സങ്കീർത്തനങ്ങൾ 43:1-5
സങ്കീർത്തനങ്ങൾ 43:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോട് എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്ന് എന്നെ വിടുവിക്കേണമേ. നീ എന്റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്ത്? ശത്രുവിന്റെ ഉപദ്രവം ഹേതുവായി ഞാൻ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്ത്? നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപർവതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ. ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്ക്, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ടു ഞാൻ നിന്നെ സ്തുതിക്കും. എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്ത്? ദൈവത്തിൽ പ്രത്യാശ വയ്ക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.
സങ്കീർത്തനങ്ങൾ 43:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, എനിക്കു നീതി നടത്തി തരണമേ; ദൈവഭക്തിയില്ലാത്തവർക്കെതിരെ, എനിക്കുവേണ്ടി വാദിക്കണമേ. വഞ്ചകരിൽനിന്നും നീതിരഹിതരിൽനിന്നും എന്നെ വിടുവിക്കണമേ. എന്റെ അഭയസങ്കേതമായ ദൈവം അവിടുന്നാണല്ലോ. അവിടുന്നെന്നെ തള്ളിക്കളഞ്ഞിരിക്കുന്നത് എന്ത്? ശത്രുക്കളുടെ പീഡനംമൂലം എനിക്കു ദുഃഖിക്കേണ്ടിവന്നതും എന്തുകൊണ്ട്? അവിടുത്തെ പ്രകാശവും സത്യവും അയച്ചുതരണമേ. അവ എന്നെ നയിക്കട്ടെ. അവിടുത്തെ വിശുദ്ധ പർവതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ തിരികെ കൊണ്ടുവരട്ടെ. അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും. ദൈവമേ, എന്റെ ദൈവമേ, കിന്നരം മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും. എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? എന്തിന് അസ്വസ്ഥനാകുന്നു? ദൈവത്തിൽ പ്രത്യാശ വയ്‍ക്കുക. എന്റെ രക്ഷകനും ദൈവവുമായ അവിടുത്തെ ഞാൻ വീണ്ടും പ്രകീർത്തിക്കും.
സങ്കീർത്തനങ്ങൾ 43:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവമേ, എനിക്ക് ന്യായം നടത്തി തരേണമേ; ഭക്തികെട്ട ജനതയോടുള്ള എന്‍റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യരിൽനിന്ന് എന്നെ വിടുവിക്കേണമേ. അവിടുന്ന് എന്‍റെ ശരണമായ ദൈവമാണല്ലോ; അവിടുന്ന് എന്നെ ഉപേക്ഷിക്കുന്നതെന്ത്? ശത്രുവിന്‍റെ ഉപദ്രവം മൂലം ഞാൻ ദുഃഖിച്ച് നടക്കേണ്ടിവരുന്നത് എന്തുകൊണ്ട്? അവിടുത്തെ പ്രകാശവും സത്യവും അയയ്ക്കേണമേ; അവ എന്നെ നടത്തട്ടെ; അവിടുത്തെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കട്ടെ. ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരം കൊണ്ടു ഞാൻ അങ്ങയെ സ്തുതിക്കും. എന്റെ ആത്മാവേ, നീ വിഷാദിച്ച് ഉള്ളിൽ ഞരങ്ങുന്നത് എന്തിന്? ദൈവത്തിൽ പ്രത്യാശ വെക്കുക; അവിടുന്ന് എന്നെ രക്ഷിച്ച് പ്രകാശത്തിലാക്കുന്ന എന്‍റെ ദൈവമാകുന്നു എന്നു ഞാൻ ഇനിയും അവിടുത്തെ സ്തുതിക്കും.
സങ്കീർത്തനങ്ങൾ 43:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കൽനിന്നു എന്നെ വിടുവിക്കേണമേ. നീ എന്റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാൻ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്തു? നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപർവ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ. ഞാൻ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകൊണ്ടു ഞാൻ നിന്നെ സ്തുതിക്കും. എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളിൽ ഞരങ്ങുന്നതു എന്തു? ദൈവത്തിൽ പ്രത്യാശ വെക്കുക; അവൻ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും.
സങ്കീർത്തനങ്ങൾ 43:1-5 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ ദൈവമേ, എനിക്കു ന്യായംപാലിച്ചുതരണമേ, ഭക്തിഹീനരായ ഒരു ജനതയ്ക്കെതിരേ എനിക്കുവേണ്ടി അവിടന്നു വാദിക്കണമേ. വഞ്ചകരും ദുഷ്ടരുമായവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ. അവിടന്ന് ദൈവമാകുന്നു, എന്റെ ഉറപ്പുള്ളകോട്ട. അവിടന്ന് എന്നെ ഉപേക്ഷിച്ചത് എന്തിന്? ശത്രുവിന്റെ പീഡനം സഹിച്ച് ഞാൻ വിലപിച്ച് ഉഴലേണ്ടിവരുന്നത് എന്തിന്? അവിടത്തെ പ്രകാശവും സത്യവും അയയ്ക്കണമേ, അവ എന്നെ നയിക്കട്ടെ; അവിടത്തെ വിശുദ്ധപർവതത്തിലേക്ക് അവയെന്നെ ആനയിക്കട്ടെ, അങ്ങയുടെ തിരുനിവാസസ്ഥാനത്തേക്കും. അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, എന്റെ ആനന്ദവും പ്രമോദവുമായിരിക്കുന്ന ദൈവത്തിലേക്കു ഞാൻ ചെല്ലും. ഓ ദൈവമേ, എന്റെ ദൈവമേ, വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും. എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, എന്റെ രക്ഷകനും എന്റെ ദൈവവുമേ, ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും. സംഗീതസംവിധായകന്.