സങ്കീർത്തനങ്ങൾ 44:1-3
സങ്കീർത്തനങ്ങൾ 44:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, പൂർവകാലത്ത് ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ നീ ചെയ്ത പ്രവൃത്തി അവർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ട് ഞങ്ങൾ കേട്ടുമിരിക്കുന്നു; നിന്റെ കൈകൊണ്ട് നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി. തങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയത്; സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയത്; നിന്റെ വലംകൈയും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്ക് അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 44:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, പൂർവകാലത്ത് ഞങ്ങളുടെ പിതാക്കന്മാർക്കുവേണ്ടി, അവിടുന്നു ചെയ്ത പ്രവൃത്തികൾ അവർ ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അവ ശ്രദ്ധിച്ചു കേട്ടിട്ടുമുണ്ട്. അവിടുന്നു സ്വശക്തിയാൽ അന്യജനതകളെ, നിഷ്കാസനം ചെയ്തു സ്വജനത്തെ ഈ മണ്ണിൽ നട്ടു. അന്യജനതകളെ അവിടുന്ന് പീഡിപ്പിച്ചു, എന്നാൽ സ്വജനത്തിന് ഐശ്വര്യം നല്കി. വാളുകൊണ്ടല്ല അവർ ദേശം പിടിച്ചടക്കിയത്, കരബലംകൊണ്ടല്ല അവർ വിജയം നേടിയത്. അങ്ങയുടെ ഭുജബലവും മുഖപ്രകാശവും ആണ് അതു സാധ്യമാക്കിയത്.
സങ്കീർത്തനങ്ങൾ 44:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവമേ, പൂർവ്വകാലത്ത് ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ നാളുകളിൽ അവിടുന്ന് ചെയ്ത പ്രവൃത്തികൾ അവർ ഞങ്ങളോട് വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ട് ഞങ്ങൾ കേട്ടുമിരിക്കുന്നു; അങ്ങേയുടെ കൈകൊണ്ട് അവിടുന്ന് ജനതകളെ പുറത്താക്കി അവരെ നട്ടു; വംശങ്ങളെ നശിപ്പിച്ച്, അവരെ ദേശത്ത് സ്വതന്ത്രരായി വിട്ടു. അവരുടെ വാളുകൾ കൊണ്ടല്ല അവർ ദേശം കൈവശമാക്കിയത്; സ്വന്ത ഭുജബലം കൊണ്ടല്ല അവർ ജയം നേടിയത്; അങ്ങേയുടെ വലങ്കൈയ്യും അവിടുത്തെ ഭുജവും അവിടുത്തെ മുഖപ്രകാശവും കൊണ്ടാകുന്നു; അങ്ങേക്ക് അവരോട് പ്രിയമുണ്ടായിരുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 44:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവമേ, പൂർവ്വകാലത്തു ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളിൽ നീ ചെയ്ത പ്രവൃത്തി അവർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ടു ഞങ്ങൾ കേട്ടുമിരിക്കുന്നു; നിന്റെ കൈകൊണ്ടു നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി. തങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 44:1-3 സമകാലിക മലയാളവിവർത്തനം (MCV)
ദൈവമേ, സ്വന്തം ചെവിയാൽ ഞങ്ങൾ കേട്ടിരിക്കുന്നു; പൂർവകാലത്ത് അങ്ങ് അവർക്കുവേണ്ടി ചെയ്തവയെല്ലാം ഞങ്ങളുടെ പൂർവികർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു. അവിടത്തെ കരംകൊണ്ട് അങ്ങ് രാഷ്ട്രങ്ങളെ തുരത്തിയോടിച്ചു ഞങ്ങളുടെ പൂർവികർക്കു ദേശം അവകാശമായി നൽകി; അവിടന്ന് ജനതകളെ ഞെരിച്ചമർത്തി ഞങ്ങളുടെ പൂർവികരെ തഴച്ചുവളരുമാറാക്കി. അവർ ദേശം കൈവശമാക്കിയത് അവരുടെ വാളിനാലോ ജയം നേടിയത് അവരുടെ ഭുജത്താലോ ആയിരുന്നില്ല; അവരോടുള്ള സ്നേഹംനിമിത്തം അവിടത്തെ വലതുകരവും ബലമേറിയ ഭുജവും തിരുമുഖപ്രകാശവും ആണല്ലോ അവ സാധ്യമാക്കിയത്.