സങ്കീർത്തനങ്ങൾ 62:1-8

സങ്കീർത്തനങ്ങൾ 62:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു. അവൻ തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല. നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന് എത്രത്തോളം അവനെ ആക്രമിക്കും? അവന്റെ പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്: അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ട് അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു. സേലാ. എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു. അവൻ തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നെ; ഞാൻ കുലുങ്ങുകയില്ല. എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു. ജനമേ, എല്ലാക്കാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.

സങ്കീർത്തനങ്ങൾ 62:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവത്തിൽനിന്നു മാത്രമാണ് എനിക്ക് ആശ്വാസം ലഭിക്കുന്നത്; അവിടുന്നാണ് എനിക്കു രക്ഷ നല്‌കുന്നത്. എന്റെ അഭയശിലയും എന്റെ രക്ഷയും എന്റെ കോട്ടയും അവിടുന്നു മാത്രമാണ്. ഞാൻ വളരെ കുലുങ്ങുകയില്ല. ചാഞ്ഞുനില്‌ക്കുന്ന മതിലും ആടുന്ന വേലിയും പോലെയുള്ള ഒരുവനെ നശിപ്പിക്കാൻ എത്ര നാൾ നിങ്ങൾ അവനെ ആക്രമിക്കും? ഔന്നത്യത്തിൽനിന്ന് അവനെ തള്ളിയിടാൻ മാത്രമാണു നിങ്ങൾ ആലോചിക്കുന്നത്. നിങ്ങൾ വ്യാജത്തിൽ സന്തോഷിക്കുന്നു. നിങ്ങൾ അധരംകൊണ്ട് അവനെ അനുഗ്രഹിക്കുന്നു. ഹൃദയംകൊണ്ടു ശപിക്കുന്നു. എനിക്ക് ആശ്വാസം നല്‌കാൻ ദൈവത്തിനു മാത്രമേ കഴിയൂ, ഞാൻ ദൈവത്തിൽ പ്രത്യാശ വച്ചിരിക്കുന്നു. എന്റെ അഭയശിലയും എന്റെ രക്ഷയും എന്റെ കോട്ടയും അവിടുന്നു മാത്രമാണ്; ഞാൻ കുലുങ്ങുകയില്ല. എനിക്കു രക്ഷയും ആയുസ്സും നല്‌കുന്നതു ദൈവമാണ്. അവിടുന്നാണ് എന്റെ ഉറപ്പുള്ള രക്ഷാശിലയും അഭയവും. എന്റെ ജനമേ, എന്നും ദൈവത്തിൽ ശരണപ്പെടുവിൻ, നിങ്ങളുടെ ഹൃദയം അവിടുത്തെ സന്നിധിയിൽ പകരുവിൻ. അവിടുന്നാണ് നമ്മുടെ അഭയസങ്കേതം.

സങ്കീർത്തനങ്ങൾ 62:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്‍റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്‍റെ രക്ഷ ദൈവത്തിൽനിന്ന് വരുന്നു. കർത്താവ് തന്നെ എന്‍റെ പാറയും എന്‍റെ രക്ഷയും ആകുന്നു; എന്‍റെ ഗോപുരം അവിടുന്ന് തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല. അവന്‍ ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലുവാൻ എത്രത്തോളം അവനെ ആക്രമിക്കും? അവന്‍റെ ഉന്നത പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്; അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു. സേലാ. എന്‍റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക; എന്‍റെ പ്രത്യാശ കർത്താവിൽനിന്ന് വരുന്നു. എന്‍റെ പാറയും എന്‍റെ രക്ഷയും ദൈവം തന്നെ ആകുന്നു; എന്‍റെ ഗോപുരം കർത്താവ് തന്നെ; ഞാൻ കുലുങ്ങുകയില്ല. ദൈവം എന്‍റെ രക്ഷയും, മഹത്വവും, എന്‍റെ ബലത്തിന്‍റെ പാറയും ആകുന്നു; എന്‍റെ രക്ഷാസങ്കേതവും കർത്താവ് തന്നെ. ജനമേ, എല്ലാകാലത്തും ദൈവത്തിൽ ആശ്രയിക്കുവിൻ; നിങ്ങളുടെ ഹൃദയം അവിടുത്തെ തിരുമുമ്പിൽ പകരുവിൻ; ദൈവം നമുക്ക് സങ്കേതമാകുന്നു. സേലാ.

സങ്കീർത്തനങ്ങൾ 62:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു. അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല. നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും? അവന്റെ പദവിയിൽനിന്നു അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നതു; അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ടു അവർ ശപിക്കുന്നു. സേലാ. എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു. അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല. എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു. ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.

സങ്കീർത്തനങ്ങൾ 62:1-8 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു; എന്റെ രക്ഷ അങ്ങയിൽനിന്ന് വരുന്നു. അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും; അവിടന്നാണ് എന്റെ കോട്ട, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകുകയില്ല. ഒരു മനുഷ്യനെ നിങ്ങൾ എത്രകാലം ആക്രമിക്കും? ചാഞ്ഞ മതിലും പൊളിഞ്ഞ വേലിയുംപോലെ നിങ്ങളെല്ലാവരും എന്നെ നിലത്തെറിഞ്ഞുകളയുമോ? ഉന്നതസ്ഥാനത്തുനിന്ന് എന്നെ തള്ളിയിടുകയാണ് അവരുടെ ലക്ഷ്യം, അവർ വ്യാജം സംസാരിക്കുന്നതിൽ ആമോദിക്കുന്നു. അധരംകൊണ്ട് അവർ അനുഗ്രഹിക്കുന്നു, എന്നാൽ അന്തരംഗത്തിൽ അവർ ശാപംചൊരിയുന്നു. സേലാ. എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക; അങ്ങയിലാണ് എന്റെ പ്രത്യാശ. അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും; അവിടന്നാണ് എന്റെ കോട്ട, ഞാൻ കുലുങ്ങിപ്പോകുകയില്ല. എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു; അവിടന്ന് എന്റെ ശക്തിയുള്ള പാറയും എന്റെ സങ്കേതവും ആകുന്നു. അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക, നിങ്ങളുടെ ഹൃദയം അവിടത്തെ മുമ്പിൽ പകരുക, കാരണം നമ്മുടെ സങ്കേതം ദൈവം ആകുന്നു. സേലാ.