സങ്കീർത്തനങ്ങൾ 45:1-17
സങ്കീർത്തനങ്ങൾ 45:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്നു ഞാൻ പറയുന്നു. എന്റെ നാവ് സമർഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു. നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു; അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു. വീരനായുള്ളോവേ, നിന്റെ വാൾ അരയ്ക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയുംതന്നെ. സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിനു നീ മഹിമയോടെ കൃതാർഥനായി വാഹനമേറി എഴുന്നള്ളുക; നിന്റെ വലംകൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചു തരുമാറാകട്ടെ. നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു. ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു. നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ട് സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു. നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർതങ്കം അണിഞ്ഞു നില്ക്കുന്നു. അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവി ചായിക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക. അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക. സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നെ, കാഴ്ചവച്ച് നിന്റെ മുഖപ്രസാദം തേടും. അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും. സന്തോഷത്തോടും ഉല്ലാസത്തോടുംകൂടെ അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും. നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും. ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ട് ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
സങ്കീർത്തനങ്ങൾ 45:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ഹൃദയം ശുഭവചനങ്ങൾകൊണ്ടു നിറയുന്നു. ഈ ഗാനം ഞാൻ രാജാവിനു സമർപ്പിക്കുന്നു. എഴുതാൻ ഒരുങ്ങിയിരിക്കുന്ന എഴുത്തുകാരന്റെ തൂലികപോലെയാണ് എന്റെ നാവ്. മനുഷ്യരിൽ അത്യന്തം സുന്ദരനാണ് അങ്ങ്. ഹൃദ്യവചസ്സുകൾ അങ്ങയുടെ അധരത്തിൽനിന്ന് ഉതിരുന്നു; ദൈവം അങ്ങയെ എന്നേക്കുമായി അനുഗ്രഹിച്ചിരിക്കുന്നു. വീരനായ രാജാവേ, മഹത്ത്വത്തിന്റെയും പ്രതാപത്തിന്റെയും ഉടവാൾ ധരിക്കുക. സത്യത്തിനും നീതിയുടെ സംരക്ഷണത്തിനുമായി, പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക. അങ്ങയുടെ വലങ്കൈ ഭീതി പടർത്തട്ടെ. അങ്ങയുടെ കൂരമ്പുകൾ ശത്രുഹൃദയങ്ങൾ പിളർക്കട്ടെ. ജനതകൾ അങ്ങയുടെ കാല്‌ക്കൽ വീഴുന്നു. അങ്ങയുടെ ദിവ്യസിംഹാസനം ശാശ്വതമായിരിക്കും അവിടുത്തെ ചെങ്കോൽ നീതിയുടെ ചെങ്കോലാകുന്നു. അങ്ങ് നീതിയെ ഇഷ്ടപ്പെടുന്നു, ദുഷ്ടതയെ വെറുക്കുന്നു. അതുകൊണ്ട്-ദൈവം അങ്ങയുടെ ദൈവം- മറ്റുള്ളവരിൽ നിന്നുയർത്തി. ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകം ചെയ്തിരിക്കുന്നു. അങ്ങയുടെ വസ്ത്രങ്ങൾ മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുരഭിലമായിരിക്കുന്നു. ദന്തസൗധങ്ങളിൽനിന്ന് ഒഴുകുന്ന തന്ത്രീനാദം, അങ്ങയെ ആനന്ദിപ്പിക്കുന്നു. അങ്ങയുടെ അന്തഃപുരവനിതകളിൽ രാജകുമാരികളുണ്ട്. അങ്ങയുടെ വലത്തുവശത്ത് ഓഫീർതങ്കമണിഞ്ഞ് രാജ്ഞി നില്‌ക്കുന്നു. അല്ലയോ രാജകുമാരീ, കേൾക്കുക; ശ്രദ്ധിച്ചുകേൾക്കുക; സ്വജനത്തെയും പിതൃഗൃഹത്തെയും മറക്കുക. അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും; അദ്ദേഹം നിന്റെ നാഥനല്ലോ; അദ്ദേഹത്തെ വണങ്ങുക. സോർനിവാസികൾ നിന്നെ പ്രീതിപ്പെടുത്താൻ കാഴ്ചകൾ അർപ്പിക്കും. ധനികർ എല്ലാവിധ സമ്പത്തും കാഴ്ചവയ്‍ക്കും. തങ്കക്കസവുടയാട ചാർത്തി രാജകുമാരി അന്തഃപുരത്തിൽ ഇരിക്കുന്നു. വർണശബളമായ അങ്കി അണിയിച്ച് അവളെ രാജസന്നിധിയിലേക്ക് ആനയിക്കുന്നു. കന്യകമാരായ തോഴിമാർ അവൾക്ക് അകമ്പടി സേവിക്കുന്നു. ആനന്ദത്തോടും ഉല്ലാസത്തോടും അവർ രാജമന്ദിരത്തിൽ പ്രവേശിക്കുന്നു. അങ്ങയുടെ പുത്രന്മാർ പിതാക്കന്മാരുടെ സ്ഥാനത്ത് അവരോധിക്കപ്പെടും; ഭൂമിയിലെങ്ങും അങ്ങ് അവരെ ഭരണാധിപതികളാക്കും. അങ്ങയുടെ പ്രവൃത്തികൾ എല്ലാ തലമുറകളിലും പ്രകീർത്തിക്കപ്പെടാൻ ഞാൻ ഇടയാക്കും. ജനതകൾ എന്നും അങ്ങയെ പുകഴ്ത്തും.
