സങ്കീർത്തനങ്ങൾ 51:7-12

സങ്കീർത്തനങ്ങൾ 51:7-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ നിർമ്മലനാകേണ്ടതിന് ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന് എന്നെ കഴുകേണമേ. സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ. എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറയ്ക്കേണമേ. എന്റെ അകൃത്യങ്ങളെയൊക്കെയും മായിച്ചുകളയേണമേ. ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്‍ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ. നിന്റെ സന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കയുമരുതേ. നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.

സങ്കീർത്തനങ്ങൾ 51:7-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ നിർമ്മലനാകാൻ, ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ. ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകാൻ എന്നെ കഴുകണമേ. ആഹ്ലാദവും സന്തോഷവും എനിക്കുണ്ടാകട്ടെ. അവിടുന്നു തകർത്ത എന്റെ അസ്ഥികൾ ആനന്ദിക്കട്ടെ. എന്റെ സർവപാപങ്ങളും ക്ഷമിക്കണമേ. എന്റെ അകൃത്യങ്ങൾ മായിച്ചുകളയണമേ. ദൈവമേ, നിർമ്മലമായ ഹൃദയം എന്നിൽ സൃഷ്‍ടിക്കണമേ, അചഞ്ചലമായ ഒരു നവചൈതന്യം എന്നിൽ നിക്ഷേപിക്കണമേ. തിരുസന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ, അവിടുത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയരുതേ. അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും നല്‌കണമേ. അങ്ങയെ അനുസരിക്കുന്ന ആത്മാവിനെ എനിക്കു നല്‌കണമേ.

സങ്കീർത്തനങ്ങൾ 51:7-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ നിർമ്മലനാകേണ്ടതിന് എന്‍റെ പാപങ്ങളെ കഴുകേണമേ എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെണ്മയാകേണ്ടതിന് എന്നെ കഴുകേണമേ. സന്തോഷവും ആനന്ദവും എന്നെ കേൾപ്പിക്കേണമേ; അവിടുന്ന് ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ. എന്‍റെ പാപങ്ങൾ കാണാത്തവിധം തിരുമുഖം മറയ്ക്കേണമേ; എന്‍റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയേണമേ. ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിച്ച് സ്ഥിരതയുള്ള ഒരു ആത്മാവ് എന്നിൽ പുതുക്കേണമേ. തിരുസന്നിധിയിൽനിന്ന് എന്നെ തള്ളിക്കളയരുതേ അങ്ങേയുടെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുക്കുകയുമരുതേ. അവിടുത്തെ രക്ഷയുടെ സന്തോഷം എനിക്ക് തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.

സങ്കീർത്തനങ്ങൾ 51:7-12 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ. സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ. എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ; എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ. ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ. നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ. നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.

സങ്കീർത്തനങ്ങൾ 51:7-12 സമകാലിക മലയാളവിവർത്തനം (MCV)

ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ, അപ്പോൾ ഞാൻ നിർമലനാകും; എന്നെ കഴുകണമേ, അപ്പോൾ ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകും. ആനന്ദവും ആഹ്ലാദവും എന്നെ കേൾപ്പിക്കണമേ; അവിടന്ന് തകർത്ത അസ്ഥികൾ ഉല്ലസിക്കട്ടെ. എന്റെ പാപങ്ങളിൽനിന്നും തിരുമുഖം മറയ്ക്കണമേ എന്റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയണമേ. ദൈവമേ, നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ, അചഞ്ചലമായ ഒരാത്മാവിനെ എന്നിൽ പുതുക്കണമേ. അവിടത്തെ സന്നിധാനത്തിൽനിന്ന് എന്നെ പുറന്തള്ളുകയോ അവിടത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയുകയോ അരുതേ. അവിടത്തെ രക്ഷയുടെ സന്തോഷത്തിലേക്ക് എന്നെ മടക്കിവരുത്തണമേ, അനുസരിക്കാൻ ഒരുക്കമുള്ള ഒരു ആത്മാവിനെ അനുവദിച്ചുനൽകി എന്നെ താങ്ങിനിർത്തണമേ.