സങ്കീർത്തനങ്ങൾ 54:1-7

സങ്കീർത്തനങ്ങൾ 54:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചു തരേണമേ. ദൈവമേ, എന്റെ പ്രാർഥന കേൾക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ. അന്യജാതിക്കാർ എന്നോട് എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വച്ചിട്ടുമില്ല. ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവ് എന്റെ പ്രാണനെ താങ്ങുന്നവരോടുകൂടെ ഉണ്ട്. അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ. സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലത് എന്നു ചൊല്ലി ഞാൻ അതിനു സ്തോത്രം ചെയ്യും. അവൻ എന്നെ സകല കഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണ് എന്റെ ശത്രുക്കളെ കണ്ടു രസിക്കും.

സങ്കീർത്തനങ്ങൾ 54:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കണമേ; അവിടുത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ. ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ, എന്റെ യാചന ശ്രദ്ധിക്കണമേ. അഹങ്കാരികൾ എനിക്കെതിരെ വരുന്നു, നിഷ്ഠുരന്മാർ എന്നെ അപായപ്പെടുത്താൻ നോക്കുന്നു. അവർക്കു ദൈവബോധമില്ല. എന്നാൽ, ദൈവമാണെന്റെ സഹായകൻ. സർവേശ്വരൻ എന്റെ ജീവൻ സംരക്ഷിക്കുന്നു. അവിടുന്ന് എന്റെ ശത്രുക്കളെ, അവരുടെ തിന്മകൊണ്ടുതന്നെ ശിക്ഷിക്കും. അവിടുന്ന് അവരെ നശിപ്പിക്കും, അവിടുന്നു വിശ്വസ്തനാണല്ലോ. സന്തോഷത്തോടെ ഞാൻ അങ്ങേക്കു യാഗമർപ്പിക്കും, സർവേശ്വരാ, ഞാൻ അങ്ങേക്കു സ്തോത്രം അർപ്പിക്കും. അവിടുന്നു നല്ലവനാണല്ലോ. അവിടുന്ന് എന്നെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചു. എന്റെ ശത്രുക്കളുടെ പരാജയം ഞാൻ നേരിൽ കണ്ടുവല്ലോ.

സങ്കീർത്തനങ്ങൾ 54:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കേണമേ; അങ്ങേയുടെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരേണമേ. ദൈവമേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ; എന്‍റെ വായിലെ വാക്കുകൾ ശ്രദ്ധിക്കേണമേ. അഹങ്കാരികള്‍ എന്നോട് എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല. ഇതാ, ദൈവം എന്‍റെ സഹായകനാകുന്നു; കർത്താവ് എന്‍റെ പ്രാണനെ താങ്ങുന്നു. കർത്താവ് എന്‍റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും; അവിടുത്തെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ. സ്വമേധാദാനത്തോടെ ഞാൻ അങ്ങേക്ക് ഹനനയാഗം കഴിക്കും; “യഹോവേ, തിരുനാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും. കർത്താവ് എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടു രസിക്കും.

സങ്കീർത്തനങ്ങൾ 54:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവമേ, നിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാൽ എനിക്കു ന്യായം പാലിച്ചുതരേണമേ. ദൈവമേ, എന്റെ പ്രാർത്ഥന കേൾക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ. അന്യജാതിക്കാർ എന്നോടു എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്കു ജീവഹാനിവരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല. ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു. അവൻ എന്റെ ശത്രുക്കൾക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ. സ്വമേധാദാനത്തോടെ ഞാൻ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാൻ അതിന്നു സ്തോത്രം ചെയ്യും. അവൻ എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും.

സങ്കീർത്തനങ്ങൾ 54:1-7 സമകാലിക മലയാളവിവർത്തനം (MCV)

ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ; അവിടത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ. ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ; എന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന വാക്കുകൾ ശ്രദ്ധിക്കണമേ. അപരിചിതർ എന്നെ ആക്രമിക്കുന്നു; അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു— അവർക്ക് ദൈവത്തെപ്പറ്റി ചിന്തയില്ല. സേലാ. ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം; കർത്താവാണ് എന്റെ ജീവൻ നിലനിർത്തുന്നത്. എന്നെ ദുഷിക്കുന്നവരുടെ ദുഷ്ടത അവരുടെമേൽത്തന്നെ വരട്ടെ; അങ്ങയുടെ വിശ്വസ്തതയാൽ അവരെ നശിപ്പിച്ചുകളയണമേ. ഞാൻ അങ്ങേക്കൊരു സ്വമേധായാഗം അർപ്പിക്കും; യഹോവേ, തിരുനാമത്തെ ഞാൻ വാഴ്ത്തും, അതു നല്ലതല്ലോ. അവിടന്ന് എന്നെ എന്റെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചിരിക്കുന്നു, ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾക്കൊരു വിജയോത്സവമായിരിക്കും. സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.