സങ്കീർത്തനങ്ങൾ 45:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്‍റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; “എന്റെ കൃതി രാജാവിന് വേണ്ടിയുള്ളത്” എന്നു ഞാൻ പറയുന്നു. എന്റെ നാവ് സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു. നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്‍റെ അധരങ്ങളിൽ പകർന്നിരിക്കുന്നു; അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു. അല്ലയോ വീരാ, നിന്‍റെ വാൾ അരയ്ക്ക് കെട്ടുക; അത് നിന്‍റെ തേജസ്സും നിന്റെ മഹിമയും തന്നെ. സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന് നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങൾ നിനക്കു ഉപദേശിച്ചുതരട്ടെ. നിന്‍റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; രാജാവിന്‍റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു; ജനതകൾ നിന്‍റെ മുമ്പിൽ വീഴുന്നു. ദൈവം നിനക്കുതന്ന സിംഹാസനം എന്നേക്കുമുള്ളതാകുന്നു; അങ്ങേയുടെ രാജത്വത്തിന്‍റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. അവിടുന്ന് നീതി ഇഷ്ടപ്പെട്ട് ദുഷ്ടത വെറുക്കുന്നു; അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ അധികമായി നിന്നെ ആനന്ദതൈലം കൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു. നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ട് സുഗന്ധപൂരിതമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്ന് കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു. നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്; നിന്‍റെ വലത്തുഭാഗത്ത് രാജ്ഞി ഓഫീർതങ്കം അണിഞ്ഞുകൊണ്ട് നില്ക്കുന്നു. അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കുക. അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും; അവൻ നിന്‍റെ നാഥനാകയാൽ നീ അവനെ നമസ്കരിക്കുക. ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി നിന്‍റെ മുഖപ്രസാദം തേടും. അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും; അവളെ അനുഗമിക്കുന്ന കന്യകമാരായ തോഴിമാരെയും നിന്‍റെ അടുക്കൽ കൊണ്ടുവരും. സന്തോഷത്തോടും ഉല്ലാസത്തോടും കൂടി അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും. നിന്റെ പുത്രന്മാർ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും. ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ട് ജനതകൾ എന്നും എന്നേക്കും നിന്നെ പ്രകീർത്തിക്കും.
