സങ്കീർത്തനങ്ങൾ 49:12-15
സങ്കീർത്തനങ്ങൾ 49:12-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യൻ. ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു. സേലാ. അവരെ പാതാളത്തിന് ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചയ്ക്ക് അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. സേലാ.
സങ്കീർത്തനങ്ങൾ 49:12-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യനു പ്രതാപൈശ്വര്യത്തിൽ നിലനില്ക്കാൻ കഴിയുകയില്ല. മൃഗങ്ങളെപ്പോലെ അവനും നശിച്ചുപോകും. വിവേകശൂന്യമായ ആത്മവിശ്വാസം പുലർത്തുന്നവരുടെ ഗതി ഇതാണ്; ധനത്തിലാശ്രയിക്കുന്നവരുടെ അവസാനം ഇതുതന്നെ. കൊല്ലാനുള്ള ആടുകളെപ്പോലെ അവർ മരണത്തിനു വിധിക്കപ്പെട്ടവരാണ്. മൃത്യുവാണ് അവരുടെ ഇടയൻ. നീതിമാന്മാർ അവരുടെമേൽ വിജയം നേടും, അവരുടെ രൂപസൗന്ദര്യം ജീർണതയടയും. പാതാളമായിരിക്കും അവരുടെ പാർപ്പിടം. എന്നാൽ ദൈവം എന്നെ പാതാളത്തിൽ നിന്നു വീണ്ടെടുക്കും; അവിടുന്നെന്നെ സ്വീകരിക്കും.
സങ്കീർത്തനങ്ങൾ 49:12-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്‍ക്കുകയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്ക് തുല്യൻ. ഇത് സ്വാശ്രയക്കാരുടെ ഭവിഷ്യത്താകുന്നു; അവരുടെ വാക്കുകൾ അനുസരിക്കുന്ന അവരുടെ പിൻതലമുറക്കാരുടെയും ഗതി ഇതുതന്നെ. സേലാ. അവരെ ആടുകളെപ്പോലെ പാതാളത്തിന് ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പ്രഭാതത്തിൽ അവരുടെ മേൽ വാഴും; അവരുടെ സൗന്ദര്യം ഇല്ലാതെയാകും; അവര്‍ നേരെ പാതാളത്തിലേക്ക് ഇറങ്ങുന്നു. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്‍റെ അധികാരത്തിൽനിന്ന് വീണ്ടെടുക്കും; അവിടുന്ന് എന്നെ കൈക്കൊള്ളും. സേലാ.
സങ്കീർത്തനങ്ങൾ 49:12-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ മനുഷ്യൻ ബഹുമാനത്തിൽ നിലനില്ക്കയില്ല. അവൻ നശിച്ചുപോകുന്ന മൃഗങ്ങൾക്കു തുല്യൻ. ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളിൽ ഇഷ്ടപ്പെടുന്നു. സേലാ. അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവർ പുലർച്ചെക്കു അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാർപ്പിടം. എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തിൽനിന്നു വീണ്ടെടുക്കും; അവൻ എന്നെ കൈക്കൊള്ളും. സേലാ.
സങ്കീർത്തനങ്ങൾ 49:12-15 സമകാലിക മലയാളവിവർത്തനം (MCV)
മനുഷ്യർ എത്ര പ്രതാപശാലികൾ ആയിരുന്നാലും അവർക്ക് അമരത്വം ലഭിക്കുകയില്ല; അവർ നശിച്ചുപോകുന്ന മൃഗത്തിനു തുല്യർ. സ്വയത്തിലാശ്രയിക്കുന്നവരുടെ വിധിനിർണയം ഇതായിരിക്കും, അവരുടെ വാക്കുകൾ കേട്ട് അവരെ അനുഗമിക്കുന്നവരുടെയും ഗതി ഇതുതന്നെ. സേലാ. അവർ ആടുകളെപ്പോലെ മൃതലോകത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു; മരണം അവരുടെ ഇടയനായിരിക്കും എന്നാൽ പ്രഭാതത്തിൽ പരമാർഥതയുള്ളവർ അവരെ നയിക്കും. അവരുടെ രാജകീയ മണിമാളികകളിൽനിന്ന് ദൂരെയുള്ള ശ്മശാനത്തിൽ അവരുടെ ശരീരങ്ങൾ അഴുകിച്ചേരും. എന്നാൽ ദൈവം എന്റെ ജീവനെ പാതാളത്തിന്റെ അധീനതയിൽനിന്നു വീണ്ടെടുക്കും; അവിടന്നെന്നെ സ്വീകരിക്കും, നിശ്ചയം. സേലാ.