്കുന്നു. അവിടുന്ന് എനിക്ക് സഹായമായിത്തീർന്നുവല്ലോ; തിരുച്ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.

സങ്കീർത്തനങ്ങൾ 63:3-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും. എന്റെ ജീവകാലം ഒക്കെയും ഞാൻ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തിൽ ഞാൻ എന്റെ കൈകളെ മലർത്തും. എന്റെ കിടക്കയിൽ നിന്നെ ഓർക്കയും ഞാൻ രാത്രിയാമങ്ങളിൽ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോൾ എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാൽ നിന്നെ സ്തുതിക്കുന്നു. നീ എനിക്കു സഹായമായിത്തീർന്നുവല്ലോ; നിന്റെ ചിറകിൻ നിഴലിൽ ഞാൻ ഘോഷിച്ചാനന്ദിക്കുന്നു.

സങ്കീർത്തനങ്ങൾ 63:3-7 സമകാലിക മലയാളവിവർത്തനം (MCV)

കാരണം അവിടത്തെ അചഞ്ചലസ്നേഹം ജീവനെക്കാൾ നല്ലതാകുന്നു, എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും. എന്റെ ജീവിതകാലംമുഴുവനും ഞാൻ അങ്ങയെ സ്തുതിക്കും, അവിടത്തെ നാമത്തിൽ ഞാൻ എന്റെ കൈകൾ ഉയർത്തും. വിശിഷ്ടഭോജനം ആസ്വദിച്ചതുപോലെ എന്റെ പ്രാണൻ സംതൃപ്തമായിരിക്കുന്നു; എന്റെ അധരങ്ങൾ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും. എന്റെ കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുന്നു; രാത്രിയാമങ്ങളിൽ ഞാൻ അങ്ങയെക്കുറിച്ച് ധ്യാനിക്കുന്നു. അവിടന്ന് എന്റെ സഹായകനായതിനാൽ, അങ്ങയുടെ ചിറകിൻനിഴലിൽ ഞാൻ ആനന്ദഗാനമാലപിക്കും.