സങ്കീർത്തനങ്ങൾ 45:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാൻ പറയുന്നു. എന്റെ നാവു സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു. നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു. വീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ. സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ. നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു. ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു. നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നേ, നിന്റെ കൂട്ടുകാരിൽ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു. നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു. നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഓഫീർ തങ്കം അണിഞ്ഞുനില്ക്കുന്നു. അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവിചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക. അപ്പോൾ രാജാവു നിന്റെ സൗന്ദര്യത്തെ ആഗ്രഹിക്കും; അവൻ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊൾക. സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും. അഃന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളതു. അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെനടക്കുന്ന കന്യകമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും. സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും. നിന്റെ പുത്രന്മാർ നിന്റെ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും. ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ടു ജാതികൾ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
സങ്കീർത്തനങ്ങൾ 45:1-17 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ഹൃദയം ശുഭചിന്തയാൽ നിറഞ്ഞുകവിയുന്നു രാജാവിനുവേണ്ടി എന്റെ കൃതി ഞാൻ ആലപിക്കുന്നു; എന്റെ നാവ് നിപുണനായ എഴുത്തുകാരന്റെ തൂലികയാണ്. അങ്ങ് മാനവകുലജാതരിൽ അതിസുന്ദരൻ ലാവണ്യം അങ്ങയുടെ അധരപുടങ്ങളിൽ പകർന്നിരിക്കുന്നു, കാരണം ദൈവം അങ്ങയെ എന്നെന്നേക്കുമായി അനുഗ്രഹിച്ചല്ലോ. വീരനായ യോദ്ധാവേ, അങ്ങയുടെ വാൾ അരയ്ക്കുകെട്ടുക; പ്രതാപവും മഹത്ത്വവും അങ്ങ് അണിഞ്ഞുകൊള്ളുക. സത്യത്തിനും സൗമ്യതയ്ക്കും നീതിക്കുംവേണ്ടി അവിടത്തെ പ്രതാപത്തിൽ വിജയത്തോടെ മുന്നേറുക; അവിടത്തെ വലതുകരം വിസ്മയാവഹമായ കാര്യങ്ങൾ ഉപദേശിക്കട്ടെ. അവിടത്തെ കൂരമ്പുകൾ രാജവിരോധികളുടെ നെഞ്ചകം തകർക്കട്ടെ; രാഷ്ട്രങ്ങൾ അങ്ങയുടെ കാൽപ്പാദങ്ങൾക്കടിയിൽ നിലംപതിക്കട്ടെ. ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും; അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും. അവിടന്ന് നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു; അതുകൊണ്ട് ദൈവം, ദൈവം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത് അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു. അങ്ങയുടെ ഉടയാടകൾ മീറയും ചന്ദനവും ലവംഗവുംകൊണ്ട് പരിമളപൂരിതമായിരിക്കുന്നു; ദന്താലംകൃതമായ മണിമന്ദിരത്തിൽനിന്നുള്ള തന്ത്രിനാദസംഗീതം അങ്ങയെ ആനന്ദചിത്തനാക്കുന്നു. അന്തഃപുരനാരികളിൽ രാജകുമാരികളുണ്ട്; അങ്ങയുടെ വലതുഭാഗത്ത് ഓഫീർതങ്കത്താൽ അലംകൃതയായ രാജകുമാരി നിലകൊള്ളുന്നു. അല്ലയോ കുമാരീ, കേൾക്കൂ, ശ്രദ്ധയോടെ ചെവിചായ്‌ക്കൂ: നിന്റെ സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കൂ. അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായിത്തീരട്ടെ; അദ്ദേഹത്തെ നമസ്കരിച്ചുകൊൾക, അദ്ദേഹം നിന്റെ നാഥനല്ലോ. സോരിലെ രാജകുമാരി നിനക്കൊരുപഹാരവുമായി കടന്നുവരും, ധനികർ നിന്റെ പ്രീതിയാർജിക്കാൻ ആഗ്രഹിക്കും. രാജകുമാരി അവളുടെ അന്തപുരത്തിൽ ശോഭാപരിപൂർണയായിരിക്കുന്നു; അവളുടെ ഉടയാടകൾ തങ്കക്കസവുകളാൽ നെയ്തിരിക്കുന്നു. ചിത്രത്തയ്യലുള്ള നിലയങ്കി ധരിച്ചവളായി അവൾ രാജസന്നിധിയിലേക്ക് ആനയിക്കപ്പെടുന്നു; കന്യാമണികളാം തോഴികൾ അവൾക്ക് അകമ്പടിനിൽക്കുന്നു. അവരും അവളോടൊപ്പം വന്നുചേരും. ആനന്ദത്തോടും ആഹ്ലാദത്തോടും അവർ ആനയിക്കപ്പെടുന്നു, അവർ രാജകൊട്ടാരത്തിൽ പ്രവേശിക്കുന്നു. അവിടത്തെ പുത്രന്മാർ അങ്ങയുടെ അനന്തരാവകാശികളായി അവരോധിക്കപ്പെടും; അങ്ങ് അവരെ ഭൂമിയിലെങ്ങും പ്രഭുക്കന്മാരായി വാഴിക്കും. ഞാൻ അങ്ങയുടെ സ്മരണ എല്ലാ തലമുറകളിലും നിലനിർത്തും തന്മൂലം രാഷ്ട്രങ്ങൾ അങ്ങയെ എന്നെന്നേക്കും വാഴ്ത്തും. സംഗീതസംവിധായകന്.